എന്റെ സുഹൃത്ത് വിനയന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു , നാളെ ടൌണില്‍ ഒരു ഗാനമേള സംഘടിപ്പിച്ചിട്ടുണ്ട്, പങ്കെടുക്കണം . വിനയനുമായി എനിക്കു കുറച്ചു നാളുകളുടെ പരിചയമേ ആയിട്ടുള്ളൂ .ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ , ക്യാന്‍സര്‍ ബാധിച്ചു മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തെ ക്കുറിച്ചു തയ്യാറാക്കിയ ലഘു ചിത്രത്തിനു കുറെ നറേഷന്‍ എഴുതി വാങ്ങിച്ചു . ഇപ്പോള്‍ ഗാനമേള നടത്തുന്നത് , ഏഴു വയസ്സുള്ള ഒരു നിര്‍ധന ബാലന്റെ കരള്‍ മാറ്റ ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് .കുറച്ചു ദിവസങ്ങളായിട്ട് ഈ ബാലനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .രണ്ടാം ക്ലാസ് വിദ്യാര്‍ഥി .കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ഏകമകന്‍ .മഞ്ഞപ്പിത്ത രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുന്നു .കരള്‍ നല്‍കാന്‍ കുട്ടിയുടെ അമ്മ തയ്യാറായി നില്കുന്നു .മുപ്പതു ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്ര ക്രിയയുടനെ നടത്തിയാല്‍ ഈ കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരും .
ബസ് സ്ടാന്റിനോട് ചേര്‍ന്ന് കെട്ടിയുയര്‍ത്തി യിരിക്കുന്ന സ്റ്റേജിലാണ് ഗാനമേള നടക്കുന്നത് . വിനയനും (എന്റെ ഇണക്കിളി എന്നആല്‍ബത്തിന്റെ പ്രവര്‍ത്തകര്‍ )കൂട്ടുകാരും ആണ് ഈ പരിപാടിയുടെ സാരഥ്യം വഹിക്കുന്നത് .അവര്‍ മാറി മാറി സ്റ്റേജില്‍ വന്നു പാടുന്നു.ഇടയ്ക്കു,പാടാന്‍ അറിയുന്ന ,പുറത്തുള്ളവരും സ്റ്റേജില്‍ കയറുന്നുണ്ട് . ജന ശ്രദ്ധ പിടിച്ചുപറ്റാവുന്ന രീതിയിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത് .ബസ്സില്‍ നിന്നിറങ്ങി ഒരു യുവതി സ്റ്റേജിലേക്ക് കടന്നുവന്ന് മനോഹരമായി ഒരു ഹിന്ദി ഗാനം ആലപിച്ചു .സ്റ്റേജിനു മുന്നില്‍ വെച്ചിരിക്കുന്ന വലിയ പെട്ടിയില്‍ പണം വീണുകൊണ്ടിരിക്കുന്നു .വിവിധ മുഖങ്ങള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്, കൂലിപ്പണി ക്കാരുണ്ട് വിദ്യാര്‍ഥികളുണ്ട് . ഒരു കാന്തിക ആകര്‍ഷണം പോലെയാണ് സ്റ്റേജിനരികിലേക്ക് ആളുകള്‍ വന്നു ചേരുന്നത് .
എന്താണ് അവരെയൊക്കെ അവിടേക്ക് ആകര്‍ഷിച്ച ഘടകം ...........? ' ദേ , ഇവിടെ ഒരു കുരുന്നു ജീവന്‍ പൊലിയുന്നു, ആരെങ്കിലും രക്ഷിയ്ക്കൂ എന്ന് ആരാണ് ഉള്‍ വിളി വിളിച്ചത് '......... ?
വടക്കന്‍ കേരളത്തില്‍ പേ -തെയ്യങ്ങള്‍ ആടുന്ന കാലമാണ് . കബന്ധങ്ങള്‍ വഴികാട്ടികളാകുന്ന ഗ്രാമങ്ങള്‍ ..... ! ആത്മീയ - രാഷ്ട്രീയ പ്രഭ്രുതികള്‍ കത്തി വേഷം കെട്ടുന്നു . നന്മയുടെ വിത്തുകള്‍ മുളയ്ക്കാത്ത ഭൂമിയാകുന്നു മനുഷ്യ മനസ്സുകള്‍ .....
അടുത്ത കാലത്ത് വായിച്ച ഒരു മഹത് വചനം മനസ്സില്‍ മായാതെ നില്‍ക്കുന്നു . 'പാറ ക്കെട്ടുകളിലും, താഴ്വരകളിലും, പര്‍വതങ്ങളിലും സൂര്യ കിരണങ്ങള്‍ പതിക്കുന്നതു പോലെ ഈശ്വരന്‍ എല്ലായിടത്തും പ്രഭ ചൊരിഞ്ഞു വിലസുന്നു .അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് മനുഷ്യ മനസ്സിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു '.
മത സംഘടനകളെക്കാള്‍ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത് , വിനയനെ പോലെ, കാരുണ്യം വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം മനസ്സുകളുടെ കൂട്ടായ്മകളാണ് .ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രകടമാകുന്നുണ്ട് . എനിക്കതില്‍ പ്രത്യാശയുണ്ട് .വൈകുന്നേര ത്തോടെ അഞ്ചു ലക്ഷം രൂപയോളം സംഘടിപ്പിച്ചു ആ ചെറുപ്പക്കാര്‍ .ഇത്രയും പണം കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താണ് ......? സഹായ ഹസ്തവുമായി നില്‍ക്കുന്ന ഈ ജനക്കൂട്ടം പരസ്പ്പരം തിരിച്ചറിയുന്നവരല്ല , പക്ഷെ അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു അദൃശ്യ കരം ഉണ്ട്. അതിനെ ഞാന്‍ ഈശ്വരന്‍ എന്നു വിളിച്ചോട്ടെ ......

