Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഒരിടത്തൊരു ചട്ടമ്പി ഉണ്ടായിരുന്നു .......




ഇത്  മേപ്പുരയിടത്തില്‍  ഭാസ്ക്കരന്‍ .
എന്റെ ബാപ്പയുടെ സുഹൃത്തായിരുന്നു .  വളരെ നാളുകള്‍ക്കു ശേഷം യാദൃശ്ചികമായി കണ്ടു മുട്ടി  യതാണ് . കണ്ണുകളിലേക്കു നോക്കി കുറേ  നേരം  നിന്നു . എന്റെ ബാല്യം വായിച്ചെടുക്കുക യായിരുന്നു വെന്ന് ഞാന്‍ ഊഹിച്ചു . ഒരു നേര്‍ത്ത ചിരി കൊണ്ട് അമ്പതു വര്‍ഷത്തിനു പിന്നിലേക്ക്‌ 
എന്നെ കൂട്ടിക്കൊണ്ടു പോയി . എനിക്ക് ഇങ്ങനെ ഒരാളെ ക്കുറിച്ച് ബാപ്പ പറഞ്ഞ അറിവേയുള്ളൂ.

"അന്നൊക്കെ  ഞാനൊരു ചട്ടമ്പിയായിരുന്നു "....

മുഖവുരയില്ലാതെ അയാള്‍ പറഞ്ഞു. നാട്ടിലെ ചട്ടമ്പികളെ ക്കുറിച്ചു ബാപ്പ പറയുന്നത് ഞാനും കുറച്ചൊക്കെ കേട്ടിട്ടുണ്ട്. ഭാസ്ക്കരനെ കൂടാതെ മാലിയ്ക്കല്‍  വാസു, പിന്നെ പേരറിയാത്ത വേറെ ചിലരും ഒരു കാലത്ത് നാട്ടില്‍ ചട്ടമ്പി കളായി വിലസിയിരുന്നവരാണ് . ചട്ടമ്പികള്‍ നാടിന്റെ   ആത്മാവ് തൊട്ടറിയുന്നവരാണ് .  ഭയം പുറത്തു കാട്ടാതെ മീശ പിരിച്ചു നടക്കുന്നവര്‍ ....

ഭാസ്ക്കരന്‍ പറഞ്ഞു , 'ഒരു  രാത്രി ലക്ഷ്മി ടാക്കീസില്‍ സിനിമ കണ്ടു മടങ്ങുകയാണ് . ഇന്നത്തെ പോലെ വഴി വിളക്കുകളോ , റോഡു സൌകര്യങ്ങളോ ഇല്ല .പുഴ നീന്തി ക്കടക്കണം .അക്കരെ തെങ്ങിന്‍ തോപ്പുകളാണ് . ചെത്തു തെങ്ങുകള്‍ ധാരാളമുണ്ട് .കള്ളെടുക്കാന്‍  തെങ്ങില്‍ കയറുന്നത് കണ്ടാല്‍ പോലും ആരും ശബ്ദിക്കില്ല.' നാട്ടിലെ ചട്ടമ്പിയാണ് .........!

പുഴക്കടവില്‍ എത്തിയപ്പോള്‍ ആരുടെയോ നിഴലനക്കം. 

" ആരാടാ ........" 

ഭാസ്ക്കരന്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു. അനക്കമില്ല .അരയിലെ കഠാരപ്പിടിയില്‍ കൈ പരാതി .ശത്രുക്കള്‍ ധാരാളമുണ്ട്. അങ്ങാടിയില്‍ തോറ്റ പലര്‍ക്കും പകരം ചോദിക്കാന്‍ സൗകര്യം പാതിരാത്രിയാണ് . കഠാര പിന്നിലൊളിപ്പിച്ച് അനക്കം കേട്ട ദിക്കിലേക്കു നടന്നു.

"ആരാ ഭാസ്ക്കരനാണോ" ...........?

ഇരുട്ടില്‍ നിന്ന് പരിചിത ശബ്ദം. ഭാസ്ക്കരന്‍ തീപ്പെട്ടിയുരച്ചു . കുറെ മുളങ്കമ്പുകളും ,കയറും, ഓലയും കൂട്ടിവച്ചു ഒരാള്‍ ഇരിക്കുന്നു. ഭാസ്ക്കരന്‍ കുറച്ചു കൂടി അടുത്തു  ചെന്നു .

' അലിയാരോ..........! നീയിവിടെ എന്തു ചെയ്യുന്നു..........?

മാടനും , മറുതയും കൂടുകെട്ടി പാര്‍ക്കുന്ന ഈ പുഴക്കടവില്‍ തനിച്ചിരിക്കുന്ന എന്റെ ബാപ്പയോട് ഭാസ്ക്കരന്‍ ചോദിച്ചു.

