Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

മുക്തകങ്ങളുടെ കവി
















തിരക്കഥ

രചന , സംവിധാനം   -    കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍
ക്യാമറ                           -    വിനയന്‍  ഐഡിയ 
വിതരണം                     -    ഐഡിയ ഡിജിറ്റല്‍ മീഡിയ 




 'ഒരു മനുഷ്യായുസ്സു മലയാള ഭാഷക്ക് വേണ്ടി ഉഴിഞ്ഞു വച്ച മഹാ മനീഷിക്ക് സമര്‍പ്പണം'




സീന്‍  ഒന്ന് 

ഇരുണ്ട ഫ്രെയിം .
പശ്ചാത്തലത്തില്‍ ശ്രുതി      
മെയില്‍  വോയ്സ് -

"അസതോ മ സത് ഗമയ
 തമസോ മ ജ്യോതിര്‍ ഗമയ
 മൃത്യോ മ അമൃതം ഗമയ "

മെയില്‍ വോയ്സിനെ  പിന്‍തുടരുന്ന കോറസ്  ഫ്രെയിം തെളിയുമ്പോള്‍ ഒരു നില വിളക്ക് .
അതില്‍ ദീപം തെളിക്കുന്ന കൈകള്‍ .ദൃശ്യം  വികസിക്കുമ്പോള്‍ ശ്രീമാന്‍  നമ്പൂതിരി -
അദ്ദേഹം തിരി തെളിക്കുന്നു .
  
നറേഷന്‍ 


ഇത് കൊട്ടുക്കള്‍ മന ശ്രീമാന്‍ നമ്പൂതിരി .ഒരു മനുഷ്യായുസ്സ് മലയാള ഭാഷയ്ക്ക്‌ ഉഴിഞ്ഞു വച്ച
മഹാമനീഷി .വയസ്സു 92. ഇപ്പോഴും വായനയുടെ ആഴ കടലില്‍ അറിവിന്റെ മുത്തുകള്‍ മുങ്ങിത്തപ്പുന്ന അന്വേഷകന്‍ .

സീന്‍ 2

മന    -  പകല്‍  
ഇന്റീരിയര്‍


ഇടനാഴി .നീളന്‍ തൂണുകളുള്ള ഒരു  ഇടനാഴി .
നടന്നു പോകുന്ന ശ്രീമാന്‍ നമ്പൂതിരി . ദൃശ്യം നിറയുന്ന  കമന്ററി .


നറേഷന്‍


എട്ടുപതിറ്റാണ്ടനീളുന്നസാഹിത്യസപര്യ.ചെറുതുംവലുതുമായ അറുപതോളം കൃതികളുടെ   കര്‍ത്താവ്  
.അന്യ ഭാഷകളില്‍ നിന്നും നിരവധി ഈടുള്ള ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യ പ്പെട്ടു  .ഇതിഹാസ ഗ്രന്ഥങ്ങളില്‍ സ്വന്തം  കയ്യൊപ്പ് . വാണീ  ദേവിയുടെ നിത്യോ പാസകന്‍ . സാമ അഥര്‍വ വേദങ്ങള്‍ക്ക്  മനോഹരവും പഠനാര്‍ഹവുമായ മലയാള തര്‍ജ്ജിമ കവിതകള്‍ മുക്തകങ്ങള്‍ , നാടോടിക്കഥകള്‍ , ബാല സാഹിത്യ രചനകള്‍ ,എന്നു  വേണ്ട  ശ്രീമാന്‍  നമ്പൂതിരിയുടെ സര്‍ഗ യാത്ര ഒരിടത്തും അവസാനിക്കുന്നില്ല  .

സീന്‍  - 3 

പെരിങ്ങഴ ഗ്രാമം . പുറം കാഴ്ചകള്‍ 
മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ .


നറേഷന്‍



ഇതു  പെരിങ്ങഴ ഗ്രാമം. മുവാറ്റുപുഴയില്‍ നിന്നു  മൂന്നു കിലോമീറ്റര്‍ അകലെയുള്ള പ്രശാന്ത സുന്ദര മായ ഗ്രാമം . ഇവിടെയാണ്‌ കൊട്ടുക്കല്‍  മന .


സീന്‍  - 4 

കൊട്ടുക്കല്‍ മന  - പകല്‍ 
എക്സ്റ്റീരിയര്‍
മനയുടെ വിദൂര ദൃശ്യം . 

ധാരാളം എടുപ്പുകളോട്  കൂടി  പടര്‍ന്നു കിടക്കുന്ന  മന . വൃക്ഷ നിബിഡമായ തൊടി .

