Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഒരിടത്തൊരു ചട്ടമ്പി ഉണ്ടായിരുന്നു .......




ഇത്  മേപ്പുരയിടത്തില്‍  ഭാസ്ക്കരന്‍ .
എന്റെ ബാപ്പയുടെ സുഹൃത്തായിരുന്നു .  വളരെ നാളുകള്‍ക്കു ശേഷം യാദൃശ്ചികമായി കണ്ടു മുട്ടി  യതാണ് . കണ്ണുകളിലേക്കു നോക്കി കുറേ  നേരം  നിന്നു . എന്റെ ബാല്യം വായിച്ചെടുക്കുക യായിരുന്നു വെന്ന് ഞാന്‍ ഊഹിച്ചു . ഒരു നേര്‍ത്ത ചിരി കൊണ്ട് അമ്പതു വര്‍ഷത്തിനു പിന്നിലേക്ക്‌ 
എന്നെ കൂട്ടിക്കൊണ്ടു പോയി . എനിക്ക് ഇങ്ങനെ ഒരാളെ ക്കുറിച്ച് ബാപ്പ പറഞ്ഞ അറിവേയുള്ളൂ.

"അന്നൊക്കെ  ഞാനൊരു ചട്ടമ്പിയായിരുന്നു "....

മുഖവുരയില്ലാതെ അയാള്‍ പറഞ്ഞു. നാട്ടിലെ ചട്ടമ്പികളെ ക്കുറിച്ചു ബാപ്പ പറയുന്നത് ഞാനും കുറച്ചൊക്കെ കേട്ടിട്ടുണ്ട്. ഭാസ്ക്കരനെ കൂടാതെ മാലിയ്ക്കല്‍  വാസു, പിന്നെ പേരറിയാത്ത വേറെ ചിലരും ഒരു കാലത്ത് നാട്ടില്‍ ചട്ടമ്പി കളായി വിലസിയിരുന്നവരാണ് . ചട്ടമ്പികള്‍ നാടിന്റെ   ആത്മാവ് തൊട്ടറിയുന്നവരാണ് .  ഭയം പുറത്തു കാട്ടാതെ മീശ പിരിച്ചു നടക്കുന്നവര്‍ ....

ഭാസ്ക്കരന്‍ പറഞ്ഞു , 'ഒരു  രാത്രി ലക്ഷ്മി ടാക്കീസില്‍ സിനിമ കണ്ടു മടങ്ങുകയാണ് . ഇന്നത്തെ പോലെ വഴി വിളക്കുകളോ , റോഡു സൌകര്യങ്ങളോ ഇല്ല .പുഴ നീന്തി ക്കടക്കണം .അക്കരെ തെങ്ങിന്‍ തോപ്പുകളാണ് . ചെത്തു തെങ്ങുകള്‍ ധാരാളമുണ്ട് .കള്ളെടുക്കാന്‍  തെങ്ങില്‍ കയറുന്നത് കണ്ടാല്‍ പോലും ആരും ശബ്ദിക്കില്ല.' നാട്ടിലെ ചട്ടമ്പിയാണ് .........!

പുഴക്കടവില്‍ എത്തിയപ്പോള്‍ ആരുടെയോ നിഴലനക്കം. 

" ആരാടാ ........" 

ഭാസ്ക്കരന്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു. അനക്കമില്ല .അരയിലെ കഠാരപ്പിടിയില്‍ കൈ പരാതി .ശത്രുക്കള്‍ ധാരാളമുണ്ട്. അങ്ങാടിയില്‍ തോറ്റ പലര്‍ക്കും പകരം ചോദിക്കാന്‍ സൗകര്യം പാതിരാത്രിയാണ് . കഠാര പിന്നിലൊളിപ്പിച്ച് അനക്കം കേട്ട ദിക്കിലേക്കു നടന്നു.

"ആരാ ഭാസ്ക്കരനാണോ" ...........?

ഇരുട്ടില്‍ നിന്ന് പരിചിത ശബ്ദം. ഭാസ്ക്കരന്‍ തീപ്പെട്ടിയുരച്ചു . കുറെ മുളങ്കമ്പുകളും ,കയറും, ഓലയും കൂട്ടിവച്ചു ഒരാള്‍ ഇരിക്കുന്നു. ഭാസ്ക്കരന്‍ കുറച്ചു കൂടി അടുത്തു  ചെന്നു .

' അലിയാരോ..........! നീയിവിടെ എന്തു ചെയ്യുന്നു..........?

മാടനും , മറുതയും കൂടുകെട്ടി പാര്‍ക്കുന്ന ഈ പുഴക്കടവില്‍ തനിച്ചിരിക്കുന്ന എന്റെ ബാപ്പയോട് ഭാസ്ക്കരന്‍ ചോദിച്ചു.

