സണ്ണി – ഇന്നത്തെ ദിവസം അറിയാമല്ലോ . ക്രിസ്മസ് , മെറി ക്രിസ്മസ് , ഹാപ്പി
ക്രിസ്മസ് ...
കണ്ടില്ലേ , കയറി വന്നപ്പോള്‍ മിന്നുന്നത് ,
സൂസന് മനസ്സിലാകുന്നില്ല അയാള്‍ പറയുന്നത്.
സണ്ണി – കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് – സ്റ്റാര്‍ - ദിവ്യ നക്ഷത്രം ....
ഒരു പെഗ്ഗ് കൂടി ഒഴിച്ച് കൊണ്ട് –
സണ്ണി , ഒരുവിധം ഫിറ്റ് ആയിട്ടുണ്ട്. അയാള്‍ അടുത്ത ചെയറില്‍ ഇരുന്നു.
സണ്ണി – ഇരിക്കണം സ്റ്റെയിഞ്ചര്‍
സൂസന്‍ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല
സണ്ണി – ഇരിക്കാതെ നമ്മള്‍ ഒന്നും സംസാരിക്കില്ല.
സൂസന്‍ അടുത്ത് ഒരു ചെയറില്‍ അര ചന്തിയില്‍ ഇരുന്നു.
സണ്ണി – ങാ , അങ്ങനെ വഴിക്ക് വാ എന്റെ യരുശലേം കുട്ടീ.
സണ്ണി – ഞാന്‍ സണ്ണി, സണ്ണി തോമസ് എന്നൊക്കെ ഇവിടുത്തെ വൈറ്റ് കോളെഴ്സ്
വിളിക്കും , അവന്മാരു പോയി പണി നോക്കട്ടെ. അമ്മച്ചി എന്നെ സണ്ണിച്ചാ ന്നു
വിളിക്കും , അതിലും മധുരമായിട്ടു എന്റെ അനിയത്തി ക്കുട്ടി വിളിക്കും – സണ്ണിച്ചായാ
–ന്നു
ഗ്ലാസില്‍ ഇരുന്ന ബാക്കി കൂടി വിഴുങ്ങിയിട്ട്.
സണ്ണി – ഞങ്ങളുടെ വീട്ടിലൊരു തോമ്മിച്ചായനുണ്ട് , അപ്പച്ചന്റെ സഹായി.
അയാളെന്നെ വിളിക്കുന്നത് എന്താണെന്ന് അറിയുവോ ,
ഒരു തമാശ ആസ്വദിക്കുന്ന ആനന്ദത്തോടെ സ്വയം ചിരിച്ചു കൊണ്ട് – സണ്ണി ക്കുഞ്ഞു ;
ഇപ്പോള്‍ സൂസന് സംസാരിക്കാനുള്ള ധൈര്യം കിട്ടി .
സൂസന്‍ - എപ്പോഴും എന്തിനാ ഈ സണ്ണീ ,
സണ്ണീ ന്നു പറേന്നത് ...................... ?
സണ്ണി – ( ചിരിച്ച് ) വണ്ടര്‍ ഫുള്‍ ക്വസ്റ്റ്യന്‍ , അതെന്റെ പേരല്ലേ കുട്ടീ.
വേറെ ആരും വിളിക്കാനില്ലാത്തപ്പോ , ( ബാക്കി അയാള്‍ ചിരിയില്‍ ഒതുക്കി )
സൂസനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .
സണ്ണി – ക്ഷമിക്കണം . ചോദിക്കാന്‍ വിട്ടു. കുടിക്കാന്‍ എന്താ വിസ്ക്കി ,
ബ്രാണ്ടി , റം .........
ഒന്ന് നിര്‍ത്തി – ഒറിജിനല്‍ വിസ്കി , ഒരെണ്ണം എടുക്കട്ടെ.
സൂസന് ആ സംസാരം പിടിച്ചില്ല , അവള്‍ തല താഴ്ത്തിയിരുന്നു.
സണ്ണി : ഇതാ പ്രശ്നം , ഈ പെണ്ണെന്നു പറേന്ന ജാതിക്കു ഇതൊന്നും പിടിക്കുകേല
അയാള്‍ ഒരു സിപ്പ് കൂടി എടുത്തു കൊണ്ട് പറഞ്ഞു.
സണ്ണി : കാലത്തെഴുന്നേറ്റു വെറും വയറ്റില്‍ വിസ്ക്കി കഴിക്കുന്ന ഒരു മദാമ്മേ
എനിക്കറിയാം .അങ്ങ് ഗോവേല് ( പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ,കിട്ടാതെ
വരുമ്പോള്‍)
സണ്ണി : ങാ , പേരും നാളുമൊന്നും തലേ വരുന്നില്ല.ഒറ്റ മാസം ഞങ്ങള്‍ വിസ്ക്കീം
,ബ്രാണ്ടീം കുടിച്ചു ആടി പാടി നടന്നു.ഒരു സുപ്രഭാതത്തില്‍ ( പ്ലെയ്ന്‍ ടെക് ഓഫ്
ചെയ്യുന്ന ആംഗ്യം കാണിച്ചു ) ഒറ്റ പ്പറക്കലാരുന്നു .
ഇത്തിരി നേരം ആലോചിച്ചിരുന്നു അന്നിട്ട് -
സണ്ണി : ഇപ്പൊ വല്ല ലണ്ടനിലോ , അമേരിക്കയിലോ ചുറ്റി ത്തിരിയുന്നുണ്ടാവും .
