Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

മണം തരുന്ന കഥ










  ' പക്ഷിയുടെ മണം ' വീണ്ടും വായിച്ചു. ഇത് എഴുതാൻ വേണ്ടി. വർഷങ്ങൾക്കു  മുമ്പ് വായിച്ചതാണ്.  കഥാസാരം മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നു. സാന്ദർ ഭികമായി അവിടെ മരണത്തിനു പക്ഷിയുടെ മണമാണ്. വർഷങ്ങൾക്കു മുമ്പൊരു അവധി ക്കാലത്ത് വീട്ടിൽ  ബന്ധത്തിലുള്ള ഒരു സുന്ദരി പെണ്‍കുട്ടി വന്നു. ലുങ്കിയും ,നീളൻ ബ്ലൗസും ധരിക്കുന്ന വെളുത്തു തുടുത്ത ഒരു പെണ്‍കുട്ടി. അവളെ പല തവണ ഞാൻ ചുംബിച്ചി ട്ടുണ്ട് . അവൾക്കു ' എക്സോട്രിക്കാ '  പൗഡറിന്‍റെ ഗന്ധമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മണം അനുഭവിക്കുമ്പോള്‍ ഞാന്‍ അവളെ ഓര്‍ക്കും.
ഞങ്ങളുടെ നാട്ടിലെ ബന്ധു വീടുകളില്‍ മരണം സംഭവിച്ചാല്‍ അവിടെ 'സുഗന്ധ ശൃംഗാരി ' തിരികളാണ്  പുകച്ചിരുന്നത്. ആ മണത്തെ ഞാന്‍ ഭയപ്പെട്ടു. അതിന്‍റെ പാക്കറ്റ് കളില്‍ പോലും മരണ ചിത്രം പതിയിരിക്കുന്നു എന്നു ഞാന്‍ ഭയന്നു . ഒരിക്കല്‍ പോലും ഞാന്‍ ആ കമ്പനിയുടെ തിരി വാങ്ങിയിട്ടില്ല. 



ചില സന്ധ്യകളില്‍ ആടില്ലാത്ത ഞങ്ങളുടെ വീട്ടില്‍ ' ആട്ടിന്‍ ചൂര് ' മണക്കുമ്പോള്‍  ഉമ്മ പറയുമായിരുന്നു , പരേതരുടെ ആത്മാക്കള്‍ വരുന്ന താണെന്ന് . എങ്ങോ വായിച്ച ഒരു സംഭവ കഥയില്‍ , ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു കുട്ടിക്ക് , അച്ഛന്‍ ഉപയോഗിക്കുന്ന കുഴമ്പി ന്‍റെ  മണം അനുഭവപ്പെട്ടു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ആളു വന്നു കുട്ടിയെ കൊണ്ട് പോകാന്‍..........!
അച്ഛന്‍ മരിച്ചുവത്രേ .......
ഡിസംബറില്‍ കാപ്പി ച്ചെടികള്‍ പൂവിടുന്ന കാലത്ത് ഞങ്ങളുടെ നാടിനു ആ ഗന്ധമാണ്. അതിനു ഒരു കാല്‍പ്പനികത തോന്നിച്ചിരുന്നു എനിക്ക്. കാരണം എന്‍റെ പ്രിയപ്പെട്ട ഒരു പ്രണയം പൂവിട്ടു തളിര്‍ത്തു കൊഴിഞ്ഞത് ആ കാലത്താണ്.
എന്‍റെ ഹൈന്ദവ സങ്കല്‍പ്പത്തിനു എണ്ണത്തിരിയുടെ ഗന്ധമാണ്. ഞാന്‍ അങ്ങനെയാണ് അത് അനുഭവിച്ചിരിക്കുന്നത്. അങ്ങനെ മണത്തിനു പറഞ്ഞാല്‍ തീരാത്തത്ര കഥകളുണ്ട്..........

