Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

മനസ്സിന്‍റെ കാമനകള്‍










കിടപ്പുമുറിയിലെ ഒരു തോറ്റ ശരീരം പോലെയാണ് എന്‍റെ വായന ഇന്ന് എത്തി നില്‍ക്കുന്നത്. മറിച്ചു നോക്കാന്‍ പോലും മനസ്സു വരാതെ കിടക്കുന്ന മാസികയും ,പുസ്തകങ്ങളും .  ചെറുകഥയുടെ ചരിത്രം പഠിക്കാന്‍ പി.ജെ സാര്‍ ( ശ്രീ . പി. ജെ . ആന്റണി  ) തന്ന പുസ്തകം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ മടക്കി കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഏറെ താല്പര്യത്തോടെ വായിച്ചിരുന്ന ശ്രീ . സുസ്മേഷ് ചന്ത്രോത്തിന്‍റെ ,ഒരു കഥ എന്‍റെ ബെഡ്ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.  ഇ - വായന മാത്രം ബാക്കി. അതും വല്ലപ്പോഴും .

എന്തെങ്കിലും ആയിത്തീരാന്‍ വേണ്ടി ഒരിക്കലും വായിച്ചിട്ടില്ല , ഒന്നും ആയില്ലെങ്കില്‍ ക്കൂടി . ഒന്നേകാല്‍ രൂപ വിലയുള്ളപ്പോള്‍ മുതല്‍ ഞാന്‍ മാതൃഭൂമി ആഴ്ച പതിപ്പ് വാങ്ങിച്ചിരുന്നു. വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. എന്‍റെ ഒരു ട്യൂഷന്‍ മാഷ്‌ , അദ്ദേഹത്തിനു വേണ്ടിയായിരുന്നു 
ഒപ്പം കലാ കൌമുദി, കഥ മാസിക തുടങ്ങി എല്ലാ പ്രസിദ്ധീകാരണങ്ങളും ഞാന്‍ വാങ്ങി. ഇത് ഹൈസ് സ്കൂള്‍ പ്രായത്തില്‍ . എന്നാല്‍ ഭ്രാന്തമായ ആവേശത്തില്‍ ഞാന്‍ വായനയില്‍ വീണു പോയതു  അപ്പര്‍ പ്രൈമറി കാലത്താണ്. കിട്ടാവുന്ന കുട്ടി പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിച്ചു. അപസര്‍പ്പക കഥ കളുടെ അരങ്ങായിരുന്നു സ്കൂള്‍. ചിത്ര കഥാ രൂപത്തില്‍ കിട്ടിയിരുന്ന കുട്ടി പ്പുസ്തകം നിക്കറിനുള്ളില്‍ ഒളിപ്പിച്ചു അധ്യാപകനെ കളിപ്പിച്ചിട്ടുണ്ട്.  ബാല മംഗളത്തിന്‍റെ അംഗത്വ രജിസ്റ്ററില്‍ ആദ്യമായി പേരില്‍ മഷി പുരണ്ടത് എത്ര തവണ മറിച്ചു നോക്കിയോ .... ? എന്തൊരു ചങ്കിടിപ്പായിരുന്നു ആദ്യമായി പേരു വന്ന പുറം ഒന്നു തുറക്കാന്‍. 

അവധി ക്കാലത്ത് ആടിനെ തീറ്റാന്‍ പോകുന്ന ഒരു പതിവുണ്ട്. ആ അവസരമായിരുന്നു വായനയുടെ നല്ല കാലം. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ കിട്ടാന്‍ അവസരം ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ പ്രണയം പൊടിക്കുന്ന ഒരു കാലം കൂടിയാണ് , പഞ്ചായത്ത് ലൈബ്രറിയും ,വായനയും , ഒഴിവു കാലവും. വായനയുടെ നല്ല കാലം എന്നു വേണമെങ്കില്‍ ആ കാലത്തെ വിളിക്കാം. 

എന്‍റെ അടുത്ത സുഹൃത്തായിരുന്നു സേതു. വായനയിലും ചിത്ര രചനയിലും കേമന്‍. ഞങ്ങള്‍ വാശിയോടെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. പിറ്റേന്ന് കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് " ഇന്നലെ എത്ര മണി വരെ ഇരുന്നു " എന്നാവും. കുറേശ്ശെ പണം 'അപഹരിച്ചു ' പുസ്തങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത് കോളേജ് കാലത്താണ്. എനിക്ക് ഒരു കൊച്ചു ലൈബ്രറി ഉണ്ടായിരുന്നു. സൗഹൃദം കൂടിയപ്പോള്‍ അത് മെലിഞ്ഞു തുടങ്ങി. 