വീണ്ടും സൂസനോട്
സണ്ണി : സുന്ദരിയായിരുന്നു. (സ്വകാര്യം പോലെ ) പക്ഷെ ഭയങ്കര വായ് നാറ്റമാ ..
അയാള്‍ നിലവിട്ടു ചിരിച്ചു, ഒപ്പം സൂസനും ചിരിച്ചൂന്നു വരുത്തി.
സണ്ണി , അയാളുടെ സംസാരം കുറച്ചു കുഴയുന്നുണ്ട്.
സണ്ണി : പേര് പറഞ്ഞോ ........ ? ബൂസായത് കൊണ്ട് ഞാനോര്‍ക്കുന്നില്ല.
സൂസന്‍ : ഒരു രാത്രിയ്ക്ക് വേണ്ടി എന്തിനാ ഒരു പേര് ........... ?
സണ്ണി : അത് ശരിയല്ല, ഒരു നിമിഷത്തിനായാലും ഒരു പേര് വേണം .കര്‍ത്താവ് എന്താ
പറഞ്ഞതെന്നറിയാമോ .. ?
സൂസന്‍ : എന്താ പറഞ്ഞെ .........?
സണ്ണി : ( ശബ്ദം മാറ്റി ) യാക്കൊബെ , നിന്നെ ഞാന്‍ പേര് ചൊല്ലി വിളിച്ചിരിക്കുന്നു
– എന്നാ
സണ്ണി : എന്തായാലും ഒരു പേര് വേണം .
സൂസന്‍ : ഇഷ്ടമുള്ളത് വിളിച്ചോളൂ ....
അയാള്‍ ആലോചിച്ചു. അപ്പോഴത്തെ അവസ്ഥയില്‍ അയാള്‍ കുറച്ചു പ്രയത്നിക്കുന്നുണ്ട്
ഒരു പേരിനു വേണ്ടി .
ഒരു പേര് കണ്ടു പിടിച്ചതിന്റെ വിജയ ഭാവത്തില്‍ അയാള്‍ സൂസനെ ഒന്ന് നോക്കി
,പിന്നെ ചിരിച്ചു.
സൂസന് ആകാംഷ.
സണ്ണി: സൂസന്‍
അവള്‍ അമ്പരന്നു പോയി. പക്ഷെ അത് പുറത്ത് കാണിക്കാതെ ഇരുന്നു.
സണ്ണി എഴുന്നേറ്റു , അവള്‍ക്കരികില്‍ കൈകള്‍ ഊന്നി നിന്നു. സ്വയം പറഞ്ഞു
സണ്ണി : സൂസന്‍ , സുന്ദരിയായ സൂസന്‍ .
അവള്‍ക്കപ്പോള്‍ ലജ്ജ തോന്നി.
സൂസന്‍ : ആര് പറഞ്ഞു എന്റെ പേര് അതാണന്നു ......?
സണ്ണി : കണ്ടോ, സത്യം പുറത്ത് വരുന്നത് കണ്ടോ ..
സൂസന്‍ അപ്പോള്‍ മനോഹരമായി ചിരിച്ചു.
സണ്ണി : സുന്ദരിയായ ഒരു കോട്ടയം കാരിക്ക് വേറെ എന്ത് പേരാണിടുക .... ങേ ,
സൂസന്‍ വീണ്ടും ഞെട്ടി .
സൂസന്‍ : കോട്ടയം കാരിയോ , ആര് ........... ?
സണ്ണി : ദേ , ദേ , വീണ്ടും നുണ .
അയാള്‍ അവള്‍ക്കു ചുറ്റും വെറുതെ വലം വച്ചു.
സൂസന്‍ : സത്യം പറ , സണ്ണിച്ചന്‍ ഇതിനു മുമ്പ് എന്നെ കണ്ടിട്ടുണ്ട് , ഉറപ്പ്
സണ്ണി : ഇല്ല , കര്‍ത്താവായ ഈശോ മിശിഹാ തമ്പുരാനാണെ ഇല്ല.
സൂസന്‍ : സൈക്കോളജി പഠിച്ചിട്ടുണ്ടോ ......
ആ സില്ലി ചോദ്യത്തിന് അയാള്‍ ചിരിച്ചു.
സണ്ണി : സൈക്കോളജി യല്ലേ ജീവിതം പഠിപ്പിക്കുന്നത്.
സൂസന്‍ , അവള്‍ എഴുന്നേറ്റു ,
സൂസന്‍ : സത്യം പറ സണ്ണിച്ച , എന്റെ പേരും നാടും സണ്ണിച്ചനു എങ്ങനെ അറിയാം .
സണ്ണി : സത്യം , സത്യമേ പറയൂ സണ്ണി ,
അവളുടെ ചുമലില്‍ കൈകള്‍ വച്ച് കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചു കൊണ്ട്.
സണ്ണി : സൂസന്‍ എന്നല്ലാതെ എന്ത് വിളിക്കും ഈ സൌന്ദര്യത്തെ ......... .
അവള്‍ തല കുനിച്ചു.
സണ്ണി വീണ്ടും വലം വയ്ക്കാന്‍ തുടങ്ങി.
സണ്ണി : വേണമെങ്കില്‍ കുറച്ചു കൂടി പറയാം , എന്താ കേള്‍ക്കണോ .......... ?
സൂസന്‍ : കേള്‍ക്കട്ടെ ,
അവള്‍ക്കു ആകാംക്ഷ കൂടി .
