Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഉരുകിയൊലിച്ച പ്രണയം












ഇരുപത്തഞ്ചു വർഷം മുമ്പുണ്ടായിരുന്ന ഒരു തകര്‍ന്ന പ്രണയ ബന്ധത്തിന്‍റ അലകള്‍ ഇന്നും മനസ്സില്‍ ഒടുങ്ങുന്നില്ലെങ്കില്‍ ,ഞാന്‍വിശ്വസിക്കുന്നത് ആബന്ധം തകര്‍ത്തതില്‍ ദൈവവും കുറ്റബോധംകൊള്ളുന്നുണ്ട് എന്നാണു. നീതി നടപ്പാക്കുന്ന ദൈവത്തിനു തെറ്റ് പറ്റുമെന്ന് വിശ്വസിക്കാന്‍ ബുദ്ധി മുട്ട് ഉണ്ട്. ഏതു നീതിയാണ് കാലാതിവര്‍ത്തി യായി നില കൊള്ളുന്നത്‌...... ? നമ്മള്‍ കാണാത്ത ഒരു ലോകത്ത് നമ്മെ പോലെ ജനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ പശു വിനെ പുഷ്പം എന്നു വിളിച്ചാല്‍ തെറ്റ് ഏതു പക്ഷത്താണ്...........? അതുകൊണ്ടാണ്  ദൈവത്തിനു കുറ്റബോധം തോന്നുന്നുണ്ടാവണം എന്നു ഞാന്‍ വിശ്വസിക്കുന്നത്.
നിങ്ങള്‍ ആരെങ്കിലും ഒരു അന്യ ജാതി പെണ്‍കുട്ടിയെ എപ്പോഴെങ്കിലും പ്രണ യിച്ചിട്ടുണ്ടോ .......?  അവള്‍ അവളുടെ വേദ പുസ്തകത്തില്‍ തൊട്ട് , നമുക്ക് ഒരുമിച്ചു ജീവിക്കാം, ഞാന്‍ നിന്‍റെയൊപ്പം ഇറങ്ങി വരാം എന്നു പറഞ്ഞിട്ടുണ്ടോ .........? അപ്പോള്‍ നിങ്ങള്‍ അവളുടെ വെളുത്തു തുടുത്ത കൈ ത്തണ്ടയില്‍ ആദ്യമായി ചുംബിച്ചിട്ടുണ്ടോ......? തിരുത്താന്‍ പറ്റാത്ത തെറ്റിന്‍റെ പുറത്തിരുന്നു ദൈവം ആത്മാന്വേഷണം നടത്തിയിരിക്കാം . അല്ലെങ്കില്‍ രാസ വസ്ത്തുക്കള്‍ എലികളിലും മറ്റും പരീക്ഷിക്കുന്ന ഒരു ശാസ്ത്ര കൌതുകത്തോടെ  ദൈവം മറ്റേതെങ്കിലും പ്രണയേതാക്കള്‍ക്ക് സമാശ്വാസ സമ്മാനം പോലെ വിജയം നേര്‍ന്നിരിക്കാം . അപ്പോഴെല്ലാം എന്‍റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ട്. 
 
ഒരു ഡിസംബറിലെ ഇല പൊഴിയുന്ന തണുപ്പ് കാലത്താണ് അവള്‍ ആ  സത്യം ചെയ്തത്. ആരുമില്ലാത്ത ഒരിടത്ത് വച്ച്. ആ വീട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു. അവളുടെ വാക്കുകളില്‍ പതിരില്ല. എന്നെ കൈ വിട്ടു കളയാന്‍ മടി. ഒപ്പം സ്വീകരിക്കാനും . ഒരു യാഥാസ്തിക ക്രിസ്ത്യന്‍ കുടുംബാംഗം. ആങ്ങളമാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അങ്ങനെയിരിക്കെ  പെങ്ങള്‍ ഒരു മുസ്ലീം പയ്യനെ സ്വീകരിച്ചു എന്നറിയുന്നത് വലിയ ഭൂകമ്പം സൃഷ്ട്ടിക്കും എന്നു ഞങ്ങള്‍ക്ക് അറിയാം . ഒരു വിഷാദ മൂക സന്ധ്യ പോലെ അവള്‍ എന്‍റെ മുമ്പില്‍ നിന്നു .  എന്‍റെ ചപല മനസ്സിന് ഒരു തീരുമാനത്തില്‍ എത്തേണ്ടത് ആവശ്യമായിരുന്നു.
" എന്ത് തീരുമാനം വേണമെങ്കിലും എടുത്തു കൊള്ളൂ " ......
ഞാന്‍ ഹൃദയ വ്യഥയോടെ പറഞ്ഞു. അവള്‍ കുറെ നേരം ആലോചിച്ചു നിന്നു. ഒരു നേര്‍ത്ത സീല്‍ക്കാരം പോലെ ചോദിച്ചു. ' ഞങ്ങളുടെ മതത്തിലേക്ക് വരാമോ .........?
അവള്‍ക്കപ്പുറത്തൊരു ലോകം ഇല്ലാതിരുന്ന  ഞാന്‍ പറഞ്ഞു. " വരാം ". സത്യം ചെയ്യണം , ഞാന്‍ ആവശ്യപ്പെട്ടു. 
അവള്‍ ബൈബിളില്‍ കൈവച്ചു. നിന്‍റെ കൂടെ ഞാന്‍ ഇറങ്ങി വരും ... സത്യം. 
ഞാന്‍ ആ കൈകളില്‍ ആദ്യമായി തൊട്ടു . മെല്ലെ അതില്‍ ചുംബിച്ചു.