നറേഷന്‍



കൊട്ടുക്കല്‍  മന . ശ്രീമാന്‍ നമ്പൂതിരിയുടെ ജന്മ ഗൃഹം . അനിതര സാധാരണമായ സര്‍ഗ വൈഭവം കൊണ്ട് മലയാള ഭാഷയെ പുഷ്ക്കലമാക്കിയ ഒരു മഹാ പ്രതിഭയുടെ കഥ ഇവിടെ ആരംഭിക്കുന്നു.

( കമന്ററി തീരുമ്പോള്‍  പൂമുഖത്തേക്ക്‌ കടന്നു വരുന്ന ശ്രീമാന്‍ നമ്പൂതിരി, ക്യാമറയിലേക്ക് നോക്കു ന്നതോടെ ദൃശ്യം ഇരുളുന്നു. )

സീന്‍ 4 / എ 

മന  -     പകല്‍                                                               
നടുമുറ്റം  -   ഇന്റിരിയര്‍

നടുമുറ്റത്തെ ഒരു കരിങ്കല്‍ പ്പടിയില്‍  പുസ്തകം വായിച്ചിരിക്കുന്ന നമ്പൂതിരി .


നറേഷന്‍


കൊട്ടുക്കല്‍മന ദാമോദരന്‍ നമ്പൂതിരിയുടെയും,വൈക്കം മുട്ടസ്സു മന പാര്‍വതി അന്തര്‍ജനത്തിന്റെയും , മകനായി 1920 ഡിസംബര്‍ 12 നു ശ്രീമാന്‍ നമ്പൂതിരി ജനിച്ചു . സ്കൂള്‍ രേഖയില്‍   കൊടുത്ത ജനനതീയതിയില്‍ ആദ്യത്തെ തെറ്റ് സംഭവിച്ചു .ആരുടെയോ   ഓര്‍മ്മപ്പിശക് .ആ വെട്ടി ത്തിരു ത്തല്‍ സാഹിത്യ ജീവിതത്തില്‍ ഉടനീളം അദ്ദേഹത്തെ പിന്‍ തുടര്‍ന്നു .    ദിന രാത്രങ്ങളും ,സംവത്സരങ്ങളും കൊഴിഞ്ഞതറിയാതെ എഴുത്തില്‍ മാത്രം ജീവിച്ച ഈ സാത്വികന്റെ പേര് സാഹിത്യലോകത്ത്  പലപ്പോഴും പിന്തള്ളപ്പെടുകയോ വെട്ടിത്തിരുത്തുകയോ ചെയ്യപ്പെട്ടു . എന്തു  കൊണ്ട് സാഹിത്യ ലോകത്ത്   ശ്രീമാന്‍ നമ്പൂതിരിയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല .

ഒന്നും ,ഒറ്റയും എഴുതിയിരുന്നവര്‍ പോലും  അവാര്‍ഡുകളും ,പ്രശസ്തിയും വാരി ക്കൂട്ടിയപ്പോള്‍ അറുപതിലധികം ഗ്രന്ഥങ്ങള്‍   രചിച്ച  ഈ മനുഷ്യന്‍  തന്റെ സ്വകാര്യ ലോകത്ത് അധികമൊന്നും അറിയപ്പെടാതെ , ആരോടും പരാതിയില്ലാതെ  ജീവിക്കുന്നു .






 സീന്‍  5  

നാട്ടുമ്പുറം 
ഒരു കൃഷിയിടം                                                                                                                                                           നേന്ത്ര ക്കുലകളും ,കയ്പ്പയ്ക്കയും വിളഞ്ഞു കിടക്കുന്ന ഒരു കൃഷി ഭൂമിയിലൂടെ ചലിക്കുന്ന  ക്യാമറ .


 നറേഷന്‍


കൊട്ടുക്കല്‍മന ഭൂപ്രഭുക്കളായിരുന്നു . അറുപത് ഏക്കറോളം പരന്നുകിടക്കുന്ന വിസ്തൃതമായ കൃഷിഭൂമി. 


സീന്‍  - 5 / എ
മന  -      മുറ്റം.                       
എക്സ്റ്റീരിയര്‍

വാരിക്കൂട്ടിയ  നാളികേരം ,
കൃഷി ഉപകരണങ്ങള്‍ അവിടവിടെയായി  സൂക്ഷിച്ചിരിക്കുന്നു .