" ഞാനിവിടെ ഒരു വീടു   കെട്ട്വാ  ....നീയൊന്നു സഹായിക്ക് "  പതിഞ്ഞ ശബ്ദത്തില്‍ ബാപ്പ പറഞ്ഞു.
മിഥുനം കര്‍ക്കിടകത്തില്‍ നീര്‍വാഴ്ച യുള്ള മണ്ണാണ് , ഇടവപ്പാതിക്ക് പുഴ കയറിവരും, എന്നിട്ടും ബാപ്പ അവിടെ വീടുവയ്ക്കാന്‍ തീരുമാനിച്ചു. 
'ഒച്ചയുണ്ടാക്കരുത് , ആളനക്കം കേട്ടാല്‍ ചുറ്റു വട്ടത്തുള്ളവര്‍ ഉണരും . പുറമ്പോക്കു ഭൂമിയാണ്‌ ' , ബാപ്പ പറഞ്ഞു........
നേരം പുലരും മുമ്പ് അവിടെ മുളങ്കമ്പുകള്‍ ഉറപ്പിച്ചു, ഓലക്കീറുകള്‍  മേഞ്ഞു. ക്ഷീണം തീര്‍ക്കാന്‍ ഭാസ്ക്കരന്‍ പുഴ കടന്നു തെങ്ങിന്‍ തോപ്പിലേക്ക് നടന്നു. പകല്‍ സമയങ്ങളില്‍ ഒരു കാവല്‍ക്കാരനെ പോലെ ഭാസ്ക്കരന്‍ പുഴക്കടവില്‍ ചുറ്റി നടന്നു.ഇടയ്ക്ക് ബാപ്പയോടൊപ്പം പുതു മണ്ണിലിരുന്നു കട്ടന്‍ചായയും പുഴുങ്ങിയ നമ്പര് കപ്പയും ,  പുഴയില്‍ വീശിപ്പിടിച്ച  ആറ്റുമീനും കഴിച്ചു .  അധിനിവേശത്തില്‍ നാട്ടുകാര്‍ ആരും  പ്രതിഷേധിച്ചില്ല .  പുഴക്കരയിലെ ഇത്തിരി മണ്ണില്‍  അധികം താമസിയാതെ കരിമുള വെട്ടി തൂണു നാട്ടി . ഓല മേഞ്ഞു .വാഴയും , പ്ലാവും തളിര്‍ത്തു. മുറ്റത്തു നിത്യ കല്യാണി പൂവിട്ടു. ആ മണ്ണിലാണ് പിന്നീട് ഞാന്‍  പിറന്നത്‌ . വല്ലപ്പോഴും അതുവഴി വരാറുള്ള ഭാസ്ക്കര ചട്ടമ്പി എന്നെ എന്തെങ്കിലും പറഞ്ഞു രസിപ്പിക്കും . 
ഭാസ്ക്കരന്റെ ജീവിതത്തില്‍ പിന്നെയും വഴിത്തിരിവുകള്‍ ഉണ്ടായി . നാട്ടിലെ ചില അടിപിടി കേസുകളില്‍ നിന്ന് രക്ഷപ്പെട്ട് മറ്റൊരു ദേശത്ത് അഭയം തേടി . അവിടെ ഒരു സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം നല്ലവനായി നാട്ടില്‍  മടങ്ങിയെത്തി അദ്ധ്വാനിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് അയാള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.എന്റെ ചോദ്യങ്ങളെ ഭാസ്ക്കരന്‍ ആദ്യം സംശയത്തോടെയാണ്  സമീപിച്ചത് . 

"എന്തിനാണ് പഴങ്കഥകള്‍     തിരയുന്നത് , എന്നെ  കുടുക്കാനാണോ ........?   നിങ്ങള്‍ക്കെന്താണ്  പണി .......? അര്‍ദ്ധ ശങ്കയില്‍ ഭാസ്ക്കരന്‍ ചോദിച്ചു .
പഴയ ഒരു സുഹൃത്തിന്റെ മകന്‍ . ഞാന്‍  കഥകള്‍ എഴുതാറുണ്ട് എന്നു  പറഞ്ഞപ്പോള്‍ മുഖത്തെ മാംസ പേശികള്‍ അയഞ്ഞു .' ഇനിയുമുണ്ട് ഒരുപാട് പറയാന്‍ '. ആ  ശബ്ദം ആര്‍ദ്രമായി. അപ്പോസ്തലന്മാരെ പ്രകീര്‍ത്തിച്ചു  ഭാസ്ക്കരന്‍ എഴുതിയ പാട്ടുകള്‍ എന്നെ കാണിച്ചു . അയാള്‍ പിന്നെയും പഴങ്കഥകള്‍ പറഞ്ഞു . ഇടയ്ക്ക് ഓര്‍മിപ്പിക്കാന്‍ എന്നോണം അയാള്‍ പറയും .
"ഞാനൊരു ചട്ടമ്പിയായിരുന്നു ".
അതു  കേള്‍ക്കാന്‍ എനിക്കിഷ്ടമാണ് .----

   

  


എന്റെ ഡയറിക്കുറിപ്പുകള്‍










ഓര്‍മകളുടെ പത്തായപ്പുര

എന്നു മുതലാണ്‌ ഞാന്‍ ഡയറി എഴുതി തുടങ്ങിയതെന്ന്  ഓര്‍മയില്ല. അതറിയണമെങ്കില്‍ തട്ടിന്‍ പുറത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നിരവധി ചാക്ക് കെട്ടുകള്‍ പരിശോധിക്കണം . ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്ന രണ്ടു വസ്തുക്കളാണ് എന്റെ ഡയറികളും ,പഴയ മാസികകളും . മാസികകള്‍ സമയം കിട്ടുമ്പോഴൊക്കെ തുറന്നു നോക്കാറുണ്ട്. എന്നാല്‍ എന്റെ ഡയറികള്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാന്‍  അടുത്ത കാലം വരെ എനിക്ക് ധൈര്യം പോരായിരുന്നു. കാരണം ഞാന്‍ അതില്‍ കുറിച്ചതെല്ലാം ഒരു കാലഘട്ടം വരെ ഞാന്‍ ചിന്തിച്ചതും ചെയ്തതുമായ കാര്യങ്ങളുടെ സത്യസന്ധമായ  കുറിപ്പുകള്‍ ആയിരുന്നു. അത് ചിലപ്പോള്‍ എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുമോ എന്നു ഞാന്‍ വല്ലാതെ ഭയക്കുന്നു.

