Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

സൂര്യകാന്തിപ്പാടത്തെ അതിഥി







കഥ 









ഒരു പുതിയ കഥാപാത്രത്തെഅരുന്ധതിയ്ക്ക്  പരിചയ പ്പെടുത്തികൊടുക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല. എല്ലാം ശീലമായി ക്കഴിഞ്ഞു . ബിനോയിയെ   കണ്ടു മുട്ടി രണ്ടു വര്‍ഷത്തിനിടയില്‍ എത്രയെത്ര ആളുകളാണ് അയാളിലൂടെ കടന്നു വന്നത് . ഒരു വസ്ത്രം അഴിച്ചിടുന്ന ലാഘവത്തോടെ അയാള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പ്രവേശിച്ചുകൊണ്ടിരുന്നു . ഡ്രാക്കുള ക്കഥകളിലേത് പോലെ ഒരു മാത്രയില്‍ അയാള്‍ മറ്റൊന്നായി മാറിക്കൊണ്ടിരുന്നു. അവര്‍ രണ്ടു പേര്‍ മാത്രം താമസിച്ചിരുന്ന വീടിന്‍റെ കിടപ്പറയിലേക്ക് അപസര്‍പ്പക കഥകളിലെ നായകനെ പോലെ പലരെയും ബിനോയ്‌ ആവാഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ അരുന്ധതി വല്ലാതെ ഭയന്നിരുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോണത് എന്ന ഭീതിയില്‍ നേരം വെളുപ്പിച്ചിട്ടുണ്ട് .
മധുവിധുവിന്റെ പൂക്കള്‍ വാടിത്തുടങ്ങിയ ഒരു കിടപ്പറ രംഗത്തിലാണ് അയാളില്‍ ആദ്യമായി മാറ്റം കണ്ടു തുടങ്ങിയത്. അയാള്‍ പൊടുന്നനെ രതിയുടെ മടക്കയാത്രയിലാണെന്ന് അരുന്ധതി സംശയിച്ചു. 
'നിന്‍റെ കൂടെ ഞാനല്ലാതെ ഒരാള്‍ കിടക്കുന്നു എന്ന് സങ്കല്‍പ്പിക്കുക ' മുഖവുരയൊന്നും കൂടാതെ അയാള്‍ പറഞ്ഞു തുടങ്ങി.
'അധികപ്രസംഗം ഈയ്യിടെ ഇത്തിരി കൂടുന്നുണ്ട് ' എന്നൊരു സ്നേഹപൂര്‍വമായ താക്കീതില്‍ അരുന്ധതി തെന്നിമാറാന്‍ ശ്രമിച്ചു. പക്ഷെ , അയാള്‍ വിടുന്ന മട്ടില്ല. 
' ഇറ്റ്സ് നോട്ട് ഫന്നി' - ഞാന്‍ നേരായിട്ടും പറഞ്ഞതാണ്. നമ്മുടെ കിടപ്പുമുറിയില്‍ നീ. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ കൂടെ   -  അയാള്‍ നിന്നെ റേപ്പ് ചെയ്യുന്നു. ക്രൂവലായി .
" എന്തു പറ്റി ബിനോയ്‌ "  ......... ?     സങ്കടം കടിച്ചമര്‍ത്തിക്കൊണ്ടു അരുന്ധതി ചോദിച്ചു. അവള്‍ അങ്ങനെ ചോദിക്കുന്നതിനു മുമ്പ്  ബിനോയ്‌ ഒരു റേപ്പ് സീനിന്റെ  കാഴ്ചയിലേക്ക് മടങ്ങി പ്പോയിരുന്നു. 
അയാളോട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അരുന്ധതി അടുക്കളയിലേക്കു പോയി. 'ദൈവമേ , ഇയാള്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്‌ ' എന്ന വിഷമത്തില്‍ അവള്‍ നേരത്തെ കിടപ്പുമുറിയിലേക്ക്‌ പോയി. ഉറക്കം   വരാതിരുന്നിട്ടും പുതപ്പിനുള്ളില്‍ കയറി  അഭയം തേടി. 
" എന്റെ സൂര്യകാന്തി ....... നേരത്തെ ഉറക്കമായോ"എന്നൊരു തമാശയുമായി ബിനോയ്‌ കിടപ്പു മുറിയിലേക്ക് വരുന്നത് അരുന്ധതി അറിഞ്ഞു. വേഗം ലൈറ്റണച്ചു അവള്‍ക്കു മുഖം കൊടുക്കാതെ കിടന്നു.ഒരു ഇടിമിന്നലിന്റെ വേഗത്തില്‍  അയാള്‍ തിരിഞ്ഞു  അരുന്ധതിയുടെ തോളില്‍ അമര്‍ത്തി .
'ഡിയര്‍ , ഞാനൊന്ന് ചോദിക്കട്ടെ............ അയാള്‍ എങ്ങനുണ്ട്.   .........?
ആര് ..........?
പതിവായി കറന്റു ബില്ലുമായി വരാറുള്ള ഒരു തടിയന്‍ .....!
'ങാ ......... എനിക്കറിയില്ല' ....... 
ബിനോയ്‌ , നിങ്ങള്‍ക്ക്  എന്തുപറ്റി ...... കരച്ചിലിന്റെ വക്കത്തു നിന്ന്  അരുന്ധതി ചോദിച്ചു.
ചെറിയ ഇടവേളയ്ക്കു ശേഷം ബിനോയ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.- 
" അയാള്‍ നിന്നെ റേപ്പ് ചെയ്‌താല്‍ എങ്ങനെയിരിക്കും "  ആ തടിയന്‍ . നിന്‍റെ ഈ മനോഹരമായ ശരീരം അയാള്‍ , ഒരു കൊച്ചു കുട്ടി പൂച്ചെടി തല്ലി തകര്‍ക്കുന്നതു പോലെ തല്ലി തകര്‍ക്കും" . 
" ഇറങ്ങു പുറത്ത് ".............അരുന്ധതി അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. 
'അരുന്ധതീ ,  ഇത് ഞാന്‍ .....
 ബിനോയ്‌  സമാധാനിപ്പിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുന്നതിനു മുമ്പ് അവള്‍ പറഞ്ഞു .." ഇത് നിങ്ങളല്ല , ഇത് ആ തടിയനാണ്.... അവള്‍ കട്ടിലില്‍ ഇരുന്നു  കരയാന്‍ തുടങ്ങി.
സമാധാനിപ്പിക്കാന്‍ അയാള്‍ എന്തെങ്കിലും പറയുമെന്നാണ് അവള്‍ കരുതിയത്‌, പക്ഷെ അന്നുവരെ  അരുന്ധതി അറിഞ്ഞിട്ടില്ലാത്ത കരുത്തോടെ അയാള്‍ അവളെ എടുത്തുയര്‍ത്തി , അവളുടെ വസ്ത്രങ്ങള്‍ പിച്ചി ചീന്താന്‍ തുടങ്ങി. ആ നിമിഷം മുതല്‍ അവള്‍ ആലസ്യത്തിലേക്ക്‌ വീഴും വരെ അയാള്‍ അവള്‍ക്കു അപരിചിതനായിരുന്നു.
അടുത്ത പ്രഭാതത്തില്‍ സ്നേഹപൂര്‍വ്വം  കയ്യില്‍ ഒരു കപ്പു കാപ്പിയുമായി നില്‍ക്കുന്ന ബിനോയിയെയാണ് അവള്‍ കണ്ടത്. കഴിഞ്ഞ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള അവസരം കൊടുക്കാതെ അയാള്‍ അവളെ സ്നേഹിച്ചുകൊണ്ടിരുന്നു .





അന്നുമുതലാണ്  ബിനോയ്‌  എന്ന സാധുവിനെ അവള്‍ മനസ്സിലാക്കി തുടങ്ങിയത്. പതുക്കെ അയാളോടുള്ള ഭയം ഒരു ആകാംക്ഷയായി വളര്‍ത്താനാണ് അവള്‍ ശ്രമിച്ചത്. കയറ്റം വലിക്കുന്ന കിഴവന്‍ കാളകളെ പോലെ കിതയ്ക്കുന്ന രാത്രികളില്‍ തമാശയായി അരുന്ധതി ചോദിക്കും, ' എന്താ മാഷേ ,ഇന്ന് ആരെയും കിട്ടിയില്ലേ .......?
അതിനു മറുപടി പറയാനുള്ള വിസമ്മതം കൊണ്ട് വേഗം പുതപ്പിനുള്ളില്‍ കയറി അയാള്‍ രക്ഷ പ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ തന്റെ രതിയിറക്കത്തെ ക്കുറിച്ച്  അയാള്‍ക്ക്‌ ഒന്നും പറയാനില്ലായിരുന്നു.
ഒരു ധനുമാസ രാത്രിയിലെ  സുഖകരമായ ഒരു  സമാഗമത്തിനൊടുവിലെ തളര്‍ച്ചയില്‍ തമാശ പോലെ അരുന്ധതി ചോദിച്ചു. " ബിനോയ്‌, ഇന്ന് ആരായിരുന്നു..........? 
സത്യം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ പറഞ്ഞു... " സത്യം , ഞാന്‍ തന്നെ " ....
അതൊരിക്കലും അവള്‍ വിശ്വസിക്കില്ലെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
"ജമാല്‍ "......
ബിനോയിയെ കണ്ടു മുട്ടിയപ്പോള്‍ മുതല്‍ ജമാലിനെ അറിയാം. അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആ രാത്രിയ്ക്ക് ശേഷം ജമാലിനെ കാണുമ്പോള്‍ ഒരു ഇടിവാള്‍ നെഞ്ചിലൂടെ കടന്നു പോകുന്നതായി അരുന്ധതിക്ക് തോന്നി തുടങ്ങിയിരുന്നു.
പിന്നീടുള്ള പല രാത്രികളിലും ബിനോയ്‌ ആ പേര്   ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു..അതില്‍ അരുന്ധതി സന്തുഷ്ടയായിരുന്നു. ബിനോയ്‌ ഇല്ലാതിരുന്ന ഒരു അവസരത്തില്‍ വീട്ടിലേക്കു കടന്നു വന്ന ജമാലിന്‍റെ മാറിലേക്ക്‌ അവള്‍ വീണു തേങ്ങി ക്കരയാന്‍ തുടങ്ങി.വാതിലുകള്‍ ചാരാന്‍ പോലും അവള്‍ മറന്നിരുന്നു.
 അവളുടെ പിന്നാലെ അയാള്‍ ബെഡ് റൂമിലേക്ക്‌ നടന്നു. അവര്‍ക്കിടയില്‍ അപരിചിതത്വം തീരെയില്ലായിരുന്നു. ജമാല്‍ റൂം വിടും മുമ്പ് അരുന്ധതി പറഞ്ഞു. " ഇത്രയും നാള്‍ ഞാനൊരു മണ്ടിയായിരുന്നു. സത്യം പറയൂ, നിങ്ങളില്‍ ആരാണ് ബിനോയ്‌ .....? ആരാണ് ജമാല്‍ .......?
"സത്യം , ഞാന്‍ ജമാലാണ്.." 
അരുന്ധതി പെട്ടെന്നാണ് തീരുമാനമെടുത്തത്. എങ്കില്‍ നിങ്ങളിവിടെ ഈ കതകിനു പിന്നില്‍ നില്‍ക്കൂ... ഇനിയും പലരും ഇവിടേയ്ക്ക് കടന്നു വരും. ഒരു തടിയന്‍ വരും. ചിലപ്പോള്‍ ബിനോയ്‌ വരും. എല്ലാം വെറും തോന്നലുകളാണ്. കൊന്നു കളഞ്ഞേക്കുക .ഇനിയും ഒരാളെക്കൂടി സ്വീകരിക്കാന്‍ എനിക്ക് വയ്യ. അവള്‍ പതിവായി ബെഡിനടിയില്‍ കരുതിയിരുന്ന കത്തി അയാളെ ഏല്‍പ്പിച്ചു.



ചിത്രങ്ങള്‍ -   ഇസ്ഹാക്  നിലമ്പൂര്‍ 

http://ishaqh.blogspot.com/



ലീല്യേച്ചി .......





അഞ്ചേക്കറില്‍  ഒരു കാട്‌  ............. ! 

