Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

എന്തുകൊണ്ട് ഞാന്‍ എഴുതാതിരിക്കുന്നു ........... ?

എഴുത്തുകാരനെ സംബന്ധിക്കുന്ന രണ്ടു വൈരുദ്ധ്യ ങ്ങളായ ആശയം മനസ്സില്‍ കടന്നു കൂടിയതോടെ ഞാന്‍ താല്‍ക്കാലികമായി പേന താഴെ വച്ചു. ഞാന്‍ ഒരു അറിയപ്പെടുന്നഎഴുത്തുകാരന്‍ ആണോ എന്നതിന് യാതൊരു പ്രസക്തിയുമില്ല, കാരണം എഴുത്തിലെ  ഉത്കൃഷ്ടത കണ്ടെത്തേണ്ടത്‌ വായനക്കാരനാണ്. ലക്ഷണ ശാസ്ത്രം കൊണ്ട് എഴുത്തിനു കാര്യമായ പ്രയോജനം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല . എപ്പോഴും  നല്ലൊരു കൃതി 
ഉണ്ടായതിനു ശേഷമാണ് , അവയെ ക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ ഉണ്ടാവുന്നത്.

ഒരിക്കല്‍ പ്രശസ്തനായ ഒരു സാഹിത്യകാരനുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു, എഴുത്തുകാര്‍ കാലത്തില്‍ സഞ്ചരിക്കുന്നവരായിരിക്കണം . ഇപ്പോള്‍ എങ്ങനെ എഴുതണം എന്നു അന്വേഷിച്ചു കൊണ്ടിരിക്കണം . അത് സ്വന്തം ഭാഷയില്‍ തേടാം, അല്ലെങ്കില്‍ വൈദേശിക ഭാഷയിലും അന്വേഷിക്കാം. അപ്പോള്‍ എഴുത്തുകാരന്‍ മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങളിലാക്കാന്‍ നിരന്തരം യത്നിച്ചു കൊണ്ടിരിക്കണം.ആ അഭിപ്രായത്തോട് എനിക്ക് യോജിക്കാനായില്ല.രചന എന്നത് ഒരു ഉണ്ടാകലാണ് , ഒരിക്കലും അതു നിര്‍മ്മിക്കുകയല്ല. അതിനു വേണ്ടിയുള്ള അസംസ്കൃത വസ്തുക്കള്‍ നമുക്ക് ( എഴുത്തുകാര്‍ക്ക് ) തേടി കണ്ടെത്താം .ആ അസംസ്കൃത വസ്തുക്കളെ  ക്രിയാത്മകമാക്കുന്നിടത്താണ് എഴുത്തുകാരന്‍ ജനിക്കുന്നത്. 

വളരെക്കാലം മുമ്പ് എന്റെ കോളജ് അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകളെ ഞാന്‍ എഴുത്തിനുള്ള സ്രോതസ്സായി മനസ്സില്‍ കൊണ്ട് നടക്കുന്നു. ഒരുപാട് കഥകള്‍ പത്രമാസികയ്ക്ക് അയച്ചു നിരാശനായി ഇരിക്കുമ്പോളാണ് അദ്ദേഹം പറഞ്ഞത് " പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഒന്നും എഴുതരുത്. ഭക്ഷണം കഴിക്കുന്നത്‌ വളരാന്‍ വേണ്ടിയല്ല, വിശപ്പ്‌ ഇല്ലാതാക്കാന്‍ വേണ്ടിയാണ്  , വളരുക എന്നത് പ്രകൃതിക്ക് വിട്ടേക്കുക". ആ വാക്കുകള്‍ എന്നെ വളരെ സ്വാധീനിച്ചിരുന്നു .

എഴുത്തുകാരന്‍ എന്തിനു പുതിയ രചനാ രീതി അന്വേഷിച്ചു നടക്കണം.........?
"ആരും പറയാത്ത ഒന്ന് " അതായിരിക്കണം എഴുത്തുകാരന്‍ നിരന്തരം തേടിക്കൊണ്ടിരിക്കേണ്ടത് .