ഡയറി എഴുതാനുള്ള പ്രചോദനം എന്തായിരുന്നു എന്നു എനിക്കറിയില്ല. ഞാന്‍ ഡയറി എഴുതാന്‍ തുടങ്ങി വളരെ ക്കാലം കഴിഞ്ഞാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകള്‍ വായിക്കുന്നത്. മനസ്സില്‍ കൊണ്ടു നടന്നിരുന്ന എഴുത്തുകാരാരും ഈ കാര്യത്തില്‍ എന്നെ സ്വാധീനിച്ചിരുന്നില്ല. സൊസൈറ്റി യില്‍ നിന്ന് ലഭിച്ചിരുന്ന വില കുറഞ്ഞ നോട്ടു ബുക്കാണ് എന്റെ ആദ്യ ഡയറി. പിന്നീടാണ് മനോരമയുടെയും, മാതൃഭൂമിയുടെയും ഡയറികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. മാതൃഭൂമി ഡയറി പിന്നീട് എനിക്ക് പ്രിയപ്പെട്ടതായി. ഡിസംബറിലെ അവസാന ദിവസങ്ങളില്‍ ഡയറി വാങ്ങാനുള്ള പണം ഏതു വിധേനയും ഞാന്‍ കണ്ടെത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതം വല്ലാതെ മാറ്റി മറിക്കപ്പെട്ടു. ഒറ്റയ്ക്ക് ജീവിച്ചിരുന്ന കാലത്ത് പണം സമ്പാദിക്കണമെന്നോ , ഒരു നല്ല ജോലി നേടണമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. അന്ന് മനസ്സ് നിറയെ എഴുത്തുകാരനും സിനിമാക്കാരനും ആകാനുള്ള മോഹം ആയിരുന്നു. എന്നോടൊപ്പം ഡയറി എഴുതാന്‍ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ ഡയറി കള്‍ പരസ്പ്പരം കൈമാറി വായിച്ചിരുന്നു ആദ്യ കാലത്ത്. ദൈനംദിന കാര്യങ്ങളുടെ യഥാതഥ വിവരണങ്ങള്‍ എഴുതാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.കൂട് വിട്ടു പറക്കുന്ന ചിന്തകളുടെ പിന്നാലെ അലയാനായിരുന്നു എനിക്കിഷ്ടം. ഒരു പാടു പെണ്‍കുട്ടികള്‍ എന്റെ മനോ ലോകത്ത് കടന്നു വന്നിരുന്നു . അവരെയെല്ലാം ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ചെയ്തു.പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം അനുഭവ വേദ്യമായിരുന്നില്ല . തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടിയുള്ള ദാഹമായി വാക്കുകള്‍ എന്റെ ഡയറിയില്‍ നിറം കെട്ടുകിടന്നു. ഒടുങ്ങാത്ത ദാഹം ഞാന്‍ ഉറങ്ങുന്നതിനു മുമ്പ് ഡയറി യിലേക്ക് ഒരു വന്യമായ ആവേശത്തോടെ ആവാഹിച്ചു. വേദനയുടെ ഉന്മാദത്തിന് കൊതിക്കുന്ന വേളകളില്‍ തുറന്നു വായിക്കുന്ന വേദ ഗ്രന്ഥങ്ങളായി ഞാന്‍ ഡയറികള്‍ ഉപയോഗിച്ചു.

ഒരു പെണ്‍കുട്ടി വീട്ടില്‍ കയറി വന്നതോടെ ജീവിക്കുക എന്നതു ഒരു വെല്ലുവിളിയായി മാറി. മായാ ലോകത്ത് നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നു ഞാന്‍ നടക്കാന്‍ പഠിച്ച നാളുകളായിരുന്നു അത്.ജീവിത സന്ധാരണത്തിനു ഒരുപാട് വേഷം കെട്ടുന്നതിനിടയില്‍ എന്റെ ഡയറിയുടെ പേജുകള്‍ ഒരു വിധവയെ പോലെ അഴക്‌ കെട്ടു തുടങ്ങി. വല്ലപ്പോഴും മാത്രം എന്തെങ്കിലും കുത്തി ക്കുറിച്ചെങ്കിലായി. അത് ഒരു 'കോമാ 'യിലേക്ക് എന്റെ ഓര്‍മകളെ നയിക്കുകയായിരുന്നു. പുതു വര്‍ഷാരംഭത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൃഡ പ്രതിജ്ഞകള്‍ ഒന്നും എടുത്തിരുന്നില്ല.എന്റെ ദുശ്ശീലങ്ങള്‍ ഒരു സഹ യാത്രികനെ പോലെ എപ്പോഴും എന്നോടൊപ്പം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ലോകം പുതു വര്‍ഷത്തെ ആശ്ലേഷിക്കുന്നതിന്റെ ഉത്സാഹത്തിലാണ്. ഞാനും, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാര്‍ എടുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന വര്‍ഷം നല്‍കിയ എല്ലാ സുന്ദരവും ,നിന്ദ്യവും ആയ നിമിഷങ്ങളെ നന്ദിയോടെ സ്മരിച്ചു കൊണ്ട് എല്ലാവര്‍ക്കും എന്റെ പുതു വത്സരാശംസകള്‍ ........

ഡിസംബറിലെ നക്ഷത്ര വിളക്കുകള്‍







ഒരു ക്രിസ്തുമസ് കാലത്താണ്  ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നു, അമ്മിണി ടീച്ചറിന്റെ  ട്യൂഷന്‍ ക്ലാസ്സില്‍ അവള്‍ തനിച്ചായിരുന്നു.  ദിവസങ്ങളോളം ഞങ്ങള്‍ ഒന്നും മിണ്ടാതെയും, മുഖത്ത് നോക്കാതെയും ഇരുന്നു. ക്ലാസ്സിന്റെ ഇടവേളകളില്‍ അടുക്കള പ്പണി കൂടി നോക്കിയിരുന്ന ടീച്ചറിന്റെ അസാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഒരേ നാട്ടില്‍ ജീവിച്ചിട്ടും മുമ്പ് ഒരിക്കല്‍ പോലും അവളെ കണ്ടിരുന്നില്ല.
വെള്ളയില്‍ നിറമുള്ള പൂക്കള്‍ തുന്നിയ പാവാടക്കാരി അറിയാതെ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്ന നിമിഷങ്ങളുണ്ട്‌,  പിന്നീട്. വലിയ പത്രാസുള്ള വീട്ടില്‍ നിന്നായിരുന്നു അവള്‍ വന്നിരുന്നത്.അത് അവളുടെ ബന്ധു വീടായിരുന്നു. കുതിര വാലുപോലെ വലിച്ചു കെട്ടിയ  മുടി അവളുടെ മുഖത്തിനു നന്നായി ചേര്‍ന്നിരുന്നു. വലിയ നെറ്റിയില്‍ കുഞ്ഞു മറുകു പോലുള്ള പൊട്ടു തൊടാനായിരുന്നു അവള്‍ക്കിഷ്ടം.ക്ലാസ്സ് കഴിഞ്ഞാലും ഞങ്ങള്‍ വളരെ നേരം സംസാരിച്ചു കൊണ്ടിരിക്കും  ഒടുവില്‍ കണ്ണില്‍ നിന്ന് മറയുന്ന ആ നിമിഷം വരെ ഞങ്ങള്‍  കൈ വീശി വീണ്ടും വീണ്ടും യാത്ര പറയും. ഞങ്ങളുടെ ബന്ധം നാട്ടില്‍ അറിഞ്ഞു തുടങ്ങിയിട്ടും യാതൊരു കൂസലുമില്ലാതെ അവള്‍ എന്റെ വീട്ടില്‍ നിത്യ സന്ദര്‍ശക ആയി. ഞങ്ങളുടെ ബന്ധത്തില്‍ അവളുടെ അമ്മ വല്ലാതെ വേദനിച്ചു. ഒരു ദിവസം അവള്‍ അമ്മയോട് ചോദിച്ചു,
'ഞാനൊരു മുസ്ലിം പയ്യനെ വിവാഹം കഴിച്ചാല്‍ അമ്മ എന്ത് ചെയ്യും."
ഒന്നും ആലോചിക്കാനില്ലാതെ  അവര്‍   പറഞ്ഞു .'ഞാനീ ഉത്തരത്തില്‍ തൂങ്ങും." 
ഞങ്ങള്‍ ക്ലാസ്സില്‍ പോകാതായി. എങ്കിലും അവള്‍ മിക്കപ്പോഴും വീട്ടില്‍ വരുമായിരുന്നു.ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ പള്ളിയില്‍ നിന്നുള്ള രാക്കുര്‍ ബാനയില്‍ അവളുടെ ശബ്ദം തിരഞ്ഞു ഞാന്‍ ഉറങ്ങാതെ ഇരുന്നു.
ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു, ഞങ്ങളുടെ മതത്തിലേക്ക് വരാമോ ....?
അവള്‍ക്കു വേണ്ടി എന്തിനും ഞാന്‍ ഒരുക്കമായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്തു. ഞാന്‍  ചെന്നു വിളിക്കണം. അവള്‍ ഇറങ്ങി വരും .ഞങ്ങള്‍ സമാധാനമായി പിരിഞ്ഞു.
പിറ്റേന്ന് രാവിലെ അവള്‍ വീണ്ടും വന്നു. വേദനയോടെ പറഞ്ഞു, നമ്മുടെ സ്വപ്നം നടക്കില്ല.വീട്ടുകാരുടെ മുമ്പില്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. നമുക്ക് പിരിയാം. ഞാന്‍ ഒന്നും പറഞ്ഞില്ല. അവള്‍ മടങ്ങിപ്പോയി.

