Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പക്ഷി ക്കൂട്



ഓര്‍മ




 ചേതനയറ്റഒരു കടപ്പുറത്തെ കൂറ്റന്‍ കെട്ടിടത്തില്‍ ആയിരുന്നു എനിക്ക് ജോലി.ഒരു മരണ വീട് പോലെ നിസ്സംഗമായിരുന്നു അതിന്റെ ഭാവം. ഉള്‍ക്കടലാണ്. മറുകരയിലെ ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ ജലചിത്രങ്ങള്‍ എന്നെ വീര്‍പ്പു  മുട്ടിച്ചു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന മേലുദ്യോഗസ്ഥന്‍ മാരോട് വിനയം അഭിനയിച്ചു കാണി ക്കുന്നതി ലുപരി എന്റെ മുഖവും മനസ്സും സദാ മ്ലാനമായിരുന്നു.ഒന്നും ചെയ്യാനില്ലാത്ത പകലുകളും, ക്രൂരമായ ഏകാന്തതയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി . മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാനുള്ള നിയമം ഇല്ല. കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍  ഞാന്‍ ചിലപ്പോള്‍ മൃതി ഞരങ്ങുന്ന ഇരുട്ടറകള്‍ തുറന്നു അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഞാന്‍ വരുന്നതിനു തൊട്ടു മുമ്പ് ഈ ഇരുട്ടറയിലെ വൈദ്യുതിയില്‍ കുടുങ്ങി മരിച്ചവരുടെ കരിഞ്ഞ ഗന്ധം എന്നെ അപ്പോള്‍ ഭയപ്പെടുത്തും.

കടല്‍ തീരത്തെ ഈ കെട്ടിടങ്ങളുടെ നടുവില്‍ വിജനമായി, മാരകമായ ഒരു മുറിവ് പോലെ കടലിലേക്ക്‌ കിടക്കുന്ന റോഡും, ഭീമാകാരങ്ങളായ ജല വാഹിനി പൈപ്പുകളും ഞാനും,മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശത്ത് വല്ലപ്പോഴും വാഹനങ്ങളുമായി കടന്നു വരുന്ന  അപരിചിതരെ പോലും കൈവീശി സൗഹൃദം നടിച്ചു. അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ്  ഒരു കൊച്ചു കിളി  എന്റെ മുമ്പില്‍ പറന്നിരുന്നത്. അത് ഒരു നേര്‍ത്ത കമ്പിയും കൊത്തി പറന്നു. ഞാന്‍ കടലിനെ മറന്നു, പക്ഷിയുടെ ചേഷ്ടകളില്‍ കുടുങ്ങി. റോഡില്‍  പണിക്കാര്‍ ഉപേക്ഷിച്ചു പോയ കൊച്ചു കമ്പി കഷ്ണങ്ങള്‍ ചേര്‍ത്ത് കൂട് കെട്ടുകയായിരുന്നു പക്ഷി . ഒരു മരം പോയിട്ട് പുല്‍ ചെടിപോലും മുളയ്ക്കാത്ത ഊഷരമായ  പ്രദേശമായിരുന്നു അത്.  എന്റെ കെട്ടിടത്തിന്റെ ചുവരിലെ ചെറിയ പൈപ്പിനുള്ളില്‍ കൂട് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു ആ കിളി. അത് കാണാന്‍ ഞാന്‍ കാത്തിരുന്നു. പക്ഷികളെയും,മരങ്ങളെയും കൂട്ടി വായിച്ചു ശീലിച്ച എനിക്ക് അതൊരു കൌതുക ക്കാഴ്ചയായി മാറി.