നറേഷന്‍

ഒരു തികഞ്ഞ കാര്‍ഷിക കുടുംബാന്തരീക്ഷത്തിലാണ് ശ്രീമാന്‍ നമ്പൂതിരി വളര്‍ന്നത്‌ . അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങഴ ഗ്രാമത്തിലുള്ള ഒരു പള്ളി വക സ്കൂളി ലായിരുന്നു . മുവാറ്റുപുഴ ഗവണ്‍മെന്റ് യു. പി .സ്കൂളിലും,സത്രക്കുന്നിലുമായി ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം  പൂര്‍ത്തിയാക്കി .തുടര്‍ന്ന് പഠിപ്പിക്കാന്‍ പിതാവ് ദാമോദരന്‍ നമ്പൂതിരിക്ക് താല്പര്യമില്ലായിരുന്നു .



സീന്‍  - 6
നാട്ടുവഴി  -  പകല്‍

 മുക്കുറ്റി പൂക്കളും , കോളാമ്പി ചെടികളും , പടര്‍ന്നു കിടക്കുന്ന  ഒരു ചെമ്മണ്‍  വഴിയിലൂടെ നടന്നു വരുന്ന ശ്രീമാന്‍ നമ്പൂതിരി. ഒറ്റ മുണ്ടും, അയഞ്ഞ കുപ്പായവും വേഷം . തോളില്‍ ഒരു കസവു  വേഷ്ടി
കയ്യിലൊരു കാലന്‍ കുട. ഒരു സ്കൂള്‍  വാദ്ധ്യാരുടെ പ്രൌഡി .



നറേഷന്‍


പക്ഷെ  മനയുടെ നാലു കെട്ടിനുള്ളില്‍ ഒതുങ്ങി ക്കൂടാന്‍ നമ്പൂതിരി തയ്യാറായിരുന്നില്ല  . അറിവ് തേടി അദ്ദേഹം  നാടായ നാടുകള്‍ അലഞ്ഞു. ഹൈസ്ക്കൂള്‍ പഠന കാലത്തു  തന്നെ പെരിങ്ങഴ ഗ്രാമത്തിനു പുറത്ത്  , തിരുമാറാടി കിഴക്കില്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെ കീഴില്‍ സംസ്കൃതവും , അഷ്ടാംഗ ഹൃദയവും അഭ്യസിച്ചു .


സീന്‍   - 7

നാട്ടുമ്പുറം - വയല്‍

പച്ച വിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടം
വരമ്പത്ത് കൂടി നടന്നു നീങ്ങുന്ന നമ്പൂതിരി. ക്യാമറയില്‍ നിന്ന് അകലുന്ന ദൃശ്യം .


നറേഷന്‍


 ശ്രീമാന്‍ നമ്പൂതിരിയുടെ ജീവിതത്തിന്റെ  ഒരു ഘട്ടം വിജ്ഞാനം തേടിയുള്ള യാത്രകളായിരുന്നു . തൃപ്പൂണിത്തുറ യില്‍ പോയി ജി . വിശ്വനാഥ ശര്‍മയുടെ കീഴില്‍ ഗുരുകുല സമ്പ്രദായം അനുസരിച്ചു വ്യാകരണം പഠിച്ചു . അവിടെ നിന്നും അദ്ദേഹം പോയത് തൃശൂരിലേക്കാണ് . ആയുര്‍വേദ ആചാര്യന്മാര്‍ എന്നു  പുകള്‍ പെറ്റ സാക്ഷാല്‍ ഒല്ലൂര്‍ തൈക്കാട്ട് മനയിലേക്ക്. മുമ്പ്, കിഴക്കില്ലത്ത് നമ്പൂതിരിയില്‍ നിന്ന്  സ്വായത്തമാക്കിയ അഷ്ടാംഗ ഹൃദയത്തിന്റെ പൊരുള്‍ തേടി, തൈക്കാട്ട് മൂസ്സിന്റെ  ശിഷ്യനായി  ആയുര്‍വേദ പഠനം തുടര്‍ന്നു . ഗുരു ദക്ഷിണയായി  , തൈക്കാട്ടു മൂസ്സിന്റെ മകന്‍ പത്തു  വയസ്സുകാരനായ വാസുദേവന്‍ നമ്പൂതിരിയ്ക്ക് സംസ്കൃതം പറഞ്ഞു കൊടുത്തു. അന്നു ശ്രീമാന്‍ നമ്പൂതിരിയ്ക്ക് പ്രായം ഇരുപത്തിയൊന്ന്  --

സീന്‍   - 8 

ക്ഷേത്രക്കുളം   - പകല്‍ 

നാട്ടുമ്പുറത്തെ ഒരു ക്ഷേത്രക്കുളം .
കല്‍പ്പടവുകള്‍ കെട്ടിയിറക്കിയ സമൃദ്ധമായ ഒരു കുളമാണ് .കാല്‍ കഴുകി പടവുകള്‍ കയറി വരുന്ന ശ്രീമാന്‍ നമ്പൂതിരി. ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ . മുമ്പ് കണ്ട വേഷം .