ഒരു ഹൈന്ദവ ഇസ്ലാം



ഞാന്‍ ഒരു ഹൈന്ദവ ഇസ്ലാം ആണെന്ന് സ്വയം പരിചയപ്പെടുത്തിയത് പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്. നമ്മള്‍  മലയാളികള്‍  പുരോഗതിയുടെ വഴിയിലാണ് .  പണം സമ്പാദിക്കുന്നു . ചെറുവീടുകള്‍  പൊളിച്ചു കളഞ്ഞു മഹാ സൗധങ്ങള്‍  പണിയുന്നു . ആഡംഭര വാഹനങ്ങള്‍ വാങ്ങുന്നു. കുട്ടികളെ അന്യ നാടുകളില്‍ അയച്ചു പഠിപ്പിക്കുന്നു . അങ്ങനെ നാടിന്റെ മുഖച്ഛായ തന്നെ മാറി മറിയുന്നു പക്ഷെ ബൌദ്ധികമായി നമ്മള്‍ ഇന്നും ദരിദ്രരാണ് . ശരീരത്ത് ദുര്‍ മേദസ്സ് വര്‍ധിക്കുമ്പോള്‍ മനസ്സുകള്‍ ശോഷിച്ചു , അതു ചെളിക്കുണ്ടിലും , പൊട്ടക്കിണറ്റിലും അലയുകയാണ് . ആരുടെയെങ്കിലും തലയ്ക്കുള്ളില്‍ അല്‍പ്പം ചിന്തയുടെ പ്രസരണം കണ്ടാല്‍ അവരെ സന്ദേഹ വാദികള്‍ ആക്കുന്നു .  മത പണ്ഡിതനും , കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ ഒരാള്‍ ഒരിക്കല്‍ പ്രസംഗിച്ചു തുടങ്ങിയതു തന്നെ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍  നെഹ്‌റു വിനെ ഒരു സന്ദേഹ വാദി എന്നു ആക്ഷേപിച്ചു കൊണ്ടാണ് . അതിനു ചരിത്രം മാപ്പുകൊടുക്കില്ല . ഒരു മത നിരപേക്ഷ രാജ്യം സ്വപ്നം കണ്ടതിനാണോ അദ്ദേഹത്തിനെ സന്ദേഹവാദി ആക്കിയത് ......? മറ്റൊരിക്കല്‍ ഒരു മലയാളം ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മത സംബന്ധമായ ചോദ്യോത്തര പരിപാടിയ്ക്കിടെ ഒരു  പ്രേക്ഷകയുടെ സംശയം . ' എന്റെ കുട്ടി കലാ രംഗത്ത്  വളരെ മിടുക്കിയാണ് . അവള്‍ നൃത്തം ചെയ്യുകയും , നന്നായി പാടുകയും ചെയ്യുന്നുണ്ട് . ഇതിനെ പ്രോത്സാഹിപ്പിക്കുന്നതു തെറ്റാണോ .....? മത പുരോഹിതന്‍ പറയുന്നു ,നമ്മള്‍ മുസ്ലീംങ്ങള്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത് ........  The Great Akbar  എന്നു ചരിത്രം ചാര്‍ത്തി ക്കൊടുത്ത അപധാനം മായ്ച്ചു കളയാന്‍ ഒരു യുവജന സംഘടന നടത്തുന്ന ശ്രമം പരിഹാസ്യമായി കാണുകയെ വേണ്ടു .
ഓണം കേരളീയരുടെ ദേശീയ ഉത്സവം ആണെന്നു  ചെറു ക്ലാസ്സുകളില്‍ തൊട്ടു നാം പഠിച്ചു വളര്‍ന്ന വരാണ് . ഇക്കാര്യത്തില്‍ മുസ്ലീം സമൂഹത്തിനായി ഒരു പ്രത്യേക നിയമം ആരും നിര്‍മ്മിക്ക പ്പെട്ടതായി അറിവില്ല .പണ്ടെന്നോ രാജ്യം ഭരിച്ചിരുന്ന ഒരു മനുഷ്യ സ്നേഹിയായ ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്നു എന്ന സങ്കല്‍പ്പത്തിലുപരി, ഒരു കാലഘട്ടത്തിലെ കാര്‍ഷികാഘോഷം ആയിരുന്നു ഓണം. പിന്നീട് ബന്ധുമിത്രാധികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു അവസരമായി ഓണം മാറി . ഇതിലെവിടെയാണ്  അനിസ്ലാമികം.... ? . ഇത്തവണ തിരുവോണ ത്തിനു  ഒറ്റ ദിവസത്തേക്ക്   ഞങ്ങളുടെ നാട്ടില്‍ മദ്രസകളില്‍  ക്ലാസുകള്‍ സംഘടിപ്പിച്ചു മത വാദികള്‍ തങ്ങളുടെ വിശ്വാസ തീവ്രത പ്രകടിപ്പിച്ചു . ഇത്തരം  അസഹിഷ്ണുതാ മനോഭാവമാണ്  രാജ്യത്തിന്റെ സെക്കുലര്‍ വിശ്വാസങ്ങളെ തകര്‍ക്കുന്നത് , ഇതല്ല യഥാര്‍ത്ഥ ഇസ്ലാം. അയല്‍പക്കത്തുള്ള നാല്‍പത്തിയൊന്നു വീടുകളില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നതായി അറിഞ്ഞാല്‍ നീ അര വയര്‍ ഭക്ഷണം കഴിച്ച് ബാക്കി  അവനു നല്‍കാനാണ്  ഇസ്ലാം പഠിപ്പിക്കുന്നത്‌ . എല്ലാ ക്കാലത്തും മതത്തിന്റെ നിയന്ത്രണം  പുരോഹിതന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നത് . അവര്‍ പറയുന്നത്  മറ്റുള്ളവര്‍  വേദ വാക്യമായി കരുതി പോരുന്നു . ഖേദപൂര്‍വ്വം പറയട്ടെ ......., ഭൌതിക ( അക്കാദമിക് ) വിദ്യാഭാസത്തോട്  പുറം തിരിഞ്ഞു നില്‍ക്കുന്ന ഈ വര്‍ഗ്ഗമാണ് ഒരു ജനാധിപത്യ ഇസ്ലാമിസത്തെ  തകര്‍ക്കുന്നത് . ശ്രീ . ഇബ്രാഹിംവേങ്ങര സൂചിപ്പിച്ചത് പോലെ "രണ്ടു പതിറ്റാണ് മുമ്പ് വരെ ഫോട്ടോ  'ഹറാം ' ആണെന്ന് പ്രചരിപ്പിച്ച മുസ്ല്യാക്കന്മാരുടെ  ഫ്ലക്സുകള്‍ ഇന്നു തിരുവനന്തപുരം മുതല്‍ കാസര്‍കോട്  വരെ  പ്രദര്‍ശിപ്പിച്ചിരിക്കുന്നു . ഇപ്പോള്‍ ' ഹറാം '  (നിഷിദ്ധം ) 'ഹലാല്‍ ' (അനുവദനീയം) ആയിരിക്കുന്നു". ബ്രിട്ടീഷ് ഭരണ കാലത്ത് , ഇംഗ്ലീഷിനെ 'പൈശാചിക ഭാഷയെന്നു വിളിച്ചു  അപമാനിച്ചതും, സ്ത്രീകള്‍ക്ക് വിദ്യാഭാസം നിഷേധിച്ചതും  ഇവരുടെ പ്രതിനിധികള്‍ തന്നെയാണ്.  ഉദരപൂരണത്തിന്റെ ഇടവേളകളിലെ വ്യാമോഹങ്ങളെ  പ്രജ്ഞ നശിച്ച ഒരു കേവല ന്യൂനപക്ഷത്തെ കൊണ്ട് ചുമപ്പിച്ചു , ഇവര്‍ സമുദായത്തെ ഇരുണ്ട യുഗത്തിലേക്ക്  നയിച്ചുകൊണ്ടിരിക്കുന്നു . പ്രവാചകന്‍ ചെയ്തതാകട്ടെ ,  ഒരു ജനതയെ ഇരുണ്ട യുഗത്തില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു

നിലവിളക്കോ , മണ്‍ചിരാതോ , എന്തുമാകട്ടെ വെളിച്ചം പ്രദാനം ചെയ്യുന്നതിനെ മാനിക്കാന്‍ അറിയാത്തതു കൊണ്ടാണ്  കേരളത്തില്‍ ഇന്ന്  ' നിലവിളക്ക് വിവാദം ' ചര്‍ച്ചാവിഷയം ആകുന്നതു.  മത പ്രചരണാര്‍ത്ഥം  മാലിക് ദിനാര്‍ കേരളത്തില്‍ വന്നതു മുതല്‍ ഒരു നീണ്ട കാലം കേരളത്തിലെ പള്ളികളില്‍ നിലവിളക്ക് ആയിരുന്നു വെളിച്ചത്തിനു ആധാരം. അന്നൊന്നും ഹറാം ആകാത്ത വെളിച്ചം ഇപ്പോഴെങ്ങനെ ഹറാം ആയി. കഴിവുള്ളവര്‍ ചിന്തിക്കട്ടെ. ചൈനയില്‍ പോയാണെങ്കിലും വിദ്യ അഭ്യസിക്കണം എന്നു മണലാരണ്യത്തിലെ പ്രാകൃത മനുഷ്യരോട് ആഹ്വാനം  ചെയ്ത തിരുനബിയുടെ അനുയായികളല്ല ഇന്നു  നാം കാണുന്ന പുരോഹിത വര്‍ഗ്ഗം . ഇവരുടെ കണ്ഠ പ്രക്ഷാളനത്തിലൂടെ ഉതിര്‍ന്നു വീഴുന്ന വിഷമല്ല  മഹത്തായ ഇസ്ലാം സംസ്ക്കാരം .