ജീവിതത്തിന്‍റെ അപരാഹ്നത്തിലാണ് എന്‍റെ വായന ഇല്ലാതായത്. തീഷ്ണമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഞാന്‍ വേണ്ടപ്പെട്ട പലതും ഉപേക്ഷിച്ച കൂട്ടത്തില്‍ വായനയും നഷ്ടമായി.

ഇനിയും വറ്റിയിട്ടില്ലാത്ത നന്മ

      






എന്റെ സുഹൃത്ത് വിനയന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു ,     നാളെ ടൌണില്‍  ഒരു  ഗാനമേള   സംഘടിപ്പിച്ചിട്ടുണ്ട്,  പങ്കെടുക്കണം .  വിനയനുമായി എനിക്കു കുറച്ചു നാളുകളുടെ പരിചയമേ ആയിട്ടുള്ളൂ .ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ , ക്യാന്‍സര്‍ ബാധിച്ചു മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തെ ക്കുറിച്ചു തയ്യാറാക്കിയ ലഘു ചിത്രത്തിനു കുറെ നറേഷന്‍  എഴുതി വാങ്ങിച്ചു . ഇപ്പോള്‍ ഗാനമേള നടത്തുന്നത് , ഏഴു വയസ്സുള്ള ഒരു നിര്‍ധന ബാലന്റെ കരള്‍ മാറ്റ ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് .കുറച്ചു ദിവസങ്ങളായിട്ട്   ഈ ബാലനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .രണ്ടാം ക്ലാസ്  വിദ്യാര്‍ഥി .കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ഏകമകന്‍ .മഞ്ഞപ്പിത്ത രോഗം ബാധിച്ച്  കരളിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുന്നു .കരള്‍ നല്‍കാന്‍ കുട്ടിയുടെ അമ്മ തയ്യാറായി നില്കുന്നു .മുപ്പതു ലക്ഷം രൂപയോളം ചിലവ് വരുന്ന  ശസ്ത്ര ക്രിയയുടനെ നടത്തിയാല്‍ ഈ കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരും .

 ബസ്‌ സ്ടാന്റിനോട്  ചേര്‍ന്ന് കെട്ടിയുയര്‍ത്തി യിരിക്കുന്ന സ്റ്റേജിലാണ് ഗാനമേള നടക്കുന്നത് . വിനയനും (എന്റെ ഇണക്കിളി എന്നആല്‍ബത്തിന്റെ പ്രവര്‍ത്തകര്‍ )കൂട്ടുകാരും ആണ് ഈ പരിപാടിയുടെ സാരഥ്യം  വഹിക്കുന്നത് .അവര്‍ മാറി മാറി സ്റ്റേജില്‍ വന്നു പാടുന്നു.ഇടയ്ക്കു,പാടാന്‍ അറിയുന്ന ,പുറത്തുള്ളവരും സ്റ്റേജില്‍ കയറുന്നുണ്ട് . ജന ശ്രദ്ധ പിടിച്ചുപറ്റാവുന്ന രീതിയിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത് .ബസ്സില്‍ നിന്നിറങ്ങി ഒരു യുവതി സ്റ്റേജിലേക്ക് കടന്നുവന്ന് മനോഹരമായി ഒരു ഹിന്ദി ഗാനം ആലപിച്ചു .സ്റ്റേജിനു മുന്നില്‍ വെച്ചിരിക്കുന്ന വലിയ പെട്ടിയില്‍ പണം വീണുകൊണ്ടിരിക്കുന്നു .വിവിധ മുഖങ്ങള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്, കൂലിപ്പണി ക്കാരുണ്ട് വിദ്യാര്‍ഥികളുണ്ട് . ഒരു കാന്തിക ആകര്‍ഷണം പോലെയാണ് സ്റ്റേജിനരികിലേക്ക് ആളുകള്‍ വന്നു ചേരുന്നത് .
എന്താണ് അവരെയൊക്കെ അവിടേക്ക് ആകര്‍ഷിച്ച ഘടകം ...........? ' ദേ , ഇവിടെ ഒരു കുരുന്നു ജീവന്‍ പൊലിയുന്നു,  ആരെങ്കിലും രക്ഷിയ്ക്കൂ എന്ന് ആരാണ് ഉള്‍ വിളി വിളിച്ചത് '......... ? 