ആലങ്കാരിക ഭാഷയിലാണ് പ്രയോഗിച്ചത്.  ഇടനിലക്കാരന്‍ അത് ആഗതന്റെ ഭാഷയിലേക്ക്  തര്‍ജ്ജിമ ചെയ്തു. ഇരുപത്താറു മഹാഗണി , പിടിച്ചാല്‍ പിടി മുറ്റാത്ത  പന്ത്രണ്ടു തേക്ക്‌ , പത്തിരുപതു ആഞ്ഞിലി,  പിന്നെ, പിലാവ് , വീട്ടി...........

കൃത്യമായ കണക്കില്ല.  കൈ കോര്‍ത്തു നില്‍ക്കുന്ന കാട്ടു വള്ളികള്, കിളികളുടെ ഒരു പട.  ഏത് നേരവും അവറ്റകളുടെ സംഗീതം. മുറ്റത്തു പടര്‍ന്നു നില്‍ക്കുന്ന കണിക്കൊന്ന . മേടമാസത്തില് പൂത്തു മറിയും.  ധാരാളം ആളുകള് വരും. ഫോട്ടോ എടുക്കും, ചരിത്രം അന്വേഷിക്കും, തൊണ്ടി പ്പഴം പോലുള്ള പെണ്‍കുട്ടികളുമായി  ചാനലുകാരും, പരസ്യ കമ്പനികളും വരും. ഇരുന്നും, കിടന്നും ചിത്ര ങ്ങളെടുക്കും ,  പിന്നെ , എല്ലാവരും മറക്കും.........

ലീല്യേച്ചി  പറയുമായിരുന്നു ,  ' എനിക്കും, ഈ കണിക്കൊന്നയ്ക്കും ഒറ്റ ജാതകാ..., ആണ്ടില്  രണ്ടു മാസം ഋതു .'..........

രാമചന്ദ്രന്‍  അപ്പോള്‍ ലീല്യേച്ചിയുടെ മുഖത്തേക്കു നോക്കി. 

" നിങ്ങള്‍  ആണ്ടില് രണ്ടു മാസം നാട്ടില്‍ വരുമ്പോളല്ലേ  എനിക്കും  ഒരു  സന്തോഷം." 

സ്ഥല പുരാണം കേട്ടു കഴിഞ്ഞപ്പോള്‍ ആഗതന്‍ എഴുന്നേറ്റു, ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഇടനിലക്കാരന്‍ വെയ്റ്ററെ വിളിച്ചു  വിസ്ക്കിയും , സോഡയും ഓര്‍ഡര്‍ ചെയ്തിട്ടു  സോഫയിലേക്ക് ചരിഞ്ഞു. 

നാളെ കാലത്തു വീടും പറമ്പും കാണാന്‍ പോകാമെന്നു  പറഞ്ഞു  എല്ലാവരും പിരിഞ്ഞിട്ടും രാമ ചന്ദ്രന്‍ അവിടെ നിന്നെഴുന്നേറ്റില്ല . അയാള്‍ പുതിയ കഥയ്ക്കുള്ള വേദനിപ്പിക്കാത്ത ഒരു ക്ലൈമാക്സ് തേടുകയായിരുന്നു. ലീല്യേച്ചി  പറഞ്ഞു തരാരുള്ള  രാജ കുമാരന്റെയും, രാജ കുമാരിയുടെയും കഥ പോലെ, ദുഷ്ടയായ മന്ത്ര വാദിനിയുടെ  കഥ പോലെ .......

ലീല്യേച്ചിയുടെ കഥകളിലെ  രാജ കുമാരിയും , അവളെ ഉപദ്രവിക്കാന്‍ വരുന്ന ചെന്നായും പാവമാണ്,  മന്ത്ര വാദിനി സ്നേഹമുള്ളവളാണ്‌ .    അവരൊക്കെ ലീല്യേച്ചി തന്നെ ആയിരുന്നുവെന്നു മുതിര്ന്നപ്പോഴാണ് മനസ്സിലായത്‌. 

രാമചന്ദ്രന്‍ കുട്ടി യായിരുന്നു . ഉറക്കം വരണമെങ്കില്‍ ലീല്യേച്ചി കഥ പറയണം.  അമ്മ. അതൊരു ച്ഛായാ ചിത്രമായിട്ടേ ഓര്‍മയുള്ളൂ.  എല്ലാം ലീല്യേച്ചി  ആയിരുന്നു. ഊണു കഴിച്ചു  മര ക്കോവേണി കയറി  തെക്കേ മുറീല്‍ വന്നു കിടന്നാല്‍  ലീല്യേച്ചി  അടുക്കള പ്പണി തീര്‍ത്തു മുത്തച്ഛന്റെ മുറീല്‍ വെള്ളവും വച്ചു  വരുന്നത് വരെ ഉറങ്ങാതെ കിടക്കും. പൊന്നശോകം കയ്യെത്തി പ്പിടിക്കുന്ന തെക്കേ മുറീ ടെ ജനാലകള്‍ തുറന്നിട്ടു രാമചന്ദ്രന്‍ എന്ന കുട്ടി ലീല്യേച്ചിയോടു ഒട്ടി ക്കിടക്കും. കിഴക്കേ പാടത്തു നിലാവ്  വിളഞ്ഞു കിടക്കുന്ന വരമ്പത്തു കൂടി  ലീല്യേച്ചിയുടെ ദുര്‍ മന്ത്ര വാദിനി  നടന്നു വരുന്നതു രാമ ചന്ദ്രന്‍ കണ്ടിട്ടുണ്ട്. തൊടിയുടെ അതിരില്‍ വന്നു നിന്ന് മന്ത്ര വാദിനി ഉറക്കെയുറക്കെ  ചോദിക്കും .--

" ലീലേ, .........  കുട്ട്യേ  തരണൊണ്ടോ " ................ ?

" ഇല്ല,  എനിക്കു വേണം എന്റെ ഉണ്ണ്യേ " ....... പൊയ്ക്കോ .

അത് കേട്ടാണ് കുട്ടി ഉറങ്ങുന്നത്.

പക്ഷെ, എല്ലാ കടങ്കഥകള്‍ക്കും ഉത്തരം പറഞ്ഞു തന്നിരുന്ന ലീല്യേച്ചി മാത്രം  രാമചന്ദ്രന്റെ മനസ്സില്‍ ഉത്തരമില്ലാതെ കിടന്നു.

ലീല്യേച്ചി എനിക്കാരാണ് ........... ? 

അയാള്‍ ആ ചോദ്യം തൊടിയിലെ മര പ്പൊത്തുകളില്‍  ഒളിക്കുന്ന കുഞ്ഞി ക്കിളികളെ  തന്റെ മകനു  കാണിച്ചു കൊടുക്കുമ്പോഴും, ദുബായിലെ കമ്പനി മാനേജര്‍ സീറ്റിലിരുന്നു വഴി തെറ്റി പോകുന്ന  കണക്കുകളുടെ ഇടനാഴികളില്‍ വിയര്‍ക്കുമ്പോഴും ആലോചിച്ചിട്ടുണ്ട്.  

ലീല്യേച്ചി  എനിക്കാരാണ് ............ ?

വിനീത ഒരിക്കല്‍ ഒരു ഒബ്ജക്റ്റീവ്  ടൈപ്പ്‌  ആയിട്ടു  മറുപടി തന്നു.

" വെറുമൊരു വീട്ടു ജോലിക്കാരി " 

പെട്ടെന്നാണ് അത് സംഭവിച്ചത്. കൈ വീശിയൊന്നു കൊടുത്തു. ഇത്രയും കരുത്തു തനിക്കെവിടെ നിന്നു കിട്ടിയെന്നു അയാള്‍ അത്ഭുതപ്പെട്ടു.  മലയിറങ്ങി വന്നു  മരക്കൂട്ടത്തെ പിഴുതെടുക്കുന്ന  തുലാ ക്കാറ്റിന്‍റെ  കരുത്തുണ്ടായിരുന്നു അപ്പോള്‍ അയാളുടെ കൈകള്‍ക്ക്. 

അവള്‍ കരഞ്ഞില്ല. അല്‍പ്പം കണ്ണീരു പോലും പൊടിഞ്ഞില്ല. ഒരു തെറ്റു തിരുത്താനുള്ള ശ്രമത്തിലായിരുന്നു വിനീത. വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി , ഒരു സാധാരണ സ്ത്രീ കാണിക്കുന്നത് പോലെ  മകനെയും കൈക്കു പിടിച്ചു  അവള്‍ നാട്ടിലേക്കു പോന്നു. 

ഒരിക്കല്‍ ലീല്യേച്ചി പറഞ്ഞ കഥയില്‍  കര്‍ക്കിടക വാവു  കറുത്തു. തെക്കേ മുറീടെ ജനാലകള്‍ താനേ തുറന്നു . തെക്കന്‍ കാറ്റിനു കനം വച്ചു.  ഒരു കരികില പോലെ അതു ലീല്യേച്ചിയെ എവിടെ നിന്നോ വാരിയെടുത്തു ജാലക പ്പഴുതിലൂടെ, ഉറങ്ങിക്കിടന്ന രാമചന്ദ്രന്‍ എന്ന കുട്ടിയുടെ അരികില്‍ ഇട്ടു. പിറ്റേന്നു പ്രഭാതത്തില്‍ , അമ്മയെ സ്വപ്നം കണ്ടു കരഞ്ഞപ്പോള്‍  ഞാനല്ലേ കുട്ടിയെ വാരി എടുത്തത്, നെറുകയില്‍ ചുംബിച്ചത്  .....  ? 

ലീല്യേച്ചി  ചിരിച്ചു കൊണ്ട് ചോദിച്ചു.

ലീല്യേച്ചി പറഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാഞ്ഞിട്ടു കൂടി കുട്ടി തല കുലുക്കി.

നേരം വളരെ വൈകി. ഇന്നിനി റൂം വെക്കേറ്റ് ചെയ്യേണ്ടെന്ന്  അയാള്‍  തീരുമാനിച്ചു. നാളെ ലീല്യേ ച്ചിയോട് പറയാന്‍ നോവിക്കാത്ത ഒരു കഥ തേടി അയാളുടെ തലയ്ക്കു ചുറ്റും തേനീച്ചകള്‍ മുരണ്ടു. ഒരു സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അയാള്‍ നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിലയുറപ്പിച്ചു.


ഉണര്‍ന്നപ്പോള്‍ നേരം വളരെ പുലര്‍ന്നിരുന്നു. വാച്ചിലേക്കു നോക്കി. ഇടനിലക്കാരന്‍  പുറത്തു കാത്തു നില്‍പ്പുണ്ടാവും. അയാള്‍ വേഗം പുറത്തിറങ്ങി. നിന്നു മുഷിഞ്ഞു  , നിലയുറയ്ക്കാത്ത നോട്ടവുമായി അവര്‍ രാമചന്ദ്രനെ എതിരേറ്റു.

വീട്ടിലേക്കുള്ള പടവുകള്‍ പായല്‍ പുതച്ചിരുന്നു. അപരിചിതരെ കണ്ടു തൊടിയില്‍ കിളികള്‍ ചിലച്ചു. ആഗതന്‍ ഓരോ കോണില്‍ നിന്നു ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങി. നിറം മങ്ങിയ ചുവരിലെ ചിതല്‍ ചിത്ര ങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടിരുന്നു. ആഗതന്റെ കണ്ണില്‍ അത്ഭുതം തിരിയിട്ടു. ഒഴിഞ്ഞ പശു തൊഴുത്തില്‍  ചാണക പ്പച്ച മുഖം കറുപ്പിച്ചു.

'വീടിനു കുറച്ചു  പണിയുണ്ട്,  ഇത്തിരി ചായം വലിക്കണം '.....

ഇടനിലക്കാരന്‍ താഴ്മയോടെ പറഞ്ഞു. 

" വേണ്ട, ഇതു തന്നെ, ഹെറിറ്റേജ്‌  ഹോം സ്റ്റേയ്ക്ക്  ഇതു തന്നെ ഉത്തമം " അജ്ഞാത ഭാഷയില്‍ ആഗതന്‍ പറഞ്ഞു. 