ദിവസങ്ങള്‍ കൊണ്ട് കിളി ഒരു കുഞ്ഞു കൂട് തീര്‍ത്തു. വല്ലപ്പോഴും ഞാന്‍ കൂടിനരികില്‍ പോകും . കമ്പികള്‍ കോര്‍ത്തിണക്കി, പ്ലാസ്റ്റിക് കൂടുകള്‍ കൊണ്ട് പതം വരുത്തിയ മനോഹരമായ  ആ കൂടിനരികില്‍ ഞാന്‍ നില്‍ക്കുമ്പോള്‍  അടുത്തെവിടെയെങ്കിലും ഇരുന്നു കിളി   പ്രതിഷേധിച്ചു ചിലയ്ക്കും. ഒരു വിദേശിയുടെ ഭാഷ മനസ്സിലാകുമോ  എന്നൊന്നും വിചാരിക്കാതെ ഞാന്‍ പറയും.'ഒന്നൂല, ഞാന്‍ പാവമൊരു കാഴ്ചക്കാരന്‍.' അത് മനസ്സിലായിട്ടെന്തോ കിളി ചെറു ശബ്ദത്തോടെ മറ്റൊരു സ്ഥലത്തേക്ക് പറന്നിരിക്കും. 

ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്കൊക്കെ ഞാന്‍ കയറി നോക്കും. കൂട് ശൂന്യമായിരിക്കും അപ്പോഴെല്ലാം. എങ്കിലും കൂട് ആകര്‍ഷകമാകുന്ന  എന്തൊക്കെയോ പണികള്‍ ആ കുഞ്ഞിക്കിളി ചെയ്യുന്നുണ്ടായിരുന്നു. അതില്‍ മുട്ടയിട്ടു കുഞ്ഞു വിരിയുന്ന കാഴ്ച കാണാന്‍ എനിക്ക് തിരക്കുണ്ടായിരുന്നു. എന്റെ ക്ഷമ നശിച്ച ഒരു ദിവസം ഞാന്‍ ഒച്ചയുണ്ടാക്കാതെ  കൂടിനു സമീപം ചെന്ന്. കൂട് ശൂന്യമായിരുന്നു. ഞാന്‍ കാത്തിരുന്നു. ഒന്നല്ല,പല ദിവസം. കിളി വന്നില്ല. ഒരു ഉച്ച നേരം  . ഭക്ഷണ ശാലയിലേക്ക് പോണ വഴിയില്‍ വലിയൊരു പൈപ്പ് അവസാനിക്കുന്നുണ്ട്. കമ്പനി തള്ളുന്ന നീരാവി പുറത്തേക്കു പോണത് ആ പൈപ്പ് വഴിയാണ്. അതിനു ചുറ്റും ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്.  മനുഷ്യനെ ക്കൂടി ഉരുക്കി കളയാനുള്ള ശക്തി അതിനുണ്ട്. ഞങ്ങള്‍ കരുതലോടെ ചുവടു വയ്ക്കുമ്പോള്‍ കണ്ടു, ഒരു കിളിയുടെ കരിഞ്ഞ ശരീരം. വെയിലിന്റെ കാഠിന്യം അതിനെ ഉണക്കി കളഞ്ഞു. ഞാന്‍ ആ  കരിഞ്ഞ തൂവല്‍ ക്കൂട് എടുത്തു. ഇത്തിരി മണ്ണ് കണ്ടിടത്ത്‌ അത് മറവു ചെയ്യുമ്പോള്‍ വിരിയാതെ പോയ ഒരു കിളിയുടെ സ്വപ്നവും, എന്റെ നൊമ്പരവും ചേര്‍ന്ന് പറയാനാവാത്ത ഒരു അനുഭവത്തിന്റെ ലോകത്തേക്ക് ഞാന്‍ പ്രവേശിക്കുകയായിരുന്നു.

വെയില്‍പ്പാടം



കഥ 








നിങ്ങള്‍ എങ്ങനെ മരിക്കാനാണ് ഉദ്ദേശിക്കുന്നത് .............. ?
മുന്‍ നിരയിലിരുന്ന വൃദ്ധനോട് പ്രൊഫസ്സര്‍ മൃത്യുഞ്ജയന്‍  ചോദിച്ചു.

എനിക്കറിയില്ല സര്‍ , പക്ഷെ എനിക്ക്  മരിച്ചേ  പറ്റൂ.