ദിവസങ്ങള്‍ കഴിഞ്ഞു. ആരോ പറഞ്ഞറിഞ്ഞു , അവളുടെ സമനില തെറ്റി. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് ആരൊക്കെയോ അവളെ ജനാലയില്‍ വന്നു ഭയപ്പെടുത്തി. പിന്നീടുള്ള കുറെ ദിവസങ്ങളില്‍ അവള്‍ ബൈബിള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു കിടന്നുറങ്ങി. ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടുമുട്ടി. മുഖവുരയില്ലാതെ അവള്‍ എന്നോട് പറഞ്ഞു.
വരൂ,.... നമുക്ക് പള്ളിയില്‍ പോകാം.....
'ഇപ്പോള്‍ പള്ളിയില്‍ ആരും ഉണ്ടാവില്ല, നേരമാവട്ടെ".. 
ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.,അവള്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ മുമ്പ് ഒളിഞ്ഞിരുന്ന കുസൃതിയോ,,നാണമോ ഒന്നും ഉണ്ടായിരുന്നില്ല. 
'എല്ലാം ശരിയാകും, ഞാനും പ്രാര്‍ത്ഥിക്കാം .... ഞാന്‍ സമാധാനിപ്പിച്ചു. 
അവളും അമ്മയും അവരുടെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി. കാലം കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ കോളജില്‍ നിന്നു ക്രിസ്തുമസ്  അവധിക്കു വന്നപ്പോള്‍  യാദൃശ്ചികമായി അവളും എന്റെ നാട്ടില്‍ വന്നു. ബന്ധു വീട്ടില്‍ പോകാതെ അന്നവള്‍  എന്റെ വീട്ടില്‍ കഴിച്ചു കൂട്ടി.ഞങ്ങള്‍ നേരം പുലരും വരെ  സംസാരിച്ചിരുന്നു. വീണ്ടും ഒരു ക്രിസ്തുമസ് നാളുകളില്‍ ഇതെല്ലാം ഞാന്‍ വെറുതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്.



നഷ്ടപ്പെട്ട മഞ്ഞുകാലം



നാം കാണുന്ന ചിലരെ ,ചില സ്ഥലങ്ങള്‍ ,എവിടെയോ കണ്ടു മറന്ന പോലെ ഒരനുഭവം . തല പുകഞ്ഞാലോചിച്ചിട്ടുണ്ട് , എപ്പോഴാണ് ഞാനിവിടെ വന്നതെന്ന് ഓര്‍ക്കാന്‍ പറ്റാതെ വിയര്‍ ത്തിട്ടുണ്ട് . പക്ഷെ ,നമ്മള്‍ വന്നിട്ടുണ്ടാവില്ല. ഇതിനു ആത്മീയ വാദികള്‍ പറയുന്നത് ,മുന്‍  ജന്മത്തില്‍ ഉണ്ടായിട്ടുള്ള ഇടപെടലുകളില്‍ നിന്നാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. കഴിഞ്ഞ ദിവസം മാധ്യമം വാരികയില്‍ ഒരു ചിത്രം കണ്ടു.മലഞ്ചെരുവിലൂടെ പതഞ്ഞൊഴുകുന്ന ഒരു പുഴ. പെട്ടെന്ന് നാട് ഓര്‍മ വന്നു. പാറക്കൂട്ടങ്ങളില്‍ ഞെരുങ്ങി ഒഴുകുന്ന ഇതുപോലൊരു പുഴയില്‍ ഞാന്‍ കുളിച്ചിട്ടുണ്ട്. പുഴയില്‍ മുഖം നോക്കുന്ന നീല മലകളെ  നോക്കി നിന്നിട്ടുണ്ട്. ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ എത്രയെത്ര ശിശിര കാലങ്ങളില്‍  ഞാന്‍ നടന്നിട്ടുണ്ട്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ  എന്നെ ആവേശിച്ചു. ഞാന്‍ ചിത്ര ത്തോടൊപ്പമുള്ള ലേഖനം വായിക്കാന്‍ തുടങ്ങി. അത്ഭുതപ്പെട്ടു പോയി.  എന്റെ നാടിനെ  ക്കുറിച്ച്. ജോര്‍ജു ജോസഫ്‌ .കെ. എഴുതിയഒരു  ലേഖനം ആയിരുന്നു അത്. 