സണ്ണി : പക്ഷെ , എനിക്ക് ഒന്ന് കൂടി അടിക്കണം .
സൂസന്‍ : വേണ്ട, അങ്ങനെയെങ്കില്‍ കേള്‍ക്കണ്ട.
സണ്ണി : കാഞ്ഞിരപ്പള്ളി , അച്ചായന്മാര്‍ക്ക് തീറെഴുതി കൊടുത്ത ഒരു സിനിമാ
ക്കാരനുണ്ടായിരുന്നു , പത്മരാജന്‍ , ( സൂസനോട് ) കേട്ടിട്ടുണ്ടോ ....... ?
അതിനു മറുപടി പ്രതീക്ഷിക്കാതെ അയാള്‍ തുടര്‍ന്ന് –
അങ്ങേരുടെ ഭാഷേല്‍ പറഞ്ഞാല്‍ , കാഞ്ഞിരപ്പള്ളിക്കാരിയല്ലേ നീ. ടെല്‍ മീ ........
സൂസന്‍ സമ്മതിച്ചു .
സൂസന്‍ : ങാ .
സണ്ണി : നോക്കിക്കേ ,കൊച്ചിന്റെ മുഖത്തെ വെപ്രാളം കണ്ടില്ലേ.......!
സണ്ണി : (ചിരിച്ചു ) അത്രേം മതി , എല്ലാം കൂടി ഒറ്റ രാത്രി കൊണ്ട് പറഞ്ഞു തീര്‍ത്താല്‍
പിന്നെ , ഒരു രസോം ഉണ്ടാവൂല ...
റൂമില്‍ എവിടോയോ ക്ലോക്ക് അടിച്ചു.
സൂസന്‍ : വരുന്നില്ലേ ... രാത്രി
ഇപ്പൊ തീരും ....
സണ്ണി : തീരട്ടെ , രാത്രി വരും ,വീണ്ടും വരും , പിന്നെയും വരും. ( ചെറിയ
ഗ്യാപ്പില്‍ )
സണ്ണി : ഞാനിപ്പോ വരാം .
അയാള്‍ മറ്റൊരു മുറിയിലേക്ക് നടന്നു.
സീന്‍ - 14
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
മറ്റൊരു മുറി – ഇന്റീരിയര്‍
അയാള്‍ മുറിയില്‍ ഒരു പുല്‍ക്കൂട് അവസാനത്തെ പണി തീര്‍ക്കയാണ്. ഉണ്ണിയേശു
വിന്റെ രൂപം ഒരിടത്ത് ഉറപ്പിച്ചു , അത് ഭംഗിയല്ലെന്നു തോന്നി , വേറൊരിടത്തു വച്ചു
അതിന്റെ ഭംഗി നോക്കുന്ന സണ്ണി.
സൂസന്‍ കേള്‍ക്കാന്‍ വേണ്ടി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു –
സണ്ണി : തിരുപ്പിറവി കാണാന്‍ ഒരവസരം തരാം .
കുറച്ചു നേരം പ്രതികരണത്തിനു കാത്തു. മറുപടി യില്ല.
ങേ , പോയോ എന്ന് ആത്മ ഗതം ചെയ്തു കൊണ്ട് അയാള്‍ പുറത്തേക്ക്.
സീന്‍ - 15
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
മുറി – ഇന്റീരിയര്‍
കടന്നു വരുന്ന സണ്ണി – മുമ്പ് സംസാരിച്ചിരുന്ന മുറി . ഇപ്പോഴവിടെ സൂസനില്ല.
അയാള്‍ ചുറ്റുപാടും നോക്കിയ ശേഷം മറ്റൊരു വശത്തേക്ക് നടന്നു
15 A
വേറൊരു മുറിയുടെ പാതി ചാരിയ ഡോറിനു പിന്നില്‍ അയാള്‍ നിന്നു , മുറിയില്‍
നിന്നുള്ള വെളിച്ചം പുറത്തേക്ക് വീണു കിടന്നു. വാതിലില്‍ മുട്ടുന്നതിനു പകരം “ അതേ
“ എന്ന് പറഞ്ഞു കൊണ്ട് ഡോര്‍ തുറന്നു ശൂന്യമായ മുറി . സൂസന്‍ അവിടെയും ഇല്ല. സണ്ണി
തെല്ലു അമ്പരന്നു അയാള്‍ മറ്റൊരു മുറിയിലേക്ക്
15 B
സണ്ണി ഒച്ചയുണ്ടാക്കാതെ ഒരു ഡോര്‍ തുറന്നു.അയാളുടെ കാഴ്ചയില്‍ ബെഡ്ഡില്‍
കിടക്കുന്ന സൂസന്‍ , അവളൊരു ബെഡ് ഷീറ്റ് കൊണ്ട് ശരീരം മറച്ചിട്ടുണ്ട് .
സണ്ണി ഡോര്‍ തുറക്കുമ്പോള്‍ ഒരു ചിരി കൊണ്ട് അയാളെ ക്ഷണിച്ചു.
സണ്ണി മുഖം തിരിച്ചു
സണ്ണി : ഡ്യൂട്ടിയില്‍ പങ്ങ്ച്ച്വല്‍ ആണല്ലേ ........... ?
അയാളുടെ പ്രതികരണം അങ്ങനല്ല അവള്‍ പ്രതീക്ഷിച്ചത്
ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു സൂസന്‍ - അങ്ങനല്ലേ വേണ്ടത് ............. ?