സീന്‍   - 9 

മന  - പകല്‍ 
നടുമുറ്റത്ത് നിന്നുള്ള ഒരു പടിയില്‍  ക്യാമറയ്ക്ക് അഭിമുഖമായി ഇരിക്കുന്ന നമ്പൂതിരി .   അദ്ദേഹം സംസാരിച്ചു തുടങ്ങുന്നു. തൈക്കാട്ട് മനയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് --
( നമ്പൂതിരിയുടെ  വാക്കുകള്‍ അവസാനിക്കുമ്പോള്‍ അതിന്‍ മേലേയ്ക്കു കടന്നു വരുന്ന കമന്ററി )


നറേഷന്‍

 തൈക്കാട്ടു  മനയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ  മടങ്ങിയ ശ്രീമാന്‍ നമ്പൂതിരിയെ എതിരേറ്റത്  തികച്ചും വ്യത്യസ്തമായ മറ്റൊരു മേഖലയാണ്.  വി. ആര്‍ . എഴുത്തച്ഛന്റെയും , കെ . പി . മാധവന്‍ നായരുടെയും മേല്‍നോട്ടത്തില്‍ എറണാകുളത്തു നിന്നു  പ്രസിദ്ധീകരിച്ചിരുന്ന  ' ദീനബന്ധു ' പത്രത്തില്‍  പ്രൂഫ്‌ റീഡര്‍ ആയി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു .സുകുമാര്‍ അഴീക്കോട്‌ ആയിരുന്നു സബ്  എഡിറ്റര്‍ .


സീന്‍   -  10  
മന   -  പൂമുഖം 

ഉരുളന്‍ തൂണില്‍ ചാരിയിരുന്നു പത്രം വായിക്കുന്ന നമ്പൂതിരി.


നറേഷന്‍

ഒന്നര വര്‍ഷമേ അവിടെ തുടര്‍ന്നുള്ളൂ . മഹാ പ്രതിഭകളില്‍ ബാധിക്കുന്ന ആവര്‍ത്തന വിരസത അദ്ദേഹത്തെയും ബാധിച്ചിരിക്കണം . തുടര്‍ന്നു  കോട്ടയത്തു  നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ദേശ ബന്ധു 'പത്രത്തില്‍ സബ്  എഡിറ്ററായി പ്രവേശിച്ചു.


സീന്‍   -11 

ലൈബ്രറി  - പകല്‍ 
നീളന്‍ അലമാരകള്‍

അലമാരകളിലെ പുസ്തകങ്ങളില്‍ കൂടി നീങ്ങുന്ന ക്യാമറ. സമീപ ദൃശ്യം . ലേബലുകള്‍ നമുക്കു വായിക്കാന്‍ സാധിക്കും. 

 നറേഷന്‍

 പത്ര പ്രവര്‍ത്തനം ശ്രീമാന്‍ നമ്പൂതിരിയുടെ ജീവിതത്തെ മാറ്റി മറിച്ചു . ഇവിടെ വച്ചാണ് ഇംഗ്ലീഷ്‌ ഭാഷയില്‍ അദ്ദേഹം കൂടുതല്‍ പ്രാവീണ്യം നേടുന്നത്. അത്  മലയാള ഭാഷയ്ക്ക് ലഭിച്ച മറ്റൊരു പുണ്യം.
പിന്നീട് നിരവധി വിശ്വ സാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് ഇദ്ദേഹം തര്‍ജിമ ചെയ്യുകയുണ്ടായി. വൈദേശിക സാഹിത്യ ഗ്രന്ഥങ്ങള്‍ മലയാളികള്‍ക്ക് പരിചയ പ്പെടുത്തിയവരില്‍ പ്രധാനി ആയിരുന്നു കേസരി ബാലകൃഷ്ണപിള്ള .ഇത്  സാഹിത്യ ലോകം അംഗീകരിക്കുന്നതാണ് . ഇതിനു തൊട്ടു പിന്നിലുണ്ട്  ശ്രീമാന്‍ നമ്പൂതിരിയും

 സീന്‍   - 12

മന  -          എക്സ്റ്റീരിയര്‍
പൂമുഖം        പകല്‍

ശൂന്യമായ പൂമുഖം
ചലിക്കുന്ന ക്യാമറ .