 

എന്റെ ക്രിസ്മസ്













 പൂക്കളും , വിരഹവും കൂട്ടി വയ്ക്കുന്ന കുറെ ഓർമകളാണ്  എനിക്ക് ക്രിസ്മസ് .എന്റെ കുട്ടി ക്കാലത്ത്  ഇത്താത്തമാർ  അയച്ചു തന്ന ഗ്രീറ്റിംഗ്സ് കാർഡുകളിലൂടെയാണ് ആദ്യമായി ക്രിസ്മസ്സിനെ അറിയുന്നത്. നിവർത്തുമ്പോൾ പൂക്കൾ അടരുകളായി വിടരുന്ന മനോഹരമായ കാർഡുകൾ . അവർ പഠിച്ചിരുന്ന സ്കൂളിൽ ഞാൻ ചേർന്നതും ഒരു ക്രിസ്മസ് കാലത്തായിരുന്നു. സ്കൂൾ മൈതാനം നിറയെ വാകമരങ്ങൾ പൂ ചൂടിയിരുന്നു. ഓഫീസിനു മുമ്പിലെ പൂത്തുലഞ്ഞ രാജമല്ലിയും ,അതിൽ നൃത്തം വയ്ക്കുന്ന പൂമ്പാറ്റകളും, ജനവരിക്കാറ്റ് ചൂളം വിളിക്കുന്ന പകലുകളും എനിക്ക് ഇതിനു മുമ്പ് അജ്ഞാതമായിരുന്നു. കന്യാസ്ത്രീകളെ  ആദ്യമായി കാണുന്നത് പുതിയ സ്കൂളിൽ ചേർന്നപ്പോഴാണ് ......
സ്നേഹസേന എന്ന കുട്ടികളുടെ മാസിക വഴിയാണ് ഞാൻ ക്രിസ്തുമതത്തിന്റെ സൌന്ദര്യം അറിയാൻ തുടങ്ങിയത്. ആ മാസികയുടെ ചുമതല ഒരു സിസ്റ്റർക്കായിരുന്നു. കന്യാ സ്ത്രീകൾ ക്രിസ്തുവിന്റെ മണവാട്ടികളല്ല , അവർ ദൈവത്തിന്റെ മാലാഖമാർ ആണെന്നാണ്‌ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. സ്നേഹം കൊണ്ട് അവർ എന്നെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിലെ ഒടുവിലത്തെ പ്രണയം വിരിയുന്നതും ഒരു ക്രിസ്തുമസ് കാലത്തായിരുന്നു. അത് എന്റെ പ്രീ - ഡിഗ്രി ക്കാലമായിരുന്നു.കൂടെ പഠിക്കാൻ വന്ന നസ്രാണി ക്കുട്ടി.മൌനം കൊണ്ട് ഞങ്ങൾ തുടങ്ങി. ദിവസങ്ങളോളം അത് നീണ്ടു. പതുക്കെ അതു കെട്ടഴിഞ്ഞപ്പോൾ സംസാരിക്കാൻ സമയം തികയാതെയായി.ക്ലാസ്സിനു പുറത്തും, വഴിയരികിലും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ കാഴ്ചയുടെ അവസാന ബിന്ദു വരെ ഞങ്ങൾ തിരിഞ്ഞു നോക്കുമായിരുന്നു. അവൾ പറഞ്ഞു , അവളുടെ വീടിന്റെ ഉമ്മറത്ത് നിന്ന് എന്റെ വീടു കാണാൻ ശ്രമിച്ചിട്ടുണ്ടത്രെ ......!, കാണാനാവാത്ത അകലത്തിൽ ആയിരുന്നിട്ടു പോലും. ഒരിക്കൽ അവൾ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അന്ന് മുറ്റത്തു നിന്ന ഒരു പൂവ് അടർത്തി എനിക്കു സമ്മാനിച്ചു. അതു വളരെ ക്കാലം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. അവൾക്കു വേണ്ടി ഞാൻ നക്ഷത്രങ്ങൾ തെളിച്ചു. ബോഗൻ വില്ലകൾ പൂത്തു മറിയുന്ന ഒരു ക്രിസ്തുമസ് കാലമായിരുന്നു.എന്റെ വീട്ടിൽ ഇരുന്നാൽ അകലെ മല മുകളിലെ പള്ളിയിൽ നിന്നുള്ള പ്രാർത്ഥന കേൾക്കാം . രാക്കുർബാനയുടെ നേർത്ത ഗാന വീചികളിൽ ഞാൻ അവളുടെ സ്വരം തിരഞ്ഞു ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. പള്ളി മുറ്റത്തെ ചലിക്കുന്ന അവ്യക്ത നിറങ്ങളിൽ ഒരു ചുമപ്പു പാവാട ക്കാരിയെ ഞാൻ തിരഞ്ഞിട്ടുണ്ട്.

