എന്റെ ഓര്‍മയിലെ ആദ്യത്തെ വീട് ഓലപ്പുര ആയിരുന്നു. വലിയ പച്ച മുള നാട്ടി , അതില്‍ വാരിയും കഴുക്കോലും ഉറപ്പിച്ചു ഓല മേയുന്നതു ഓര്‍മയില്‍ ഉണ്ട്. നിലം ചെളി മെഴുകും. ചാണകം മത നിഷേധം ആണെന്ന് പറഞ്ഞു ഒഴിവാക്കും. പുര മേയുന്ന ദിവസം ഉത്സവം പോലെയാണ്. അന്ന് സ്കൂളില്‍ പോകാതിരിക്കാന്‍ നോക്കും. ഞാന്‍ കുറെ മുതിര്‍ന്ന ശേഷമാണ് ഒരു നീണ്ട ഇട വേളയ്ക്ക് ശേഷം സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുന്നത്. നാട്ടിലെ ഒരു സന്നദ്ധ സംഘടന വീട് വയ്ച്ചു തന്നു. കുറെ കാട്ടു കല്ലുകള്‍ കൊണ്ട് തറ കെട്ടി. മണ്ണ് കുഴച്ചു മിനുസപ്പെടുത്തി. പനയോല കൊണ്ട് മേല്‍ക്കൂരയും , മറയും കെട്ടി. എന്‍റെ പഠന മേശ യ്ക്ക് സമീപം ഒരു കൊച്ചു കിളിവാതില്‍ ഉണ്ടാക്കി. അത് കാര്‍ഡു ബോര്‍ഡു കൊണ്ട് മോഡി പിടിപ്പിച്ചു. വലിച്ചു തുറക്കാന്‍ സംവിധാനം ഉണ്ടാക്കി. വര്‍ഷത്തില്‍ പുരയ്ക്ക് ചെലവാകുന്നത് ഏറിയാല്‍ അഞ്ഞൂറ് രൂപ. ഓല വാങ്ങുന്നതിനും , പണിക്കൂലിയും .
മീനമാസത്തില്‍ ഉച്ച സൂര്യന്‍ പുരത്തറയില്‍ 'വട്ടം ' വരയ്ക്കുമ്പോള്‍ ഉമ്മയ്ക്ക് വേവലാതിയാണ്. ഇടവ പ്പാതിയ്ക്ക് മുമ്പ് പുര മേയുന്നത് വരെ അത് നീളും. ഒരിക്കല്‍ ഉമ്മ , ഓടിട്ട പുരയെ ക്കുറിച്ച് ആഗ്രഹം പറയുന്നത് കേട്ടു. അധികം താമസിയാതെ ഞങ്ങള്‍ ഓടിട്ട ഒരു മനോഹരമായ കൊച്ചു വീട് നിര്‍മ്മിച്ചു. പക്ഷെ , ഞങ്ങള്‍ ഒരു കടക്കാരനായി മാറി അതോടു കൂടി. ആ ആശങ്കയില്‍ നിന്ന് മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.
കാലം കടന്നു പോയതോടെ ഒട്ടേറെ മാറ്റങ്ങള്‍ വീടിനു വരുത്തി. ഞങ്ങള്‍ കൂടുതല്‍ കടക്കാരായി. ഇപ്പോള്‍ ഭേതപ്പെട്ട ഒരു വീട് ഞങ്ങള്‍ക്കുണ്ട് . അത്ര തന്നെ കട ബാധ്യതയും. എന്നെ സംബന്ധിച്ച് വലിയ വീട് എന്നതിലുപരി സമൂഹത്തില്‍ പിടിച്ചു നില്‍ക്കുക എന്ന ഒറ്റ കാരണമാണ് വലിയ വീടിനെ ക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ഭാര്യ , കുട്ടികള്‍ , അവര്‍ നോക്കുമ്പോള്‍ ചുറ്റും വലിയ വീടുകള്‍. കാലം നമ്മെ ഒപ്പം വലിച്ചിഴക്കുകയാണ്. പലപ്പോഴും നമ്മള്‍ പരിക്കുകളോടെ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.