നറേഷന്‍


അലക്സാണ്ടര്‍ പുഷ്ക്കിന്‍ ,ടോള്‍ സ്റ്റോയ്  ,ചെക്കോവ് ,ദോസ്റ്റൊവ്സ്കി, തുടങ്ങി  വിശ്വ പ്രതിഭകളുടെ എത്രയെത്ര കഥാപാത്രങ്ങളാണ്  കൊട്ടുക്കല്‍ മനയുടെ ഈ പൂമുഖത്തൂടെ മലയാളത്തിന്റെ തിരു മുറ്റത്തേക്കിറങ്ങി വന്നത് . ആയുസ്സിന്റെ കണക്കു നോക്കാതെ  ,മനുഷ്യകഥയുടെ വിസ്മയ ലോകം തീര്‍ക്കാന്‍ ശ്രീമാന്‍ നമ്പൂതിരിയ്ക്കൊപ്പം അവരൊക്കെ  അലഞ്ഞു തിരിഞ്ഞിട്ടുണ്ടാവും  ഈ നടുമുറ്റത്തും, ഗ്രന്ഥപ്പുരപ്പുരകളിലുമായി . ഹിന്ദി ഭാഷയില്‍ നേടിയ പരിജ്ഞാനം നിരവധി ഉത്തരേന്ത്യന്‍ ഗ്രന്ഥങ്ങളെ  മലയാളത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു . അത്തരത്തില്‍ ശ്രദ്ധേയമായ ഒരു വിവര്‍ത്തന കൃതിയാണ്  ഹിന്ദി സാഹിത്യത്തലെ ഉത്തമ ശ്രുംഗാര കാവ്യമെന്നു പേരുകേട്ട 'ബിഹാരി ശതശയ്യി '.

സീന്‍  - 13

മന              -    പകല്‍                     

ഗ്രന്ഥപ്പുര   
ഇന്റിരിയര്‍  

ശ്രീമാന്‍ നമ്പൂതിരി എഴുത്തില്‍ മുഴുകിയിരിക്കുന്നു
കമന്ററി തുടരുന്നു

നറേഷന്‍


റഷ്യന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ പുഷ്ക്കിന്റെ  ' ഡ -ബ്രോവ്സ്ക്കി ,ചെക്കോവിന്റെ കഥകള്‍ ,ടോസ്ടോവ്സ്ക്കിയുടെ ഭൂമിയുടെ പുത്രി, റഷ്യന്‍ നാടോടിക്കഥകള്‍ , ഇവാന്‍ ഇലൈന്‍ തുടങ്ങി ഉപേന്ദ്ര നാഥ് ആശ്കയുടെ  വലിപ്പമേറിയ കണ്ണുകള്‍ ,കെ. എം . മുന്‍ഷിയുടെ ' ജയ സോമനാഥ് 'ലൂയി കരോളിന്റെ ആലീസിന്റെ അധോലോകം ,അങ്ങനെ  ഒറ്റവാക്കില്‍  പറഞ്ഞു പോകാനാകാത്ത വിധം വിവര്‍ത്തനങ്ങളുടെ ഒരു വലിയ ഗ്രന്ഥപ്പുര തന്നെയുണ്ടിവിടെ .


സീന്‍   14
മന      -   എക്സ്റ്റീരിയര്‍
പകല്‍
പുറത്തേക്കുള്ള വാതില്‍ പ്പടിയില്‍  ഇരിക്കുന്ന ശ്രീമാന്‍ നമ്പൂതിരി തന്റെ വിവര്‍ത്തന ഗ്രന്ഥങ്ങളെ ക്കുറിച്ച് സംസാരിക്കുന്നു



  സീന്‍     15
നാട്ടുവഴി    -  പകല്‍


തെളിഞ്ഞ  പ്രഭാതം . കാറ്റില്‍ ഇളകുന്ന വൃക്ഷത്തലപ്പുകള്‍ .അവിടേക്ക് ഒഴുകിവരുന്ന ഒരു നാടന്‍ ഗാന പശ്ചാത്തലം .ഒരു ഗായകന്റെ ശ്രുതി മധുരമായ ഗാനം
(ശ്രീമാന്‍ നമ്പൂതിരിയുടെ ' എന്റെ ഉപഹാരം ' എന്ന കവിത )

