Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ലീല്യേച്ചി .......





അഞ്ചേക്കറില്‍  ഒരു കാട്‌  ............. ! 

ആലങ്കാരിക ഭാഷയിലാണ് പ്രയോഗിച്ചത്.  ഇടനിലക്കാരന്‍ അത് ആഗതന്റെ ഭാഷയിലേക്ക്  തര്‍ജ്ജിമ ചെയ്തു. ഇരുപത്താറു മഹാഗണി , പിടിച്ചാല്‍ പിടി മുറ്റാത്ത  പന്ത്രണ്ടു തേക്ക്‌ , പത്തിരുപതു ആഞ്ഞിലി,  പിന്നെ, പിലാവ് , വീട്ടി...........

കൃത്യമായ കണക്കില്ല.  കൈ കോര്‍ത്തു നില്‍ക്കുന്ന കാട്ടു വള്ളികള്, കിളികളുടെ ഒരു പട.  ഏത് നേരവും അവറ്റകളുടെ സംഗീതം. മുറ്റത്തു പടര്‍ന്നു നില്‍ക്കുന്ന കണിക്കൊന്ന . മേടമാസത്തില് പൂത്തു മറിയും.  ധാരാളം ആളുകള് വരും. ഫോട്ടോ എടുക്കും, ചരിത്രം അന്വേഷിക്കും, തൊണ്ടി പ്പഴം പോലുള്ള പെണ്‍കുട്ടികളുമായി  ചാനലുകാരും, പരസ്യ കമ്പനികളും വരും. ഇരുന്നും, കിടന്നും ചിത്ര ങ്ങളെടുക്കും ,  പിന്നെ , എല്ലാവരും മറക്കും.........

ലീല്യേച്ചി  പറയുമായിരുന്നു ,  ' എനിക്കും, ഈ കണിക്കൊന്നയ്ക്കും ഒറ്റ ജാതകാ..., ആണ്ടില്  രണ്ടു മാസം ഋതു .'..........

രാമചന്ദ്രന്‍  അപ്പോള്‍ ലീല്യേച്ചിയുടെ മുഖത്തേക്കു നോക്കി. 

" നിങ്ങള്‍  ആണ്ടില് രണ്ടു മാസം നാട്ടില്‍ വരുമ്പോളല്ലേ  എനിക്കും  ഒരു  സന്തോഷം." 

സ്ഥല പുരാണം കേട്ടു കഴിഞ്ഞപ്പോള്‍ ആഗതന്‍ എഴുന്നേറ്റു, ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഇടനിലക്കാരന്‍ വെയ്റ്ററെ വിളിച്ചു  വിസ്ക്കിയും , സോഡയും ഓര്‍ഡര്‍ ചെയ്തിട്ടു  സോഫയിലേക്ക് ചരിഞ്ഞു. 

നാളെ കാലത്തു വീടും പറമ്പും കാണാന്‍ പോകാമെന്നു  പറഞ്ഞു  എല്ലാവരും പിരിഞ്ഞിട്ടും രാമ ചന്ദ്രന്‍ അവിടെ നിന്നെഴുന്നേറ്റില്ല . അയാള്‍ പുതിയ കഥയ്ക്കുള്ള വേദനിപ്പിക്കാത്ത ഒരു ക്ലൈമാക്സ് തേടുകയായിരുന്നു. ലീല്യേച്ചി  പറഞ്ഞു തരാരുള്ള  രാജ കുമാരന്റെയും, രാജ കുമാരിയുടെയും കഥ പോലെ, ദുഷ്ടയായ മന്ത്ര വാദിനിയുടെ  കഥ പോലെ .......

ലീല്യേച്ചിയുടെ കഥകളിലെ  രാജ കുമാരിയും , അവളെ ഉപദ്രവിക്കാന്‍ വരുന്ന ചെന്നായും പാവമാണ്,  മന്ത്ര വാദിനി സ്നേഹമുള്ളവളാണ്‌ .    അവരൊക്കെ ലീല്യേച്ചി തന്നെ ആയിരുന്നുവെന്നു മുതിര്ന്നപ്പോഴാണ് മനസ്സിലായത്‌. 