ഭൂമിയില്‍ ധാരാളം മണ്ണുണ്ട്. മരങ്ങളുണ്ട്, പാര്‍ക്കാന്‍ ഒരു വീട് മതിയെങ്കില്‍ എല്ലാം പ്രകൃതിയിലുണ്ട്. നമുക്ക് ജീവിച്ചാല്‍ പോര . ജീവിക്കുന്നു എന്നു സമൂഹത്തെ കൊണ്ട് സര്‍ട്ടിഫൈ ചെയ്യിക്കണം. പണം പ്രശ്നമല്ല. തരാന്‍ സ്ഥാപനങ്ങള്‍ ഉണ്ട്. മനസമാധാനം പകരം നല്‍കിയാല്‍ മതി. എന്നാലും കുഴപ്പമില്ല എന്നു ചിന്തിക്കാനാണ് എനിക്കും , മറ്റുള്ളവര്‍ക്കും ഇഷ്ടം. ഒരു ഓണം കേറാ മൂലയില്‍ ഒരു കൊച്ചു മണ്‍വീട് ആണ് എന്‍റെ സ്വപ്നം . ഞാന്‍ ഇത്തിരി പൈങ്കിളി ആയില്ലേ എന്നാവും വായനക്കാര്‍ ചിന്തിക്കുക. കാമുകിയോട് , അല്ലെങ്കില്‍ ഭാര്യയോടു , മുട്ടത്തു വര്‍ക്കിയുടെ ചിന്തയില്‍ സംസാരിക്കുന്നതാണ് ഏറ്റവും മധുരം .......................!
പലപ്പോഴും നമ്മള്‍ പരിക്കുകളോടെ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.
തീര്‍ച്ചയായും. അതാണ് ഇന്നിന്റെ മുഖ്യ പ്രയാസവും.
ലളിതമാണ് മധുരവും.
ചിന്തകള്‍ നല്ലതാണ്.
പക്ഷേ,അന്നത്തെ മുട്ടത്തുവര്‍ക്കിയുടെയും,കാനം ഈ.ജെ.യുടെയും,മൊയ്തു പടിയത്തിന്‍റെയും കാലത്തെ പൈങ്കിളികളല്ല ഇന്നത്തെ പൈങ്കിളികള്‍.......
ആശംസകള്‍
വീട് ഭാരമാകുന്ന കാലം
വീടിനു വേണ്ടി ജീവിതം ?
സത്യത്തിൽ ജീവിക്കാനല്ലേ വീട്?
ഇരുപത്തിയേഴ് വര്‍ഷം ഗള്‍ഫില്‍ ഡ്രൈവര്‍ ജോലി ചെയ്ത് കൊട്ടാരം പോലൊരു വീടുണ്ടാക്കി, ഒരിയ്ക്കല്‍പോലും അവിടെ ജീവിക്കാനാവാതെ ഗള്‍ഫില്‍വെച്ചുതന്നെ മരിച്ചുപോയ ഒരാളെ എനിക്കോര്‍മ്മ വരുന്നു. ഇത് വളരെ പ്രസക്തമായ ആനുകാലിക വിഷയമാണ്.
കാലം നമ്മെ ഒപ്പം വലിച്ചിഴക്കുകയാണ്. പലപ്പോഴും നമ്മള്‍ പരിക്കുകളോടെ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.ഏറെ ഇഷ്ടമായ വരികൾ.
എന്റെ ഒര്മയിലും ഉണ്ട് ഒരു ഓലപ്പുര .... മഴയും മിന്നലും, വെയിലും ..കൂട്ടുകൂടാൻ വന്നിരുന്ന ഒരു കാലം.