നീണ്ടു നീണ്ടാകാശ ദേശം വിതാനിച്ച
നീരദ പംക്തിയില്‍  നിര്‍മ്മിതമായ്
അര്‍ക്ക നിശാകര രശ്മികള്‍  നീട്ടിയ
ശുഭ്ര ബലീഷ്ടമാം നൂലിലല്ലോ
പൂവുകള്‍ കോര്‍പ്പതു ,ഞാനവ മിന്നുമ -
പ്പാവന താരാ കദംബമല്ലോ .
പാരില്‍ ദുര്‍വാദള ത്തുമ്പില്‍ ത്തുമ്പില്‍ ത്തിളങ്ങുന്ന
വാരി ബിന്ദുക്കള്‍ തന്‍ കാന്തിയല്ലോ ---

രാകാ  ശശാങ്കന്റെ  ചന്ദ്രിക നിര്‍മിക്കു
മാഭാവിതാനിത ശാലയിങ്കല്‍
ശില്‍പ്പികളാരോ രചിക്കുന്നു പോല്‍  കാമ്യ
ചക്രവാളത്തിന്റെ  കങ്കണങ്ങള്‍
തുംഗ ശൈലങ്ങള്‍ തന്‍ ഗാംഭീര്യ മേകുന്ന
ഭംഗിയിണക്കിസ്സു ശോഭിതങ്ങള്‍
സാഗര നീല രത്നങ്ങളാല്‍  കാന്തിതന്‍
സാര സര്‍വ്വസങ്ങളുത്തമങ്ങള്‍

(ഗാനം അവസാനിക്കുന്നതിനു മുമ്പ്  കമന്ററി തുടരുന്നു )


നറേഷന്‍


അപ്രമേയ സൌന്ദര്യ  സൌകുമാര്യതയില്‍ ചാലിച്ചെടുത്തതാണ്  ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ .  സാത്വികതയില്‍   തളിര്‍ത്ത്‌    ശാഖോപശാഖകളായി പടര്‍ന്നു  പന്തലിച്ചു സൌരഭ്യം പരത്തുന്ന  വൈവിദ്ധ്യങ്ങളുടെ മഹാ പ്രപഞ്ചമാണ്‌  ഇദ്ദേഹത്തിന്റെ കവിതകള്‍ .ഇരുന്നൂറില്‍ പരം കവിതകള്‍ , അഞ്ഞൂറോളം  മുക്തകങ്ങള്‍ ഈ സര്‍ഗാധനന്‍   മലയാളത്തിനു സംഭാവന  നല്‍കി .   കൂടാതെ ആയിരത്തിലധികം  സുഭാഷിതങ്ങള്‍  സംസ്കൃതത്തില്‍ നിന്ന്  തര്‍ജ്ജിമ ചെയ്തിട്ടുണ്ട്.



സീന്‍      -   16

മന         -     ഇന്റിരിയര്‍
ഊണുമുറി  - പകല്‍

ശ്രീമാന്‍ നമ്പൂതിരി ഭക്ഷണം കഴിക്കുന്നു  -


നറേഷന്‍


മുക്തകങ്ങളുടെ കവി എന്നാണു സാഹിത്യ ലോകം ശ്രീമാന്‍ നമ്പൂതിരിയെ വിശേഷിപ്പിച്ചത്‌ . ഡോ : എം .ലീലാവതി  കവിതാ സാഹിത്യ ചരിത്രത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു , " നവ മേഘങ്ങള്‍ മുഴങ്ങുമ്പോള്‍ ദൂരെ പര്‍വതങ്ങളില്‍ വൈഡൂര്യങ്ങള്‍ മുളയ്ക്കുന്നത്  പോലെയത്രെ കാലിക പ്രശ്നങ്ങളില്‍  നമ്പൂതിരിയ്ക്ക്  മുക്തകങ്ങള്‍ മുളയ്ക്കുന്നത് ".