അപ്പോള്‍ പ്രൊഫെസ്സര്‍ ലക്ചര്‍ സ്റ്റാന്റിലേക്ക്‌ കയറി  ഹാളില്‍ നിന്നവരോടായി പറഞ്ഞു.' ഒരു ലക്ഷ്യമില്ലാത്തതാണ്  നമ്മുടെയെല്ലാം പ്രശ്നം . നിങ്ങള്‍ നോക്കുക,  ഇര തേടി പ്പോകുന്ന ഒരു പക്ഷിക്ക് പോലും  അകലെയുള്ള ഏതെങ്കിലുമൊരു വൃക്ഷത്തിലെ കനി എന്ന ലക്ഷ്യമുണ്ട്. ഞാനൊന്ന് പറയാം , ആത്മഹത്യ കൊതിച്ചിട്ട്  ആരും പിന്നെ ജീവിതത്തിനു കീഴടങ്ങരുത്. ഇത് ധീരന്മാര്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്.

'ആര്‍ക്കു വേണം തൊണ്ണൂറു വയസ്സുവരെ കിട്ടുന്ന ജീവിതത്തിന്റെ ഔദാര്യം', ഫൂ .......... 

പിന്നില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ തറയിലേക്കു കാര്‍ക്കിച്ചു തുപ്പി. അയാളെ പ്രൊഫസ്സര്‍  സ്റ്റേജി ലേക്ക്  ആനയിച്ചു കൊണ്ട് മറ്റുള്ളവരോട് പറഞ്ഞു. - 'ഇയാളാകട്ടെ നമ്മുടെ അധ്യക്ഷന്‍ .

എന്താണ് പേര് ...........? പ്രൊഫെസ്സര്‍ ചോദിച്ചു.
ചിരഞ്ജീവി .
ശ്രീ ചിരഞ്ജീവിയുടെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ആത്മഹത്യയുടെ വിവിധ വശങ്ങളെ ക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പറഞ്ഞു തരാം. പ്രോഫസ്സര്‍ സ്റ്റേജില്‍ ഒരിടത്ത് ഉപവിഷ്ടനായി.