ഒരിക്കല്‍  ഒരു ക്രിസ്തുമസ് കാലത്ത് ഉമ്മറത്ത്  നക്ഷത്രം കത്തിച്ചത് തെറ്റാണെന്നും  പറഞ്ഞു ഒരു ചെറുപ്പക്കാരന്‍ വീട്ടില്‍ കയറി വന്നു  . അതു  ' സിയോണിസ്റ്റ് ' കളുടെ ചിഹ്നമത്രേ  .......! അന്നാണ് ഞാന്‍ സിയോണിസത്തെ ക്കുറിച്ച് അറിയുന്നത് . സിയോണിസ്റ്റ്കള്‍ ശ്വസിക്കുന്ന വായു തന്നെയല്ലേ നമ്മളും ശ്വസിക്കുന്നത് .......? അയാള്‍ മറുപടിയില്ലാതെ ഇറങ്ങി പ്പോയി. സൗദി അറേബ്യയില്‍  നിരത്തിലൂടെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അവിടുത്തെ നിയമം അനുവദിക്കുന്നില്ല.  ഇതു മറികടന്നു കാറോടിച്ച  സ്ത്രീ വാഹനാപകടത്തില്‍ മരിച്ചു ......! നൃത്തം ചെയ്തതിനു  താലിബാനികള്‍ സ്ത്രീകളുടെ കാല്‍ മുറിച്ചു മാറ്റി, ഇന്ത്യയിലാകട്ടെ   അവരുടെ പ്രതിനിധികള്‍   അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചു മതേതരത്വത്തിന്റെ വെളിച്ചം ഊതി ക്കെടുത്താന്‍  സദാ ജാഗരൂപരായിരിക്കുന്നു  . അപ്പോള്‍ ഞാനും ഒരു ഹൈന്ദവ ഇസ്ലാം എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് .