അവൾക്കു വേണ്ടി മധുര പലഹാരങ്ങളും ഒരുക്കി കാത്തിരുന്നപ്പോഴോന്നും അവൾ വന്നില്ല. ഒരു വീണ പൂവായി ക്കഴിഞ്ഞ എന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളുമായി കഴിയുന്ന ഒരു സന്ധ്യക്ക്‌ അവൾ വന്നു. ഒട്ടും അസ്വാഭാവികതയില്ലാതെ ഉമ്മയോട് വസ്ത്രങ്ങൾ  വാങ്ങിയുടുത്തു അവൾ എന്റെ അരികിൽ വന്നിരുന്നു വെളുക്കുവോളം സംസാരിച്ചു.അടുത്ത പ്രഭാതത്തിൽ അവൾ ചിരിച്ച മുഖവുമായി പടിയിറങ്ങി പ്പോയി. ഇപ്പോൾ കാൽ നൂറ്റാണ്ടു കഴിയുന്നു. വല്ലപ്പോഴും സ്നേഹത്തിന്റെ പളുങ്കു പാത്രം മിനുക്കാൻ ശ്രമിക്കുമ്പോഴാണ് അറിയുന്നത്, അന്ന് അവൾ എന്റെ ഹൃദയവും കൊണ്ടു പോയിരുന്നു....
അവൾ എനിക്ക് ആരാണ് ..... ? 
ഇപ്പോഴും ഉത്തരമില്ല . അവൾ ഒരു മാലാഖ ആയിരുന്നോ ...? അതോ, അതിനുമപ്പുറത്തുള്ള ഏതോ അഭൌതിക തേജസ്സോ .......? അതിനും എനിക്ക് ഉത്തരമില്ല. പക്ഷെ , ഓരോ ക്രിസ്തുമസ് വരുമ്പോഴും ഞാൻ അവളുടെ സാമിപ്യം അറിയുന്നുണ്ട്. നിറങ്ങളുടെ ധാരാളിത്തമുള്ള പൂക്കളിലൂടെ, നക്ഷത്ര ശോഭയിലൂടെ..................

അറിയപ്പെടാത്തവരുടെ ആത്മകഥ










അറിയപ്പെടാത്തവരും ആത്മ കഥ എഴുതണം എന്ന മൂഡന്‍ (?) ആശയം മനസ്സില്‍ തോന്നി തുടങ്ങിയിട്ട്  കുറെ കാലമായി. ലോകം വായിക്കപ്പെട്ടിട്ടുള്ളത്  മഹാന്മാരുടെ ജീവ ചരിത്രങ്ങളും, ആത്മ കഥകളുമാണ്. പതിഞ്ചാം നൂറ്റാണ്ടു മുതലിങ്ങോട്ട് ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മ കഥകള്‍ എഴുതപ്പെട്ടു തുടങ്ങി.  സങ്കീര്‍ണ്ണ വും ത്യാഗപൂര്‍ണ്ണവുമായ  അനുഭവങ്ങളുടെ  സത്യ സന്ധമായ പ്രകാശനം ആണ് ആത്മ കഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ  ആത്മ കഥകള്‍.  എഡ്വേര്‍ഡ്‌ ഗിബ്ബണ്‍ പറയുന്നതു , ആത്മ സത്തയെ പുനരാവിഷ്ക്കരിക്കാന്‍ മറ്റുള്ളവരേക്കാള്‍ പ്രാപ്തി  ആത്മ കഥാകാരനുണ്ട്  എന്നാണു. ജീവ ചരിത്രം ബാഹ്യെന്ദ്രിയങ്ങളുടെ പകര്‍ത്തെഴുത്താണ്.  കഥാപാത്രത്തിന്റെ മനസ്സിന്റെ എല്ലാ തല ങ്ങളിലും എത്തിച്ചേരാന്‍ ജീവ ചരിത്ര കാരന് കഴിയില്ല.