സീന്‍     -    17

നാട്ടുമ്പുറം   -     പകല്‍

ചില     ഗ്രാമീണ ദൃശ്യങ്ങളിലൂടെ ക്യാമറ
പച്ച വിരിച്ച നെല്‍പ്പാടങ്ങള്‍ .
ഓളപ്പരപ്പിലെ  കൊതുമ്പു തോണികള്‍ .
കമന്ററി

അപൂര്‍വങ്ങളായ  ബിംബ കല്‍പ്പനകള്‍ കൊണ്ട് സമ്പന്നമാണ് ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍. പി. കുഞ്ഞിരാമന്‍ നായരുടെ പ്രകൃത്യാരാധനയും , വള്ളത്തോളിന്റെ ഭാഷാ ശുദ്ധിയും , വെണ്ണിക്കുളത്തിന്റെ ഗ്രാമ സങ്കല്‍പ്പവും , ആശാന്റെ ഭാവ തീവ്രതയും , വൈലോപ്പിള്ളിയുടെ നവീകരണ ദീപ്തിയും നമ്പൂതിരിയുടെ കവിതകളില്‍ സമഞ്ജസമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു . ഒരു
ഗ്രാമ കന്യകയുടെ ചിത്രം കവി ഇപ്രകാരം  വരച്ചിടുന്നു  

(മെയില്‍ വോയ്സില്‍  കവിത)       

ഒക്കത്തുണ്ടൊരു  പിച്ചളക്കുടമിടം
കയ്യില്‍ കയര്‍പ്പാളയു -
ണ്ടുച്ചത്തില്‍ ചിരിയാര്‍ന്ന കുപ്പിവളയു
ണ്ടേറെക്കരം രണ്ടിലും ,
സ്വപ്നം കണ്‍കളിലുണ്ട്  പുഞ്ചിരി നറും -
ചുണ്ടില്‍ പ്രഭാതം പെടും
മുഗ്ദ്ധപ്രോജ്വലരാഗമക്കവിളിലും
നീയാരാനാഡംബരേ   --




സീന്‍  - 18

മന         -     എക്സ്റ്റീരിയര്‍
പൂമുഖം   -     പകല്‍


ശ്രീമാന്‍ നമ്പൂതിരി ക്യാമറയോട്
(മുക്തകങ്ങളെ ക്കുറിച്ചു സംസാരിക്കുന്ന നമ്പൂതിരി )



സീന്‍  - 19

ക്ഷേത്രം   - പ്രഭാതം
എക്സ്റ്റീരിയര്‍

പടികളും, അതിന്റെ അറ്റത്തു ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരവും


സീന്‍  - 19/എ

പടികള്‍ കയറി  വരുന്ന  ശ്രീമാന്‍ നമ്പൂതിരി . ക്ഷേത്ര ദര്‍ശനത്തിനുള്ള വേഷത്തില്‍ .


നറേഷന്‍


ഇതു  മറ്റപ്പിള്ളി  ശ്രീകൃഷ്ണ ക്ഷേത്രം . കൊട്ടുക്കല്‍ മനയുടെ കുടുംബക്ഷേത്രം

സീന്‍  -  19/ബി

ക്ഷേത്രമുറ്റത്തു നില്‍ക്കുന്ന ദാമോദരന്‍ നമ്പൂതിരി .
അയാള്‍ ക്ഷേത്രത്തെ ക്കുറിച്ച് ക്യാമറയോടു സംസാരിക്കുന്നു


സീന്‍   20

ക്ഷേത്രം  -  പകല്‍
എക്സ്റ്റീരിയര്‍

ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുന്ന ശ്രീമാന്‍ നമ്പൂതിരി .

നറേഷന്‍


സാത്വികതയിലാണ് ശ്രീമാന്‍ നമ്പൂതിരിയുടെ കാവ്യലോകം പടുത്തുയര്‍ത്തിയിരിക്കുന്നത് . ശ്രീകൃഷ്ണ ഭഗവാന്റെ മുമ്പില്‍ ഉപാസകനായി സംസാര സാഗരത്തിന്റെ അലകള്‍ ഒതുങ്ങിയ മനസ്സുമായി  നില്‍ക്കുന്ന നില്‍പ്പില്‍ ഉറവെടുത്തതാണ്   ഗുരുവായൂപുരേശസ്തവം എന്ന  കൃതി .

സീന്‍   -  21

മന      -  എക്സ്റ്റീരിയര്‍


ഒരു ഒതുക്കുകല്ലില്‍ ഇരുന്നു ' ശ്രീഗുരുവായൂര്‍ പുരേശസ്തവം' ഉറക്കെ പാരായണം ചെയ്യുന്ന   ശ്രീമാന്‍ നമ്പൂതിരി. പ്രായം തളര്‍ത്തിയ ശബ്ദം .
ഒരു ശ്ലോകം ചൊല്ലി തീരുമ്പോള്‍ ദൃശ്യം ഇരുളുന്നു ..