ആടുജീവിതവും കുറെ നിസ്സഹായരും






നിസ്സഹായത  എന്ന അവസ്ഥയ്ക്ക് വിധി എന്നൊരു പേരുകൂടിയുണ്ട്. ഇത് രണ്ടും  കീഴടങ്ങലുകള്‍ ആണ്. അടിയറ വയ്ക്കുന്നത് ചിലപ്പോള്‍ ജീവനാകാം, സ്വപ്നമാകാം.  ആ തകര്‍ച്ചയെ അതിജീവിക്കാന്‍ പലപ്പോഴും ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് കഴിയാറുണ്ട്. അത് കൊണ്ടാണ് ആടുജീവിതം എന്ന നോവലില്‍ നജീബിന് പ്രതിസന്ധി കളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതും   തനിക്കു അഭിമുഖീകരി ക്കേണ്ടി വരുന്ന തിക്തമായ അനുഭവങ്ങളും, സാഹചര്യങ്ങളും എല്ലാം അല്ലാഹുവിന്റെ പരീക്ഷങ്ങള്‍ ആണെന്ന് വിശ്വസിച്ചു അതിനെ മറി കടക്കാനുള്ള ഊര്‍ജം നേടിയെടുക്കുന്നതും  .നോവലിന്റെ അവസാന ഘട്ടം വരെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നജീബ് വിധേയനാകുന്നുണ്ട്. ആ അസന്നിഗ്ധത വായനക്കാരനെ വല്ലാതെ വരിഞ്ഞു മുറുക്കി നിര്‍ത്തുന്നു. നജീബ് ഒരിക്കലും സമ്പന്നതയില്‍ ആസക്തനല്ല. ജീവിക്കാന്‍ ഇത്തിരി സൌകര്യങ്ങള്‍, പ്രിയപ്പെട്ട ഭാര്യക്ക് ഇത്തിരി പൊന്ന്, അങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായാണ് നജീബ് എന്ന ചെറുപ്പക്കാരന്‍  ഗള്‍ഫു നാട്ടിലേക്ക് പറക്കുന്നത്. തന്റെ പിറക്കാന്‍ പോണ കുട്ടിയെ കൂടി ഒരുനോക്കു കാണാനുള്ള ഭാഗ്യവും, സാവകാശവും, വിധി അയാള്‍ക്ക്‌ നല്‍കുന്നില്ല. റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്ന് അപരിചിതനായ ഒരാളുടെ ആജ്ഞകള്‍ക്ക് വിധേയനായി നജീബ്  നഗര വല്ക്കൃത മുഖത്ത് നിന്ന് അപ്രത്യക്ഷനാകുന്നു.കൂടെ ഹക്കീം എന്ന ഒരു ഇളം പ്രായക്കാരനും. മണിക്കൂറുകള്‍ സഞ്ചരിച്ചു , അവര്‍ മരുഭൂമിയിലെ ഏതോ അജ്ഞാതമായ പ്രദേശത്തെ , മസ്രയില്‍ ( ആടുമാടുകളെ വളര്‍ത്തുന്നതും, കൃഷി ചെയ്യുന്നതുമായ സ്ഥലങ്ങള്‍ )എത്തുന്നു. വഴിയില്‍ ഹക്കീം വേര്‍പിരിയുന്നു. അയാള്‍ മറ്റൊരു മസ്രയില്‍ എത്തപ്പെടുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം നജീബ് കൊടിയ പീഡന ങ്ങള്‍ സഹിച്ചു, പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചു , അന്ത : സംഘര്‍ഷ ങ്ങളോടെ ,ആടുകളുമായി ജീവിച്ചു, അങ്ങനെ അയാളും മറ്റൊരു ആടായി. ആടുകളെ സ്നേഹിച്ചും ,ഭോഗിച്ചും , പരിപാലിച്ചും,  അകലെയുള്ള ഉമ്മയും ,ഭാര്യയും , തനിക്കു പിറന്ന കുട്ടിയും( ? )  ഇനി ഒരിക്കലും കണ്ടു മുട്ടില്ല എന്ന വേദനയോടെ ആ മസ്രയില്‍ ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു.  പക്ഷെ , അപ്പോഴും ഇതെല്ലാം  അല്ലാഹുവിന്റെ ഒരു പരീക്ഷണം എന്ന് മനസ്സില്‍ ഉറപ്പിച്ചു , എപ്പോഴെങ്കിലും ഒരു രക്ഷാ കവാടം തുറന്നു കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ കൈവെടിയുന്നില്ല നജീബ്. ഒരിക്കല്‍ ഹക്കീമിനെ കാണാന്‍ സൗകര്യം ലഭിക്കുന്നതോടെ മസ്രയില്‍ നിന്ന് രക്ഷ പെടാനുള്ള വഴി തെളിയുന്നു.  ദുര്‍ഘടമായ മാര്‍ഗങ്ങളിലൂടെ ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ നജീബ് നഗരത്തില്‍ എത്തുന്നു. വഴിയില്‍ വെള്ളവും , ഭക്ഷണവും കിട്ടാതെ  ഹക്കീം മരണപ്പെടുന്നു. ഒരു മിറക്കിള്‍ പോലെ  ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം ഖാദരി എന്ന നീഗ്രോ അപ്രത്യക്ഷമാകുന്നു. അയാള്‍ മസ്രയിലെ മറ്റൊരു ' നജീബ് ' ആയിരുന്നു. അയാളുമായി ഉണ്ടായ കൂടിക്കാഴ്ചയാണ് മസ്രയില്‍ നിന്ന് രക്ഷപെടാനുള്ള വഴി ഒരുങ്ങുന്നത്.. നഗരത്തില്‍ കുറെ മലയാളികളുടെ അടുത്ത്  വന്നു പെടുന്നതോടെ നജീബിന് രക്ഷാമാര്‍ഗം തുറക്കപ്പെടുന്നു. അപ്പോഴും നജീബ് ഒരു ആട്  തന്നെയാണ്. ദിശാബോധവും , കാലവും നഷ്ടപ്പെട്ട  നജീബ് എന്ന ആട്. അയാള്‍ തന്നെ ശുശ്രൂഷി ക്കുന്നവരോട് ചോദിക്കുന്നു.----
 ' ഇന്ന് എത്രാം തീയതിയാണ് '............. ?
പതിമ്മൂന്നാം തീയതി.
ഏതു മാസം........?  അവരുടെ മുഖം ചുളിഞ്ഞു.
ഓഗസ്റ്റ് 
ഏതു വര്ഷം ..........? അവര്‍ക്ക് ആകാംഷയായി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച്. ...
റബ്ബുല്‍ ആലമീനായ തമ്പുരാനേ,...........! ഞാന്‍ നെഞ്ചത്ത് കൈ വച്ചു. പിന്നെ മനസ്സിലും , വിരലിലും കാലം കണക്കു കൂട്ടി.
"മൂന്നു വര്ഷം ,നാല് മാസം , ഒന്‍പതു ദിവസം " --------
 സുഖം പ്രാപിച്ചതിനു ശേഷം പോലീസിനു പിടി കൊടുത്തു കേരളത്തിലേക്ക് മടങ്ങുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