" ഞാനിവിടെ ഒരു വീടു   കെട്ട്വാ  ....നീയൊന്നു സഹായിക്ക് "  പതിഞ്ഞ ശബ്ദത്തില്‍ ബാപ്പ പറഞ്ഞു.
മിഥുനം കര്‍ക്കിടകത്തില്‍ നീര്‍വാഴ്ച യുള്ള മണ്ണാണ് , ഇടവപ്പാതിക്ക് പുഴ കയറിവരും, എന്നിട്ടും ബാപ്പ അവിടെ വീടുവയ്ക്കാന്‍ തീരുമാനിച്ചു. 
'ഒച്ചയുണ്ടാക്കരുത് , ആളനക്കം കേട്ടാല്‍ ചുറ്റു വട്ടത്തുള്ളവര്‍ ഉണരും . പുറമ്പോക്കു ഭൂമിയാണ്‌ ' , ബാപ്പ പറഞ്ഞു........
നേരം പുലരും മുമ്പ് അവിടെ മുളങ്കമ്പുകള്‍ ഉറപ്പിച്ചു, ഓലക്കീറുകള്‍  മേഞ്ഞു. ക്ഷീണം തീര്‍ക്കാന്‍ ഭാസ്ക്കരന്‍ പുഴ കടന്നു തെങ്ങിന്‍ തോപ്പിലേക്ക് നടന്നു. പകല്‍ സമയങ്ങളില്‍ ഒരു കാവല്‍ക്കാരനെ പോലെ ഭാസ്ക്കരന്‍ പുഴക്കടവില്‍ ചുറ്റി നടന്നു.ഇടയ്ക്ക് ബാപ്പയോടൊപ്പം പുതു മണ്ണിലിരുന്നു കട്ടന്‍ചായയും പുഴുങ്ങിയ നമ്പര് കപ്പയും ,  പുഴയില്‍ വീശിപ്പിടിച്ച  ആറ്റുമീനും കഴിച്ചു .  അധിനിവേശത്തില്‍ നാട്ടുകാര്‍ ആരും  പ്രതിഷേധിച്ചില്ല .  പുഴക്കരയിലെ ഇത്തിരി മണ്ണില്‍  അധികം താമസിയാതെ കരിമുള വെട്ടി തൂണു നാട്ടി . ഓല മേഞ്ഞു .വാഴയും , പ്ലാവും തളിര്‍ത്തു. മുറ്റത്തു നിത്യ കല്യാണി പൂവിട്ടു. ആ മണ്ണിലാണ് പിന്നീട് ഞാന്‍  പിറന്നത്‌ . വല്ലപ്പോഴും അതുവഴി വരാറുള്ള ഭാസ്ക്കര ചട്ടമ്പി എന്നെ എന്തെങ്കിലും പറഞ്ഞു രസിപ്പിക്കും . 
ഭാസ്ക്കരന്റെ ജീവിതത്തില്‍ പിന്നെയും വഴിത്തിരിവുകള്‍ ഉണ്ടായി . നാട്ടിലെ ചില അടിപിടി കേസുകളില്‍ നിന്ന് രക്ഷപ്പെട്ട് മറ്റൊരു ദേശത്ത് അഭയം തേടി . അവിടെ ഒരു സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം നല്ലവനായി നാട്ടില്‍  മടങ്ങിയെത്തി അദ്ധ്വാനിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് അയാള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.എന്റെ ചോദ്യങ്ങളെ ഭാസ്ക്കരന്‍ ആദ്യം സംശയത്തോടെയാണ്  സമീപിച്ചത് . 

"എന്തിനാണ് പഴങ്കഥകള്‍     തിരയുന്നത് , എന്നെ  കുടുക്കാനാണോ ........?   നിങ്ങള്‍ക്കെന്താണ്  പണി .......? അര്‍ദ്ധ ശങ്കയില്‍ ഭാസ്ക്കരന്‍ ചോദിച്ചു .
പഴയ ഒരു സുഹൃത്തിന്റെ മകന്‍ . ഞാന്‍  കഥകള്‍ എഴുതാറുണ്ട് എന്നു  പറഞ്ഞപ്പോള്‍ മുഖത്തെ മാംസ പേശികള്‍ അയഞ്ഞു .' ഇനിയുമുണ്ട് ഒരുപാട് പറയാന്‍ '. ആ  ശബ്ദം ആര്‍ദ്രമായി. അപ്പോസ്തലന്മാരെ പ്രകീര്‍ത്തിച്ചു  ഭാസ്ക്കരന്‍ എഴുതിയ പാട്ടുകള്‍ എന്നെ കാണിച്ചു . അയാള്‍ പിന്നെയും പഴങ്കഥകള്‍ പറഞ്ഞു . ഇടയ്ക്ക് ഓര്‍മിപ്പിക്കാന്‍ എന്നോണം അയാള്‍ പറയും .
"ഞാനൊരു ചട്ടമ്പിയായിരുന്നു ".
അതു  കേള്‍ക്കാന്‍ എനിക്കിഷ്ടമാണ് .----

   

  


14 Responses to ഒരിടത്തൊരു ചട്ടമ്പി ഉണ്ടായിരുന്നു .......

  1. ബ്ലോഗ്‌ ലോകത്തിനു ഇത് സമര്‍പ്പിക്കുന്നു .
    അഭിപ്രായം അറിയിക്കുക

  2. ajith says:

    കഥ മുഴുവനും വായിച്ചിട്ടും ഇനിയും വായിക്കാന്‍ ബാക്കിയുണ്ടെന്നൊരു തോന്നല്‍ നില്‍ക്കുന്നു.