അവര്‍  മടങ്ങി ക്കഴിഞ്ഞപ്പോള്‍ ,   രാമചന്ദ്രന്‍ ഉമ്മറത്തേക്ക് കയറി. ലീല്യേച്ചിയോടു പറയാനുള്ള കഥ ഒരു പെരുമ്പാമ്പിനെ പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു. നിലവറയില്‍ അടയ്ക്കപ്പെട്ട ,  കാതും, കണ്ണുമില്ലാത്ത  മുത്തശ്ശിയെ രക്ഷിക്കാന്‍ വന്ന  രാജ കുമാരന്‍റെ  കഥ.......

ഞാനല്ലേ   ആ രാജ കുമാരന്‍  ..........  ?

മുത്തശ്ശി  , എന്റെ ... ........  

അയാള്‍ വാക്കുകള്‍ വിഴുങ്ങി. വീടിനുള്ളില്‍ നിന്ന് ഒരു കറുത്ത വ്യാളി പോലെ ഇരുട്ട് അയാളുടെ കണ്ണു കളിലേക്ക് ഇരയ്ച്ചു കയറി. അയാള്‍ നീട്ടി വിളിച്ചു......

ലീല്യേച്ചീ .............

അജ്ഞാതലോകം  പകരുന്ന ഒരു ഭീതി അയാളില്‍ അന്നേരം വ്യാപിച്ചു. ' ഇതെന്റെ വീട് തന്നെയല്ലേ, എന്ന് വിശ്വസിക്കാന്‍  അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. മുറിയ്ക്കുള്ളിലെ ഇത്തിരി പ്രകാശ ത്തില്‍ അയാള്‍ പുറത്തേക്കൊഴുകി. ചെറുപ്പത്തില്‍ ചുവരില്‍ വരച്ചിട്ട  കരിച്ചിത്രങ്ങള്‍ അയാളെ  അപരിചിതനെ പോലെ നോക്കി. അതിലെ ലീല്യേച്ചി,  കറുത്തു തടിച്ച ശരീരം കുലുങ്ങു മാറ്  ചിരിച്ചു. രാമചന്ദ്രന്‍ മര ക്കോവേണി കയറി തെക്കേ മുറിയിലെത്തി.  പൊന്നശോകം ജാലക പ്പുറ ത്തു കൈനീട്ടി.  അവളുടെ ഞരമ്പുകള്‍ തടിക്കുകയും, തൊലി നിറം കെട്ടു ചുളുങ്ങി പോവുകയും ചെയ്തിരുന്നു.  അയാള്‍ പഴയ മര ക്കട്ടിലില്‍ ഇരുന്നു. പുറത്ത് കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി. വീണ്ടുമൊരു കര്‍ക്കിടക വാവു കറുത്തു.  തെക്കന്‍ കാറ്റിനു കനം വച്ചു. അയാള്‍ , ഭാരം നഷ്ടപ്പെട്ടു  ഒരു കരിയില പോലെ പറക്കാന്‍ തുടങ്ങി. തെക്കന്‍ കാറ്റ് അതിനെ ബാല്യത്തിന്റെ പടവുകളിലേക്ക്  കൂട്ടിക്കൊണ്ടു പോയി. -------



വര  : ഇസ്ഹാക്ക്  നിലമ്പൂര്‍
http://ishaqh.blogspot.com/2012/04/blog-post.html?spref=fb




പറുദീസയിലെ കല്‍പ്പടവുകള്‍







ശിക്ഷ വിധിക്കുകയായി.
ആള്‍ക്കൂട്ടം നിശബ്ദരായി കാതു കൂര്‍പ്പിച്ചു.
 ' പതിനാറു  ചാട്ടയടി '. 
 പച്ച വാഴപ്പോള ചീന്തുന്ന ഒച്ചയില്‍ ആ സ്ത്രീ നിലവിളിച്ചു.
 'എന്തിനായിരുന്നു ശിക്ഷ  ....................?
 'മോഷണം ,'  'നഗര കവാടത്തിലെ ഭോജന ശാലയില്‍ നിന്ന്  അപ്പ ക്കഷ്ണങ്ങള്‍ മോഷ്ടിച്ചു '.
അപരിചിതര്‍ തമ്മില്‍ പറഞ്ഞു.
ന്യായാധിപന്റെ വശങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭടന്മാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങി ചമ്മട്ടി ചുഴറ്റി.കാഴ്ചക്കാരുടെ നടുവില്‍ ഒരു വൃത്തം രൂപപ്പെട്ടു. അതിനു നടുവിലേക്ക് സ്ത്രീ വലിച്ചി ഴക്കപ്പെട്ടു. അവളോടൊപ്പം അപ്പ ക്കഷ്ണങ്ങളില്‍ കടിച്ചു കൊണ്ട് ഒരു കുട്ടിയും ഉണ്ടായിരുന്നു.
ഒരു ഭടന്‍ കാലു മടക്കി ഒരു തൊഴി കൊടുത്തു. കുട്ടി ഒരു പഴങ്കടലാസു പോലെ ഓടയിലേക്കു തെറിച്ചു വീണു. അവളുടെ കൈകള്‍ നിലത്തൂണ്കളില്‍ ബന്ധിച്ചു.
ചമ്മട്ടി ഫണം വിടര്‍ത്തിയ സര്‍പ്പത്തെ പോലെ ചീറ്റി .ഭടന്മാര്‍ അവളുടെ പിന്നില്‍ നിലയുറപ്പിച്ചു. 
  ഒരാള്‍ നീതിപീഠത്തിനു മുമ്പിലേക്ക് തൊഴുതു നിന്നു.
" പ്രഭോ, അടിയനൊരു അപേക്ഷയുണ്ട് "...
ന്യായാധിപന്‍ തല ഉയര്‍ത്തി. ഭടന്മാര്‍ കല്‍പ്പനയ്ക്ക് കാത്തു.
ന്യായാധിപന്‍ വിലക്കി . ആളുകള്‍ വീര്‍പ്പടക്കി നിന്നു.
" ഞാനാണ് തെറ്റുകാരന്‍ , അവളെ വെറുതെ വിടുക ".
നീതിപീഠത്തിന്റെ  പുരിക ക്കൊടികള്‍ കൂട്ടിയിടിച്ചു.
സ്ത്രീ, അവള്‍ക്കു കണ്ണീരിന്റെ കുത്തൊഴുക്കില്‍ കാഴ്ച നഷ്ട പ്പെട്ടിരുന്നു .
 "അവള്‍ക്കു വിശപ്പിനെ കൊടുത്തത് ഞാനാണ്, എന്നെ ശിക്ഷിച്ചു കൊള്‍ക".
ആള്‍ക്കൂട്ടത്തിനിടയില്‍ നേര്‍ത്ത ശബ്ദങ്ങള്‍ ഇടകലര്‍ന്നു.
'ഏതാണീ വിഡ്ഢി', ആളുകള്‍ അടക്കം പറഞ്ഞു.
നീതിപീഠം വിധി തിരുത്തി . ഭടന്മാര്‍ സ്ത്രീയെ ബന്ധന വിമുക്തയാക്കി. അവള്‍ കുട്ടിയെ താങ്ങിയെടുത്ത്  തെരുവിലേക്ക് നടന്നു.  

******                              *******                   *******     

ഇളകിയ മരപ്പലകയ്ക്കിടയിലൂടെ മഞ്ഞു തുള്ളികള്‍ ഊളിയിട്ടു. അയാള്‍ മരക്കട്ടിലില്‍ കമിഴ്ന്നു കിടന്നു.
സുഹൃത്തുക്കള്‍ ദു:ഖ ക്കൈകള്‍ താടിയ്ക്ക് കൊടുത്തു. ഒരാള്‍ അരികിലേക്ക് ചെന്ന് പുറത്തെ വടുക്കളില്‍ തഴുകി.

'യൂദാ .... ഈ മുറിവുകള്‍ നിങ്ങള്‍ ഉണക്കാന്‍ ശ്രമിക്കരുത്, ഇതിലാണ് ഞാന്‍ ജീവിക്കുന്നത്'. ഗുരു പറഞ്ഞു .

ഒലിവെണ്ണയുമായി വന്നയാള്‍ പിന്‍വാങ്ങി. പുറത്ത് തകര വാതില്‍ ചുവട്ടില്‍ കാല്‍ പെരുമാറ്റം കേട്ടു. ചിലര്‍ അങ്ങോട്ട്‌ പോയി.
'ആരോ കാത്തു നില്‍ക്കുന്നു'.
ആരാണ് വാതില്‍ അടച്ചു തഴുതിട്ടത്.....?  ഗുരു ക്ഷോഭിക്കുന്നു.
സുഹൃത്തുക്കള്‍ ശിരസ്സ്‌ കുനിച്ചു. ആഗതന്‍ മര ക്കട്ടിലിനു മുമ്പില്‍ നിന്നു. 


ഗുരുവിനെ അയാള്‍ നീതിപീഠത്തിന്റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോയി.
വീണ്ടും ആരവം. ആള്‍ക്കൂട്ടത്തിനിടയില്‍ വൃത്തം രൂപപ്പെടുന്നു.
'കുറ്റം സമ്മതിക്കുന്നുണ്ടോ .....?   ഉരുക്കി പതംവരുത്തി മൂര്‍ച്ച കൂട്ടിയ വാക്കുകളില്‍ നീതിപീഠം ഉറഞ്ഞു തുള്ളി.
'ഉവ്വ് '..
ശിക്ഷ വിധിക്കുന്നതിനു മുമ്പ് പൊതുജനത്തിനു വേണ്ടി കുറ്റകൃത്യം വീണ്ടും വായിക്കപ്പെട്ടു.
'നഗരത്തിലെ വേശ്യാ തെരുവില്‍ വച്ച് സതീര്ത്യനെ നിഷ്ക്കരുണം കുത്തി മുറിപ്പെടുത്തി.'.
" പ്രഭോ, ശിക്ഷ എത്ര കടുത്ത തായാലും വേണ്ടില്ല, ഏറ്റു വാങ്ങാന്‍ എന്റെ ഗുരു എത്തിയിട്ടുണ്ട് " .
കുറ്റവാളി വിനയപൂര്‍വ്വം നീതിമാനെ അറിയിച്ചു.
ഗുരുവിനെ ഇതിനോടകം ജനങ്ങളും കോടതിയും തിരിച്ചറിഞ്ഞിരുന്നു.
'എന്തെങ്കിലും പറയാനുണ്ടോ ........? ന്യായാധിപന്‍ ചോദിച്ചു.
" ഇല്ല"
'എന്തിനാണ് മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റു വാങ്ങുന്നത്. ' .........?!
കോടതിക്ക് അറിയാന്‍ ആകാംഷയുണ്ടായിരുന്നു.
" പ്രഭോ ", ഗുരു പറഞ്ഞു ,
തെറ്റ് എന്റേത് മാത്രമാണ്,  ഇവന്റെ സിരകളില്‍ കാമത്തിന്റെ വിത്തുകള്‍ പാകിയത്‌ ഞാനാണ്. അല്ലായിരുന്നെങ്കില്‍ ഇവന്‍ വേശ്യാ തെരുവില്‍ പോവില്ലായിരുന്നു, അവന്റെ സഹോദരനെ മുറിപ്പെടുത്തില്ലായിരുന്നു.