വടക്കന്‍ കേരളത്തില്‍ പേ -തെയ്യങ്ങള്‍ ആടുന്ന കാലമാണ് . കബന്ധങ്ങള്‍ വഴികാട്ടികളാകുന്ന ഗ്രാമങ്ങള്‍ ..... ! ആത്മീയ - രാഷ്ട്രീയ പ്രഭ്രുതികള്‍ കത്തി വേഷം കെട്ടുന്നു . നന്മയുടെ വിത്തുകള്‍ മുളയ്ക്കാത്ത ഭൂമിയാകുന്നു  മനുഷ്യ മനസ്സുകള്‍ .....

അടുത്ത കാലത്ത് വായിച്ച ഒരു മഹത് വചനം മനസ്സില്‍ മായാതെ നില്‍ക്കുന്നു . 'പാറ ക്കെട്ടുകളിലും, താഴ്വരകളിലും, പര്‍വതങ്ങളിലും  സൂര്യ കിരണങ്ങള്‍ പതിക്കുന്നതു പോലെ ഈശ്വരന്‍ എല്ലായിടത്തും പ്രഭ  ചൊരിഞ്ഞു വിലസുന്നു .അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് മനുഷ്യ മനസ്സിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു '.

മത സംഘടനകളെക്കാള്‍  ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത് , വിനയനെ പോലെ, കാരുണ്യം വറ്റിയിട്ടില്ലാത്ത  ഒരു കൂട്ടം മനസ്സുകളുടെ കൂട്ടായ്മകളാണ് .ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രകടമാകുന്നുണ്ട് .  എനിക്കതില്‍ പ്രത്യാശയുണ്ട് .വൈകുന്നേര ത്തോടെ അഞ്ചു ലക്ഷം രൂപയോളം സംഘടിപ്പിച്ചു ആ ചെറുപ്പക്കാര്‍ .ഇത്രയും പണം കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താണ് ......?  സഹായ ഹസ്തവുമായി നില്‍ക്കുന്ന ഈ ജനക്കൂട്ടം പരസ്പ്പരം തിരിച്ചറിയുന്നവരല്ല , പക്ഷെ അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു അദൃശ്യ കരം ഉണ്ട്. അതിനെ ഞാന്‍ ഈശ്വരന്‍ എന്നു  വിളിച്ചോട്ടെ ......

ഇത്തിരി കൊന്നപ്പൂവ്







ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏത് യന്ത്ര വല്‍കൃത ലോകത്ത് പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും ഇത്തിരി കൊന്നപ്പൂവും ..............
(വൈലോപ്പിള്ളി )


കത്തുന്ന മണല്‍ കുന്നുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു നിമിഷം അത് കണിക്കൊന്ന പൂക്കളായി എന്നെ ഭ്രമിപ്പിക്കുന്നു. തിളയ്ക്കുന്ന നീരാവിയില്‍ ആ പൂക്കള്‍ ഇളകുന്നത് പോലെ തോന്നിപ്പിച്ചു .ദുര്‍ബല മായ മനസ്സിനോട് കാണിക്കുന്ന അനീതി. അന്ന് മാരീച വേഷത്തില്‍ വന്ന മായ. ഞാന്‍   വിഷു ക്കാലത്തെ ഓര്‍ത്തു. എന്റേത് മുസ്ലിം കുടുംബം .വിഷുവും, ഓണവുമൊന്നും മനസ്സിനെ ഇളക്കാത്ത ഒരു സമൂഹത്തില്‍ ഞാന്‍ നിലവിളക്കു കത്തിച്ചു. പൂക്കള്‍ ഒരുക്കി. കണി വെള്ളരിയും നാളികേരവും ഒരുക്കി. കൃഷ്ണ വിഗ്രഹം മാത്രം വയ്ക്കാനുള്ള ധൈര്യം വന്നില്ല. ഉമ്മയുടെ മുമ്പില്‍ നിന്ന് നില വിളക്കില്‍ തൊഴുതു. വേണു ഗാനം പാടി നടക്കുന്ന ഭജന സംഘം എന്റെ ഉമ്മറത്ത് വന്നു. അവര്‍ക്ക് വിഷു ക്കൈ നേട്ടം കൊടുത്തു. പിന്നെ ഉറങ്ങിയില്ല. ഒരു ദിവസ ത്തേക്കെങ്കിലും നോണ്‍ വെജിറ്റേറിയന്‍ പടിക്കു പുറത്ത്. വല്ലപ്പോഴും മത്സ്യം വാങ്ങുമെന്നതൊഴിച്ചാല്‍ പച്ചക്കറി തന്നെ വീട്ടില്‍ ശരണം. സുഹൃത്തുക്കള്‍ വരുന്നു. ഭക്ഷണത്തിനു ക്ഷണിക്കാന്‍ .ഉമ്മയ്ക്ക് നിര്‍ബന്ധം. വീട്ടില്‍ നിന്ന് ഇത്തിരിയെങ്കിലും കഴിച്ചിട്ട് പോണം.ഞാനും, സുഹൃത്തുക്കളും (അവരൊക്കെ ഹിന്ദുക്കള്‍ ) വിഷു ദിനത്തില്‍ എന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം.

