Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പോസ്റ്റ്‌ കാര്‍ഡ്





പോസ്റ്റ്‌ കാര്‍ഡില്‍ ആദ്യമായി ഒരു എഴുത്ത് കിട്ടുന്നത്  ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ബാല മംഗളത്തില്‍ അംഗമായി ചേര്‍ത്തിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്റെ ഓര്‍മയിലെ ആദ്യത്തെ കത്ത് അതാണ്‌. ഒരു അമൂല്യ നിധി പോലെ ഞാനത് വളരെ ക്കാലം സൂക്ഷിച്ചു. എന്റെ ബന്ധുവും അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്ന പി.യു. റഷീദ്  , ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെ സാഹിത്യ ചക്രവാളം മാസികയുടെ വാര്‍ഷിക വരിക്കാരനാക്കി. അഞ്ചു രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ . അതിനു ശേഷം കേരളത്തിലെ മിക്ക പ്രസാധകരുടെയും കാര്‍ഡുകള്‍ എനിക്ക് വന്നു തുടങ്ങി. പുതിയ പുസ്തകങ്ങള്‍ പുറത്ത് വരുമ്പോള്‍ , പുസ്തകങ്ങള്‍ക്ക് ഡിസ്ക്കൌണ്ട് ഏര്‍പ്പെടുത്തുമ്പോള്‍ ഒക്കെ ഒരു പോസ്റ്റ്‌ കാര്‍ഡ് എന്റെ വിലാസത്തില്‍ വന്നിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ എത്തിസ്റ്റ്‌ പബ്ളിക്കേഷന്റെ ധാരാളം കാര്‍ഡുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ക്ലാസിക് ബുക്സ് പ്രസിദ്ധീകരിച്ച  അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിന്റെ  കാര്‍ഡ് എന്റെ ഓര്‍മയില്‍ ഇന്നുമുണ്ട്. എന്റെ വിലാസം തൃശൂര്‍ സാഹിത്യ ചക്രവാളം വരിക്കാരില്‍ നിന്ന്  എടുത്തതാണെന്നു വളരെക്കാലം കഴിഞ്ഞു ഞാന്‍ മനസ്സിലാക്കി.

കോളജില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത്‌, എന്റെ മലയാളം അദ്ധ്യാപകനായിരുന്ന ടോണി മാത്യു  സര്‍  പോസ്റ്റ്‌ കാര്‍ഡില്‍ വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നു. കാച്ചി ക്കുറുക്കിയ ഭാഷയില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ . ആദ്യമായി ടെലിവിഷന്‍ വാങ്ങിയ വിവരം  എനിക്കെഴുതിയത് , 'ആന്റിയ്ക്കും( അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌ ), "ആന്റീനയ്ക്കും സുഖം" എന്ന് നര്‍മ്മത്തില്‍ ചാലിച്ചാണ്.  അദ്ദേഹത്തിനു സ്വന്തമായി പ്രസ് ഉണ്ടായിരുന്നതിനാല്‍ കാര്‍ഡുകള്‍ മനോഹരമായി  പ്രിന്റ്‌ ചെയ്തു എടുത്തിരുന്നു. അത്തരം കത്തുകളാണ് കാര്‍ഡു കളിലേക്ക് എന്റെ മോഹം വളര്‍ത്തിയത്. അധികം താമസിയാതെ ഒരു കാര്യം എനിക്ക് മനസ്സിലായി. പ്രശസ്ത രായ എഴുത്തുകാര്‍ എല്ലാം  കത്തെഴുതാന്‍ പോസ്റ്റ്‌ കാര്‍ഡുകള്‍ ആണ് ഉപയോഗിച്ചിരുന്നത്.പലപ്പോഴായി എനിക്ക് വന്നിട്ടുള്ള അത്തരം കത്തുകള്‍ എല്ലാം പോസ്റ്റ്‌ കാര്‍ഡുകള്‍ ആയിരുന്നു. ഒ.എന്‍ വി ക്കുറുപ്പ്, എം .ടി , പവനന്‍ , യൂസഫലി കേച്ചേരി, അങ്ങനെ പ്രശസ്തരായ ചിലരുടെ കത്തുകള്‍ ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു. പക്ഷെ , അതിനേക്കാള്‍ എന്റെ ശേഖരത്തില്‍ ഉള്ളത് സുഹൃത്തുക്കള്‍ എനിക്കയച്ച ഊമക്കത്തുകളാണ് . 