ശിക്ഷ കഴിഞ്ഞു പുറത്ത് വരാന്‍ ജനങ്ങള്‍ കാത്തിരിക്കയായിരുന്നു.  ജയില്‍ ഭിത്തികളിലും , നഗര കവാടങ്ങളിലും ഇതിനോടകം ഗുരുവിന്റെ ചിത്രം പതിഞ്ഞു കഴിഞ്ഞിരുന്നു. ഗുരു നടന്ന തെരുവിന്റെ ഓരങ്ങളില്‍ നിന്ന് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.
'പാപികളുടെ രക്ഷകനെ ക്രൂശിക്കുക', .....................
'വേശ്യകളുടെയും, ദു:ഖിതരുടെയും  രക്ഷകനെ ക്രൂശിക്കുക'...............
തകര വാതില്‍ പൂട്ടി സുഹൃത്തുക്കള്‍ എവിടെയ്ക്കോ പോയിരുന്നു.. മരക്കട്ടില്‍ ഒഴിഞ്ഞു കിടന്നു. ഗുരു വിന്റെ കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി. തടവറയിലെ തണുത്ത ശിലാ പാളികളിലേക്ക് ഗുരുവിനു കൂട്ടിരിക്കാതെ,ഉറക്കം ഇതുവരെ  ഒരു സന്ദര്‍ശകയെ പോലെ ഇരുമ്പഴിയ്ക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.
പാപികളും, രാജ കിങ്കരന്മാരും തകര വാതിലില്‍ മുട്ടി യില്ല. കാറ്റില്ലാതെയിരുന്നിട്ടും ഒരു രാത്രി, തകര വാതില്‍ അനങ്ങി.
' ഗുരോ, ഞാന്‍ അങ്ങയോടോപ്പമുണ്ട്‌............!
ഗുരു കണ്ണ് തുറന്നു.
"യൂദാ ........."
'ഞാന്‍ നിന്നെ കാത്തിരിക്കയായിരുന്നു'.  ഞാന്‍ വാതില്‍ തുറന്നിട്ട്‌ കാത്തിരുന്നിട്ടും ഭടന്മാര്‍ എന്നെ തേടി വന്നില്ല'. 
ഗുരു ഒരു പണക്കിഴി യൂദായുടെ മുമ്പിലേക്ക് എറിഞ്ഞു.
" മുപ്പതു വെള്ളി  ....................."
'ചെറിയ പാരിതോഷികം' . ഭടന്മാരോട് പറയൂ,,  ഞാന്‍ ഇവിടെ കാത്തിരിക്കാം ........'
യൂദാ ........
ശങ്കിച്ചു നിന്നു, ഒടുവില്‍ പണക്കിഴിയുമെടുത്ത് താഴ്വരയിലേക്ക് നടന്നു.

ഉണക്കമരം





കൊച്ചാരായന്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആരും അന്വേഷിച്ചില്ല.അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊച്ചാരായന്‍  ആരാണ് ........? വെറും ഒരു വിറകു വെട്ടുകാരന്‍. മറിച്ചു ഒരു എഴുത്തുകാരന്‍ ആയിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ നാട്ടുകാരും,പത്രക്കാരും എല്ലാം കാരണം അന്വേഷിച്ചു പിന്നാലെ കൂടുമായിരുന്നു.

കൊച്ചാരായന്‍ ..........
വെറും വിറകു വെട്ടുകാരന്‍.

കര്‍ക്കിടകത്തിലെ ഒരു നനഞ്ഞ രാത്രിയിലാണ് അയാളുടെ കീറി മുറിച്ച മൃത ശരീരവുമായി ആംബുലന്‍സു  കടന്നു വന്നത്. ബന്ധുക്കളും , അയല്‍ക്കാരും മനസ്സില്‍ മുഷിഞ്ഞു , 'മരിക്കാന്‍ തോന്നിയ ഒരു കാലം'.

ഒറ്റ മുറിയുള്ള  ഒരു ഓല പ്പുരയിലായിരുന്നു കൊച്ചാരായനും ,ഭാര്യയും ,പ്രായ പൂര്‍ത്തിയായ രണ്ടു ആണ്‍ മക്കളും താമസിച്ചിരുന്നത് . മൂത്തവന്‍ മാനസിക രോഗിയാണ്. പണിക്കൊന്നും പോവില്ല. ഏതു നേരവും ചാണകം മെഴുകിയ ഇളം തിണ്ണയില്‍ ഓരോന്ന് പുലമ്പി ക്കൊണ്ടിരിക്കും. രണ്ടാമന്‍ മിടുക്കനാണ്. പകല്‍ മുഴുവനും അധ്വാനിക്കും. കിട്ടുന്ന പണത്തിനു കൊതി തീരെ ഭക്ഷണം കഴിക്കും . ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കും. അടുപ്പ് പുകയണമെങ്കില്‍ കൊച്ചാരായന്‍ മഴുവെടുത്ത് ഇറങ്ങണം. ആരോടും ഒന്നും ഉരിയാടില്ല. അരയില്‍ ഒരു കൈലി, ഒരു വട്ടക്കെട്ടു , തോളില്‍ തൂക്കിയിട്ട മഴു. ഈ വേഷത്തിലെ ഞങ്ങള്‍ അയാളെ ഇതുവരെ കണ്ടിട്ടുള്ളൂ. കൊച്ചാരായന്‍ കടന്നു പോണ വഴിയില്‍ നിമിഷങ്ങളോളം  മരച്ചൂര്  തങ്ങി നിന്നിരുന്നു. എങ്ങനെ ചുഴിഞ്ഞു ആലോചിച്ചിട്ടും കൊച്ചാരായന്‍ എന്തിനു ആത്മഹത്യ ചെയ്തു എന്നതിന് ഒരു ഉത്തരം കിട്ടിയില്ല.

വിഷം കഴിക്കയായിരുന്നു.നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത അയാളുടെ ഭാര്യ ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി വന്നു നോക്കുമ്പോള്‍ കാണുന്നത് നുരയും പതയും തുപ്പി തുറിച്ചു കിടക്കുന്ന കൊച്ചാരായനെ ആണ്. അക്കാള്‍ , ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിക്കുന്നത്‌,  അടുക്കള പ്പുറത്ത് നിന്ന്  വിറങ്ങലിച്ച ശബ്ദത്തില്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി.

മൂത്ത മകന്‍ ഉമ്മറ ത്തിണ്ണയില്‍ സംസാരിച്ചു കൊണ്ടിരുന്നു. ആളുകള്‍ അത് ശ്രദ്ധിക്കാതെ പുരയിലേക്ക്‌ ഓടി ക്കയറി. അക്കാള്‍ കരഞ്ഞില്ല. അവര്‍ വടക്കേ പ്പുറത്തെ വാഴ ച്ചോട്ടില്‍ ഒരു കാഴ്ച വസ്തുവിനെ പ്പോലെ ഇരുന്നു.

'ഇത്യാനിപ്പോ എന്തിന്റെ കൊഴപ്പാ '....

ചുറ്റും കൂടി നിന്ന പെണ്ണുങ്ങള്‍ തമ്മില്‍ പറഞ്ഞു.. അക്കാള്‍ വളരെ  അക്ഷോഭ്യ ആയിരുന്നു. അവര്‍ ഒരു കാഴ്ച വസ്തുവാ ണെന്ന് അവര്‍ക്ക് മാത്രമേ തോന്നാതിരുന്നുള്ളൂ. മഴ ചിണുങ്ങി ക്കൊണ്ടിരുന്നു.

നേരം ഇരുട്ടി ത്തുടങ്ങി. ആരോ  ഒരു തകര വിളക്ക് ഉമ്മറത്ത്‌ കൊണ്ട് വച്ചു.അതില്‍ ബീഡി കത്തിച്ചു കൊണ്ട് മൂത്ത മകന്‍ പുലമ്പല്‍ തുടര്‍ന്ന്. ശവദാഹത്തിനു വന്ന ബന്ധുക്കളില്‍ ചിലര്‍ ഇളയ മകനോട്‌ തട്ടിക്കയറി.

'ഇത്തിരി ചില്ലറ കൊടുക്കാതെ ആശുപത്രിക്കാര്  കത്തി വയ്ക്കില്ല' ... അയാള്‍ ഒരു നനഞ്ഞ പക്ഷിയെപോലെ കൂനിക്കൂടി.ബന്ധുക്കള്‍ അമര്‍ഷത്തോടെ മറ്റു തിരക്കുകളിലേക്ക് വ്യാപരിച്ചു.
'നമുക്ക് പിരിവെടുത്താലോ..........? നാട്ടുകാരില്‍ ചിലര്‍ അങ്ങനെ ആലോചിച്ചു. കാലം തെറ്റി വന്ന മഴ പോലെ ഒരാള്‍ കയറി വന്നു മകനോട്‌ ചോദിച്ചു." എന്തിനാണ് അച്ഛന്‍ മരിച്ചത്" .......?

രാത്രി വളരെ വൈകിയാണ് മൃതദേഹം വീട്ടിലെത്തിയത്. നേരം പാതിരയോടടുത്ത്. പോരാത്തതിന് ചോരുന്ന ആകാശവും. മങ്ങി ക്കത്തുന്ന പെട്രോമാക്സിന്റെ വെളിച്ചത്തില്‍ കൊച്ചാരായന്‍ ഒരു കറുത്ത ശില പോലെ കിടന്നു. അക്കാളിനെ പെണ്ണുങ്ങള്‍ താങ്ങി എടുത്തു കൊണ്ടുവന്നു. അവര്‍ നിസ്സംഗതയോടെ അല്‍പ്പനേരം നോക്കി നിന്ന്. മൂത്ത മകന്‍ സംസാരിച്ചു കൊണ്ടിരുന്നു  .... ഇടയ്ക്ക് ചിരിച്ചു. 
'ഉത്തമാ ... അച്ഛനെ  എടുക്ക്വാ .... നിനക്ക് കാണണ്ടേ ......?
ഒരു കാരണവര്‍ ചോദിച്ചു.  അതിനു മറുപടി പറയാതെ അയാള്‍
മറ്റൊരു ലോകത്തേക്ക് സംസാരിച്ചു കയറി. എല്ലാവര്ക്കും ധൃതി ഉണ്ടായിരുന്നു.  പെട്ടെന്ന് ശവം കുഴിയില്‍ ഇറക്കി. മറ്റുള്ളവര്‍ പിരിഞ്ഞു തുടങ്ങി. ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

"കുഴി മൂടരുത്,............. കുഴി മൂടരുത് "........!

പെട്രോ മാക്സിന്റെ വെളിച്ചത്തിലേക്ക്  ഇരുട്ടില്‍ നിന്ന് ഒരു തകര പ്പാട്ട കൊണ്ട് വന്നു. എല്ലാവരും ആകാംഷയോടെ നോക്കി.
കുടല്‍ മാല ..............!

ചിലര്‍ ഓക്കാനിച്ചു.  ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്  ചാരായം മണക്കുന്ന ഒരു ശബ്ദം പുറത്ത് വന്നു.
'ആ നായീന്റെ മോനോട് പറഞ്ഞതാ, ഇത്തിരി കാശ് കൊടുത്തിരുന്നെങ്കില്‍ ഇത് ആശുപത്രീല്‍ എവിടേലും കളഞ്ഞേനെ ....'
 'ഒരാള്‍ക്ക്‌ രണ്ടു ശവക്കുഴി'.  
കുഴി വെട്ടുന്നവര്‍ തമാശ പോലെ പറഞ്ഞു 
തിരികെ നടക്കുമ്പോള്‍ എന്നില്‍ ഭയം അരിച്ചിറങ്ങിയിരുന്നു. വഴിയരികിലെ വാഴ ക്കൂട്ടത്തില്‍ എന്തോ ശബ്ദങ്ങള്‍ ....  ഞാന്‍ പരതി. 'കൊച്ചാരായന്‍ ആണോ.....?
വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍  ചോദിച്ചു.
'കൊച്ചാരായന്‍, നിങ്ങള്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്...........
  

കാമ മോഹിതം




കഥ 





അതൊരു കടന്നാക്രമണം ആയിരുന്നെങ്കില്‍ ഞാനവന്റെ നെഞ്ച് വെട്ടിപ്പൊളിക്കുമായിരുന്നു. ആ രക്തത്തില്‍ ചവുട്ടി നിന്ന് ഒരു ഉന്മാദിനിയേ പോലെ അട്ടഹസിക്കുമായിരുന്നു. അവന്റെ സ്വകാര്യ മുറി ഒരു നരകമാക്കുമായിരുന്നു. അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഒരു നനുത്ത കാറ്റുപോലെ ,അവന്‍ എന്നില്‍ ആവേശിക്കുകയായിരുന്നു - ഇതാണ് സത്യം . മമ്മാ,  എന്നെ വിശ്വസിക്കൂ........