ആരുടെയോ തൊടിയില്‍ ഒരു കണിക്കൊന്ന മറഞ്ഞു വളര്‍ന്നു. മീനമാസത്തില്‍ അത് നവ വധു വിനെ പോലെ പൂക്കള്‍ വാരിയണിയും . എനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു അത്. ചുറ്റും വള്ളി പ്പടര്‍പ്പുകള്‍. ജന സഞ്ചാരം കുറഞ്ഞ ഒരിടം.വിഷുവിനു  എനിക്ക് പൂക്കള്‍ തരാന്‍ വേണ്ടി അവളുടെ മക്കളെ  സൂര്യനെ കാണിച്ചു കുടിയിരുത്തി. അധിനിവേശത്തിന്റെ കാലമാണ്. വിഷു അടുക്കുംതോറും ആധിവളരും . വിഷുവിനു തലേന്ന് രഹസ്യമായി ചെന്നു പൂ പറിക്കും. 
നിനക്കെന്തിനാണ് ഇത്രയും പൂവ് ........? 
ചിലപ്പോള്‍ അവള്‍ ചോദിച്ചെന്നു തോന്നും. കൂട്ടുകാരുടെ വീടുകളിലും കണി വയ്ക്കാന്‍ നിന്റെ പൂവ് വേണം. അപ്പോള്‍ കൊമ്പ് കുലുക്കി അവള്‍ സന്തോഷിച്ചു.. ആ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാത്തൊരു പ്രണയം തോന്നിയിരുന്നു . മാസത്തില്‍ ഒരിക്കല്‍ മാത്രമേ അവളെ ഒന്നു കാണാന്‍  പറ്റിയിരുന്നുള്ളൂ.  ഒന്നാം തീയതി തൊഴാന്‍ വരുമ്പോള്‍ ദൂരെ നിന്ന് ഒരു നിമിഷം ഒന്നു കാണും. കണ്‍ കുളിര്‍ക്കെ. പക്ഷെ, എന്നെക്കുറിച്ച് അവള്‍ക്കു അറിയില്ലായിരുന്നു. ഞാന്‍  നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ മനസ്സില്‍ ഭാരമായി തുടങ്ങി. എങ്ങനെയെങ്കിലും എന്റെ പ്രണയം അവളെ അറിയിക്കണം.  ആയിടയ്ക്ക് അവളുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പെണ്‍കുട്ടി  എന്റെ വീട്ടില്‍ വന്നു. എന്റെ ആഗ്രഹം ഞാന്‍ അവള്‍ വഴി അറിയിച്ചു. അത്ഭുതം.....! പെട്ടെന്ന് മറുപടി. മനസ്സ് കുളിര്‍ത്തു. സുഗമമായി പോകാം. എന്റെ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ അവള്‍ കാത്തിരിക്കുന്നുവത്രേ.....! ഞാന്‍ സന്ദേശങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു. ഒപ്പം ,ഒരു മുല്ല മാല, അല്ലെങ്കില്‍ അവളുടെ ദൈവത്തിനു ചാര്‍ത്താന്‍  ഇലഞ്ഞി മാല. എല്ലാം അവള്‍ സസന്തോഷം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം. വിഷു വരുന്നു. കണി വയ്ക്കാന്‍ ഞാന്‍ പൂ വാഗ്ദാനം ചെയ്തു.