 നിസ്സഹായത ഒരു വഴികാട്ടി

 നിസ്സഹായത എന്ന അവസ്ഥയാണ് ഈ നോവലിനെ മുമ്പോട്ടു നയിക്കുന്നത്. അത് മനുഷ്യനെ നിഴല് പോലെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു, എന്നല്ല ലോകത്തിന്റെ തന്നെ ചലനാത്മക ക്രിയകള്‍ ഈ നിസ്സഹായതയെ ആശ്രയിച്ചാണ്  നില നില്‍ക്കുന്നത്. ബാബറി മസ്ജിത് പൊളിക്ക പ്പെട്ടതിലും , ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിലും , യേശു ദേവന്‍ ക്രൂശിതനായതിലും ഈ നിസ്സഹായത ഒളിഞ്ഞു കിടപ്പുണ്ട്.  മണല്‍ വാരി ഉപജീവനം നടത്തിയിരുന്ന  നജീബിനെ ഗള്‍ഫില്‍ എത്തിച്ചതും, തുടര്‍ന്ന് മസ്രയില്‍ എത്തപ്പെട്ട അയാള്‍ക്ക്‌ അവിടെ തന്നെ എല്ലാം സഹിച്ചു തുടരേണ്ടി വന്നതും ഈ നിസ്സഹായത കൊണ്ടാണ്. ക്രൂരനും , സ്നേഹ ശൂന്യനുമായ  'അര്‍ബാബ്' , ഇടിയും മഴയും ഉള്ള ഒരു രാത്രിയില്‍ നജീബിനെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. അയാള്‍ക്ക്‌ മഴയും ,വെള്ളവും സഹിക്കാന്‍ വയ്യ. ഒരിക്കല്‍ പോലും കുടിക്കാനല്ലാതെ അയാള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അന്ന് വരെ തന്റെ കൂടാരത്തില്‍ കയറ്റാതിരുന്ന നജീബിനെ ചുറ്റി പ്പിടിച്ചാണ് അര്‍ബാബ് അന്ന് ഉറങ്ങിയത്.   മകനെ പോലെ ഓമനിച്ചിരുന്ന നബീല്‍ എന്ന ആട്ടിന്‍ കുട്ടിയുടെ വൃഷണം മുറിച്ചു മാറ്റാന്‍  നജീബിന് പിടിച്ചു കൊടുക്കേണ്ടി വരുന്നത് നിസ്സാഹായത കൊണ്ടാണ്. ഏറ്റവും ഒടുവില്‍  പോലീസ് പിടിയിലായ ശേഷം ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍  നജീബിനെ അര്‍ബാബ് തിരിച്ചറിഞ്ഞിട്ടും മടക്കി കൊണ്ട് പോകാത്തതില്‍ നജീബ് അത്ഭുതപ്പെടുമ്പോള്‍ , അര്‍ബാബ്  പറഞ്ഞതായി പോലീസ് പറയുന്നുണ്ട്." അവന്‍ എന്റെ  വിസക്കാരന്‍ അല്ലാതെ പോയി,  അല്ലെങ്കില്‍ ഞാന്‍ അവനെ മസ്ര വരെ വലിച്ചിഴക്കുമായിരുന്നു". നിയമത്തിന്റെ മുമ്പില്‍ അര്‍ബാബ് നിസ്സഹായനായി പോകുന്നതാണ് അവിടെ കാണാന്‍ കഴിയുന്നത്‌. 