എന്താണ് സ്ത്രീകള്‍ ഇങ്ങനെ ദുര്‍ബലകളായി പോകുന്നത്.....? എവിടെയും, എന്തിനും ഹരിച്ചും,ഗുണിച്ചും  ഒടുവില്‍ ശിഷ്ടമായി പോകുന്നത്....? ഇതു നമ്മുടെ ജനിതക വൈകല്യമാണോ , അതോ സമൂഹത്തിന്റെ തിമിരക്കാഴ്ചയാണോ.....? മമ്മാ ,  ഒരിക്കല്‍ പോലും  ബെഡ്ഢിനും  പുരുഷനും ഇടയിലല്ലാതെ എനിക്ക് നമ്മളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല . ഒരു പുരുഷന്റെ നെഞ്ചില്‍ കയറിയിരുന്നു അവന്റെ ദുഷിച്ച ഹൃദയം വെട്ടിപ്പൊളിക്കാന്‍ എന്നെങ്കിലും ഒരു സ്ത്രീക്ക് പറ്റുമെന്ന് എനിക്ക് തോന്നിന്നില്ല. അതാണ്‌ ലോകം .

മമ്മയ്ക്കു എപ്പോഴെങ്കിലും സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാനായിട്ടുണ്ടോ. പപ്പയുടെ പറഞ്ഞു തേഞ്ഞ തമാശകളില്‍ ചിരിക്കാനല്ലാതെ, മമ്മ ഒരു തമാശ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പപ്പ പറയുമായിരുന്നു എന്നു പറഞ്ഞല്ലാതെ മമ്മയ്ക്കു സ്വന്തമായി എന്തെങ്കിലും പറയാന്‍ കഴിഞ്ഞിട്ടുണ്ടോ. മമ്മയുടെ ആവര്‍ത്തിച്ചുള്ള  ഭര്‍തൃ വന്ദനം കേട്ട് മടുത്തു , ഒരു ദിവസം ഞാന്‍ മമ്മയോട് കയര്‍ത്തു. അന്നു മമ്മയ്ക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല.  ' പപ്പയുടെ മോള്‍ നീയും എന്നെ തരം താഴ്ത്തി എന്നും പറഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പപ്പയെ പോലെയാണെന്ന് മമ്മയ്ക്കു തോന്നിയതാണ്. മമ്മയുടെ കണ്ണീരിന്റെ വഴിയെ ആണ് ഞാന്‍ നടന്നത്.

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, അയല്‍വക്കത്തെ ഒരു എലുമ്പു പയ്യന്‍ എന്റെ  ഉടുപ്പിന്റെ കൊളുത്തുകള്‍ വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. എന്റെ കൂമ്പി വരുന്ന മുലകള്‍ ആയിരുന്നു അവന്റെ ലക്‌ഷ്യം. മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി കൊല്ലിയില്‍ വീഴുന്നത്  പോലെ അപ്രതീക്ഷിതമായിരുന്നു അവന്റെ ആക്രമണം. മമ്മ അന്നെന്നെ പൊതിരെ തല്ലി. ഞാന്‍ എന്ത് തെറ്റാണ്  ചെയ്തത്. ഞാനൊരിക്കലും തിളിര്‍ത്തു വരുന്ന മാറിലേക്ക്‌ നോക്കി അഭിമാനിച്ചിട്ടില്ല. കണ്ണാടിയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ ഭയമായിരുന്നു അന്നൊക്കെ. എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് എന്റെ മാറില്‍ വളരുന്നത്‌ കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മമ്മാ .... നമ്മള്‍ ദൗര്‍ബല്യങ്ങളുടെ ഒരു കൂടാണ്..... കീഴടങ്ങാന്‍  വിധിക്കപ്പെട്ട മണ്ണാണ് നമ്മുടേത്‌.......... ബലമായി ആരങ്കിലും പിടിച്ചു കിടത്തിയാല്‍ വഴങ്ങി പ്പോകുന്നവരാണ് മമ്മാ , നമ്മളൊക്കെ .

അന്നു ഞാനൊരു തീരുമാനത്തിലെത്തിയതാണ്. ഒരു പുരുഷന്റെ മുമ്പിലും തോല്‍ക്കരുത്‌. അതിനു ശേഷം മമ്മ എന്നെക്കരുതി വേവലാതി പ്പെട്ടു കണ്ടിട്ടില്ല. ടോം ഡോക്ടറുടെ മകന്‍ എനിക്കൊരു പ്രേമ ലേഖനം തന്ന ദിവസം , ഞാനത്  മമ്മയെ കാണിക്കാന്‍ വരുമ്പോള്‍ മമ്മ ഏതോ പെണ്‍ മാസികയും മറിച്ചുകൊണ്ട് അടുക്കള പ്പുറത്തിരിക്കയായിരുന്നു. അത് വായിച്ചിട്ട് പെട്ടെന്നാണ്  മമ്മയുടെ ഹൃദയം ആര്‍ദ്രമായത്. 'പാവം കുട്ടി ' എന്നോ മറ്റോ അമ്മ അവനെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍  എന്നെ ത്തന്നെ ഭയപ്പെട്ടു.. സുതാര്യമായ പുറം തോടുള്ള ഒരു ഹൃദയമായിരുന്നു എന്റേത്.  അത്  തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു  ആ പ്രണയ ലേഖനം .

ആണ്‍ വര്‍ഗവുമായി ഒരു സന്ധിക്കും ഇല്ലെന്നു തീര്‍ച്ച പ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ അരവിന്ദനെ പരിചയപ്പെടുന്നത്.  അയാള്‍ ഒരു പാവം ആയിരുന്നു.  എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സ്വപ്നങ്ങളുടെ ഒടുങ്ങാത്ത കല്‍പ്പടവുകളില്‍ സംസാരിച്ചിരുന്നിട്ടുണ്ട്‌  അന്നൊക്കെമമ്മ യുടെ നോട്ടത്തില്‍ വല്ലാത്തഅര്‍ഥങ്ങള്‍  ഒളിച്ചിരിപ്പുണ്ടെന്ന് തോന്നിയിരുന്നു. ഒരു പാതിരാത്രിയ്ക്കു, ആരോടും പറയാതെ ഇറങ്ങി പ്പോകുമെന്നോ, യാദൃശ്ചികമായി ഞാന്‍ വാഷ് ബെയ്സനിലേക്ക് ശര്‍ ദ്ദിക്കുമെന്നോ ഒക്കെ ഭയക്കുന്ന ഒരു തരം നോട്ടം .മമ്മ പൂന്തോട്ടം നനച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരം ഞാന്‍    മമ്മയെ ഭയപ്പെടുത്താന്‍ വേണ്ടി ഓക്കാനിക്കുന്നതായി അഭിനയിച്ചു.അരവിന്ദനും,ഞാനുംകന്യാ കുമാരിയില്‍ നിന്ന് വന്നതിനു ശേഷമായിരുന്നു അത്. അപ്പോള്‍ മമ്മയുടെ മുഖത്ത് തെളിഞ്ഞു വന്ന 'ദൈന്യത', അതായിരുന്നു മമ്മയുടെ ജീവിതത്തില്‍ മൊത്തത്തില്‍ ഉണ്ടായിരുന്ന ഭാവം.

സൂര്യാസ്തമനം കണ്ടു മടങ്ങുമ്പോള്‍  ഒടുവിലത്തെ ബസ്സും മടങ്ങിയിരുന്നു. ഞങ്ങള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്നു ഞങ്ങള്‍ ഒരു കട്ടിലില്‍ കിടന്നുറങ്ങി.  അയാള്‍ എന്നെ ഒന്ന് ചുംബിക്കുക യെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതി. എന്നെ സുരക്ഷിതമായി പുതപ്പിച്ചു കിടത്തിയിട്ട് അയാള്‍ ബെ ഡ്ഢിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി. ആ യാത്രയുടെ മടക്കത്തിലാണ് ഞാന്‍ അയാളെ സ്നേഹിച്ചു തുടങ്ങിയത്. 

എന്റെ വിവാഹം ഉറപ്പിക്കുന്നത് വരെ ഞാനും അരവിന്ദനും തമ്മില്‍ , മമ്മ ഭയക്കുന്നത് പോലെ ഒന്നും സംഭവിച്ചില്ല  എന്നു പറഞ്ഞപ്പോള്‍  അത്രയും നേരം എല്ലാം കേട്ടിരുന്ന മമ്മ എന്നെ തലയുയര്‍ത്തി നോക്കി. ഒരു ചോദ്യചിഹ്നം പോലെ.  
എന്നിട്ട് .........?
ഇന്നലെ  ഞാന്‍...........,
എന്റെ വിരലില്‍ വിവാഹ മോതിരം അണിയിച്ച ആളിന്റെ  മുമ്പില്‍ ജയിക്കാന്‍  വേണ്ടി..........
ഈ നഗരത്തിലെ ആണുങ്ങളെല്ലാം ചിന്ന വീടുകള്‍ തേടി പോകുന്നവരാണ്. എന്റെ പപ്പയും പോയിട്ടുണ്ടാവണം. എന്റെ പ്രതിശ്രുത വരനെ ചിന്ന വീടുകളിലെ വഴികളില്‍ ഞാന്‍ കണ്ടിട്ടുണ്ട് മമ്മ.
അര്‍ഹത യില്ലാത്തവന് വേണ്ടി ഞാനെന്തിനു ഫ്രെഷ് ആയിരിക്കണം മമ്മ .......?

എനിക്ക് വേണമെങ്കില്‍  അരവിന്ദന്റെ മുറിയില്‍ പോകാതിരി ക്കാമായിരുന്നു. അവന്റെ കിതപ്പില്‍ നിന്ന് ഓടി രക്ഷ പ്പെടാമായിരുന്നു. ' ഏഴാം നിലയിലെ അവന്റെ മുറിയില്‍ നിന്ന് നിരത്തിലേക്ക് തുറക്കുന്ന വാതിലുകള്‍ തുറന്നു കിടന്നിരുന്നു. എനിക്ക് പിന്‍ വാങ്ങണമെന്ന് തോന്നിയില്ല. ഒരു ഹിംസ്ര ജന്തുവിനെ പോലെയല്ല അവന്‍ അടുത്ത് വന്നത്. അവന്‍ എന്റെ വിവാഹ മോതിരം കാണുകയായിരുന്നു.
'നിന്നെ പനിയ്ക്കുന്നുണ്ട്......
എന്റെ വിരലുകള്‍ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു. 
നിന്നെയും'.......... 
അവന്റെ ശ്വാസം അപ്പോള്‍ തിളയ്ക്കുന്നുണ്ടായിരുന്നു.  അത് മെല്ലെ എന്റെ ശരീരത്തില്‍ ഇഴയാന്‍ തുടങ്ങി. വേഴ്ചയുടെ ഒടുവില്‍ വിവാഹ മോതിരം എന്നന്നേക്കുമായി  വലിച്ചെറിയണമെന്നു ആഗ്രഹിച്ചതാണ്‌. ഞാന്‍ അങ്ങനെ ചെയ്തു കളയുമെന്ന് ഭയന്ന് മമ്മ മുറിയുടെ വാതുക്കല്‍ അപ്പോള്‍  നിലയുറപ്പിച്ചിരിക്കാം എന്ന് ഞാന്‍ ശങ്കിച്ചു.

അവന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങുമ്പോള്‍  ഞാന്‍ ഒരു യവന കഥയിലെ നായികയെ പോലെ രണ്ടു കയ്യുകളും ഉയര്‍ത്തി അവനെ വിളിച്ചു.
"എന്റെ ഇഷ്ടങ്ങളുടെയും,സുഖങ്ങളുടെയും തമ്പുരാനേ, ഈ രതി ചക്രത്തില്‍ നിന്ന് എന്നെ സ്വതന്ത്ര യാക്കൂ."....
അപ്പോള്‍ അവന്‍ മടങ്ങി വന്നു ചൂട് വര്‍ഷമായി എന്നില്‍ പെയ്യാന്‍ തുടങ്ങി.

"എല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ"......  എന്നു നിലവിളിച്ചുകൊണ്ട് മമ്മ നിലത്തു കുത്തിയിരുന്നു. 
'എനിക്കൊന്നും സംഭവിച്ചില്ല, മമ്മാ ...... ഞാന്‍ മമ്മയെ ആശ്വസിപ്പിച്ചു.  എന്തെങ്കിലും സംഭവിച്ചൂന്നു പറയാന്‍  ഈ ലോകം ഇടിഞ്ഞു വീഴുകയോ, നമ്മള്‍ അതില്‍ ഇല്ലാതാകുകയോ  ചെയ്യുമ്പോഴല്ലേ ...?
ഇന്നലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പതിവ് പോലെ പക്ഷികള്‍ ചിലയ്ക്കുകയും ,സൂര്യന്‍ മാങ്കോസ്റ്റിന്റെ കൊമ്പില്‍ തൂങ്ങി ക്കിടക്കുകയും ചെയ്തിരുന്നു.