വെറുതെ കാഷ്വല്‍ ആയി “ അതെ ‘ യെന്നു സണ്ണി തലയാട്ടി.
സണ്ണി : വിരോധമില്ലെങ്കില്‍ കിച്ചണിലേക്ക് വരൂ. എനിക്കിത്തിരി താറാവ് കറി
കൂട്ടണം
സൂസന്‍ - അപ്രതീക്ഷിതമായ പ്രതികരണത്തില്‍ ചൂളി പ്പോകുന്നു.
സീന്‍ - 16
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഇന്റീരിയര്‍
ഷെല്‍ഫില്‍ എന്തോ തിരയുന്ന സണ്ണി. അരികില്‍ സൂസന്‍ . അത് ബെഡ് റൂമാണ്
കുറെ പുതു വസ്ത്രങ്ങള്‍ എടുത്തു
സണ്ണി : പാകമാകുമോന്നറിയില്ല ,
തുണികള്‍ സൂസന് കൊടുത്തു , അവള്‍ അത് മറിച്ചു നോക്കുന്നു.
സൂസന്‍ : പെണ്ണില്ലാത്ത വീട്ടില്‍ പെണ്‍വസ്ത്രം , .....? സന്ദര്‍ശകര്‍ക്കുള്ളതാ
........?
മറുപടിക്ക് വേണ്ടി അവള്‍ കാത്തു.
സണ്ണി : അത് , മറ്റൊരു കഥ.
അയാള്‍ പെട്ടെന്ന് പുറത്തേക്ക് നടന്നു.
സീന്‍ - 17
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
കിച്ചണ്‍ - ഇന്റീരിയര്‍
താറാവിനെ ഒരുക്കുന്ന സൂസന്‍ . അവള്‍ ഒരു നൈറ്റി യാണ് വേഷം. അടുത്ത് സിഗരറ്റ്
പുകച്ചു കൊണ്ട് സണ്ണി .
പറഞ്ഞു വന്നതിന്റെ ബാക്കിയായി
സൂസന്‍ : എന്നിട്ട് ....... ?
സണ്ണി : എന്നിട്ടെന്താ ........ അത്രതന്നെ ...
അയാള്‍ക്ക് പറയാന്‍ താല്‍പ്പര്യം ഇല്ല
സൂസന്‍ നിര്‍ബന്ധിച്ചു
സൂസന്‍ : പറയൂന്നെ ...
സണ്ണി : അമ്മച്ചിക്ക് നിര്‍ബന്ധമാരുന്നു , ഈ ക്രിസ്മസ്സിനു മുമ്പ് എന്റെ
കല്യാണം. എന്തോ ഒരു ഉള്‍വിളി പോലാരുന്നു , മരിച്ചു പോകും എന്നൊക്കെ ഒരു തോന്നല്‍
സൂസന്‍ പാചകത്തിനിടയില്‍ സണ്ണിയെ കേള്‍ക്കുന്നു.
സണ്ണി : എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ എന്നാ പിന്നെ ആയേക്കാം എന്നെനിക്കും
തോന്നി. നാട്ടിലേക്ക് പോകാന്‍ നേരം വാങ്ങിയതാ ഈ ഡ്രസ്സൊക്കെ .
അയാള്‍ സിഗരറ്റ് കുത്തി ക്കെടുത്തി ,
സണ്ണി : എയര്‍ പോര്‍ട്ടില്‍ നിക്കുമ്പോ അമ്മച്ചീടെ കോള്‍ ,കല്യാണ പെണ്ണ്
സൂയിസൈഡ് ചെയ്തത്രെ ...... കാരണം
ചോദിച്ചില്ല , അമ്മച്ചി പറഞ്ഞുമില്ല. പിന്നെ ഞാന്‍ പോയില്ല.
ഇറച്ചി മുറിക്കുന്നതിനിടയില്‍ അവളുടെ കൈ മുറിഞ്ഞു. “ ങാ “ എന്നൊരു ശബ്ദത്തില്‍
അവള്‍ പ്രതികരിച്ചു.
സണ്ണി : ങേ , എന്തുപറ്റി
സണ്ണി അവളുടെ വിരല്‍ നാവിലെടുത്ത് വച്ചു.
സണ്ണി : മുറിവുണങ്ങാന്‍ തുപ്പലു നല്ലതാ.
അയാളുടെ ആത്മാര്‍ത്ഥമായ പെരുമാറ്റം അവളില്‍ ഇത്തിരി നാണം വരുത്തുന്നുണ്ട്.
ഹൃദ്യമായ ആ അടുപ്പം അവളുടെ കണ്ണുകളില്‍ കാണാം . ഒരു കള്ളച്ചിരി കൊണ്ട് സണ്ണി അതിനെ
മറികടക്കുന്നു.
സീന്‍ - 18
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഹാള്‍ , ഇന്റീരിയര്‍
സണ്ണി നിന്നു കൊണ്ട് ഒരു പെഗ്ഗ് ഗ്ലാസിലേക്കു ഒഴിച്ച്.സൂസന്‍ അടുക്കളയില്‍
നിന്നു കടന്നു വന്നു.
സൂസന്‍ : അതിനിടയ്ക്ക് കഴിക്കാന്‍ പോയോ, ഒന്നിങ്ങോട്ടു വരുന്നുണ്ടോ ........ ?