ഒരു കാലത്ത് ദിനംപ്രതി ധാരാളം ഊമക്കത്തുകള്‍ എന്നെ തേടി എത്തിയിരുന്നു. ആദ്യമൊക്കെ പോസ്റ്റ്‌ മാന്‍  വലിയ കാര്യമായി കത്തുകള്‍  വീട്ടില്‍ എത്തിച്ചിരുന്നു. ഒടുവില്‍ ഇതൊരു  നേരം പോക്കാണെന്ന് തോന്നി തുടങ്ങിയപ്പോള്‍   വീട്ടിലേക്കുള്ള വഴിയിലെ ഒരു കടയില്‍ കൊടുത്തിട്ടു പോകാന്‍ തുടങ്ങി. അതോടെ വായനക്കാരുടെ എണ്ണം കൂടി. നിര്‍ദോഷകരമായ നേരം പോക്കുകള്‍ ആയിരുന്നു എല്ലാ കത്തുകളും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്നവരുടെ പേരിലായിരുന്നു കത്തുകള്‍ വന്നിരുന്നത്. അതില്‍ മാര്‍ത്താണ്ഡ വര്‍മ്മ മുതല്‍  വാസ്കോഡ ഗാമ വരെ ഉള്‍പ്പെട്ടിരുന്നു. കള്ളിയങ്കാട്ടു നീലി മുതല്‍ ഡ്രാക്കുള വരെ ഫ്രം അഡ്രസ്സില്‍ തെളിഞ്ഞിരുന്നു. ഞാനന്ന് ഒരു ട്യൂടോറിയാല്‍കോളജില്‍ പഠിപ്പിക്കയാണ്.  ചില ദിവസങ്ങളില്‍ ക്ലാസ്സിലെ കുട്ടികള്‍ വായിച്ചതിനു ശേഷമായിരിക്കും കത്ത് എന്റെ കയ്യില്‍ കിട്ടുന്നത്. വല്ലപ്പോഴും മുമ്പ് പറഞ്ഞ അദ്ധ്യാപകനും , ഒരിക്കല്‍ എം. കൃഷ്ണന്‍ നായര്‍ക്കും ഞങ്ങള്‍ കത്തെഴുതിയിട്ടുണ്ട്. പോസ്റൊഫീസില്‍ എന്റെ തലവെട്ടം കണ്ടാല്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങിയതോടെ  അവരും ഇതിന്റെ വായനക്കാര്‍ ആണെന്ന് ഞാന്‍ ഊഹിച്ചു.സ്വന്തം നാട്ടില്‍ നിന്നും ഒരു കത്തും ഞങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നില്ല. ദൂരെ യാത്ര പോകുന്നവരുടെ കയ്യില്‍ പ്രത്യേകം ഏല്‍പ്പിച്ചു കൊടുത്താണ്  കാര്യം സാധിച്ചിരുന്നത്. ഒരിക്കല്‍ ഞങ്ങളുടെ സുഹൃത്ത് വലയത്തില്‍ നല്ലൊരു ഗായകന്‍ ഉണ്ടായിരുന്നു. പാട്ടെന്നു പറഞ്ഞാല്‍ , അതിലും നന്നായി പാടാന്‍ യേശുദാസിനേ സാധിക്കൂ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. 'വെള്ള ക്കമ്പനീ ' കളില്‍ ആണെങ്കില്‍ അയാളുടെ പാട്ട് കേള്‍ക്കാന്‍ വേണ്ടി ധാരാളം മദ്യം പലരും വാഗ്ദാനം ചെയ്യുമാ യിരുന്നു.  പക്ഷെ, കല്യാണവീടുകളില്‍ ഈ ഗായകന്‍ മറ്റു സുഹൃത്തുക്കളെ നിഷ്പ്രഭരാക്കി കളഞ്ഞു. ഒറ്റ പെണ്‍കുട്ടികള്‍ പോലും ഞങ്ങളെ ശ്രദ്ധിക്കാറില്ല . എല്ലാവരും ഗായകന്റെ ചുറ്റുമാണ്. ഇതൊക്കെ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് സഹിക്കാവുന്നതിന്റെ അപ്പുറത്തായിരുന്നു.