ഒറ്റപ്പെട്ട ഒരു നിമിഷത്തില്‍ അത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് പൊട്ടി ക്കരയണമെന്നുതോന്നി.മുപ്പത്തഞ്ചു വര്‍ഷം എന്റെ ചിന്തകള്‍ക്കും,സ്വപ്നങ്ങള്‍ക്കും സാക്ഷിയായ മണ്ണിനോട് ഞാന്‍ കാണിച്ച നന്ദി കേടു ഓര്‍ത്തു സ്വയം ശപിച്ചു. കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിര്‍ദാക്ഷിണ്യം  വിറ്റു കളഞ്ഞ എന്റെ ഇത്തിരി മണ്ണിനെ ഓര്‍ത്തു പോയി. എനിക്ക് എങ്ങനെ അവിടെ നിന്ന് വിട്ടുപോകാന്‍ കഴിഞ്ഞു.ഏറ്റവും ഒടുവില്‍ എന്നെ ആ മണ്ണുമായി ബന്ധിച്ചത് ഉമ്മയാണ്. യാത്ര പറയാന്‍ പള്ളിക്കാട്ടില്‍ ചെന്നപ്പോള്‍ ആ  ഖബര്‍ വിങ്ങിയിരിക്കില്ലേ  ............?

എരുമേലിയെ ക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് ഒരു വസന്തത്തിന്റെ ശോഭയുണ്ട്. ആദ്യമായി ഞാന്‍ ആ നാട്ടില്‍ വന്നത് ഒരു ഡിസംബറില്‍ ആണ്.റോഡിനു ഇരു വശവ മുള്ള കയ്യാല കളില്‍അന്ന് ക്രിസ്തുമസ് പുല്ലുകള്‍  തളിര്‍ത്തിരുന്നു. കിഴക്കന്‍ മലകളില്‍നിന്ന് സദാ തണുത്ത കാറ്റ്വീശിയിരുന്നു.  യൌവ്വന കാലത്ത് ഈ ചിഹ്നങ്ങളൊക്കെ എന്നില്‍ വല്ലാത്ത പ്രണയ ചിന്തകള്‍ ഉണര്‍ത്തി.. കുട്ടിക്കാന ത്തിന്റെ നെറുകയില്‍ നിന്നാല്‍ ഇത് പോലുള്ള കാറ്റിന്റെ സുഖം നമുക്ക് കിട്ടും.  അന്ന് ഞാന്‍ ഒരു വിരുന്നു കാരന്‍ ആയിരുന്നു എരുമേലിയില്‍. ഏഴു വയസ്സ്. ആ നാട് എന്റെ പോറ്റമ്മ ആകുമെന്ന് അന്നു വിചാരിച്ചിരുന്നില്ല.വീണ്ടും ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ ഞങ്ങള്‍ എരുമേലിയിലേക്ക് താമസം മാറ്റി. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഞാനും ഉമ്മയും. പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഇരുമ്പ് പെട്ടിയുമായി  എന്നെയും കൈക്ക് പിടിച്ചു ഉമ്മ എരുമേലിയില്‍ ബസ്സിറങ്ങി. ഞങ്ങളുടെ  ആകെയുണ്ടായിരുന്ന സമ്പാദ്യം പെട്ടിക്കുള്ളിലുണ്ടായിരുന്ന ഇത്തിരി നെല്ല് ആയിരുന്നു.പിന്നീടങ്ങോട്ട് നാടിന്റെ ഋതു ഭേതങ്ങളില്‍ ഞാന്‍ ഇല്ലാതായി തീര്‍ന്നു.മഴ പൊട്ടിയൊലിക്കുന്ന കര്‍ക്കിടകങ്ങളില്‍ ഞങ്ങളുടെ തൊടിയിലേക്ക്‌ ഇരച്ചു കയറുന്ന മലവെള്ളത്തില്‍ ചങ്ങാടം കെട്ടി. പത്താളെ കാണ്‍കെ മലവെള്ളത്തില്‍ എടുത്തു ചാടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്.

കൌമാര കാലത്ത് ഞാന്‍ ഒരു പെണ്‍കുട്ടി യുമായി പ്രണയത്തില്‍ ആയിരുന്നു. പിന്നെ ഓര്‍ത്തെടുത്ത പ്പോള്‍ അതും ഒരു മഞ്ഞു കാലത്താണ്. ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ ദേവാലയത്തില്‍ നിന്ന് നേര്‍ത്ത വയലിന്‍ നാദം പോലെ കടന്നു വന്നിരുന്ന രാക്കുര്‍ബാനയില്‍ അവളുടെ സ്വരം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ ഉണര്‍ന്നിരുന്നു. അന്നാണ് എന്റെ രണ്ടു ബോഗന്‍ വില്ലയും പൂവിട്ടത്. ഒരു റോസും ,വേറൊരു മഞ്ഞയും. റോസ് പൂക്കള്‍ വിടര്‍ത്തി ക്കൊണ്ടേ ഇരുന്നു. അതെല്ലാം എന്റെ വീട്ടു മുറ്റത്തു പറന്നു നടന്നു. ദുഃഖ വെള്ളിയാഴ്ച വരുന്ന ഏപ്രില്‍ മാസം കടുത്ത ചൂടായിരിക്കും ഞങ്ങളുടെ നാട്ടില്‍ .മരങ്ങള്‍ മൂകമായി നില്‍ക്കും.അക്കാലത്ത് ഒരു ദിവസം അവള്‍ പ്രണയം കെടാത്ത മനസ്സുമായി നാട്ടില്‍ നിന്ന് പോയി.
അവിടെ തുടങ്ങുന്നു എന്റെ പാലായനവും, ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍. വിദേശത്ത് വച്ച് ഒരു പ്രഭാതത്തില്‍ കാപ്പി തയ്യാറാക്കുന്നതിനിടയില്‍ ഞാന്‍ ഒരു അയ്യപ്പ ഗാനം മൂളി. 

നിനക്ക് രാവിലെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും പറഞ്ഞുകൂടെ .........?

ഒപ്പമുണ്ടായിരുന്ന ആള്‍ പെട്ടെന്ന് ക്ഷോഭിച്ചു.- 'അള്ളാന്നു വിളിക്കേണ്ട  നേരത്ത്  അയ്യപ്പനെ വിളിച്ചതാണ് അയാളുടെ പ്രശ്നം.