രാമചന്ദ്രന്‍ കുട്ടി യായിരുന്നു . ഉറക്കം വരണമെങ്കില്‍ ലീല്യേച്ചി കഥ പറയണം.  അമ്മ. അതൊരു ച്ഛായാ ചിത്രമായിട്ടേ ഓര്‍മയുള്ളൂ.  എല്ലാം ലീല്യേച്ചി  ആയിരുന്നു. ഊണു കഴിച്ചു  മര ക്കോവേണി കയറി  തെക്കേ മുറീല്‍ വന്നു കിടന്നാല്‍  ലീല്യേച്ചി  അടുക്കള പ്പണി തീര്‍ത്തു മുത്തച്ഛന്റെ മുറീല്‍ വെള്ളവും വച്ചു  വരുന്നത് വരെ ഉറങ്ങാതെ കിടക്കും. പൊന്നശോകം കയ്യെത്തി പ്പിടിക്കുന്ന തെക്കേ മുറീ ടെ ജനാലകള്‍ തുറന്നിട്ടു രാമചന്ദ്രന്‍ എന്ന കുട്ടി ലീല്യേച്ചിയോടു ഒട്ടി ക്കിടക്കും. കിഴക്കേ പാടത്തു നിലാവ്  വിളഞ്ഞു കിടക്കുന്ന വരമ്പത്തു കൂടി  ലീല്യേച്ചിയുടെ ദുര്‍ മന്ത്ര വാദിനി  നടന്നു വരുന്നതു രാമ ചന്ദ്രന്‍ കണ്ടിട്ടുണ്ട്. തൊടിയുടെ അതിരില്‍ വന്നു നിന്ന് മന്ത്ര വാദിനി ഉറക്കെയുറക്കെ  ചോദിക്കും .--

" ലീലേ, .........  കുട്ട്യേ  തരണൊണ്ടോ " ................ ?

" ഇല്ല,  എനിക്കു വേണം എന്റെ ഉണ്ണ്യേ " ....... പൊയ്ക്കോ .

അത് കേട്ടാണ് കുട്ടി ഉറങ്ങുന്നത്.

പക്ഷെ, എല്ലാ കടങ്കഥകള്‍ക്കും ഉത്തരം പറഞ്ഞു തന്നിരുന്ന ലീല്യേച്ചി മാത്രം  രാമചന്ദ്രന്റെ മനസ്സില്‍ ഉത്തരമില്ലാതെ കിടന്നു.

ലീല്യേച്ചി എനിക്കാരാണ് ........... ? 

അയാള്‍ ആ ചോദ്യം തൊടിയിലെ മര പ്പൊത്തുകളില്‍  ഒളിക്കുന്ന കുഞ്ഞി ക്കിളികളെ  തന്റെ മകനു  കാണിച്ചു കൊടുക്കുമ്പോഴും, ദുബായിലെ കമ്പനി മാനേജര്‍ സീറ്റിലിരുന്നു വഴി തെറ്റി പോകുന്ന  കണക്കുകളുടെ ഇടനാഴികളില്‍ വിയര്‍ക്കുമ്പോഴും ആലോചിച്ചിട്ടുണ്ട്.  

ലീല്യേച്ചി  എനിക്കാരാണ് ............ ?

വിനീത ഒരിക്കല്‍ ഒരു ഒബ്ജക്റ്റീവ്  ടൈപ്പ്‌  ആയിട്ടു  മറുപടി തന്നു.

" വെറുമൊരു വീട്ടു ജോലിക്കാരി " 

പെട്ടെന്നാണ് അത് സംഭവിച്ചത്. കൈ വീശിയൊന്നു കൊടുത്തു. ഇത്രയും കരുത്തു തനിക്കെവിടെ നിന്നു കിട്ടിയെന്നു അയാള്‍ അത്ഭുതപ്പെട്ടു.  മലയിറങ്ങി വന്നു  മരക്കൂട്ടത്തെ പിഴുതെടുക്കുന്ന  തുലാ ക്കാറ്റിന്‍റെ  കരുത്തുണ്ടായിരുന്നു അപ്പോള്‍ അയാളുടെ കൈകള്‍ക്ക്. 