ലോണ്‍ വീട്












എന്‍റെ ഓര്‍മയിലെ ആദ്യത്തെ വീട് ഓലപ്പുര ആയിരുന്നു.  വലിയ പച്ച മുള നാട്ടി , അതില്‍ വാരിയും കഴുക്കോലും ഉറപ്പിച്ചു ഓല മേയുന്നതു ഓര്‍മയില്‍ ഉണ്ട്. നിലം ചെളി മെഴുകും. ചാണകം മത നിഷേധം ആണെന്ന് പറഞ്ഞു ഒഴിവാക്കും. പുര മേയുന്ന ദിവസം ഉത്സവം പോലെയാണ്. അന്ന് സ്കൂളില്‍ പോകാതിരിക്കാന്‍ നോക്കും. ഞാന്‍ കുറെ മുതിര്‍ന്ന ശേഷമാണ് ഒരു നീണ്ട ഇട വേളയ്ക്ക് ശേഷം സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുന്നത്. നാട്ടിലെ ഒരു സന്നദ്ധ സംഘടന വീട് വയ്ച്ചു തന്നു. കുറെ കാട്ടു കല്ലുകള്‍ കൊണ്ട് തറ കെട്ടി. മണ്ണ് കുഴച്ചു മിനുസപ്പെടുത്തി. പനയോല കൊണ്ട് മേല്‍ക്കൂരയും , മറയും കെട്ടി.  എന്‍റെ  പഠന മേശ യ്ക്ക് സമീപം ഒരു കൊച്ചു കിളിവാതില്‍ ഉണ്ടാക്കി. അത് കാര്‍ഡു ബോര്‍ഡു കൊണ്ട് മോഡി പിടിപ്പിച്ചു. വലിച്ചു തുറക്കാന്‍ സംവിധാനം ഉണ്ടാക്കി. വര്‍ഷത്തില്‍ പുരയ്ക്ക് ചെലവാകുന്നത് ഏറിയാല്‍ അഞ്ഞൂറ് രൂപ. ഓല വാങ്ങുന്നതിനും , പണിക്കൂലിയും . 

മീനമാസത്തില്‍ ഉച്ച സൂര്യന്‍ പുരത്തറയില്‍ 'വട്ടം ' വരയ്ക്കുമ്പോള്‍ ഉമ്മയ്ക്ക് വേവലാതിയാണ്. ഇടവ പ്പാതിയ്ക്ക് മുമ്പ് പുര മേയുന്നത് വരെ അത് നീളും. ഒരിക്കല്‍ ഉമ്മ , ഓടിട്ട പുരയെ ക്കുറിച്ച് ആഗ്രഹം പറയുന്നത് കേട്ടു. അധികം താമസിയാതെ ഞങ്ങള്‍ ഓടിട്ട ഒരു മനോഹരമായ കൊച്ചു വീട് നിര്‍മ്മിച്ചു. പക്ഷെ , ഞങ്ങള്‍ ഒരു കടക്കാരനായി മാറി അതോടു കൂടി.  ആ ആശങ്കയില്‍ നിന്ന് മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

കാലം കടന്നു പോയതോടെ ഒട്ടേറെ മാറ്റങ്ങള്‍ വീടിനു വരുത്തി. ഞങ്ങള്‍ കൂടുതല്‍ കടക്കാരായി. ഇപ്പോള്‍ ഭേതപ്പെട്ട ഒരു വീട് ഞങ്ങള്‍ക്കുണ്ട്‌ . അത്ര തന്നെ കട ബാധ്യതയും. എന്നെ സംബന്ധിച്ച് വലിയ വീട് എന്നതിലുപരി സമൂഹത്തില്‍ പിടിച്ചു നില്‍ക്കുക എന്ന ഒറ്റ കാരണമാണ് വലിയ വീടിനെ ക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ഭാര്യ , കുട്ടികള്‍ , അവര്‍ നോക്കുമ്പോള്‍ ചുറ്റും വലിയ വീടുകള്‍.  കാലം നമ്മെ ഒപ്പം വലിച്ചിഴക്കുകയാണ്. പലപ്പോഴും നമ്മള്‍ പരിക്കുകളോടെ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.