സണ്ണി : ദാ , വരുന്നു , അയാള്‍ വേഗം പണി പൂര്‍ത്തിയാക്കി
സൂസന്‍ : മസാലയൊക്കെ എവിടാ ഇരിക്കുന്നതെന്ന് പറഞ്ഞേ ....?
സണ്ണി : ( ഒഴുക്കന്‍ മട്ടില്‍ ) മുളക് പൊടി ആദ്യത്തെ ഡ്രോയറില്‍ , മല്ലിയും
അവിടെ തന്നെ , സ്പൈസസ് ലാസ്റ്റ് ഡ്രോയറില്‍
സൂസന്‍ ( പരിഭവത്തില്‍ ) സണ്ണിച്ചായ ഒന്നിങ്ങോട്ടു വരുന്നുണ്ടോ ...
അത് കേള്‍ക്കുമ്പോള്‍ സണ്ണിയുടെ മനസ്സില്‍ ഒരു കുളിര്‍മ്മ , അയാള്‍ ഊറി
ചിരിച്ചു.
സീന്‍ - 19
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
കിച്ചന്‍ - ഇന്റീരിയര്‍
ഇറച്ചി വേവുന്നത് തുറന്നു നോക്കുന്ന സണ്ണി. അതിലെ ഗന്ധം ആസ്വദിച്ചു സ്വയം
പറഞ്ഞു “സ്വയമ്പന്‍ “
സൂസന്‍ അടുത്ത് എവിടെയോ സണ്ണിയുടെ പെരുമാറ്റം ശ്രദ്ധിച്ചു നില്‍പ്പുണ്ട്.
സൂസന്‍ : എളേ ഇച്ചായന്റെ പെമ്പിള എടത്വാ ക്കാരിയ ആ ആന്റിക്ക് നന്നായി താറാവ്
വക്കാനരിയാം . ആന്റിയാ എന്നെ പഠിപ്പിച്ചത്
സണ്ണി : ഞാന്‍ പറഞ്ഞില്ലേ , ഓരോ കാഞ്ഞിരപ്പള്ളി കുടുംബത്തിലും ഒരു കുട്ടനാട്ട്
കാരിയുണ്ടാവും
സൂസന്‍ : അതെന്താ .......... ?
സണ്ണി : അതെന്താന്നു ചോദിക്കരുത് , അതങ്ങനെയാ .........
സൂസന്‍ : മനശാസ്ത്രമാരിക്കും .
സണ്ണി : ആണെന്ന് കൂട്ടിക്കോ . സിഗ്മണ്ട് ഫ്രോയ്ഡ് ന്നു കേട്ടിട്ടില്ലേ , അയാടെ
കൂടാരുന്നു ഞാന്‍
സണ്ണിയുടെ പുളു രസിച്ചു കൊണ്ട് –
സൂസന്‍ : ഒന്ന് പോ സണ്ണിച്ചായ , പുളുവടിക്കാതെ ,
സണ്ണി : പറഞ്ഞാ വിശ്വസിക്കില്ല , ഇപ്പൊ സൂസന്‍ കൊച്ചു എന്താ
ആലോചിക്കുന്നതെന്ന് ഞാന്‍ പറയാം .
സൂസന്‍ : കേക്കട്ടെ ,
സണ്ണി : ചുമ്മാ , ച്ചുലുവിലൊന്നും കേക്കാന്‍ പറ്റില്ല,
അയാള്‍ സൂസനെ സ്നേഹത്തോടെ പൊതിഞ്ഞു കൊണ്ട് ,
സണ്ണി : താറാവ് കറി കൂട്ടി ചോറുണ്ട് ,
നമ്മള്‍ ബെഡ്ഡില്‍ കെട്ടി പ്പിടിച്ചു കിടക്കുമ്പോ പറയാം .
സൂസന്‍ , അവള്‍ക്കു നാണം വന്നു .അവള്‍ അയാളെ സ്നേഹപൂര്‍വ്വം തള്ളി മാറ്റി.
സീന്‍ - 20
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഡൈനിംഗ് റൂം – ഇന്റീരിയര്‍
സണ്ണി ഇരിക്കുന്നു , സൂസന്‍ ഭക്ഷണം വിളമ്പി. അവളും അയാള്‍ക്കരികില്‍ ഇരുന്നു .
സണ്ണി നല്ല ഫിറ്റാണ് . ആടുന്നുണ്ട് അത് നോക്കിയിരിക്കുന്ന സൂസന്‍
സൂസന്‍ : സണ്ണിച്ചനെന്തിനാ ഇങ്ങനെ കുടിക്കുന്നത് ........... ?
ഒരു നിമിഷം , അയാള്‍ മറുപടി ഓര്‍ത്തെടുത്തു
സണ്ണി : സൂസനെന്തിനാ ഈ പണിക്കു പോയത്............ ?
ആ ചോദ്യം അവള്‍ക്കു ഒരു ഷോക്ക് ആയിരുന്നു . അവള്‍ ഒന്ന് പരുങ്ങി .
സണ്ണി : കാശിനോ ........... അതോ സുഖം
കിട്ടാനോ ........ ?
അവള്‍ മെല്ലെ എഴുന്നേറ്റു, മറുപടി പറയാന്‍ പറ്റുന്നില്ല അവള്‍ പതുക്കെ
ജനലരികിലേക്ക് നടന്നു.
അരുതാത്ത ചോദ്യത്തിന്റെ ജാള്യതയില്‍ സണ്ണി ഒപ്പം കൂടി.