  3. Unknown says:

    ഒരു പൂർണ്ണത വന്നില്ലാന്ന് തോന്നി, പക്ഷേ എഴുത്ത് ശൈലി എപ്പോഴത്തെയും പോലെ താത്പര്യം ജനിപ്പിക്കുന്നു...

    അപ്പോൾ പുറമ്പോക്ക് ഭൂമി അടിച്ച് മാറ്റി അല്ലേ ?

  4. പഴയ സിനിമകളില്‍ കാണുന്ന ഹാസ്യചട്ടമ്പിമാരെ ഓര്‍മ്മിപ്പിച്ചു ഈ കഥ... നന്നായി..

  5. Anonymous says:

    കഥ കേട്ട് പൂതിവെച്ച് വന്നപ്പോഴെക്കും കറന്റെ പോയമാതിരി! നല്ല സുഖമുള്ള വായന.
    ബാക്കികൂടി പോരട്ടെ!

  6. ഇക്കാ .ഈ കഥയുടെ ചുവടു പിടിച്ചു ഇനിയും എഴുതാലോ ..............
    പശ്ചാത്തലം യവനികയിലെന്നപോലെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞതതു കഥയുടെ വിജയം .
    ആശംസകള്‍.................

  7. എല്ലാരും പറഞ പോലെ....എനിയും തുടരാല്ലോ....

  8. ഭാസ്കരന്‍ ഇനിയും വരില്ലേ?

  9. ജീവിത കഥകള്‍ക്ക് പച്ചപ്പ്‌ കൂടും , ഇങ്ങിനെ എത്രയെത്ര മുഖങ്ങള്‍ നാം ഈ യാത്രയില്‍ ഉടനീളം കണ്ടുമുട്ടുന്നു .കുറച്ചേ ഉള്ളൂവെങ്കിലും .നന്നായി പറഞ്ഞു .ആശംസകള്‍

  10. ഓര്‍മ്മകള്‍ എന്ന ലേബലായതുകൊണ്ടാണോ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ഭാസ്കര ചട്ടമ്പിയെ നായകനാക്കി ഒരു കഥമെനയാതെ നിര്‍ത്തിയത്? ഏതായാലും ആകാംഷയോടെ വായിച്ച്, അവസാന താളുകള്‍ പറിഞ്ഞുപോയ പുസ്തകം പോലെ വിഷാദത്തോടെ വിടവാങ്ങേണ്ടിയും വന്നു.

  11. ഞാനൊരു എഴുത്തുകാരനാണെന്ന് പറഞ്ഞപ്പോൾ ചട്ടമ്പിയുടെ മുഖം വികസിച്ചോ? ഞാനൊരു ചട്ടമ്പിയാണെന്ന് ബോധ്യപ്പെടുത്താൻ പാടുപെടുന്നുണ്ടോ പാവം ചട്ടമ്പി...

    എല്ലവരും പറഞ്ഞ പോലെ എഴുത്തിൽ മേന്മകളുണ്ടെങ്കിലും വിഷയത്തിൽ എന്തൊക്കെയോ കുറവുകൾ കണ്ടതു പോലെ...

  12. അത്തൊളിക്കാ, ങ്ങള് ചെറുങ്ങനെ കഥെക്ക എഴുതും ന്ന് പറഞ്ഞപ്പോ ചട്ടമ്പി വിചാരിച്ചു കാണും ഭയങ്കര വല്യേ കഥാപാത്രായിട്ട് നാളെ,എം.ടി ടെ കഥാപാത്രങ്ങളെ പത്രക്കാർ അന്വേഷിച്ച് വരുമ്പോലെ തന്നേയും അന്വേഷിച്ചാരേലും വരൂം ന്ന്. ആ ചട്ടമ്പ്യോട് പറയണ്ട ബ്ലോഗ്ഗാ എഴുതുന്നേ ന്ന്. അയാളുടെ കഠാരടെ ഇരയാവും.! നല്ല രസമായി എഴുതീ ട്ടോ. ആശംസകൾ.

  13. ഓർമകൾ എന്നു ലേബൽ..... അല്ലെങ്കിലും ഓർമകളുടെ ഓളങ്ങളാണല്ലോ പിന്നീട് കഥകളായി സാന്ദ്രീകരിക്കുന്നത്. ഈ ഓളങ്ങളും നല്ല ഒരു കഥയായി മാറും എന്നു പ്രതീക്ഷിക്കുന്നു.....

  14. എല്ലാവരും പറഞ്ഞത് പോലെ ഇനിയും തുടരുക....കഥ പൂർണ്ണമായില്ലാ എന്നൊരു തോന്നല്..... ആശംസകൾ

Leave a Reply