ആ കാലത്തായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജ്യേഷ്ടന്റെ വിവാഹം . സ്വാഭാവികമായും ഞങ്ങള്‍ സുഹൃത്തുക്കളുടെ ഒരു വലയം അവിടെ ഉണ്ടാകും. ധാരാളം പെണ്‍കുട്ടികള്‍ വരും. ഗായകന്‍ പാടി ത്തിമിര്‍ക്കും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. വിവാഹത്തിനു ഗായകന്‍ ഉണ്ടായിരുന്നില്ല. അന്ന് ദൂരെ സ്ഥലത്ത് അയാള്‍ക്ക്‌ ഒരു ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു, സിനിമയില്‍ നിന്നും ഏതോ ഒരു സംഗീത സംവിധായകന്‍ നടത്തുന്ന ഇന്റെര്‍വ്യൂ. വിവാഹം കഴിഞ്ഞു ആളുകള്‍ ഒഴിഞ്ഞു കഴിഞ്ഞപ്പോള്‍ സുഹൃത്ത്  നിരാശയോടെ കയറി വന്നു. വളരെ രഹസ്യമായി ഞങ്ങളോട് പറഞ്ഞു " അത് ആരോ ഒപ്പിച്ച പണി ആയിരുന്നു ".
ആരായിരിക്കണം അതിന്റെ പിന്നില്‍ .................. ?! 





       



13 Responses to പോസ്റ്റ്‌ കാര്‍ഡ്

  1. പോസ്റ്റു കാർഡുകൾ ഒരു കാലഘട്ടത്തിന്റെ ആവശ്യകതയായിരുന്നു .കുറഞ്ഞ തുകയിൽ ഒരു മെസേജ്.ഞാനും ചെറുപ്പത്തിൽ കാർഡുകളയക്കാൻ ശ്രമിച്ചിരുന്നു.ഓർമ്മകൾക്ക് നന്ദി....

  2. അതേ അമൂല്യ നിധിപോലെ പഴയ പോസ്റ്റ് കാര്‍ഡുകളെ ഇന്നും സൂക്ഷിക്കുന്ന ഒരുവന്‍ എന്ന നിലക്ക് കാര്‍ഡുകളെ സംബന്ധിച്ച ഈ പോസ്റ്റ് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

  3. ajith says:

    ആ പഴയ കാലത്തേയ്ക്ക് കൈ ചൂണ്ടിക്കാണിക്കുന്ന എഴുത്തുകളെല്ലാം ഇഷ്ടമാണ്. കാരണം ഞാന്‍ പഴയ കാലത്തിന്റെ പ്രോഡക്റ്റ് ആണല്ലോ.

    (പോസ്റ്റ് കാര്‍ഡുകള്‍ തുറന്ന മനസ്സിന്റെ അടയാളമാണ്. ഒന്നും മറയ്ക്കാനില്ലാത്ത മനസ്സിന്റെ അടയാളം. ഇന്‍ലാന്‍ഡുകളോ മിനി സ്കര്‍ട്ട് പോലെയും. മറയ്ക്കേണ്ടതെല്ലാം മറയ്ക്കുന്നുണ്ട്. എന്നാല്‍ അല്പം ഉയര്‍ത്തി നോക്കിയാല്‍ വിഷയം അറിയുകയും ചെയ്യാം. കവറുകളോ രഹസ്യങ്ങളുടെ കലവറയും. അടപ്പ് തുറന്നാല്‍ മാത്രം പ്രവേശനം. ( എന്റെ നിര്‍വചനം )

  4. ajith says:

    ഇതെന്താ ഈ കമന്റെഴുതിയതെല്ലാം തിങ്ങിക്കൂടിയിരിക്കുന്നേ....? വരികള്‍ക്ക് ഒട്ടും സ്പേസില്ലാതെ...!!!