സണ്ണി : ഞാന്‍ ചുമ്മാ ചോദിച്ചതാ , വെറും ചുമ്മാ , അല്ലെങ്കില്‍ ഞാനാര് ഇതൊക്കെ
ചോദിക്കാന്‍ , നീയീ പണി മാന്യമായി ചെയ്യുന്നു , ചിലര് ഒളിച്ചും പാത്തും .
അത്രേയുള്ളൂ , പോട്ടെ ,വാ ഊണ് കഴിക്കാം .
അവളെ പിന്തിരിപ്പിക്കുമ്പോള്‍ , കണ്ണുകള്‍ നിറയുന്നത് സണ്ണി കണ്ടു.
സണ്ണി : കരയരുത് , ഈ രാത്രി കരയാനുള്ളതല്ല , റിയലി സോറി, സോറി . അയാള്‍ അവളെ
നെഞ്ചോട് ചേര്‍ത്തു .
അവള്‍ അവിടെ അഭയം തേടി.
സീന്‍ - 21
സണ്ണിയുടെ ഫ്ലാറ്റ് - രാത്രി
ബെഡ് റൂം – ഇന്റീരിയര്‍
സണ്ണി , സൂസന്‍
അവര്‍ എപ്പോഴോ കിടന്നതാണ്.സംസാരിച്ചു തുടങ്ങിയതാണ്.
സണ്ണി : ആരാണയാള്‍ .......... ?
സൂസന്‍ : അറിയില്ല , എല്ലാവരും ‘ അങ്കിളച്ചായന്‍ ‘ എന്നാണു വിളിക്കുന്നത്.
സണ്ണി : എത്ര രൂപ വാങ്ങിയിട്ടുണ്ട്
സൂസന്‍ : അയ്യായിരം ....
സണ്ണി : റിയാല്‍ ........... ?
സൂസന്‍ : ഉം
സൂസന്‍ : അപ്പച്ചന്റെ ബിസിനസ്സൊക്കെ ഒരു സുപ്രഭാതത്തില്‍ പൊട്ടി . കടക്കാര്
ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോ കെട്ടി ത്തൂങ്ങാന്‍ കയറെടുത്തു .
അവള്‍ ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു . പതുക്കെ ബാല്‍ക്കണി യിലേക്ക് നടന്നു
.പിന്നാലെ സണ്ണിയും .
സീന്‍ - 22
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ബാല്‍ക്കണി
താഴെ നിരത്തില്‍ ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ , രാത്രി ദൃശ്യം , അത് നോക്കി
നില്‍ക്കുന്ന സൂസന്‍ , സണ്ണി അടുത്ത് എവിടെയോ ഉണ്ട് , അയാള്‍ ഒരു സിഗരറ്റ്
കത്തിച്ചു.
സൂസന്‍ സണ്ണിയോടായി പറഞ്ഞു , ഞാന്‍ ആഗ്രഹിച്ചിട്ടൊന്നുമല്ല ഇങ്ങനെയായത് .
അവള്‍ കണ്ണ് തുടച്ചു. പതുക്കെ അടുത്ത് വന്നു സണ്ണിയുടെ കൈകളില്‍ പിടിച്ചു.
സൂസന്‍ : ഞാന്‍ നശിച്ചു പോയി ,ഞാന്‍ വെറും പാപിയായി പ്പോയി.
സണ്ണി : പാപവും പുണ്യവുമൊക്കെ നമ്മള് തീരുമാനിക്കുന്നതാ ,
അവളെ ചുമലിലേക്ക് അടുപ്പിച്ചു കൊണ്ട് ,
സണ്ണി : പണം ഞാന്‍ വീട്ടാം . ഇത് , ഇതിവിടെ അവസാനിക്കണം ,
ഇത്തിരി കൂടി ആര്‍ദ്രമായി അയാള്‍ കെഞ്ചി
സണ്ണി : അവസാനിപ്പിക്കില്ലേ .........
സൂസന്‍ , അവള്‍ അയാളുടെ നെഞ്ചില്‍ കിടന്നു തേങ്ങുകയാണ്
സീന്‍ - 23
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഹാള്‍ - ഇന്റീരിയര്‍
ഒരു ചെയറില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന സണ്ണി , സൂസന്‍ അടുത്ത് നില്പുണ്ട് .
അയാളെ ശ്രദ്ധിച്ചു കൊണ്ട്.
സൂസന്‍ : സണ്ണിച്ചായന്‍ കിടക്കുന്നില്ലേ , കുറച്ചു നേരം ഉറങ്ങൂ .
അയാള്‍ നിവര്‍ന്നു
സണ്ണി : വേണ്ട , ഇന്നിനി കിടന്നാല്‍ ഉറങ്ങില്ല.
അയാള്‍ ക്ലോക്കിലേക്ക് നോക്കി , സമയം അഞ്ചു മണി
സണ്ണി : പോകാന്‍ നേരമായി , അല്ലെ ...... ?
അതിനു സൂസന്‍ മറുപടി പറഞ്ഞില്ല , മേശപ്പുറത്ത് സൂസന്റെ മൊബൈല്‍ അടിച്ചു .
സണ്ണി : അയാളാണ് ............. ?
സൂസന്‍ : ഉം .
അവള്‍ക്കു പോകാന്‍ താല്‍പ്പര്യമില്ല. അതെ നില്‍പ്പ് നില്‍ക്കുന്ന സൂസന്‍ .