 വിഷുവിനു അമ്പലത്തില്‍ വരണം ,ഒന്നു കാണണം .
ദൂതു പറഞ്ഞു..ആളറിയാത്ത പ്രണയം ഇനി വേണ്ട. .....സമ്മതിച്ചു. വിഷുവിനു അമ്പലത്തില്‍ കാണാം. എന്റെ നെഞ്ചിടിച്ചു. അമ്പലത്തിലാണ് കയറേണ്ടത്. ഞാനൊരു മുസ്ലീമാണ്. എങ്കിലും സാരമില്ല. വിഷു വന്നു. രാവിലെ ഏറ്റവും അടുത്ത ഒരു സുഹൃത്തുമായി പുറപ്പെട്ടു. അമ്പലത്തില്‍ കയറും മുമ്പ് ഷര്‍ട്ട് അഴിക്കണം. ലജ്ജ തോന്നി. ധാരാളം പെണ്‍കുട്ടികള്‍ തിങ്ങി നില്‍ക്കുന്നു. പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍ ....! ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല. ഒരു തവണ  തൊഴുതു. ശ്രീകോവിലിനു അരികില്‍ ഞങ്ങള്‍ ഒതുങ്ങി നിന്നു.തിരക്ക് വര്‍ദ്ധിക്കുന്നു. സോപാന ഗായകന് എന്റെ ഹൃദയ തുടിപ്പ് ഒരു സൗകര്യമായതു  പോലെ എനിക്ക് തോന്നി. അവള്‍ വന്നു. വിടര്ത്തിയിട്ട ഈറന്‍ മുടിയുമായി, ഞൊറിയിട്ട് തുന്നിയ പട്ടു പാവാടയും ചിത്രപ്പണി ചെയ്ത ബ്ലൌസുമിട്ടു അലസയായി അവള്‍ തൊഴുന്നത് ഞാന്‍ നോക്കി നിന്നു. ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്തേക്ക് നോക്കിയില്ല. 
എന്നെ കണ്ടു കാണുമോ.......? 
എനിക്ക് ആശങ്കയായി. സുഹൃത്ത് ഇടപെട്ടു. പെണ്ണല്ലേ , അവള്‍ നിന്നെ കണ്ടിട്ടുണ്ട്. അവന്‍ ഉറപ്പിച്ചു.ഇതൊക്കെ സംഭവിച്ചതു ഒരു വിഷുവിനാണ്. ഓരോ വിഷു വരുമ്പോഴും ഇതൊക്കെ ഓര്‍മ്മയില്‍ ഓടി യെത്തും. 
സുഖമുള്ള ഓര്‍മ്മകള്‍ ...........
 ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍  ..........

ഒരു അനാഥക്കുട്ടി









അവധിക്കു നാട്ടിലെത്തിയ ഒരു ദിവസമാണ് ഞാന്‍ ആ അനാഥാലയത്തില്‍ പോകുന്നത്.അതും ഭാര്യയുടെ യും, കുട്ടികളുടെയും നിര്‍ബന്ധത്തിനു വഴങ്ങി. വലിയൊരു  കെട്ടിട സമുച്ചയത്തിനു   നടുവിലെ  മൈതാനത്ത് വാഹനം നിര്‍ത്തി അനാഥ മന്ദിരത്തിലേക്ക് നടക്കുമ്പോള്‍ വരാന്തയിലും, മുറ്റത്തുമായി നിന്നിരുന്ന കുട്ടികള്‍ ഞങ്ങളെ ശ്രദ്ധിച്ചു.വാഹനത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായി എത്തിയ ഒരു കുട്ടിയെ ഭാര്യാ പിതാവ് ശകാ രിക്കുന്നത് കേട്ടു. ഒന്നും നഷ്ട പ്പെടാനില്ലാത്ത , അല്ലെങ്കില്‍ ഒന്നും  അവകാശപ്പെടാനില്ലാത്ത കുറെ കുട്ടികളുടെ നടുവിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തിലായിരുന്നു ഞാന്‍.  അതുകൊണ്ടാ ണ് യാത്രയില്‍ നിന്ന് പിന്മാറാന്‍ ആദ്യം ശ്രമിച്ചത്.