'ഞങ്ങള്‍ക്കങ്ങനൊരു വ്യത്യാസം ഇല്ല'.- ഞാന്‍ പറഞ്ഞു., 

പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള ക്ഷമ അയാള്‍ക്കില്ലായിരുന്നു. രണ്ടു ദിവസമെടുത്തു എന്നോടുള്ള ദേഷ്യം ഒന്നു കെട്ടടങ്ങാന്‍, അതുപോലെ മറ്റൊരിക്കല്‍ പ്രത്യഭിവാദ്യമായി നമസ്ക്കാരം എന്ന് പറഞ്ഞതിന് ഒരു കോഴിക്കോടുകാരന്‍ എന്നോട് കയര്‍ത്തു. അല്ലാഹുവിനോട് മാത്രമേ നമസ്ക്കാരം എന്നു  പറയാന്‍ പാടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഒരു പക്ഷെ ഞാന്‍ എരുമേലി ക്കാരന്‍ ആയതു കൊണ്ടാവാം. മത സങ്കുചിതത്വം തീരെ ഇല്ലാത്ത ഒരു നാടാണ് ഞങ്ങളുടേത്. ഇതര മതസ്ഥര്‍ ഇഴ ചേര്‍ന്നാണ് ജീവിക്കുന്നത്. ശബരിമലയുടെ സ്വാധീനം കൊണ്ടുതന്നെയാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മതപരമായ ഒരു അനൈക്യവും അവിടെ ഉണ്ടായിട്ടില്ല. അത്തരം ഒരു നാട്ടില്‍ നിന്നാണ് ഒരു ദിവസം എല്ലാം അവസാനിപ്പിച്ചു മടങ്ങിയത്.

സ്ഥലത്തിന്റെ കച്ചവടം ഉറപ്പിക്കുമ്പോള്‍ ഞാന്‍ ഏതു സ്വപ്ന ലോകത്തായിരുന്നു എന്ന് ആലോചിക്കാറുണ്ട്. ഞാന്‍ ഭാര്യ പിതാവിനെ വിളിച്ചു പറഞ്ഞു.,  സ്ഥലത്തിന്റെ അഡ്വാന്‍സ് വാങ്ങുകയാണ്.
'നിന്റെ സ്വന്തം തീരുമാനമാണ്. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല.'
എനിക്ക് പിന്‍വാങ്ങാന്‍ ഒരവസരം അദ്ദേഹം തന്നു.
കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. പണം എണ്ണി വാങ്ങി. വീട് ഒഴിഞ്ഞു കൊടുക്കുന്നതിനു മുമ്പ് സാധന സാമഗ്രികളെല്ലാം മാറ്റപ്പെട്ട വീട്ടില്‍ ഞാന്‍ ഭാര്യയോടൊപ്പം ഒരു രാത്രി വന്നു  ചെലവഴിച്ചു. ഇനിയൊരിക്കലും ഇവിടെ ഉറങ്ങാന്‍ പറ്റില്ല എന്ന ബോധം എന്നെ വല്ലാതെ നോവിച്ചു. ഞങ്ങള്‍ അന്ന് നവ വധൂ വരന്മാരെ പോലെ ഇണ ചേര്‍ന്നു.നിലത്തു കിടന്ന് . പിറ്റേന്ന് മടങ്ങുമ്പോള്‍ അയല്‍ക്കാര്‍ കരഞ്ഞു. ചിലര്‍ ഞങ്ങളോടൊപ്പം കുറെ ദൂരം നടന്നു.വല്ലപ്പോഴും വരാമെന്ന് വെറും വാക്ക് കൊടുത്തു.
ഇനിയും ആ വീട് മടക്കി കിട്ടുക അസാധ്യമായ കാര്യമാണ്. എന്തെല്ലാമാണ് ഞാനവിടെ ഉപേക്ഷിച്ചു പോന്നത്..............? എന്റെ മധുവിധു കാലം, എന്റെ മക്കളുടെ ശൈശവം, ഏറ്റവും ഒടുവില്‍  ഉമ്മയുടെ അവസാന നിമിഷങ്ങള്‍....................
അങ്ങനെ തീരാ നഷ്ടങ്ങളുടെ കുറെ കഥകള്‍ ..........!

പക്ഷി ക്കൂട്



ഓര്‍മ




 ചേതനയറ്റഒരു കടപ്പുറത്തെ കൂറ്റന്‍ കെട്ടിടത്തില്‍ ആയിരുന്നു എനിക്ക് ജോലി.ഒരു മരണ വീട് പോലെ നിസ്സംഗമായിരുന്നു അതിന്റെ ഭാവം. ഉള്‍ക്കടലാണ്. മറുകരയിലെ ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ ജലചിത്രങ്ങള്‍ എന്നെ വീര്‍പ്പു  മുട്ടിച്ചു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന മേലുദ്യോഗസ്ഥന്‍ മാരോട് വിനയം അഭിനയിച്ചു കാണി ക്കുന്നതി ലുപരി എന്റെ മുഖവും മനസ്സും സദാ മ്ലാനമായിരുന്നു.ഒന്നും ചെയ്യാനില്ലാത്ത പകലുകളും, ക്രൂരമായ ഏകാന്തതയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി . മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാനുള്ള നിയമം ഇല്ല. കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍  ഞാന്‍ ചിലപ്പോള്‍ മൃതി ഞരങ്ങുന്ന ഇരുട്ടറകള്‍ തുറന്നു അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഞാന്‍ വരുന്നതിനു തൊട്ടു മുമ്പ് ഈ ഇരുട്ടറയിലെ വൈദ്യുതിയില്‍ കുടുങ്ങി മരിച്ചവരുടെ കരിഞ്ഞ ഗന്ധം എന്നെ അപ്പോള്‍ ഭയപ്പെടുത്തും.

കടല്‍ തീരത്തെ ഈ കെട്ടിടങ്ങളുടെ നടുവില്‍ വിജനമായി, മാരകമായ ഒരു മുറിവ് പോലെ കടലിലേക്ക്‌ കിടക്കുന്ന റോഡും, ഭീമാകാരങ്ങളായ ജല വാഹിനി പൈപ്പുകളും ഞാനും,മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശത്ത് വല്ലപ്പോഴും വാഹനങ്ങളുമായി കടന്നു വരുന്ന  അപരിചിതരെ പോലും കൈവീശി സൗഹൃദം നടിച്ചു. അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ്  ഒരു കൊച്ചു കിളി  എന്റെ മുമ്പില്‍ പറന്നിരുന്നത്. അത് ഒരു നേര്‍ത്ത കമ്പിയും കൊത്തി പറന്നു. ഞാന്‍ കടലിനെ മറന്നു, പക്ഷിയുടെ ചേഷ്ടകളില്‍ കുടുങ്ങി. റോഡില്‍  പണിക്കാര്‍ ഉപേക്ഷിച്ചു പോയ കൊച്ചു കമ്പി കഷ്ണങ്ങള്‍ ചേര്‍ത്ത് കൂട് കെട്ടുകയായിരുന്നു പക്ഷി . ഒരു മരം പോയിട്ട് പുല്‍ ചെടിപോലും മുളയ്ക്കാത്ത ഊഷരമായ  പ്രദേശമായിരുന്നു അത്.  എന്റെ കെട്ടിടത്തിന്റെ ചുവരിലെ ചെറിയ പൈപ്പിനുള്ളില്‍ കൂട് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു ആ കിളി. അത് കാണാന്‍ ഞാന്‍ കാത്തിരുന്നു. പക്ഷികളെയും,മരങ്ങളെയും കൂട്ടി വായിച്ചു ശീലിച്ച എനിക്ക് അതൊരു കൌതുക ക്കാഴ്ചയായി മാറി.