ആട് ജീവിതം പൊതുവേ പ്രവാസികള്‍ക്കിടയില്‍ എല്ലാ ക്കാലത്തും ചര്‍ച്ച ചെയ്യപ്പടുന്ന ഒരു പുസ്തകം ആണ്. തീരെ വായന ഇല്ലാത്തവരും ആട് ജീവിതം വായിക്കുന്നു.എനിക്ക് ഒരു സുഹൃത്ത് മെയില്‍ ചെയ്തു തരിക ആയിരുന്നു. വീണ്ടും കുറെ ക്കാലം കഴിഞ്ഞാണ് അത് വായനക്ക് എടുക്കുന്നത്.  ഒറ്റ ഇരിപ്പില്‍ വായിക്കുകയും, അതില്‍ നിന്ന് മുക്തനാവാന്‍ ഞാന്‍ അതിലേറെ സമയം എടുക്കുകയും ചെയ്തു.നോവല്‍ എന്നതിനേക്കാള്‍, ഇതിന്റെ ഭാഷയ്ക്ക് സാമ്യം  ജീവ ചരിത്രത്തോടും, ആത്മ കഥയോടുമാണ്. ക്ളിഷ്ടതകള്‍ ലേശവും ഇല്ലാത്ത ഭാഷയാണ്‌ ഇതിന്റെത്.  ആവശ്യത്തിനും , അനാവശ്യത്തിനും അവ്യക്തത സൃഷ്ട്ടിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യം. അതിനു വളം നല്‍കുന്നത്  യൂണിവേഴ്സിട്ടി പ്രോടക്റ്റ് കളായ എഴുത്തുകാരും , നിരുപകരും. അതുകൊണ്ട് തന്നെ ഇടത്തരം വായനക്കാര്‍ സാഹിത്യത്തോട് വലിയ ആഭിമുഖ്യം ഇല്ലാത്തവരായി. ആശയങ്ങള്‍ കൊണ്ട് കസര്‍ത്ത് കാണിച്ചില്ല എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ നന്മ. വായനക്കാര്‍ ഇരച്ചു കയറാന്‍ അതൊരു കാരണമായി. 'മരുഭൂമികള്‍ ഉണ്ടാകുന്ന'തിന്റെ ഭാഷ ആയിരുന്നു ബന്യാമിന്‍ സ്വീകരിച്ചിരുന്നതെന്കില്‍ അനുഭവം മറ്റൊന്ന് ആകുമായിരുന്നു.  ആട്ടിന്‍ പറ്റങ്ങളെ പോലെ നിര തെറ്റിയ ഭാഷാ പ്രയോഗംആണ് ഈ നോവലിന്റെത്.. ചെത്തി മിനുക്കി അതിന്റെ ഭംഗി നഷ്ടപ്പെടുത്തിയില്ല. പ്രാസവും ,വൃത്തവും, വച്ച് കവിത 'ചമച്ചിരുന്ന' ഒരു കാലത്താണ് ചങ്ങമ്പുഴ  'രമണന്‍ ' പച്ച മലയാളത്തില്‍ ലളിത കോമള പദവുമായി കടന്നു വന്നത്. അത് ആബാലവൃദ്ധം ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചു. ആ സ്വീകാര്യത  ഈ മനോഹരമായ കൃതിക്കും ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്.

ഇതെന്തു മര്യാദ ............?










ഇന്ത്യ എന്റെ രാജ്യമാണെന്നും, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും തരം കിട്ടുമ്പോഴൊക്കെ  പ്രതിജ്ഞ   എടുക്കുന്നവരാണ് നമ്മള്‍. കാര്യത്തോടടുക്കുമ്പോള്‍ പള്ളി വേറെ പള്ളിക്കൂടം വേറെ. എല്ലാ മേഖലയിലെയും കഥ ഇത് തന്നെ.സ്വാതന്ത്ര്യ സമര കാല ത്ത്  ജനങ്ങളില്‍ കുടികൊണ്ടിരുന്ന ഇന്ത്യ എന്ന പൊതു വികാരം വിഘടിച്ചു വര്‍ഗ്ഗം ,ജാതി , രാഷ്ട്രീയം എന്നൊക്കെ വായിക്കപ്പെടെണ്ടാതായ ഒരു ദുര്യോഗത്തില്‍ നാം എത്തി ചേര്‍ന്നു . അവിടെയും പൊട്ടി ത്തെറിക്കലുകള്‍ അവസാനിച്ചില്ല. ജാതി ഉപജാതിയായി, രാഷ്ട്രീയം ഗ്രൂപ്പുകളായി തരം തിരിച്ചു..  അത് പിന്നെ സ്ഥാപനവല്‍ക്കരിച്ചു. ഒരേ  ഒരിന്ത്യ  ഒരൊറ്റ ജനത എന്ന ബൃഹത് ആശയങ്ങള്‍ക്കുള്ളില്‍  ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കോണ്ഗ്രസ്, കമ്യൂണിസ്റ്റ്‌ , തുടങ്ങി ചെറിയ ചെറിയ വാക്യങ്ങള്‍ രൂപ പ്പെടുത്തുന്നതില്‍ നമ്മുടെ പത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