കൌമാര പ്രായക്കാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെയുള്ള ഒരു അനാഥാലയം ആയിരുന്നു അത്. സന്ദര്‍ശകരുടെ ആഡംബര പ്രദര്‍ശനത്തിനു മുമ്പില്‍ ആ കുട്ടികള്‍ ചെറുതാകുന്നത് പോലെ തോന്നി. നിറം മങ്ങിയ വസ്ത്രങ്ങള്‍ ആയിരുന്നു അവര്‍ ധരിച്ചിരുന്നത്. നീലയില്‍ വെളുത്ത ലൈനുള്ള ഉടുപ്പുകള്‍ അനാഥത്വത്തിന്റെ ചിഹ്നമായി ചില രെങ്കിലും കരുതുന്നുണ്ടാവാം. വര്‍ണ്ണ പോലിമയുള്ള വസ്ത്രം ധരിച്ചു വരുന്ന സന്ദര്‍ശകരെ അവര്‍ അസൂയയോടെ നോക്കിയിരിക്കണം. വളരുന്നു എന്നതിലപ്പുറം യാതൊരു പരിഗണന യും അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് അവരുടെ ശരീര ശാസ്ത്രം തെളിയിക്കപ്പെട്ടു കൊണ്ടിരുന്നു.

                                                     
 
ഓഫീസില്‍ ചെറിയ സംഭാവന നല്‍കി പുറത്ത് വന്നപ്പോള്‍ 
രക്ഷാധികാരി ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചു. സന്ദര്‍ശക മുറിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ചോദിച്ചു, കുട്ടികളുടെ ഒപ്പം ഇരിക്കാന്‍ പറ്റുമോ.......?
'കുട്ടികളെ സന്ദര്‍ശക രോടൊപ്പം   ഇരുത്താറില്ല'. അയാള്‍ സൌമ്യമായി പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള ഒരു മുറിയില്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ , തൊട്ടടുത്ത കെട്ടിടത്തില്‍ കിളികള്‍ ചേക്കേറുന്നത് പോലെകുട്ടികള്‍ ബഹളം കൂട്ടുന്നത്‌ കേട്ടു. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ പ്പോള്‍ കുട്ടികളോട് മുറ്റത്തേക്ക്‌ വരാന്‍ പ്രധാന അദ്ധ്യാപകന്‍ ആജ്ഞാപിച്ചു. ആദ്യം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്,അയാള്‍ എപ്പോഴും ഒരു ചൂരല്‍ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് വീശിക്കൊണ്ടാണ്‌ ആഞ്ഞാപിക്കുന്നത്.. മുറ്റത്തിന്റെ തണല്‍ വീണ കോണില്‍ കുട്ടികള്‍ ഒത്തുകൂടി.
കാഴ്ച ബംഗ്ലാവിലെ ഒരു ഗൈഡ് നെ പോലെ അയാള്‍ കുട്ടികളെ ചൂണ്ടി ഓരോന്ന് വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികള്‍ തല താഴ്ത്തി നില്‍ക്കയാണ്‌. ചിലര്‍ ഞങ്ങളെ നോക്കി. ഇവിടെ ആരാണ് കാഴ്ച ക്കാര്‍ .......?  ആരാണ് കാഴ്ച.......? എനിക്ക് ഉത്തരം കിട്ടിയില്ല. പാപക്കറകള്‍ കഴുകി കടന്നു പോയവരുടെ ശേഷിപ്പ് കളോട് നിങ്ങള്‍ സഹോദരങ്ങള്‍ ആണെന്ന് പറയുന്ന അത്ര വിഡ്ഢിത്തം വേറെ ഇല്ലെന്നു എനിക്ക് തോന്നി.

നീ നിസ്ക്കരിച്ചോടാ .........?  

കൂട്ടത്തില്‍ നിന്ന ഒരു ഇരു നിറ ക്കാരനോട്  അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.ഞങ്ങളെ ക്കുറിച്ച് കുട്ടികളോട് അയാള്‍ പറഞ്ഞു. ' ഈ നില്‍ക്കുന്നവര്‍ നിങ്ങളെ കാണാന്‍ വന്നവരാണ്. അവര്‍ക്ക് വേണ്ടി നിങ്ങള്‍ ദു : ആ ( പ്രാര്‍ത്ഥിക്കണം )  ചെയ്യണം.