' ഇനി നമ്മള്‍ കാണില്ല'....
വസ്ത്രങ്ങള്‍ എടുത്തണിയുന്നതിനിടയില്‍  അവന്റെ നഗ്നമായ അരക്കെട്ടിലേക്കു തുണി വലിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു.ആ സമയമത്രയും  രതിയുടെ ആരോഹണത്തിന്റെ ഉച്ചസ്ഥായി യില്‍ നിന്ന് അവന്‍ സ്വതന്ത്രനായിരുന്നില്ല. അപ്പോള്‍ ഉടലെടുത്ത സംശയം പൂര്‍ണ്ണമായി ശരിയാവുകയായിരുന്നു.
'നീ മരുന്നടിച്ചിട്ടുണ്ടോ ' ................? 
ചിന്നവീട്ടിലെ പതിവുകാരെ പോലെ അവന്‍ നിര്‍ലജ്ജം ചിരിക്കുന്നത്കണ്ടപ്പോള്‍ ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഓരോ തവണയും ശബ്ദം ഞാനറിയാതെ കൂടുതല്‍ ആര്‍ദ്രമായി ക്കൊണ്ടിരുന്നു
അവന്‍ എന്നെ  കിടക്കയിലേക്ക്  വലിച്ചടുപ്പിച്ചിട്ടു പറഞ്ഞു ; ഡിയര്‍, എല്ലാം മറക്കാം , ഞാന്‍ നിനക്ക് വിവാഹ സമ്മാനമായി എന്തു തരണം.
അവന്റെ നിഷ്കളങ്കത യോര്‍ത്തു അപ്പോള്‍  എല്ലാം മറന്നു.ഞാനവനെ ഗാഡമായി ചുംബിച്ചു. 
'എനിക്ക്, നീ എന്തു തരും.....?
'എന്തും........
'നീയാണ് എന്നെ കൂടുതല്‍ സ്നേഹിച്ചത്..... നീയാണ് എന്നെ ആനന്ദത്തിന്റെ ചക്രവാളത്തോളം കൊണ്ടുപോയത് ......'
അവന്റെ ഉദ്ദാരണം നിലയ്ക്കാത്ത ലിംഗ ത്തിലേക്ക് ചൂണ്ടി ഞാന്‍ ചോദിച്ചു.,
'അതെനിക്ക് തരുമോ'.................?
'നിന്റെ ഓര്‍മയ്ക്ക്' ..... 
അവന്‍ വീണ്ടും  നഗ്നനായി  . ഞാന്‍  അവന്റെ ലിംഗം അറുത്തെടുത്തു  പുറത്ത് കടക്കുമ്പോള്‍ കൈ വീശി അവന്‍ എനിക്ക് ആശംസകള്‍ നേര്‍ന്നു.
പറയൂ ...മമ്മ,  ഞാന്‍ തെറ്റുകാരിയാണോ....?  ആണെങ്കില്‍  പാപം ചെയ്യാത്ത ആരെങ്കിലും എന്നെ കല്ലെറിയട്ടെ ............................!







ഗ്രാമത്തിലെ എന്റെ വീട്







ബസ്സ്‌ , ചെങ്കുത്തായ കയറ്റം നിരങ്ങി ക്കയറി  നിരപ്പിലെ സ്റ്റോപ്പില്‍ നിന്നു. ഡ്രൈവറും ,മറ്റു യാത്ര ക്കാരും തൊട്ടടുത്ത ചായ ക്കടയിലേക്ക് കയറി. അവര്‍ തനിച്ചായി. പോക്കുവെയില്‍ , ആകാശം മുട്ടി നില്‍ക്കുന്ന പുല്‍മേടുകളില്‍ മഞ്ഞ ച്ചായം പുരട്ടിയിരുന്നു. തണുത്ത കാറ്റു വീശി ത്തുടങ്ങി. ബോട്ടിലില്‍ അവശേഷിക്കുന്ന വെള്ളം എടുത്തുയര്‍ത്തി ,അയാള്‍ ചോദിച്ചു- 'നഗരത്തിന്റെ ഒടുവിലത്തെ രുചിയും അവസാനിക്കാന്‍ പോകുന്നു. വേണോ..............?

പാതി മയക്കത്തില്‍ അയാളുടെ തോളില്‍ നിന്നു തല ഉയര്‍ത്താതെ സോഫി പറഞ്ഞു -' വേണ്ട '.

റീഗല്‍ റെസ്റ്റോറന്റിലെ തന്തൂരി ചിക്കന്റെ കരിഞ്ഞതും, പിന്നാമ്പുറത്തെ സദാ പൊട്ടിയൊലിക്കുന്ന ഓടയുടെ രൂക്ഷ ഗന്ധവും വെള്ളക്കുപ്പിയെ വലയം ചെയ്തിരിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. അത് വെറും തോന്നലാണെന്ന നിഗമനത്തില്‍ വൈകാതെ എത്തിച്ചേരുകയും ചെയ്തു. കാരണം, റീഗല്‍ റ സ്റ്റോറന്റിനോടും,അതിന്റെ മീതെ ഒച്ചയുണ്ടാക്കാത്തതും, നഗരത്തിലെ മുന്തിയ നിലയില്‍ കഴിയുന്നവര്‍ മാത്രം താമസിക്കുന്നതുമായ  ഫ്ലാറ്റും വിട്ടു പോന്നിട്ട് ദിവസങ്ങളായി.

'സോഫിയാ ------'
 അയാള്‍ ശബ്ദം താഴ്ത്തി വിളിച്ചു. അര്‍ദ്ധ ബോധാവസ്ഥയില്‍ അവള്‍ മൂളി.
'നമ്മള്‍ ഇന്നലെ ഈ നേരത്ത് എവിടെയായിരുന്നെന്ന്  ഓര്‍മ്മയുണ്ടോ.............?
 'എവിടെയോ...........' അവള്‍ അവ്യക്തമായി പറഞ്ഞു.
യോഗീ ............, നാളയെ ക്കുറിച്ച് ഞാന്‍ പറയാം.
ഉം.
"നമ്മുടെ ഗ്രാമത്തില്‍ ..............."
നിര തെറ്റിയ കുറെ ഓര്‍മ്മകള്‍ സൃഷ്ടിക്കുകയായിരുന്നില്ലേ ഈ യാത്ര.......? ഒരിടത്ത് നിന്നു മറ്റൊരിടത്തെക്കെന്നു പറയാന്‍ പറ്റാത്ത  യാത്രയായിരുന്നു. ഇടെയ്ക്കെപ്പോഴോ അറിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു.വിജനമായ ഗ്രാമ പ്രദേശം. ഇറങ്ങി നടന്നു.അന്തരീക്ഷത്തിലെ ഒച്ചയും അനക്കവുമെല്ലാം സൂര്യതാപത്തില്‍ ഉരുകിയൊലിച്ചു പോയി. ഉഴുതു  മറിച്ച ചെമ്മണ്‍ കട്ടകള്‍ ചവുട്ടിയിടിച്ചു കൊണ്ട് നടന്നു. 
ഭായ് സാബ് ........ നിങ്ങള്‍ എങ്ങോട്ട് പോകുന്നു...........?
പിന്നില്‍ നിന്നു രത്തന്‍ ചോദിച്ചു.
'ഇനിയങ്ങോട്ട് വയലുകളാണ്. വീടോ മനുഷ്യരോ ഇല്ല' .
'രത്തന്‍ നല്ലവനാണ്..... '  അവന്‍ നമ്മളെ ആതിഥ്യം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. - സോഫി പറഞ്ഞു.
'എനിക്കും അങ്ങനെ ജീവിക്കാന്‍ കൊതിയാവുന്നു യോഗി, മൃഗങ്ങളെയും, ചെടികളെയും   പേരു വിളിച്ച്..........!
അവന്റെ 'ബേട്ടി' എന്ന പൂച്ചക്കുട്ടിയെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു.......
ബസ്സ്‌ നീങ്ങി ത്തുടങ്ങി. യാത്രക്കാര്‍ കുറഞ്ഞു കൊണ്ടിരുന്നു. ഉണ്ടായിരുന്നവര്‍ ആരും സംസാരിച്ചില്ല.ഓരോ ലോകം തീര്‍ത്ത് അതിനുള്ളിലേക്ക്‌ ഉള്‍വലിഞ്ഞു. ഒടിഞ്ഞു മടങ്ങിയ തേയില തോട്ടങ്ങളിലേക്ക് ഇരുട്ട് അരിച്ചിറങ്ങി. ഒടുവില്‍ കാഴ്ച , വാഹനത്തിന്റെ ഇത്തിരി വെട്ടത്തില്‍ പരിമിത പ്പെട്ടു.




'സോഫീ , ഞാന്‍ നഗരം മടുത്തു, ഗ്രാമത്തിലേക്ക് മടങ്ങിയാലോ എന്നാലോചിക്കുവാ '-- കഴുത്തില്‍ മുറുകി ക്കിടന്ന റ്റൈ അയച്ചിട്ടുകൊണ്ട് യോഗി പറഞ്ഞു..
'നിനക്ക് ഭ്രാന്താണ്.  മോശമല്ലാത്ത ജോലിയും ,ആഡംബര ഫ്ലാറ്റുമൊക്കെ കളഞ്ഞു നീ എങ്ങോട്ട് പോകുന്നു. റസ്റ്റോറന്റിലെ  മഞ്ഞ മുളകള്‍ക്ക് ചുവട്ടില്‍ ചൂട് ചായ ഒരു സിപ്പ് ഇറക്കി കൊണ്ട് അവള്‍ ക്ഷോഭിച്ചു. പിരിഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കു തോന്നി, യോഗി പറഞ്ഞതാണ് ശരി. നഗരം വെട്ടി പ്പിടിക്കുന്നവരുടെ ലോകമാണ്.ഊരിപ്പിടിച്ച വാളുമായി നഗര കവാടം കടന്നു വന്ന എത്ര പേര്‍. ആദ്യ നാളുകളില്‍ എന്തൊരു ഉന്മാദമാണ് ആളുകള്‍ക്ക്. ഒരു തരം ബലാല്‍ക്കാരത്തിന്റെ ആര്‍ത്തിയും ത്രസിപ്പും.ഒടുവില്‍ അവര്‍ തന്നെ നഗരത്തിന്റെ ഇര യാവുന്നു. ഒരിക്കലും പൈ അടങ്ങാത്ത ഒരു ക്രൂര ജന്തുവാണ് നഗരം. ഓരോ പ്രഭാതത്തിലും ആരോ കീ കൊടുത്തു വിടുന്ന കുറെ പാവകളാണ്  നഗര വാസികള്‍ - അടുത്ത കാലത്തെ പ്പോഴോ വായിച്ച ഒരു കവിത അവള്‍ ഓര്‍ത്തു.