ദിവസങ്ങള്‍ കൊണ്ട് കിളി ഒരു കുഞ്ഞു കൂട് തീര്‍ത്തു. വല്ലപ്പോഴും ഞാന്‍ കൂടിനരികില്‍ പോകും . കമ്പികള്‍ കോര്‍ത്തിണക്കി, പ്ലാസ്റ്റിക് കൂടുകള്‍ കൊണ്ട് പതം വരുത്തിയ മനോഹരമായ  ആ കൂടിനരികില്‍ ഞാന്‍ നില്‍ക്കുമ്പോള്‍  അടുത്തെവിടെയെങ്കിലും ഇരുന്നു കിളി   പ്രതിഷേധിച്ചു ചിലയ്ക്കും. ഒരു വിദേശിയുടെ ഭാഷ മനസ്സിലാകുമോ  എന്നൊന്നും വിചാരിക്കാതെ ഞാന്‍ പറയും.'ഒന്നൂല, ഞാന്‍ പാവമൊരു കാഴ്ചക്കാരന്‍.' അത് മനസ്സിലായിട്ടെന്തോ കിളി ചെറു ശബ്ദത്തോടെ മറ്റൊരു സ്ഥലത്തേക്ക് പറന്നിരിക്കും. 

ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്കൊക്കെ ഞാന്‍ കയറി നോക്കും. കൂട് ശൂന്യമായിരിക്കും അപ്പോഴെല്ലാം. എങ്കിലും കൂട് ആകര്‍ഷകമാകുന്ന  എന്തൊക്കെയോ പണികള്‍ ആ കുഞ്ഞിക്കിളി ചെയ്യുന്നുണ്ടായിരുന്നു. അതില്‍ മുട്ടയിട്ടു കുഞ്ഞു വിരിയുന്ന കാഴ്ച കാണാന്‍ എനിക്ക് തിരക്കുണ്ടായിരുന്നു. എന്റെ ക്ഷമ നശിച്ച ഒരു ദിവസം ഞാന്‍ ഒച്ചയുണ്ടാക്കാതെ  കൂടിനു സമീപം ചെന്ന്. കൂട് ശൂന്യമായിരുന്നു. ഞാന്‍ കാത്തിരുന്നു. ഒന്നല്ല,പല ദിവസം. കിളി വന്നില്ല. ഒരു ഉച്ച നേരം  . ഭക്ഷണ ശാലയിലേക്ക് പോണ വഴിയില്‍ വലിയൊരു പൈപ്പ് അവസാനിക്കുന്നുണ്ട്. കമ്പനി തള്ളുന്ന നീരാവി പുറത്തേക്കു പോണത് ആ പൈപ്പ് വഴിയാണ്. അതിനു ചുറ്റും ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്.  മനുഷ്യനെ ക്കൂടി ഉരുക്കി കളയാനുള്ള ശക്തി അതിനുണ്ട്. ഞങ്ങള്‍ കരുതലോടെ ചുവടു വയ്ക്കുമ്പോള്‍ കണ്ടു, ഒരു കിളിയുടെ കരിഞ്ഞ ശരീരം. വെയിലിന്റെ കാഠിന്യം അതിനെ ഉണക്കി കളഞ്ഞു. ഞാന്‍ ആ  കരിഞ്ഞ തൂവല്‍ ക്കൂട് എടുത്തു. ഇത്തിരി മണ്ണ് കണ്ടിടത്ത്‌ അത് മറവു ചെയ്യുമ്പോള്‍ വിരിയാതെ പോയ ഒരു കിളിയുടെ സ്വപ്നവും, എന്റെ നൊമ്പരവും ചേര്‍ന്ന് പറയാനാവാത്ത ഒരു അനുഭവത്തിന്റെ ലോകത്തേക്ക് ഞാന്‍ പ്രവേശിക്കുകയായിരുന്നു.

പുലി പ്പേടി










 വല്ല്യമ്മയുടെ പെണ്മക്കള്‍  എന്നെ അതിരറ്റു ലാളിച്ചിരുന്നു. വീട്ടിലെ ചെറിയ കുട്ടി അന്ന് ഞാനായിരുന്നു. തൂവാലയില്‍ നിറമുള്ള പൂക്കള്‍ തുന്നി തരികയും, പുഴ യിലും , തോട്ടത്തിലും എല്ലാം അവര്‍ എന്നെ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു. ആ കാലത്ത് ഞാന്‍ ഏറെ പേടിച്ചിരുന്ന രണ്ടു കാര്യങ്ങള്‍ , ഒന്ന്, പുലികളി ക്കാരെ (ഞങ്ങളുടെ നാട്ടില്‍ കടുവാ കളി എന്നാണു പറയുന്നത്.), മറ്റൊന്ന് ടെലഫോണ്‍ ഓഫീസിലെ ' കട കട'  ശബ്ദ  ത്തെയും  ആയിരുന്നു. വല്യമ്മയ്ക്ക് ടെലഫോണ്‍ ഓഫീസില്‍ ജോലീ ഉണ്ടായിരുന്നു. എന്നും ഓഫീസില്‍ പോകുമ്പോള്‍ എന്നെ കൂടെ കൂട്ടണമെന്ന് നിര്‍ബന്ധം പിടിക്കും. എന്റെ കരച്ചില്‍ കാണാന്‍ വേണ്ടിയാണ്. മിക്ക ദിവസവും എന്നെ വലിച്ചിഴച്ചാണ് കൊണ്ട് പോയിരുന്നത്. ഓണക്കാലമായാല്‍  കടുവ ക്കാര്‍ ധാരാളം ഇറങ്ങും. ഇവരുടെ ചെണ്ട മേളം  കേട്ടാല്‍ ഞാന്‍ മുറിയില്‍ എവിടെയെങ്കിലും കയറി ഒളിക്കും. എന്റെ ഭയം കാണുമ്പോള്‍ വല്യമ്മയ്ക്ക് ഉത്സാഹമാകും ,എങ്ങനെയെങ്കിലും കടുവകളിക്കാരെ വിളിച്ചു വരുത്തുകയും  മുറ്റത്തു നാല് ചുവടു വയ്പ്പിക്കയും ചെയ്യും.