'എന്താണ് ഞങ്ങളുടെ പ്രത്യേകത. നിങ്ങടെ മക്കളെ പോലെ കണ്ണും, കാതുമൊക്കെ ഞങ്ങള്‍ക്കുമുണ്ട്‌'............ അങ്ങനെ ആരെങ്കിലുമൊന്നു പ്രതിഷേധിക്കാന്‍ ഞാന്‍ കൊതിച്ചു. ആരും പ്രതികരിച്ചില്ല. പെട്ടെന്ന് , ഒരു കൊച്ചു കുട്ടി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു.ഏറിയാല്‍ ആറു വയസ്സ്. അധ്യാപകന്റെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവന്‍ ഒരു തൂണിനു മറഞ്ഞു.

'അഷ്ക്കര്‍, ഇവിടെ വരൂ.............

അദ്ധ്യാപകന്‍ കല്‍പ്പിച്ചു.അവന്റെ മൊട്ട ത്തലയിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

'എവിടെടാ നിന്റെ തൊപ്പി ..............?

അവന്‍ ഞങ്ങളെ നോക്കി . കുറെ അപരിചിതരുടെ മുമ്പില്‍ നിന്ന് കരയാന്‍ അഭിമാനം അവനെ അനുവദിച്ചില്ല. നിറഞ്ഞ കണ്ണുകളോടെ ആ കുട്ടി മുറിയിലേക്ക് വിരല്‍ ചൂണ്ടി.

'വേഗം എടുത്തു വാ'  .........

എന്റെ കണ്ണുകള്‍ നിറയുന്നത് മറയ്ക്കാന്‍  ഒരു കര്‍ചീഫ്‌ കൊണ്ട് ഞാന്‍ മുഖം പൊത്തി. എല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ രക്ഷാധികാരിയോടു ആറുവയസ്സു കാരനെ ക്കുറിച്ച് അന്വേഷിച്ചു.
'വളരെ ചെറുപ്പത്തില്‍ ഇവിടെ വന്നു പെട്ടതാണ്. ഇവനാണ് ഇവിടുത്തെ ചെറിയ കുട്ടി'. 

മോന്‍ ഇങ്ങു വരൂ ........ഞാന്‍ വിളിച്ചു.

അവന്‍  വന്നില്ല. ഒരു അനാഥന്‍ എങ്ങനെയാവണം എന്നെനിക്കു കാണിച്ചു തരികയായിരുന്നു അപ്പോഴവന്‍. ഞാനവന്റെ മൂര്‍ദ്ധാവില്‍ തലോടി.  എന്തൊക്കെയോ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നതാണ്, അതെല്ലാം എന്റെ  നെഞ്ചില്‍ തറച്ചിടപ്പെട്ടു.




 മാതാപിതാക്കളുടെ നടുവില്‍ സുഖം പറ്റി ഉറങ്ങേണ്ട പ്രായം. നീണ്ട ഒറ്റ വരി പ്പായയില്‍ ആരുടെയൊക്കെയോ കൂടെ അവന്‍ ഉറങ്ങുന്നു. " ഭൂത പ്രേതങ്ങളെ, ഗര്‍ജിക്കുന്ന  മഴ മേഘങ്ങളേ, നിങ്ങള്‍ ഈ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്, അവനു അഭയം ആരുമില്ല. അവന്‍ അനാഥ നാണ്.

മടക്ക യാത്രയില്‍ ഞാനാകെ അസ്വസ്ഥനായിരുന്നു. എന്റെ മക്കളോട് സ്നേഹം കുറഞ്ഞു പോവുകയാണോ ........ ? അതോ, അഷ്ക്കര്‍ എന്ന അനാഥ ക്കുട്ടിയെ കൂടി ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തുക യായിരുന്നോ ...........?  എനിക്ക് ഉത്തരമില്ലായിരുന്നു.

വിദേശത്തേക്ക് മടങ്ങിയ ശേഷം  ഈ  മെയില്‍ വഴി ഞാന്‍ പലരോടും അഭ്യര്‍ഥിച്ചു. എന്തെങ്കിലും സഹായം ആ അനാഥാലയത്തിന് നല്‍കാന്‍.  അതിന്റെ നേരിയ ഒരു കണികയെങ്കിലും എന്റെ അനാഥക്കുട്ടിക്കു ലഭിക്കുമല്ലോ. ഈ കുറിപ്പെഴുതുമ്പോഴും ചോര്‍ന്നൊലിക്കുന്ന ആകാശത്തിനു താഴെ 
ആ മൈതാനത്ത്, അവന്‍ ഓടി ക്കളിക്കുന്നുണ്ടാവും. നീലയില്‍ വെള്ള വരയിട്ട അനാഥത്വം അണിഞ്ഞു  കൊണ്ട്...................