എട്ടു മണിയുടെ സൈറന്‍ മുഴങ്ങിയില്ലെങ്കില്‍ നഗരം സ്തംഭിച്ചു പോകും. കുറച്ചു കാലം മുമ്പ് ഒരു സമരം നടന്നു.പ്രായവും, നിലയും നോക്കാതെ നഗരവാസികളെല്ലാം അതില്‍ പങ്കെടുത്തു. കോര്‍പ്പ റേഷന് മുമ്പില്‍ സത്യഗ്രഹമിരുന്നു.
"സൈറന്‍  പുന : സ്ഥാപിക്കുക",
"ജീവിതം തിരിച്ചു നല്‍കുക "...........
പിന്നീട് സമരത്തിന്റെ സംപ്രേക്ഷണം കണ്ടപ്പോള്‍ അതില്‍ കുട്ടികള്‍ വരെ പങ്കെടുത്തിരുന്നതായി കണ്ടു. സത്യത്തില്‍ എട്ടിന്റെ സൈറന്‍ ആണ് നഗരത്തെ നിലനിര്‍ത്തി യിരുന്നത്. അതില്ലെങ്കില്‍ നഗരം ഉണരില്ല, ഓഫീസുകള്‍ തുറക്കില്ല, സ്കൂള്‍ ബസ്സുകള്‍ വരില്ല.
'യോഗീ, ....  നീയെന്താണാലോചിക്കുന്നത്.......?
'ഞാന്‍ മുത്തശ്ശനെ  ക്കുറിച്ചു  ഓര്‍ക്കുവാരുന്നു'.
നമ്മള്‍ റസ്റ്റോറന്റില്‍ വച്ച് കണ്ട അന്ന് രാത്രി . മുത്തശ്ശന്‍ എന്റെ മുറീല്‍ വന്നു. എന്നെ മുഴുവന്‍ പേര് ചൊല്ലി വിളിച്ചു.
' യോഗീശ്വരാ '...........
'നിനക്ക് ഞാനൊന്നും തന്നില്ല, എന്നും പറഞ്ഞു എന്റെ വിയര്‍ത്ത നെറ്റിയില്‍ തലോടി.നമ്മുടെ തൊടീടെ തെക്കേ അതിരില്‍ ഒരു നാട്ടു മാവ് നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ ഒരു പിച്ചള ചുറ്റുള്ള പെട്ടി കുഴിചിട്ടിട്ടുണ്ട്. എന്റെ സമ്പാദ്യമെല്ലാം അതിലുണ്ട്. '
ഞാന്‍ ഞെട്ടിയുണര്‍ന്നു ലൈറ്റിട്ടു. എല്ലാം സ്വപ്നമായിരുന്നെന്നു ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷെ എന്റെ ബെഡ്ഡില്‍ മുത്തശ്ശന്റെ ചന്തിപ്പാട് ഒടിഞ്ഞു കിടപ്പുണ്ടായിരുന്നു.
അവള്‍ ബാഗില്‍ നിന്നൊരു മഞ്ഞ മഫ്ലയര്‍ എടുത്തു തല മൂടി .
നീ എപ്പോഴെങ്കിലും മുത്തശ്ശനെ കണ്ടിട്ടുണ്ടോ...........? അവള്‍ അലസമായി ചോദിച്ചു.
നേരിയ ഓര്‍മ്മ. പുറത്തെ മഞ്ഞിന്‍ പാളികള്‍ അയാളുടെ മുഖത്തേക്ക് പടര്‍ന്നു.  അച്ഛന്റെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങിയപ്പോള്‍   കയറ്റു കട്ടിലില്‍ മുത്തശ്ശന്‍ ഉണ്ടായിരുന്നു. ചുളിവു വീണ മുഖത്ത് കണ്ണീരിന്റെ ഈര്‍പ്പം പറ്റി നിന്നിരുന്നു.   അച്ഛന്‍ തല ചെരിച്ചു നോക്കി. മുത്തച്ഛനപ്പോള്‍ ഒരു പ്രതിമ പോലെ ദൂരെയ്ക്കെവിടെയ്ക്കോ നോക്കി യിരുന്നു.
ഒരു യാത്രയുടെ ഉത്സാഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ചെളി വെള്ളം കെട്ടി നില്‍ക്കുന്ന തെരുവും,ചെറിയ ഇടവേളകളില്‍ അലറി വിളിച്ചു പോകുന്ന തീവണ്ടികളും എന്നെ പെട്ടെന്ന് വെറുപ്പിച്ചു തുടങ്ങി.
നീ കഥ പറയാന്‍ പോവ്വാ ..........?
ഇല്ല , വെറുതെ ഓരോന്ന്...........
പട്ടണത്തില്‍ നിര്‍ത്താതെ മഴ പെയ്തിരുന്ന ഒരു കാലത്താണ് അച്ഛന്‍ മരിക്കുന്നത്.. നാലഞ്ചു ദിവസമായീ ഇടതടവില്ലാത്ത മഴ. വീട്ടിലേക്കുള്ള ഗോവണി യുടെ  അടിപ്പടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ജനാലകള്‍ തുറന്നാല്‍ കാണുന്ന വിശാലമായ മൈതാനം ഒരു കായലായി മാറി ആളുകള്‍ തുഴഞ്ഞും, നീന്തിയും രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ മൈതാനക്കാഴ്ച്ചകളില്‍ ആയിരുന്നു.
അച്ഛന്റെ ശരീരവും എടുത്തുകൊണ്ടു ആരൊക്കെയോ മഴയിലേക്കിറങ്ങി.
മോന്‍ വരേണ്ട ..... ഞങ്ങളൊക്കെ യുണ്ട്..... ............
ആരോ എന്നെ മഴ വിലക്കി.
അന്ന് രാത്രി മുത്തച്ഛന്‍ വന്നിരുന്നു.'വരുന്നില്ലേ .......? ഇനിയെന്താ ഇവിടെ കാര്യം.......?
ഒരു കാവി മുണ്ടാണ് ഉടുത്തിരുന്നത്. തോളില്‍ ഒരു ചുവന്ന ഈരെഴയന്‍ തോര്‍ത്ത് തോളിലൂടെ ഇട്ടിരുന്നു.
ബസ്സ് , ഒടുവിലത്തെ സ്റ്റോപ്പില്‍ എത്തിയത് അറിഞ്ഞില്ല.ജോലിക്കാര്‍ വേഗത്തില്‍  ഷട്ടറുകള്‍ താഴ്ത്തി ഉറങ്ങാന്‍ ധൃതി കൂട്ടി. അവര്‍ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.വഴിയരികിലെ കൊച്ചു കൊച്ചു കടകള്‍ പാറക്കെട്ടുകള്‍ പോലെ കറുത്തു പുകഞ്ഞു.
'ഞാനോര്‍ക്കുകയായിരുന്നു, യാത്ര തുടങ്ങിയപ്പോ, എത്രയാളുകള്‍, എന്താരുന്നു തിരക്ക്' ......! സോഫി ആരോടെന്നില്ലാതെ പറഞ്ഞു.
വഴി നേര്‍ത്തു ഒറ്റയടി പ്പാതയായി  ഒടുവില്‍ ഒരു മണ്‍തിട്ടയില്‍ അവസാനിച്ചു. ഉയരങ്ങളിലേക്കുള്ള കുത്തുകല്ലുകള്‍ കയറുന്നതിനിടയില്‍ സോഫി മൊബൈല്‍ ഫോണെടുത്തു.
'മമ്മയെ ഒന്ന് വിളിച്ചാലോ   ........?
നഗരത്തിന്റെ പരിധി എപ്പഴേ കഴിഞ്ഞു., നമ്മളിപ്പോള്‍ ഗ്രാമത്തിന്റെ കൈകളിലാണ്." - ഒരു  തമാശ പോലെ യോഗി പ്രതിവചിച്ചു.





അപ്പോഴേക്കും അവര്‍ ഒരു കുന്നിന്‍ നെറുകയില്‍ എത്തിയിരുന്നു. ഒടുവിലത്തെ തുലാമഴ നക്കിയെടുത്ത കുഴികള്‍ കയറിയിറങ്ങി  അവര്‍ നിശബ്ദമായി നടന്നു. പെട്ടെന്ന് , താഴ്വാരയിലെ മരങ്ങളെ കാറ്റ് വട്ടം കറക്കുന്ന ഒച്ചയിലേക്ക് അവള്‍ മൊബൈല്‍ വലിച്ചെറിഞ്ഞു.
'നീയുള്ളപ്പോള്‍ എനിക്കെന്തിനാ ഫോണ്‍.'
യോഗി, അവളുടെ കഴുത്തിലൂടെ കരങ്ങള്‍ കോര്‍ത്തിട്ടു കൊണ്ട് പറഞ്ഞു.-" ഈ നിലാവത്ത് നീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു." അവള്‍ അയാളുടെ കവിളില്‍ ചുംബിച്ചു.
നിലാവിന് ഇത്രയും മധുരമുണ്ടെന്നു ഞാനറിഞ്ഞില്ല - യോഗീ.
പെട്ടെന്ന് അവള്‍ നിശബ്ദയായി. വിദൂരതയില്‍ ഒരു  താഴ്വരയില്‍ അജ്ഞാതമായ ഒരു നഗരം വെള്ളി പ്രഭ തൂകി നിന്നു. അല്‍പ്പ നേരം അവള്‍ അതില്‍ ആകൃഷ്ട യായത്‌ പോലെ യോഗിക്ക് തോന്നി.
നഗരത്തിലേക്ക് മടങ്ങണമെന്നു തോന്നുന്നുണ്ടോ............?
ഇല്ല ,ഞാനതല്ല ചിന്തിച്ചത്. എല്ലാ നഗരവും ഒരുപോലെയാണ്, കത്തി ജ്വലിക്കുന്ന വിളക്കുകളും,തിക്കി ത്തിരക്കുന്ന തെരുവുകളും.
യോഗീ,  ആ നഗരത്തിലും നമ്മളെ പോലെ രണ്ടു പേരുണ്ടാവും.............  അല്ലെ ?
'അറിയില്ല'
'എന്നാല്‍ ഉണ്ട് '. നഗരത്തില്‍ നിന്നു രക്ഷപ്പെടാന്‍ കൊതിക്കുന്ന   രണ്ടു പേര്‍.
യോഗി സോഫിയെ എതിര്‍ക്കാനോ, അനുകൂലിക്കാനോ ശ്രമിച്ചില്ല.
അവള്‍ താഴ്വരയിലേക്ക് നീട്ടി വിളിച്ചു. "സ്വാതന്ത്ര്യ മോഹികളെ, രക്ഷയുടെ വഴി ഇതിലെ...
വിഷ്  യു ആള്‍ ദ ബെസ്റ്റ്. ആന്‍ഡ്‌ ഹാപ്പി ജേര്‍ണി ."
പൊന്തകളില്‍ നിന്നു നായകള്‍ , നിശബ്ദതയെ ഭേദിച്ചതിനു പ്രതികരിച്ചു.
സോഫി., ദാ......... ...ആ താഴ്വരയിലേക്ക് നോക്കൂ. ...
"അതാണ്‌ നമ്മുടെ മണ്ണ്."
തൊടിയിലെ ,വന്‍ മരങ്ങള്‍ ജനുവരി ക്കാറ്റില്‍ ഇളകി .  ഒരു കറുത്ത സ്മാരകം പോലെ ഇടിഞ്ഞു പൊളിഞ്ഞ വീട് മരവിച്ചു നിന്നു.അവരുടെ കാഴ്ചകളെ മറച്ചു കൊണ്ട് മൂടല്‍ മഞ്ഞു പറന്നു നടന്നു.
യോഗീ, ഭൂമി ഇവിടെ അവസാനിക്കയാണോ.............? എനിക്കങ്ങനെ ഫീല്‍ ചെയ്യുന്നു.
ആ തമാശയില്‍  പങ്കു ചേരാതെ അയാള്‍ മണ്‍ തിട്ടയിലൂടെ താഴേക്കു കാലുകളൂന്നി.  തൊടിയിലെ കരിയിലകള്‍  മഞ്ഞില്‍ പൂണ്ടു  നിശബ്ദത പാലിച്ചു. ഇരുട്ടില്‍ നിന്നു പെട്ടെന്ന് ആരോ ചോദിച്ചു.
ആരാദ് .........?  ഇരുട്ടില്‍ നിന്നു ഒരു കറുത്ത രൂപം അവരുടെ മുമ്പിലേക്ക് ഇറങ്ങിവന്നു. കൂനു പിടിച്ചു പോയ ശരീരം തെല്ല് ഉയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് , തിരി നീട്ടി ക്കത്തിച്ച ഓട്ടു വിളക്കിന്റെ  അരണ്ട വെളിച്ചത്തില്‍ ഒരു വൃദ്ധന്‍  ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. കുഴിയിലേക്ക് ഇറങ്ങി പ്പോയ കണ്ണുകളില്‍ ഇരുട്ട് കട്ട പിടിച്ചു കിടന്നു.
'പോണതിനു മുമ്പ്  ഇത്തിരി വെള്ളം ദേഹത്തൂറ്റുവാര്‍ന്നു' .
അവരെ ഉമ്മറ ത്തേക്ക് വിളക്കു കാണിച്ചിട്ട് വൃദ്ധന്‍ വീണ്ടും കിണറ്റു കരയിലേക്ക് മടങ്ങി. ചുവരുകള്‍ക്ക് മീതെ തുറന്ന ആകാശമായി കിടന്ന വീടിന്റെ ഉമ്മറ ത്തിരുന്നു സോഫി ശബ്ദം താഴ്ത്തി ചോദിച്ചു, 'ഇത് തന്നെയാണോ യോഗി ,നീ പറഞ്ഞ വീട്.'
യോഗി എന്തെങ്കിലും പറയുന്നതിന് മുമ്പ് വൃദ്ധന്‍ ഈറനോടെ മടങ്ങി വന്നു. മടിക്കുത്തില്‍ തിരുകിയിരുന്ന താക്കോല്‍ ക്കൂട്ടം അയാളെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു, 'വാതിലുകളെ നഷ്ട പ്പെട്ടിട്ടുള്ളൂ'.
തൊടിയില്‍ അടയ്ക്കാ മരമുണ്ട്,ഓലയുണ്ട് , നിങ്ങള്‍ക്കിഷ്ടമുള്ള പോലെ വീടും ,വാതിലുകളും പണിതു കൊള്ളൂ. ഒരു തണുത്ത ഗ്രഹംപോലെ യോഗി  താക്കോല്‍ കൂട്ടം കയ്യില്‍ താങ്ങി.
വൃദ്ധന്‍ അകത്തേക്ക്  നോക്കി വിളിച്ചു, മോനെ ............
ചുവരുകള്‍ക്കിടയില്‍ നിന്നു,പൊട്ടി പ്പൊളിഞ്ഞവാതിലുകള്‍ തള്ളി നീക്കി  ആരോ ഇറങ്ങി വന്നു.അയാള്‍ ഇരുട്ടിന്റെ കനമുള്ള കവചം ധരിച്ചിരുന്നു .രണ്ടു പേരും നിശബ്ദമായി കല്‍ പ്പടവുകള്‍ ഇറങ്ങി പ്പോയി.
രാത്രിയില്‍ മലങ്കാറ്റ്‌  മഹാവൃക്ഷ ങ്ങളെ അമ്മാനമാട്ടി. അടയ്ക്കാ മരങ്ങളെ ഉഴുതു മറിച്ചു.യോഗിയുടെ  രോമാവൃതമായ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു കൊണ്ട് സോഫി ചോദിച്ചു. 
'യോഗീ, നിനക്ക് പേടിയാവുന്നുണ്ടോ.............?
അയാള്‍ സാന്ദ്രമായി മൊഴിഞ്ഞു , 'എന്തിനു , ഇത് നമ്മുടെ മണ്ണല്ലേ '.......................