അവള്‍ കരഞ്ഞില്ല. അല്‍പ്പം കണ്ണീരു പോലും പൊടിഞ്ഞില്ല. ഒരു തെറ്റു തിരുത്താനുള്ള ശ്രമത്തിലായിരുന്നു വിനീത. വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി , ഒരു സാധാരണ സ്ത്രീ കാണിക്കുന്നത് പോലെ  മകനെയും കൈക്കു പിടിച്ചു  അവള്‍ നാട്ടിലേക്കു പോന്നു. 

ഒരിക്കല്‍ ലീല്യേച്ചി പറഞ്ഞ കഥയില്‍  കര്‍ക്കിടക വാവു  കറുത്തു. തെക്കേ മുറീടെ ജനാലകള്‍ താനേ തുറന്നു . തെക്കന്‍ കാറ്റിനു കനം വച്ചു.  ഒരു കരികില പോലെ അതു ലീല്യേച്ചിയെ എവിടെ നിന്നോ വാരിയെടുത്തു ജാലക പ്പഴുതിലൂടെ, ഉറങ്ങിക്കിടന്ന രാമചന്ദ്രന്‍ എന്ന കുട്ടിയുടെ അരികില്‍ ഇട്ടു. പിറ്റേന്നു പ്രഭാതത്തില്‍ , അമ്മയെ സ്വപ്നം കണ്ടു കരഞ്ഞപ്പോള്‍  ഞാനല്ലേ കുട്ടിയെ വാരി എടുത്തത്, നെറുകയില്‍ ചുംബിച്ചത്  .....  ? 

ലീല്യേച്ചി  ചിരിച്ചു കൊണ്ട് ചോദിച്ചു.

ലീല്യേച്ചി പറഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാഞ്ഞിട്ടു കൂടി കുട്ടി തല കുലുക്കി.

നേരം വളരെ വൈകി. ഇന്നിനി റൂം വെക്കേറ്റ് ചെയ്യേണ്ടെന്ന്  അയാള്‍  തീരുമാനിച്ചു. നാളെ ലീല്യേ ച്ചിയോട് പറയാന്‍ നോവിക്കാത്ത ഒരു കഥ തേടി അയാളുടെ തലയ്ക്കു ചുറ്റും തേനീച്ചകള്‍ മുരണ്ടു. ഒരു സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അയാള്‍ നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിലയുറപ്പിച്ചു.


ഉണര്‍ന്നപ്പോള്‍ നേരം വളരെ പുലര്‍ന്നിരുന്നു. വാച്ചിലേക്കു നോക്കി. ഇടനിലക്കാരന്‍  പുറത്തു കാത്തു നില്‍പ്പുണ്ടാവും. അയാള്‍ വേഗം പുറത്തിറങ്ങി. നിന്നു മുഷിഞ്ഞു  , നിലയുറയ്ക്കാത്ത നോട്ടവുമായി അവര്‍ രാമചന്ദ്രനെ എതിരേറ്റു.

വീട്ടിലേക്കുള്ള പടവുകള്‍ പായല്‍ പുതച്ചിരുന്നു. അപരിചിതരെ കണ്ടു തൊടിയില്‍ കിളികള്‍ ചിലച്ചു. ആഗതന്‍ ഓരോ കോണില്‍ നിന്നു ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങി. നിറം മങ്ങിയ ചുവരിലെ ചിതല്‍ ചിത്ര ങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടിരുന്നു. ആഗതന്റെ കണ്ണില്‍ അത്ഭുതം തിരിയിട്ടു. ഒഴിഞ്ഞ പശു തൊഴുത്തില്‍  ചാണക പ്പച്ച മുഖം കറുപ്പിച്ചു.