നാട്ടിലെ പേരെടുത്ത കടുവ കളിക്കാരനായിരുന്നു തങ്കപ്പന്‍. കടുവയുടെ ചലനങ്ങളെ അതെ പടി അനുകരിച്ചു കാണിക്കാന്‍ അറിയാം. എവിടെ തങ്കപ്പന്റെ കടുവ ഇറങ്ങിയാലും ആളുകള്‍ കൂടും'. കടുവാ തങ്കപ്പന്‍' എന്നാണു അയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. ഓണക്കാലത്ത് കടുവ കളിയും, ശബരിമല  സീസണ്‍ കാലത്ത് പേട്ട തുള്ളുന്നവര്‍ക്ക് വേണ്ടി ചെണ്ട കൊട്ടാനും മാത്രമേ തങ്കപ്പന്‍പോകൂ. അല്ലാത്ത സമയങ്ങളില്‍ ഏതെങ്കിലും കടത്തിണ്ണകളിലോ, ക്രിസ്ത്യന്‍ അച്ചായന്മാരുടെ റബ്ബര്‍ കടകളിലോ ചുരുണ്ട് കൂടും. ഞങ്ങളുടെ നാട് ഇതുപോലെ ധാരാളം നാടന്‍ മനുഷ്യരെ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഭ്രാന്തു കളിച്ചു അലഞ്ഞു തിരിയുന്ന മനുഷ്യരില്‍ ചിലര്‍ എരുമേലിയില്‍ വന്നു പെടാറുണ്ട്.  കുറച്ചു കാലം അവരുടെ തട്ടകമായി മാറും നാട്. പിന്നെ എവിടെയെങ്കിലും അപ്രത്യക്ഷമാകും.ആ ചെറിയ കാലത്തിനിടയ്ക്കു അവരൊക്കെ നാട്ടില്‍ പ്രശസ്ത രാവുകയും ചെയ്യും.

നാട്ടിലെ ഇത്തരം കഥാ പാത്രങ്ങളില്‍ ചിലരെ എനിക്ക് ഭയമായിരുന്നു. കടുവാ തങ്കപ്പനെ കൂടാതെ ഒരു ' നാരങ്ങാ മൂപ്പന്‍ ' ഉണ്ടായിരുന്നു. കൂനി ക്കൂടി നടക്കുന്ന ഒരു സാധു വൃദ്ധനായിരുന്നു അയാള്‍. ഞങ്ങളുടെ വഴിക്കെങ്ങാനും അയാള്‍ വന്നാല്‍ വല്യമ്മ വിളിച്ചു പറയും, മൂപ്പോ , ഇവിടൊരു കൊച്ചുണ്ട്  വേണേ കൊണ്ടുപൊക്കോ . അത് കേള്‍ക്കുമ്പോള്‍  അയാള്‍ ചുക്കി ചുളിഞ്ഞ മുഖം കോട്ടി ചിരിക്കും. ഒരു നിഷ്കളങ്കമായ ചിരി. ഓണക്കാലത്ത് എവിടെങ്കിലും കടുവാകളിയുടെ കൊട്ടു കേട്ടാല്‍ ഞാന്‍ ഓടി ചെന്ന് ഉമ്മയുടെ മടി ത്തുമ്പില്‍ പിടിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ ഇത്താത്ത മാരോ ടൊപ്പം ഉമ്മറത്തിരിക്കുമ്പോഴാണ്‌  തങ്കപ്പന്റെ കടുവാ സംഘം ആ വഴി വന്നത്. വീട്ടു വാതുക്കല്‍ എത്തിയ പ്പോഴാണ് ഞാന്‍ കണ്ടത്. ഒന്നേ നോക്കിയുള്ളൂ. നിറയെ ചായം വാരി ത്തേച്ചു  വ്യാളിയുടെ തലയുമായി ഒരു സത്വം. ഒപ്പം കറുത്തു വികൃത രൂപത്തില്‍ നാലഞ്ചാളുകള്‍  തോക്കും പിടിച്ചു. ഞാന്‍നിലവിളിച്ചു കൊണ്ട് മുറിയിലേക്ക് ഓടി ക്കയറി. മുറ്റത്തു കൂട്ടച്ചിരി. ഞാന്‍ കട്ടിലിനടിയില്‍ ഇരുന്നു ഒച്ചയുണ്ടാക്കാതെ കരഞ്ഞു. ശബ്ദം പുറത്ത് കേട്ട് കടുവ പുരയ്ക്കകത്തു കയറിയാലോ എന്നായിരുന്നു എന്റെ പേടി. വല്ല്യുത്താ  എന്നെ സമാധാനിപ്പിക്കാന്‍ കടന്നു വന്നു.

'മോന്‍  കരയണ്ട ........ ഞാനവരെ പറഞ്ഞു വിട്ടു  ..................

അവരെന്റെ കണ്ണീരു തുടച്ചു. ഞാന്‍ കാതോര്‍ത്തു. പുറത്ത് ആരുടേയും ഒച്ച കേള്‍ക്കുന്നില്ല. അവര്‍ എന്നെയും എടുത്തു ഉമ്മറത്തേക്ക് വന്നു. അവിടെ ഒരു ബഞ്ചില്‍ എന്നെ ഇരുത്തി. വല്ല്യു മ്മയും ഉമ്മയും, ഇത്താത്ത മാരും എന്നെ നോക്കി നിഗൂഡമായി ചിരിച്ചു. കാര്യം എന്താണെന്ന് മനസ്സിലാവാതെ നില്‍ക്കുമ്പോഴാണ് കണ്ടത്. ബഞ്ചില്‍ എന്റെ തൊട്ടരികില്‍ കടുവ ഇരിക്കുന്നു.വല്ല്യുമ്മ കൊടുത്ത കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ട്. ഒരു നിലവിളിയോടെ ഞാന്‍ ചാടിയെഴുന്നേറ്റതും,  അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.