സീന്‍    -  22

ക്ഷേത്രം  -  പ്രഭാതം
ഇന്റിരിയര്‍
ശ്രീകോവില്‍ .
തിരുനട.

അവിടെ നിന്നു ദൃശ്യം വികസിക്കുന്നു .
അതിലേക്കു വന്നു ചേരുന്ന ഒരു കീര്‍ത്തനം . ( ഒരു ഫീമെയ്ല്‍ വോയ്സ് )
മുമ്പ് തിരുമേനി പാരായണം ചെയ്ത ശ്ലോകത്തിന്റെ സംഗീതാത്മകമായ ആവിഷ്ക്കാരം .


സീന്‍   -  23

മന      -   പകല്‍ 
ഇന്റിരിയര്‍
സ്വീകരണ മുറി


ചുവര്‍ ചിത്രങ്ങള്‍.
പുസ്തകം നിറച്ച അലമാരകള്‍ .
അലങ്കാരങ്ങള്‍ .
നിരത്തി വച്ചിരിക്കുന്ന  ഷീല്‍ഡ് കള്‍ .
ചുവരിലൂടെ ചലിക്കുന്ന ക്യാമറ .




നറേഷന്‍



ഒരു മനുഷ്യായുസ്സു മുഴുവനും സാഹിത്യ രചനയ്ക്ക് നീക്കി വച്ച വ്യക്തിയാണ് ശ്രീമാന്‍ നമ്പൂതിരി . അറുപതോളം കാവ്യങ്ങള്‍ , അഞ്ഞൂറിലധികം മുക്തകങ്ങള്‍ , വേദ സാഹിത്യ വ്യാഖ്യാനങ്ങള്‍ , വിദേശ ഭാഷാ സാഹിത്യ വിവര്‍ത്തങ്ങള്‍ , സ്തോത്രങ്ങള്‍ , സംസ്കൃത സാഹിത്യ ചരിത്ര വിവര്‍ത്തനം തുടങ്ങി ഇദ്ദേഹത്തിന്റെ തൂലിക ത്തുമ്പില്‍ ഉയിര്‍ കൊണ്ട ഭാഷാ കുസുമങ്ങള്‍ നിരവധിയാണ് തൊണ്ണൂറ്റി രണ്ടാം വയസ്സിലും വാര്‍ദ്ധക്യത്തിന്റെ അസ്വാരസ്യങ്ങള്‍ മറന്നു സാഹിതീ സപര്യയില്‍ മുഴുകിയിരിക്കുന്ന  ശ്രീമാന്‍ നമ്പൂതിരിയെ എന്തു കൊണ്ടു മലയാളി സമൂഹം വേണ്ട വിധം പരിഗണിച്ചില്ല ......? അംഗീകാരങ്ങള്‍ നല്‍കിയില്ല ............. ?

സീന്‍   -  24

മറ്റൊരിടം
ഒരു വായനശാല   -   പകല്‍ 
ഇന്റിരിയര്‍


ഒരു നിരൂപകന്‍
അയാള്‍ ക്യാമറയോട്  -
(ശ്രീമാന്‍ നമ്പൂതിരിയെ ക്കുറിച്ച് സംസാരിക്കുന്നു )


സീന്‍   - 25

മന       -    പകല്‍ 
ഇന്റിരിയര്‍

ശ്രീമാന്‍ നമ്പൂതിരിയുടെ മകന്റെ മുറി.
അയാള്‍ അച്ഛനെ ക്കുറിച്ച് സംസാരിക്കുന്നു
അയാളുടെ   അനുഭവത്തിലെ ശ്രീമാന്‍ നമ്പൂതിരി


സീന്‍    -  26
നാട്ടുവഴി  -

നടന്നു പോകുന്ന നമ്പൂതിരി പശ്ചാത്തലത്തില്‍ നമ്പൂതിരിയുടെ കവിതകള്‍

26/ എ

ഉമ്മറപ്പടിയില്‍ പുസ്തക വായനയില്‍ മുഴുകിയിരിക്കുന്ന നമ്പൂതിരി

26/ബി

ഗ്രന്ഥ രചനയില്‍ --


സീന്‍    -  27

മന -  പൂമുഖം
എക്സ്റ്റീരിയര്‍

പൂമുഖത്ത് നീളന്‍ വരാന്തയിലൂടെ നടന്നു പോകുന്ന ശ്രീമാന്‍ നമ്പൂതിരിയുടെ അവ്യക്ത ചിത്രം . പശ്ചാത്തലത്തില്‍ കവിത.



                                             ****************