ഭൂമിയില്‍ ധാരാളം മണ്ണുണ്ട്. മരങ്ങളുണ്ട്, പാര്‍ക്കാന്‍ ഒരു വീട് മതിയെങ്കില്‍ എല്ലാം  പ്രകൃതിയിലുണ്ട്. നമുക്ക് ജീവിച്ചാല്‍ പോര . ജീവിക്കുന്നു എന്നു സമൂഹത്തെ കൊണ്ട് സര്‍ട്ടിഫൈ ചെയ്യിക്കണം. പണം പ്രശ്നമല്ല. തരാന്‍ സ്ഥാപനങ്ങള്‍ ഉണ്ട്. മനസമാധാനം പകരം നല്‍കിയാല്‍ മതി. എന്നാലും കുഴപ്പമില്ല എന്നു ചിന്തിക്കാനാണ് എനിക്കും , മറ്റുള്ളവര്‍ക്കും ഇഷ്ടം. ഒരു ഓണം കേറാ മൂലയില്‍ ഒരു കൊച്ചു മണ്‍വീട് ആണ് എന്‍റെ സ്വപ്നം . ഞാന്‍ ഇത്തിരി പൈങ്കിളി ആയില്ലേ എന്നാവും വായനക്കാര്‍ ചിന്തിക്കുക. കാമുകിയോട് , അല്ലെങ്കില്‍ ഭാര്യയോടു  , മുട്ടത്തു വര്‍ക്കിയുടെ ചിന്തയില്‍ സംസാരിക്കുന്നതാണ് ഏറ്റവും മധുരം .......................!

ചാത്തപ്പന്റെ മഹ്ഷറ


കഴിഞ്ഞ ദിവസം റൂമില്‍ കടന്നു വന്ന ഒരാള്‍ ഇടയ്ക്കിടയ്ക്ക് പ്രയോഗിച്ചു കൊണ്ടിരുന്ന ഒരു വാചകമാണ് " ചാത്തപ്പനെന്തു  മഹ്ഷറ ".തീരെ അറിവില്ലാത്ത ഒരാള്‍ എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച വാക്കുകളാണ് അതെങ്കിലും അതിനു ദൂര വ്യാപകമായ വേറെയും മാനങ്ങള്‍ ഉള്ളതായി തോന്നിയത് കൊണ്ടാണ് ഇവിടെ കുറിക്കാം എന്നുവച്ചത് . ഇതേ അര്‍ത്ഥ ത്തില്‍ ഞങ്ങളുടെ നാട്ടിലും ചില പ്രയോഗങ്ങള്‍ കാണുന്നുണ്ട്. "കാട്ടു കോഴിക്കെന്തു ആണ്ടും ചംക്രാന്തിയും".   ഒരു മത വിശ്വാസത്തെ ഒരു തരത്തിലും ബാധിക്കാത്ത ഒരു ജീവി എന്ന നിസ്സാരത ജനിപ്പിക്കലാണ് ഈ പ്രയോഗം . ഇവിടെ മതവും അതിന്റെ സ്വാധീനത്തില്‍ വരാത്ത ജീവിയും ചെറുതാകുന്നില്ല . എന്നാല്‍  കാട്ടു കോഴിയുടെ സ്ഥാനത്ത് ചാത്തപ്പനും , സംക്രാന്തി യ്ക്ക് പകരം  മഹ്ഷറയും വന്നതോടെ  ആശയം വര്‍ഗീകരിക്കപ്പെടുകയും ഒരു മത പ്രതിനിധിയെ തരം താഴ്ത്ത പ്പെടുകയും  ചെയ്തു. വാക്കുകള്‍ ഒരു ഈര്‍ച്ച വാള് പോലെ മുറിപ്പെടുത്തുകയും ചെയ്യുന്നു.