  5. ഒര്ത്തെടുത്താല്‍ പഴയത് അങ്ങിനെ എന്തെല്ലാം അല്ലെ? പോസ്റ്റ്‌ കാര്‍ഡും കത്തെഴുത്തും അതനുഭവിച്ചവര്‍ക്ക് എന്നും മധുരം തന്നെ. ഊമക്കത്തുകല് ഉണ്ടെങ്കിലും ഇത്രയും അധികം ഞാന്‍ ആദ്യമായി അറിയുന്നതാണ്.

  6. അതൊക്കെ ഒരു കാലം.....ഇന്നെന്നത....ഒരു മിസ്സിഡ്‌ കാളിന്റെ ദൂരമല്ലേ ഉള്ളു

  7. പോസ്റ്റുകാര്‍ഡുകളൊക്കെ ഇപ്പോഴുമുണ്‌ടോ? ഉണ്‌ടാവും ചിലപ്പോള്‍? പത്താം ക്ളാസിന്‌ ശേഷം അന്യ നാട്ടില്‍ നിന്നും വാനിരുന്ന കുട്ടികള്‍ക്ക്‌ വല്ല വിശേഷ ദിവസങ്ങളിലും മറ്റും പതിനഞ്ചു പൈസയുടെ പോസ്റ്റ്‌ കാര്‍ഡ്‌ വാങ്ങിയായിരുന്നു മെസേജ്‌ അയച്ചിരുന്നത്‌... ഗായകനെ കുടുക്കിയത്‌ നിങ്ങളൊക്കെ തന്നെയല്ലേ? :)

  8. എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി

  9. നാട്ടില്‍ പോയ സമയത്ത് ടെലെഫോണ്‍ ബില്‍ അടക്കാന്‍ പോസ്റ്റ്‌ ആപ്പീസില്‍ പോയി, അവിടുത്തെ ജീവനക്കാരന്‍ പോസ്റ്റ്‌ കാര്‍ഡ്‌ കാണിച്ചു തന്നപ്പോള്‍, ശരിക്കും പറഞ്ഞാല്‍ ഒരു ഗൃഹാതുര സ്മരണ പോലെ വേട്ടയാടി..ഇന്നും സന്ദേശങ്ങള്‍ കൈമാറാന്‍ പോസ്റ്റ്‌ കാര്‍ഡുകള്‍ തപാല്‍ പെട്ടികളെ തേടിയെത്തുന്നു എന്നത് ചെറിയ കാര്യമല്ല ..ആശംസകള്‍

  10. നല്ല ഓർമ്മകൾ. എഴുത്തെഴുതുന്നതും അവ കിട്ടുന്നതും എത്ര രസമായിരുന്നു. ഇപ്പോൾ പുതിയ സൗകര്യങ്ങളായപ്പോൾ ആ രസം പോയി.

  11. നല്ല താല്പ്പര്യത്തോട്‌ കൂടിയാണ് ഈ പോസ്റ്റ്‌ കാര്‍ഡ് ഓര്‍മ്മകള്‍ വായിച്ചത്.
    വളരെ ഇഷ്ട്ടപ്പെട്ടു. എന്നാലും കൂട്ടുകാരന് പണി കിട്ടിയത് കഷ്ട്ടമായി പോയി.
    പിന്നെ ആരാണ് അതിന്റെ പിന്നില്‍ എന്ന്‌ വല്ല തുമ്പും കിട്ടിയോ...ഇവിടെ അല്ലേ...
    എഴുത്തിനു കാത്തിരിക്കുക എന്നത് വലിയ ത്രില്‍ ഉള്ള കാര്യം ആണ് അല്ലേ..
    ഇപ്പോഴത്തെ മൊബൈല്‍ യുഗത്തില്‍ ആ പോസ്റ്റ്‌ കാര്‍ഡ്‌ സൌഹ്ര്ധങ്ങള്‍ മാഞ്ഞു പോയി എന്ന്‌ പറയാം..
    അല്ലേ... ആശംസകള്‍ നേരുന്നു..

    www.ettavattam.blogspot.com

  12. കാലവും കോലവും മാറി.എന്നാലും ....'Old is Gold'!

  13. ഇഷ്ടമായി ഈ പോസ്റ്റു കാര്‍ട് പോസ്റ്റ്‌. പഴയ ചിലത് ഓര്‍മയില്‍ തെളിഞ്ഞു വന്നു.
    നന്ദിയും ആശംസകളും.

Leave a Reply