'വീടിനു കുറച്ചു  പണിയുണ്ട്,  ഇത്തിരി ചായം വലിക്കണം '.....

ഇടനിലക്കാരന്‍ താഴ്മയോടെ പറഞ്ഞു. 

" വേണ്ട, ഇതു തന്നെ, ഹെറിറ്റേജ്‌  ഹോം സ്റ്റേയ്ക്ക്  ഇതു തന്നെ ഉത്തമം " അജ്ഞാത ഭാഷയില്‍ ആഗതന്‍ പറഞ്ഞു. 

അവര്‍  മടങ്ങി ക്കഴിഞ്ഞപ്പോള്‍ ,   രാമചന്ദ്രന്‍ ഉമ്മറത്തേക്ക് കയറി. ലീല്യേച്ചിയോടു പറയാനുള്ള കഥ ഒരു പെരുമ്പാമ്പിനെ പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു. നിലവറയില്‍ അടയ്ക്കപ്പെട്ട ,  കാതും, കണ്ണുമില്ലാത്ത  മുത്തശ്ശിയെ രക്ഷിക്കാന്‍ വന്ന  രാജ കുമാരന്‍റെ  കഥ.......

ഞാനല്ലേ   ആ രാജ കുമാരന്‍  ..........  ?

മുത്തശ്ശി  , എന്റെ ... ........  

അയാള്‍ വാക്കുകള്‍ വിഴുങ്ങി. വീടിനുള്ളില്‍ നിന്ന് ഒരു കറുത്ത വ്യാളി പോലെ ഇരുട്ട് അയാളുടെ കണ്ണു കളിലേക്ക് ഇരയ്ച്ചു കയറി. അയാള്‍ നീട്ടി വിളിച്ചു......

ലീല്യേച്ചീ .............

അജ്ഞാതലോകം  പകരുന്ന ഒരു ഭീതി അയാളില്‍ അന്നേരം വ്യാപിച്ചു. ' ഇതെന്റെ വീട് തന്നെയല്ലേ, എന്ന് വിശ്വസിക്കാന്‍  അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. മുറിയ്ക്കുള്ളിലെ ഇത്തിരി പ്രകാശ ത്തില്‍ അയാള്‍ പുറത്തേക്കൊഴുകി. ചെറുപ്പത്തില്‍ ചുവരില്‍ വരച്ചിട്ട  കരിച്ചിത്രങ്ങള്‍ അയാളെ  അപരിചിതനെ പോലെ നോക്കി. അതിലെ ലീല്യേച്ചി,  കറുത്തു തടിച്ച ശരീരം കുലുങ്ങു മാറ്  ചിരിച്ചു. രാമചന്ദ്രന്‍ മര ക്കോവേണി കയറി തെക്കേ മുറിയിലെത്തി.  പൊന്നശോകം ജാലക പ്പുറ ത്തു കൈനീട്ടി.  അവളുടെ ഞരമ്പുകള്‍ തടിക്കുകയും, തൊലി നിറം കെട്ടു ചുളുങ്ങി പോവുകയും ചെയ്തിരുന്നു.  അയാള്‍ പഴയ മര ക്കട്ടിലില്‍ ഇരുന്നു. പുറത്ത് കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി. വീണ്ടുമൊരു കര്‍ക്കിടക വാവു കറുത്തു.  തെക്കന്‍ കാറ്റിനു കനം വച്ചു. അയാള്‍ , ഭാരം നഷ്ടപ്പെട്ടു  ഒരു കരിയില പോലെ പറക്കാന്‍ തുടങ്ങി. തെക്കന്‍ കാറ്റ് അതിനെ ബാല്യത്തിന്റെ പടവുകളിലേക്ക്  കൂട്ടിക്കൊണ്ടു പോയി. -------



വര  : ഇസ്ഹാക്ക്  നിലമ്പൂര്‍
http://ishaqh.blogspot.com/2012/04/blog-post.html?spref=fb