മഹാത്മാ ഗാന്ധിയുടെയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മ കഥകള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ കൂടിയാണ്.  വി. ടി. ഭട്ടതിരിപ്പാട്, ഇ. എം . എസ് ,തുടങ്ങിയവരുടെ കൃതികള്‍ ആ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യ കാരന്മാര്‍ ആത്മ കഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍  കൂടി വായനക്കാരന് കടന്നു പോകേണ്ടി വരുന്നു. തകഴിയുടെ ഓര്‍മകളുടെ തീരങ്ങള്‍, ചങ്ങമ്പുഴ യുടെ തുടിക്കുന്ന താളുകള്‍ ഒക്കെ ആ തരത്തില്‍ പെട്ട കൃതികളാണ്. എന്റെ ഉമ്മയുടെ കഥ അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍  അത് വായനക്കാരില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുമായിരുന്നു എന്നു തോന്നുന്നു. പലപ്പോഴും മാനസികമായി തളരുന്ന അവസരങ്ങളില്‍ ആരോടെന്നില്ലാതെ അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. എനിക്ക് അതൊന്നും കേള്‍ക്കാന്‍ പോലുമുള്ള മനസ്സ്‌ ഉണ്ടായിരുന്നില്ല. ഒന്നും ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടുമില്ല. ഒരിക്കല്‍ എന്റെ പിതാവ്‌  ഉമ്മയെ കൊല്ലാന്‍ വേണ്ടി എവിടേയ്ക്കോ കൊണ്ടുപോയി എന്നു പറയുന്നത് കേട്ടിട്ടുണ്ട്. 


പൊതുവേ  മലയാളികള്‍ എഴുതപ്പെടാന്‍ മടിക്കുന്നവരാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചില്‍ കേരളത്തില്‍  വളരെയേറെ ശ്രദ്ധ നേടിയ കുറിയേടത്ത് താത്രിയുടെ 'സ്മാര്‍ത്ത വിചാരം' ഇന്നും വേണ്ടത്ര രേഖകള്‍ ഇല്ലാതെ അവ്യക്തതകളോടെ  നില നില്‍ക്കുന്നു. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും, നമുക്ക് വായിക്കാന്‍ ഒരു സാധാരണക്കാരന്റെ ആത്മകഥ ഇല്ല. ഹിറ്റ്ലറുടെ  'മീന്‍ കാംഫ് ' മുതല്‍ പ്രശസ്തരുടെ ഒരു കൂട്ടം കഥകളാണ് നമുക്ക് ചുറ്റും. ഓരോ വ്യക്തിയും ഓരോ സാമ്രാജ്യമാണ്.  അവിടെ യുദ്ധങ്ങളും, പിടിച്ചടക്കലുകളും നടക്കുന്നുണ്ട്. പ്രണയിനിക്ക് വേണ്ടി താജ് മഹല്‍ പണിയുന്നുണ്ട്.  പെരുന്തച്ചന്‍മാര്‍ മകന്റെ കഴുത്തില്‍ വീതുളി എറിയുന്നുണ്ട്. സ്വയം തുറുങ്കില്‍ അടയ്ക്കപ്പെടുന്നുണ്ട്. ഇതെല്ലാം  കാലത്തിന്റെ വിസ്മൃതിയില്‍ വ്യക്തിക്കൊപ്പം മണ്ണടിയുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഗ്രാമങ്ങളുടെ അര നൂറ്റാണ്ടു മുമ്പുള്ള ചിത്രങ്ങള്‍ നമ്മുടെ മനോ മണ്ഡലത്തില്‍ നിന്ന് മാഞ്ഞു കഴിഞ്ഞു. എന്റെ ഗ്രാമത്തിന്റെ പഴയ ചിത്രം തേടി ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. എന്റെ പള്ളിക്കൂടത്തിനോട് ചേര്‍ന്നു  വഴിയരികില്‍ ഒരു ഏഴിലംപാല നിന്നിരുന്നു. അത് മുത്താരമ്മന്‍ കോവിലിന്റെ മുമ്പിലായിരുന്നു. ഇപ്പോഴവിടെ പള്ളിക്കൂടവും, എഴിലംപാലയും ഇല്ല. എന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന  ആ കൊച്ചു അമ്പലമല്ല ഇന്നുള്ളത്. എല്ലാം മാറിപ്പോയി. എന്റെ മക്കള്‍ക്ക്‌  അവരുടെ ഉപ്പയുടെ കാലത്തെ അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇത് മലയാളികള്‍ നേരിടുന്ന ഒരു ദുര്യോഗമാണ്. അതുകൊണ്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത് , അറിയപ്പെടാത്തവരും  അവരുടെ കഥകള്‍  എഴുതണമെന്ന്.