വെയില്‍പ്പാടം



കഥ 








നിങ്ങള്‍ എങ്ങനെ മരിക്കാനാണ് ഉദ്ദേശിക്കുന്നത് .............. ?
മുന്‍ നിരയിലിരുന്ന വൃദ്ധനോട് പ്രൊഫസ്സര്‍ മൃത്യുഞ്ജയന്‍  ചോദിച്ചു.

എനിക്കറിയില്ല സര്‍ , പക്ഷെ എനിക്ക്  മരിച്ചേ  പറ്റൂ.

അപ്പോള്‍ പ്രൊഫെസ്സര്‍ ലക്ചര്‍ സ്റ്റാന്റിലേക്ക്‌ കയറി  ഹാളില്‍ നിന്നവരോടായി പറഞ്ഞു.' ഒരു ലക്ഷ്യമില്ലാത്തതാണ്  നമ്മുടെയെല്ലാം പ്രശ്നം . നിങ്ങള്‍ നോക്കുക,  ഇര തേടി പ്പോകുന്ന ഒരു പക്ഷിക്ക് പോലും  അകലെയുള്ള ഏതെങ്കിലുമൊരു വൃക്ഷത്തിലെ കനി എന്ന ലക്ഷ്യമുണ്ട്. ഞാനൊന്ന് പറയാം , ആത്മഹത്യ കൊതിച്ചിട്ട്  ആരും പിന്നെ ജീവിതത്തിനു കീഴടങ്ങരുത്. ഇത് ധീരന്മാര്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്.

'ആര്‍ക്കു വേണം തൊണ്ണൂറു വയസ്സുവരെ കിട്ടുന്ന ജീവിതത്തിന്റെ ഔദാര്യം', ഫൂ .......... 

പിന്നില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ തറയിലേക്കു കാര്‍ക്കിച്ചു തുപ്പി. അയാളെ പ്രൊഫസ്സര്‍  സ്റ്റേജി ലേക്ക്  ആനയിച്ചു കൊണ്ട് മറ്റുള്ളവരോട് പറഞ്ഞു. - 'ഇയാളാകട്ടെ നമ്മുടെ അധ്യക്ഷന്‍ .

എന്താണ് പേര് ...........? പ്രൊഫെസ്സര്‍ ചോദിച്ചു.
ചിരഞ്ജീവി .
ശ്രീ ചിരഞ്ജീവിയുടെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ആത്മഹത്യയുടെ വിവിധ വശങ്ങളെ ക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പറഞ്ഞു തരാം. പ്രോഫസ്സര്‍ സ്റ്റേജില്‍ ഒരിടത്ത് ഉപവിഷ്ടനായി.

പ്രിയപ്പെട്ടവരേ,
ഈ മഹാ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുകളില്‍ നാമെത്തിയത്തിനു പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ട്. ഞാനെന്നെ ക്കുറിച്ച് പറയാം. ഞാനൊരു കടുത്ത പാരമ്പര്യ വിരോധിയാണ്‌. നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഭൂ സ്വത്ത് , വര്‍ഷങ്ങളായി വെളിച്ചം കാണാതെ , ഈര്‍പ്പം മണക്കുന്ന നോട്ടു കെട്ടുകള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു തടിയലമാരയുള്ള മുറിയിലാണ് ഞാന്‍ സ്ഥിരമായി ഉറങ്ങുന്നത്. ജീവിതത്തെ എങ്ങനെ വെറുക്കാം എന്നെന്നെ പഠിപ്പിച്ചത് എലികളാണ്.അവര്‍ക്ക് വേണ്ടി അലമാരകള്‍ തുറന്നിട്ട രാത്രി കളുണ്ട്. എലികള്‍ നോട്ടുകളിലേക്കു ശ്രദ്ധിച്ചേ ഇല്ല. അവര്‍ക്ക് കമ്പം മേശപ്പുറത്തു ഞാന്‍ എഴുതി തുടങ്ങിയ ജീവിത ക്കുറിപ്പുകള്‍ ആയിരുന്നു. ഞാനങ്ങനെ പാരമ്പര്യത്തെ വെറുത്തു തുടങ്ങി. തല മുറകളായി  ഞങ്ങളുടെ ജാതകങ്ങള്‍ വെറും പകര്‍പ്പു കളായിരുന്നു . പേരില്‍ മാത്രമായിരുന്നു നേരിയ വ്യത്യാസം. അത് തിരുത്താന്‍ കൂടിയാണ് ഞാനിവിടെ എത്തിയത്. വരും തലമുറ എന്റെ ജാതകം മാത്രം ഇനി കൌതുകത്തോടെ വായിക്കും.- നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.....
ചെറുപ്പക്കാരന്‍ വാക്കുകള്‍ ഉപസംഹരിച്ചപ്പോള്‍  ആളുകള്‍ കയ്യടിച്ചു. പ്രോഫസ്സര്‍ എഴുന്നേറ്റു  ചെന്ന്  പുറത്തേക്കുള്ള വലിയൊരു ജനാല തുറന്നു കൊണ്ട് പറഞ്ഞു.  ഈ ജാലകത്തിലൂടെ നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കും. പുറത്ത് കണ്ണെത്താത്ത വെയില്‍ പാടം ജ്വലിച്ചു നിന്നു . ഇതിനു മുമ്പ് ഇത്രയും സൌന്ദര്യം വെയില്‍ പ്പാടങ്ങള്‍ക്ക് ഇല്ലായിരുന്നെന്ന് പലര്‍ക്കും അപ്പോള്‍ തോന്നി.
ഒന്നാമാനാകാന്‍ ആളുകള്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍  പ്രൊഫസ്സര്‍ പറഞ്ഞു.' നമ്മള്‍ ചരിത്രത്തെ സൂക്ഷിക്കണം. മരിക്കുക എന്ന വാക്ക് ഞാന്‍ ഇവിടെ ഒഴിവാക്കുകയാണ്.. ജീവിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ ത്തിലുള്ള മരണം. നാം സ്വതന്ത്രരാവുകയാണ്. സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഇഷ്ടമല്ലേ......... ?
അതെ, എന്ന് ഏക സ്വരത്തില്‍ മറുപടി വന്നു.
 ഓരോ വെള്ള കടലാസ് നല്‍കിയിട്ട്  എല്ലാവരോടും സ്വന്തം ആത്മകഥാ ക്കുറിപ്പ്‌ എഴുതാന്‍ പ്രൊഫെസ്സര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍  മറ്റുള്ളവര്‍ നമ്മുടെ  ജീവചരിത്ര ത്തില്‍  വെള്ളം  ചേര്‍ക്കും.
അദ്ദേഹം പറഞ്ഞു.
ആളുകള്‍ ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയപ്പോള്‍  അയാള്‍ ഒരു എക്സാമിന റെ പോലെ അവര്‍ക്കിടയിലൂടെ നടന്നു.  ഇടയ്ക്ക് ഒരു വൃദ്ധ ദമ്പതികളുടെ കുറിപ്പ് പ്രൊഫസര്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ക്ക് നാല് മക്കളാനുള്ളത്.  എല്ലാവരെയും നന്നായി പഠിപ്പിച്ചു, മുന്തിയ തറവാടുകളില്‍ നിന്ന് വിവാഹം കഴിപ്പിച്ചു. എല്ലാ സമ്പാദ്യവും തുല്യമായി വീതിച്ചു കൊടുത്തു. എന്ത് സന്തോഷമായിരുന്നു അപ്പോള്‍ അവര്‍ക്ക്. ഒടുവില്‍ ഞാനും , ഭാര്യയും ഒരു കൊച്ചു വീടും അവശേഷിച്ചു. ഒരു ദിവസം പ്രഭാതത്തില്‍ കെട്ടും, കിടക്കയുമായി ആരൊക്കെയോ വന്നു. ഞങ്ങളോട് മാറി ത്തരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എങ്ങോട്ട് പോകും.........?ഞാനും, ഭാര്യയും മുഖത്തോടു മുഖം നോക്കി. 
പ്രൊഫസര്‍ കുറിപ്പില്‍ ചില തിരുത്തലുകള്‍ നടത്തി. ഞാന്‍ എന്റെ ആശങ്കകള്‍ നാല് മക്കള്‍ക്കായി പങ്കു വച്ച്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി എന്ന് തിരുത്തി വായിച്ചു.

എഴുതി തീര്‍ന്ന പേപ്പറുകള്‍ ഓരോന്നായി മറിച്ചു നോക്കിയിട്ട് പ്രൊഫസര്‍ കറുത്ത കോട്ടിനുള്ളില്‍ തിരുകി. 'ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക .'
ഹാള്‍ നിശബ്ദമായി. ഞാന്‍ നിങ്ങളുടെ ഗുരുവാണ്. ഞാന്‍ കാണിച്ചു തരുന്ന പോലെ നിങ്ങള്‍ അനുസരിക്കണം . ഓര്‍ക്കുക ഗുരു നിന്ദ ദോഷമാണ്. ആളുകള്‍ ഒറ്റ വരിയായി.പ്രൊഫസര്‍ മൃത്യുഞ്ജയന്‍ ജനാല പ്പടികളിലേക്ക് കയറി. കൈകള്‍ ചിറകുകള്‍ പോലെ നിവര്‍ത്തിപ്പിടിച്ചു. ശ്വാസം ശരീരത്തില്‍ ഒതുക്കി നിര്‍ത്തി.പതുക്കെ വെയില്‍ പ്പാടത്തേക്ക്  കുതിച്ചു. ഒരു ദേശാടന ക്കിളികളുടെ പറ്റം പോലെ അവര്‍ഓരോരുത്തരായി  വെയില്‍ പ്പാട  ത്തേക്ക്  കൂപ്പു കുത്തി.