സണ്ണി എഴുന്നേറ്റു കണ്ണ് തിരുമ്മി ബാല്‍ക്കണി യുടെ വശത്തേക്ക് നടന്നു.
സീന്‍ - 24
സണ്ണിയുടെ ഫ്ലാറ്റ് – പുലര്‍ച്ച
ബാല്‍ക്കണി
സണ്ണി പുറം കാഴ്ചകളില്‍ നില്‍ക്കുന്നു . പിന്നില്‍ ശബ്ദം കേട്ട് തിരിഞ്ഞു
നോക്കുമ്പോള്‍ സൂസന്‍ , പോകാന്‍ തയാറായി വന്നിരിക്കുന്നു . വന്നപ്പോഴുള്ള വേഷം –
സാരി
സൂസന്‍ : പോട്ടെ ,
സണ്ണി : ( ഇത്തിരി സമയമെടുത്ത് ) യാത്ര പറയേണ്ട
അവള്‍ക്കരികിലേക്ക് അയാള്‍ നടന്നു , അവളുടെ മൂര്‍ദ്ധാവില്‍ ഒരു ചുംബനം
കൊടുത്തു .
അവള്‍ തിരിഞ്ഞു നടന്നു , ഒപ്പം സണ്ണിയും .
ഡോര്‍ തുറക്കും മുമ്പ് അവള്‍ തിരിഞ്ഞു നോക്കി , സണ്ണി പിന്നിലുണ്ട് .
“ വൈകിട്ട് “
രണ്ടു പേരും ഒരുമിച്ചാണ് പറഞ്ഞത്
സണ്ണി അത് വീണ്ടും പൂരിപ്പിച്ചു
സണ്ണി : വൈകിട്ട് വരണം .
സൂസന്‍ അതിനു മറുപടി പറയാതെ പുറത്തേക്ക് .---
സീന്‍ - 25
വിജനമായ തെരുവ് – വെളുപ്പാന്‍ കാലം
ആള്‍ പാര്‍പ്പില്ലാത്ത പ്രദേശത്ത് കൂടി കാര്‍ ഓടിക്കുന്ന അച്ചായന്‍ . പിന്‍
സീറ്റില്‍ ചാഞ്ഞു കിടക്കുന്ന സൂസന്‍ . ഡ്രൈവു ചെയ്യുന്നതിനിടയില്‍ ഗ്ലാസിലൂടെ
അയാള്‍ സൂസനെ ശ്രദ്ധിക്കുന്നുണ്ട് , അതവള്‍ അറിയുന്നില്ല . അവര്‍ക്കിടയില്‍ നീണ്ടു
നില്‍ക്കുന്ന നിശബ്ധത
അച്ചായന്‍ : പാസ്പോര്‍ട്ടൊന്നു വേണം . ദുബായ് ക്കൊന്നു പോകേണ്ട കാര്യമുണ്ട്
സൂസന്‍ അയാളെ ശ്രദ്ധിച്ചു.
സൂസന്‍ : എന്തിനു ..... ?
അച്ചായന്‍ : അടുത്തയാഴ്ച ദുബായ് ഫെസ്റ്റ് തുടങ്ങും. എന്റെ കുറച്ചു ഫ്രണ്ട്സ്
വരുന്നുണ്ട്.
അവളുടെ പ്രതികരണം അറിയാന്‍ അച്ചായന്‍ ഒന്ന് നോക്കി.
അച്ചായന്‍ : ഇവിടുത്തെ പോലല്ല , പറയുന്ന കാശാ . എനിക്ക് പകുതി തന്നാ മതി .
വീണ്ടും അയാള്‍ ശ്രദ്ധിച്ചു.
സൂസന്‍ : ഞാന്‍ വരുന്നില്ല .
അച്ചായന്‍ : എന്നു പറഞ്ഞാലെങ്ങനാ , കൊച്ചു പോണം .
സൂസന്‍ : പറ്റില്ലെന്ന് പറഞ്ഞില്ലേ , ഞാനിനി എങ്ങോട്ടുമില്ല.
അച്ചായന്‍ : അതെങ്ങനെ ശരിയാകും . കൊച്ചു വാക്ക് തന്നതല്ലേ
സൂസന്‍ : എങ്കീ , ആ വാക്ക് ഇവിടെ തീരുന്നു.
അച്ചായന്‍ : അപ്പൊ എന്റെ കാശ് ...........?
പെട്ടെന്ന് അവള്‍ ബാഗ് തുറന്നു ഒരു കുത്ത് നോട്ടുകള്‍ അയാളുടെ
സീട്ടിലേക്കിട്ടു .
സൂസന്‍ : ഇപ്പൊ തീര്‍ന്നില്ലേ , തന്ന പണമുണ്ട് . കണക്കു വേണ്ട. എന്നെ വിട്ടേരെ .
അയാള്‍ വണ്ടി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.
അച്ചായന്‍ : അതെങ്ങനെ ശരിയാകും , ഞാനവര്‍ക്ക് വാക്ക് കൊടുത്തു പോയി.
സൂസന്‍ : ഞാനാര്‍ക്കും വാക്കു കൊടുത്തിട്ടില്ല.
അച്ചായന്‍ : കൊച്ചു വെറുതെ ഒടക്കാന്‍ നിക്കണ്ട , പറഞ്ഞത് കേട്ടോണം ,
അല്ലെങ്കില്‍
( പിന്‍ സീറ്റിലേക്ക് അല്‍പ്പം ചാഞ്ഞു ) കൊന്നു കളയും ...... പറഞ്ഞേക്കാം
അവള്‍ വേഗം ഡോര്‍ തുറന്നു . ഒപ്പം അച്ചായനും .