മഹ്ഷറ എന്നാല്‍ ഇസ്ലാം വിശ്വാസം അനുസരിച്ച് മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന സ്ഥലമാണ്. അതിനു അനുയോജ്യന്‍ ഇസ്ലാം വിശ്വാസികളും .  മറ്റു വിശ്വാസങ്ങള്‍  അല്ലെങ്കില്‍  വിശ്വാസികള്‍ " കാല്‍ ക്കാശിനു വിലയില്ലാത്തവര്‍ " എന്ന   തീവ്രവാദ ചിന്തയുടെ  ലളിതമായ പദ ശൈലിയാണ് അതിഥി പ്രയോഗിച്ചത്.  അയാള്‍ ഒരു സമുദായത്തിന്റെ പ്രതിനിധിയാണ് . ഒരു സമുദായം മാത്രം ഉല്‍കൃഷ്ടവും മറ്റുള്ളത് മോശം എന്ന് ചിന്തിക്കുന്നത്  വെറും ബാലിശവും , വില കെട്ട ചിന്താ ശൈലിയുമാണ് .

എന്നെ സംബന്ധിച്ചിടത്തോളം മതങ്ങൾക്കു സ്ഥാനം മാനവികതയ്ക്ക് പിന്നിലാണ്. ഒരിക്കലും പൂരകങ്ങൾ അല്ലാത്ത ആശയ സമ്മിശ്രണമാണു മതങ്ങൾ എല്ലാം തന്നെ . യുക്തി രാഹിത്യത്തിന്റെ  ഘോഷയാത്രയാണ് മതങ്ങൾ . മീഡിയകൾക്ക്  കനം വച്ചതോടെ ,അതുവരെ ആധുനിക വാർത്താ  മാധ്യമങ്ങളെ ദുഷിച്ചിരുന്ന മത സ്ഥാപനങ്ങൾ , അതിന്റെ പ്രചാരണ ത്തിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തുടങ്ങി. ഇതിന്റെ കാർമ്മികത്വം  വൃദ്ധരിൽ നിന്ന് യുവ തലമുറ ഏറ്റെടുക്കുകയും ചെയ്തു.അതോടൊപ്പം അമേരിക്ക എന്ന കീറാ മുട്ടി  മതചിന്തകളുടെ ആസ്ഥാനമായി സ്വയം പ്രഖ്യാപിക്കപ്പെട്ടു. എങ്ങനെയെന്നാൽ  അമേരിക്കയിൽ ആരെങ്കിലും ഏതെങ്കിലും മതത്തെ ആശ്ലേഷിച്ചു എന്നു പറയുന്നത് വലിയ അഭിമാനം ആയി കുറെ പ്പേരെങ്കിലും കരുതുന്നുണ്ട്. ഇതര രാജ്യക്കാരാൻ മതം സ്വീകരിച്ചു എന്നു പറയുന്നതിലും , അമേരിക്കക്കാരൻ എന്റെ മതത്തിലേക്ക് വന്നു എന്ന് പറയാനാണ് മതവാദികൾക്ക് താല്പ്പര്യം. യൂടൂബിൽ കൂടി പ്രചരിക്കുന്ന പല പ്രശസ്തമായ പ്രസംഗങ്ങളിലും അമേരിക്കയും മത വിശ്വാസവും തമ്മിൽ ഇഴ പിരിക്കുന്നുണ്ട്.

ഹെമിറ്റിക്,സെമിറ്റിക് മതവിഭാഗങ്ങൾ അമേരിക്കയുടെ കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ മതം മഹത്തരം ആകണമെങ്കിൽ അമേരിക്കയിലെ ഏതെങ്കിലും ഒരു ശാസ്ത്രജ്ഞൻ മതം സ്വീകരിക്കണം , അല്ലെങ്കിൽ അതിൽ ഗവേഷണം നടത്തണം. അങ്ങനെയാണ് ഇപ്പോൾ ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് ആശയ പരമായ പാപ്പരത്വം തന്നെയാണ്. പ്രത്യക്ഷത്തിൽ സായിപ്പിനെ ശത്രുവായി കാണുകയും , എവിടെയെങ്കിലും ഒരു സായിപ്പ് ഏതെങ്കിലും ഒരു ആശയത്തോട് പ്രതിപത്തി കാണിച്ചാൽ അത് മീഡിയകൾ വഴി പ്രചരിപ്പിക്കയും ചെയ്യുന്നതും ഒരു  വർഗീയത തന്നെയാണ്.