Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ചെറുതാകുന്ന കാഴ്ചകള്‍







പലപ്പോഴും ഓര്‍മകളുടെ ഭൂതകാലത്തേക്കു നോക്കുന്നത് ഭയപ്പാടോടെയാണ്. എത്ര പെട്ടെന്നാണ് കാലത്തിന്റെ ഇങ്ങേ വരമ്പത്ത്  എത്തിയത്. ഇതിനിടയില്‍ ആരൊക്കെ വന്നു പോയി. എത്രയെത്ര വഴികള്‍ തെളിക്കപ്പെട്ടു.. ഒരു മാജിക് സ്ലേറ്റ്‌ പോലെയാണ് മനസ്സ്.  കഴിഞ്ഞ ദിവസം വളരെ പഴയ ഒരു സിനിമ  കാഴ്ച യെ അലോസരപ്പെടുത്തി. പാതി വഴിയില്‍ ഞാന്‍ എഴുന്നേറ്റുപോയി.ചിത്രങ്ങള്‍ക്ക് തെളിച്ചമില്ല  .ശബ്ദം പതറിപ്പോകുന്നു . പക്ഷെ, നാല്‍പ്പതു വര്‍ഷം മുമ്പ് വഴിയില്‍ വച്ച്  ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ബാലന്‍റെ മുഖം ലജ്ജയില്‍ പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട്.ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റു വാങ്ങിയ ഒരു മുറിവില്‍ നിന്ന് ഇന്നും ചോര പൊടിയുന്നുണ്ട് . " നീ എന്നെ സ്നേഹിച്ചിരുന്നോ ......... ? എന്ന് അറിയാനുള്ള ഒരു ജിജ്ഞാസ മനസ്സില്‍ ഇപ്പോഴും തിളയ്ക്കുന്നു. കാലത്തിനൊപ്പം പോകാന്‍ വിസമ്മതിക്കുന്ന മനസ്സിന്റെ ചിറകുകള്‍ ഈ ഓര്‍മകളില്‍ തളച്ചിട്ടിരിക്കയാണ്‌ . 

ഒരു ക്രിസ്തുമസ് കാലത്തെ വഴിക്കാഴ്ചകള്‍ മനസ്സിലുണ്ട്. റബര്‍ തോട്ടത്തിനു നടുവിലൂടെ ബസ് യാത്ര. അത്തരം ഭൂപ്രകൃതി അപരിചിതമായിരുന്നതിനാല്‍  അതൊരു തണുപ്പുള്ള കാഴ്ചയായിരുന്നു എനിക്ക്.  വഴിയോരങ്ങളില്‍  ക്രിസ്മസ് പുല്ലുകള്‍ പടര്‍ന്ന ഉയരം കൂടിയ കയ്യാലകള്‍ . ഓരോ പുല്‍ നാമ്പും മഞ്ഞുനീര്‍ തുള്ളികളെ ചുമന്നിരുന്നു. അതൊരു പ്രഭാതം ആയിരുന്നു. 




ഒക്ടോബര്‍ ആദ്യ വാരം " സേവന വാര " മായി ആഘോഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുഎന്റെ സ്കൂള്‍ ജീവിതത്തില്‍ . ഉച്ച വരെ പൊതു നിരത്തുകളിലെ . ഉയരം കൂടിയ കയ്യാല കളിലെ കാട് തെളിയ്ക്കലായിരുന്നു പ്രധാന ജോലി .  ഡിസംബറിലേക്ക് പുല്‍ക്കൂടിനു തയ്യാറെടുക്കുന്ന പുല്‍ നാമ്പുകളെ ഞങ്ങള്‍ വെറുതെ വിട്ടിരുന്നു. ഇന്ന് സേവന വാരം എന്ന ആശയം ഇല്ല. പക്ഷെ, മുതിര്‍ന്നപ്പോള്‍ ഈ കയ്യാലകള്‍ എങ്ങനെയോ ചെറുതായി , ഞങ്ങള്‍ക്ക് ഒന്ന് കവച്ചു വയ്ക്കാന്‍ പാകത്തില്‍ കുറുകി പ്പോയിരിക്കുന്നു. 


ഞങ്ങളുടെ വീടിനു പിന്നാമ്പുറത്തു കൂടി മണിമലയാറിന്റെ ഒരു കൈ വഴി പോയിരുന്നു. മുഖം നോക്കാവുന്ന നൈര്‍മ്മല്യമായിരുന്നു ആ ജല പ്രവാഹത്തിനു . പുഴയ്ക്കു കുറുകെ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് ഒരു അണക്കെട്ട് നിര്‍മ്മിച്ചിരുന്നു. അതിന്റെ വഴുവഴുപ്പുള്ള പ്രതലത്തിലൂടെ വെള്ളത്തില്‍ ഊര്‍ന്നു ഇറങ്ങുക, ഞങ്ങള്‍ കുട്ടികളുടെ വിനോദമായിരുന്നു. പക്ഷെ പലപ്പോഴും ഭീമാകാരങ്ങളായ പാറക്കെട്ടുകളില്‍ തട്ടി മുറിവ് ഉണ്ടായി ക്കൊണ്ടിരുന്നു . ഇന്ന് പുഴ നേരിയ ഈര്‍പ്പം മാത്രമായി .   മുതിര്‍ന്നവര്‍ പോലും ക്ലിഷ്ടതയോടെ  ഒരു കാലത്ത് കടന്നു പോയിരുന്ന പാറക്കെട്ടുകള്‍ ഇന്ന് അനായാസമായി നടന്നു പോകാവുന്ന വിധം ചെറുതായിരിക്കുന്നു ......! ചെറുതാകല്‍ പിന്നെയും  തുടരുന്നു. കുത്തുകല്ലുകള്‍ കയറി പ്പോയ ഞങ്ങളുടെ അക്കരെ തോട്ടം ഒരു സ്കൂള്‍ ഗ്രൌണ്ട്  പോലെ പരന്നു പോകുന്നു. കാഴ്ചകള്‍ പരക്കുകയാണോ ...........? മഴക്കാലത്ത് പുഴ കൂലം കുത്തുമ്പോള്‍ തീരത്തെ പുല്ലാന്നികൊമ്പില്‍ നിന്നാണ് ഞങ്ങള്‍ വെള്ളത്തിലേക്ക് ചാടിയിരുന്നത്. ഇന്ന് പുല്ലാന്നികള്‍ ബോണ്‍സായിക്കുള്ളന്‍മാര്‍ ആയി പ്പോയി. കാഴ്ചകള്‍ ചുരുങ്ങുന്നത് ആരുടെ കുഴപ്പമാണ് .........?  കാലത്തിന്റെയോ അതോ കണ്ണിന്‍റെയോ ..........?

3 Responses to ചെറുതാകുന്ന കാഴ്ചകള്‍

  1. ajith says:

    ചെറുതായിച്ചെറുതായി ഒരു പൊട്ടുപോലെയും പിന്നെ ഇല്ലാതെയുമാകും.

    ജീവിതം!!!

  2. കാലപ്രവാഹത്തില്‍ എല്ലാം ചുക്കിച്ചുളങ്ങി വരുന്നു!!
    ആശംസകള്‍

  3. എല്ലാമെല്ലാം ഇല്ലാതെ ആവുന്നു.

Leave a Reply