പോസ്റ്റ് കാര്‍ഡില്‍ ആദ്യമായി ഒരു എഴുത്ത് കിട്ടുന്നത് ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ബാല മംഗളത്തില്‍ അംഗമായി ചേര്‍ത്തിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്റെ ഓര്‍മയിലെ ആദ്യത്തെ കത്ത് അതാണ്. ഒരു അമൂല്യ നിധി പോലെ ഞാനത് വളരെ ക്കാലം സൂക്ഷിച്ചു. എന്റെ ബന്ധുവും അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്ന പി.യു. റഷീദ് , ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെ സാഹിത്യ ചക്രവാളം മാസികയുടെ വാര്‍ഷിക വരിക്കാരനാക്കി. അഞ്ചു രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ . അതിനു ശേഷം കേരളത്തിലെ മിക്ക പ്രസാധകരുടെയും കാര്‍ഡുകള്‍ എനിക്ക് വന്നു തുടങ്ങി. പുതിയ പുസ്തകങ്ങള്‍ പുറത്ത് വരുമ്പോള്‍ , പുസ്തകങ്ങള്‍ക്ക് ഡിസ്ക്കൌണ്ട് ഏര്‍പ്പെടുത്തുമ്പോള്‍ ഒക്കെ ഒരു പോസ്റ്റ് കാര്‍ഡ് എന്റെ വിലാസത്തില്‍ വന്നിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ എത്തിസ്റ്റ് പബ്ളിക്കേഷന്റെ ധാരാളം കാര്‍ഡുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ക്ലാസിക് ബുക്സ് പ്രസിദ്ധീകരിച്ച അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിന്റെ കാര്‍ഡ് എന്റെ ഓര്‍മയില്‍ ഇന്നുമുണ്ട്. എന്റെ വിലാസം തൃശൂര്‍ സാഹിത്യ ചക്രവാളം വരിക്കാരില്‍ നിന്ന് എടുത്തതാണെന്നു വളരെക്കാലം കഴിഞ്ഞു ഞാന്‍ മനസ്സിലാക്കി.
കോളജില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത്, എന്റെ മലയാളം അദ്ധ്യാപകനായിരുന്ന ടോണി മാത്യു സര് പോസ്റ്റ് കാര്‍ഡില്‍ വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നു. കാച്ചി ക്കുറുക്കിയ ഭാഷയില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ . ആദ്യമായി ടെലിവിഷന്‍ വാങ്ങിയ വിവരം എനിക്കെഴുതിയത് , 'ആന്റിയ്ക്കും( അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത് ), "ആന്റീനയ്ക്കും സുഖം" എന്ന് നര്‍മ്മത്തില്‍ ചാലിച്ചാണ്. അദ്ദേഹത്തിനു സ്വന്തമായി പ്രസ് ഉണ്ടായിരുന്നതിനാല്‍ കാര്‍ഡുകള്‍ മനോഹരമായി പ്രിന്റ് ചെയ്തു എടുത്തിരുന്നു. അത്തരം കത്തുകളാണ് കാര്‍ഡു കളിലേക്ക് എന്റെ മോഹം വളര്‍ത്തിയത്. അധികം താമസിയാതെ ഒരു കാര്യം എനിക്ക് മനസ്സിലായി. പ്രശസ്ത രായ എഴുത്തുകാര്‍ എല്ലാം കത്തെഴുതാന്‍ പോസ്റ്റ് കാര്‍ഡുകള്‍ ആണ് ഉപയോഗിച്ചിരുന്നത്.പലപ്പോഴായി എനിക്ക് വന്നിട്ടുള്ള അത്തരം കത്തുകള്‍ എല്ലാം പോസ്റ്റ് കാര്‍ഡുകള്‍ ആയിരുന്നു. ഒ.എന്‍ വി ക്കുറുപ്പ്, എം .ടി , പവനന് , യൂസഫലി കേച്ചേരി, അങ്ങനെ പ്രശസ്തരായ ചിലരുടെ കത്തുകള്‍ ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു. പക്ഷെ , അതിനേക്കാള്‍ എന്റെ ശേഖരത്തില്‍ ഉള്ളത് സുഹൃത്തുക്കള്‍ എനിക്കയച്ച ഊമക്കത്തുകളാണ് .

ആ കാലത്തായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജ്യേഷ്ടന്റെ വിവാഹം . സ്വാഭാവികമായും ഞങ്ങള്‍ സുഹൃത്തുക്കളുടെ ഒരു വലയം അവിടെ ഉണ്ടാകും. ധാരാളം പെണ്‍കുട്ടികള്‍ വരും. ഗായകന് പാടി ത്തിമിര്‍ക്കും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. വിവാഹത്തിനു ഗായകന് ഉണ്ടായിരുന്നില്ല. അന്ന് ദൂരെ സ്ഥലത്ത് അയാള്‍ക്ക് ഒരു ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു, സിനിമയില്‍ നിന്നും ഏതോ ഒരു സംഗീത സംവിധായകന് നടത്തുന്ന ഇന്റെര്‍വ്യൂ. വിവാഹം കഴിഞ്ഞു ആളുകള്‍ ഒഴിഞ്ഞു കഴിഞ്ഞപ്പോള്‍ സുഹൃത്ത് നിരാശയോടെ കയറി വന്നു. വളരെ രഹസ്യമായി ഞങ്ങളോട് പറഞ്ഞു " അത് ആരോ ഒപ്പിച്ച പണി ആയിരുന്നു ".
ആരായിരിക്കണം അതിന്റെ പിന്നില്‍ .................. ?!