ആദ്യം രാഷ്ട്രീയത്തിലാണ് ഈ അര്‍ബുദം കണ്ടു തുടങ്ങിയത്. മിക്ക പാര്‍ട്ടികളും സ്വയം പര്യാപ്തയുടെ ഭാഗ മായി മുഖ പത്രങ്ങള്‍ ഇറക്കി വാര്‍ത്തകളെയും, സംഭവങ്ങളെയും വളച്ചൊടിച്ചു, . അതിനു ശേഷം പത്രങ്ങള്‍ മത സംഘടനയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ക്രിസ്ത്യാനിയുടെ പത്രം ദീപിക, മുസ്ലീമിന്റെ പത്രം ചന്ദ്രിക, ഈഴവര്‍ക്ക്  കേരളാ കൌമുദി, അങ്ങനെ  പോകുന്നു ആ  ലിസ്റ്റ് . 

മതങ്ങള്‍ ജനാധിപത്യ സ്വഭാവം വിടാന്‍ തുടങ്ങിയപ്പോള്‍ അവിടെയും പ്രചാരണത്തിന്റെ ആയുധം ആയി തിരഞ്ഞെടുത്തത് പത്രങ്ങളെയാണു . തേജസ്സും, മാധ്യമവും,ജന്മ ഭൂമിയും രൂപം കൊണ്ടതിന്റെ പിന്നിലെ കഥയിതാണ്. ഒന്നാം നിരയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രങ്ങളുടെ ആത്മാവിലും ജാതി മണക്കുന്നുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്.

ഈ  ലേഖനം കൊണ്ടു ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു ദുരന്തമാണ്.  കാലത്തിന നു സരിച്ചു കോലം മാറുന്നതിന്റെ ഭാഗമായി  പത്ര വാര്‍ത്തകളില്‍ വരുന്ന നൂതന ശൈലികളെ ക്കുറിച്ചാണ്.  ജനങ്ങള്‍ക്ക്‌ പ്രതികരിക്കാനുള്ള അവസരം കൂടി ഒരുക്കിക്കൊണ്ടാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍  പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു നാല് കോളം വാര്‍ത്തയ്ക്ക് ശേഷം അഭിപ്രായ സാംശീകരണം കൂടി നടത്തുന്നുണ്ട് മിക്ക പത്രങ്ങളും. നമ്മള്‍ കൊടുക്കുന്ന പ്രതികരണങ്ങള്‍  പത്രാധിപ  വൃന്ദങ്ങള്‍  പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ. അതിനര്‍ത്ഥം അവര്‍ക്ക് കൂടി സ്വീകാര്യമായ അഭിപ്രായം വേണം നാം  നല്‍കേണ്ടത് എന്ന് സാരം. അതിനൊരു ഏകാധിപത്യ  സ്വഭാവം ഉണ്ട്. പ്രതികരണം ആരായുമ്പോള്‍  അത്  അനുകൂലവും, പ്രതികൂലവും ആയെന്നിരിക്കും. അത് വസ്തുതാപരം ആണോ എന്ന് മാത്രമേ പത്രാധിപര്‍ നോക്കാവൂ.  കഴിഞ്ഞ ദിവസം ഓണത്തെ ക്കുറിച്ച് ഒരു ചപ്ലാത്തി ലേഖനം മാതൃഭൂമിയില്‍ വായിക്കയുണ്ടായി. അതിനു കൊടുത്ത പ്രതികരണം അവര്‍ ചവറ്റു കുട്ടയില്‍ തള്ളി. ഏറാന്‍ മൂളികളെ യാണ് അവര്‍ക്ക് വേണ്ടതെങ്കില്‍  അതിന്റെ ജീവനക്കാരെ കൊണ്ടു പ്രതികരണം എഴുതിച്ചാല്‍ പോരെ..............? എന്തിനാണ് ജനങ്ങളെ കഴുതകളാ ക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമം ഒരടി കൂടി മുന്നിലാണ്. വാര്‍ത്തകളെ  അല്ലെങ്കില്‍ പ്രതികരണങ്ങളെ പാറ്റി ക്കൊഴിച്ചു സ്വന്തം ഇഷ്ടങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള പത്രങ്ങളുടെ ശ്രമം ജനാധിപത്യ ത്തിനു ചേര്‍ന്നതല്ല.