സൂസന്‍ : നമ്മുടെ കരാര്‍ ഇവിടെ തീരുന്നു. ഗുഡ് ബൈ
അവള്‍ നടക്കാന്‍ ഒരുങ്ങുമ്പോള്‍ അച്ചായന്‍ കൈക്ക് ബലമായി പിടിച്ചു. അതില്‍
നിന്നു രക്ഷ പെടാന്‍ അവള്‍ ശ്രമിക്കുന്നുണ്ട് , അയാള്‍ കരുത്തനാണ്.
അച്ചായന്‍ : അങ്ങനെ നീ മിടുക്കിയാവണ്ട , ( അയാള്‍ ചുറ്റുപാടുകള്‍ നോക്കി )
വിജനമായ പ്രദേശമാണ് )
അയാളുടെ പിടിയില്‍ നിന്നു കുതറി മാറാന്‍ അവള്‍ക്കാവുന്നില്ല. അച്ചായന്‍ അവളെ
കഴുത്തില്‍ ചുറ്റി പ്പിടിച്ചു. ഇപ്പോള്‍ അവള്‍ അച്ചായന്റെ കൈക്കുള്ളില്‍ കുരുങ്ങി
.
അച്ചായന്‍ : കാശും വലിച്ചെറിഞ്ഞിട്ട് അങ്ങനെയങ്ങ് പോകാമെന്ന് കരുതിയോ,
പുലയാടി മോളെ അന്നിട്ട്, നേരം വെളുക്കുമ്പോ , പോലീസിനെ കൊണ്ട് വന്നു അച്ചായനെ
അങ്ങ് പോകാമെന്ന് വിചാരിച്ചോ ,
സൂസന്‍ അവള്‍ക്കു സംസാരിക്കാന്‍ പറ്റാത്ത വിധം അയാളുടെ കൈകള്‍ മുറുകി കഴിഞ്ഞു.
സൂസന്‍ : എന്നെ വിട്ടേക്കൂ, ഞാന്‍ പോട്ടെ,.
അവള്‍ക്കു ശ്വാസം കിട്ടുന്നില്ല , പിടക്കാന്‍ തുടങ്ങി.
സൂസന്‍ : എന്നെ വിടൂ , ഞാന്‍ , ഞാന്‍ വരാം , ഞാന്‍ വരാം . പ്ലീസ് .....
അച്ചായന്‍ അതെ നില്‍പ്പ് നിന്നു. അയാള്‍ ഒരു ഭ്രാന്തനെ പോലെ അവളെ വരിഞ്ഞു
മുറുക്കി.
സൂസന്റെ വിരലുകള്‍ അച്ചായന്റെ മുഖത്ത്
അമര്‍ന്നു , ഒരു നിമിഷം .
അച്ചായന്റെ മുഖത്ത് ആഴ്ന്നിറങ്ങുന്ന വിരല്‍ പ്പാടുകള്‍.
പതുക്കെ , അത് അയഞ്ഞു . അച്ചായന്‍ കൈ അയക്കുമ്പോള്‍ , അവളുടെ ചേതനയറ്റ ശരീരം
അയാളിലേക്ക് ചാഞ്ഞു.
സീന്‍ - 26
തെരുവ് – പ്രഭാതം
നേരം പുലര്‍ന്നു. കാര്‍ ഡ്രൈവ് ചെയ്യുന്ന അച്ചായന്‍ . തെരുവ് തിരക്കായി
തുടങ്ങി. അയാള്‍ ക്ഷീണിതനാണ്. മുഖത്തെ നഖപ്പാടുകളിലൂടെ രക്തം പൊടിച്ചു . അയാള്‍
വളരെ വേഗം ഒരു രക്ഷാ സങ്കേതം തേടുകയാണ്. ക്യാമറ പിന്‍ സീറ്റിലേക്ക് ------
അവിടെ , സൂസന്‍ , ചേതനയറ്റ് കിടക്കുന്നു. തുറിച്ച കണ്ണുകള്‍ പടര്‍ന്ന കുങ്കുമം
.
സീന്‍ 27
സണ്ണിയുടെ ഫ്ലാറ്റ്
സന്ധ്യ – ബാല്‍ക്കണി
ഫോണ്‍ ചെയ്യുന്ന സണ്ണിയുടെ പിന്നില്‍ നിന്നുള്ള ദൃശ്യം . റിംഗ് സൌണ്ട് നമുക്ക്
കേള്‍ക്കാം
നീണ്ടു നില്‍ക്കുന്ന റിംഗ് . അയാള്‍ വീണ്ടും ഡയല്‍ ചെയ്തു. നീണ്ടു നില്‍ക്കുന്ന
റിംഗ് .
സീന്‍ - 28
വിജനമായ തെരുവ് – സന്ധ്യ
തെരുവിന്റെ ഒരു വശത്ത് , ഒരു മരച്ചുവട്ടില്‍ സൂസന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു.
ക്യാമറ കൂടുതല്‍ അടുക്കുമ്പോള്‍ നമുക്ക് കോളറെ വായിക്കാം . സണ്ണിച്ചായന്‍
വീണ്ടും വീണ്ടും റിംഗ് ചെയ്യുന്ന ഫോണ്‍.......