പ്രിയപ്പെട്ടവരേ,
ഈ മഹാ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുകളില്‍ നാമെത്തിയത്തിനു പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ട്. ഞാനെന്നെ ക്കുറിച്ച് പറയാം. ഞാനൊരു കടുത്ത പാരമ്പര്യ വിരോധിയാണ്‌. നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഭൂ സ്വത്ത് , വര്‍ഷങ്ങളായി വെളിച്ചം കാണാതെ , ഈര്‍പ്പം മണക്കുന്ന നോട്ടു കെട്ടുകള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു തടിയലമാരയുള്ള മുറിയിലാണ് ഞാന്‍ സ്ഥിരമായി ഉറങ്ങുന്നത്. ജീവിതത്തെ എങ്ങനെ വെറുക്കാം എന്നെന്നെ പഠിപ്പിച്ചത് എലികളാണ്.അവര്‍ക്ക് വേണ്ടി അലമാരകള്‍ തുറന്നിട്ട രാത്രി കളുണ്ട്. എലികള്‍ നോട്ടുകളിലേക്കു ശ്രദ്ധിച്ചേ ഇല്ല. അവര്‍ക്ക് കമ്പം മേശപ്പുറത്തു ഞാന്‍ എഴുതി തുടങ്ങിയ ജീവിത ക്കുറിപ്പുകള്‍ ആയിരുന്നു. ഞാനങ്ങനെ പാരമ്പര്യത്തെ വെറുത്തു തുടങ്ങി. തല മുറകളായി  ഞങ്ങളുടെ ജാതകങ്ങള്‍ വെറും പകര്‍പ്പു കളായിരുന്നു . പേരില്‍ മാത്രമായിരുന്നു നേരിയ വ്യത്യാസം. അത് തിരുത്താന്‍ കൂടിയാണ് ഞാനിവിടെ എത്തിയത്. വരും തലമുറ എന്റെ ജാതകം മാത്രം ഇനി കൌതുകത്തോടെ വായിക്കും.- നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.....
ചെറുപ്പക്കാരന്‍ വാക്കുകള്‍ ഉപസംഹരിച്ചപ്പോള്‍  ആളുകള്‍ കയ്യടിച്ചു. പ്രോഫസ്സര്‍ എഴുന്നേറ്റു  ചെന്ന്  പുറത്തേക്കുള്ള വലിയൊരു ജനാല തുറന്നു കൊണ്ട് പറഞ്ഞു.  ഈ ജാലകത്തിലൂടെ നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കും. പുറത്ത് കണ്ണെത്താത്ത വെയില്‍ പാടം ജ്വലിച്ചു നിന്നു . ഇതിനു മുമ്പ് ഇത്രയും സൌന്ദര്യം വെയില്‍ പ്പാടങ്ങള്‍ക്ക് ഇല്ലായിരുന്നെന്ന് പലര്‍ക്കും അപ്പോള്‍ തോന്നി.
ഒന്നാമാനാകാന്‍ ആളുകള്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍  പ്രൊഫസ്സര്‍ പറഞ്ഞു.' നമ്മള്‍ ചരിത്രത്തെ സൂക്ഷിക്കണം. മരിക്കുക എന്ന വാക്ക് ഞാന്‍ ഇവിടെ ഒഴിവാക്കുകയാണ്.. ജീവിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ ത്തിലുള്ള മരണം. നാം സ്വതന്ത്രരാവുകയാണ്. സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഇഷ്ടമല്ലേ......... ?
അതെ, എന്ന് ഏക സ്വരത്തില്‍ മറുപടി വന്നു.
 ഓരോ വെള്ള കടലാസ് നല്‍കിയിട്ട്  എല്ലാവരോടും സ്വന്തം ആത്മകഥാ ക്കുറിപ്പ്‌ എഴുതാന്‍ പ്രൊഫെസ്സര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍  മറ്റുള്ളവര്‍ നമ്മുടെ  ജീവചരിത്ര ത്തില്‍  വെള്ളം  ചേര്‍ക്കും.
അദ്ദേഹം പറഞ്ഞു.
ആളുകള്‍ ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയപ്പോള്‍  അയാള്‍ ഒരു എക്സാമിന റെ പോലെ അവര്‍ക്കിടയിലൂടെ നടന്നു.  ഇടയ്ക്ക് ഒരു വൃദ്ധ ദമ്പതികളുടെ കുറിപ്പ് പ്രൊഫസര്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ക്ക് നാല് മക്കളാനുള്ളത്.  എല്ലാവരെയും നന്നായി പഠിപ്പിച്ചു, മുന്തിയ തറവാടുകളില്‍ നിന്ന് വിവാഹം കഴിപ്പിച്ചു. എല്ലാ സമ്പാദ്യവും തുല്യമായി വീതിച്ചു കൊടുത്തു. എന്ത് സന്തോഷമായിരുന്നു അപ്പോള്‍ അവര്‍ക്ക്. ഒടുവില്‍ ഞാനും , ഭാര്യയും ഒരു കൊച്ചു വീടും അവശേഷിച്ചു. ഒരു ദിവസം പ്രഭാതത്തില്‍ കെട്ടും, കിടക്കയുമായി ആരൊക്കെയോ വന്നു. ഞങ്ങളോട് മാറി ത്തരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എങ്ങോട്ട് പോകും.........?ഞാനും, ഭാര്യയും മുഖത്തോടു മുഖം നോക്കി. 
പ്രൊഫസര്‍ കുറിപ്പില്‍ ചില തിരുത്തലുകള്‍ നടത്തി. ഞാന്‍ എന്റെ ആശങ്കകള്‍ നാല് മക്കള്‍ക്കായി പങ്കു വച്ച്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി എന്ന് തിരുത്തി വായിച്ചു.

എഴുതി തീര്‍ന്ന പേപ്പറുകള്‍ ഓരോന്നായി മറിച്ചു നോക്കിയിട്ട് പ്രൊഫസര്‍ കറുത്ത കോട്ടിനുള്ളില്‍ തിരുകി. 'ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക .'
ഹാള്‍ നിശബ്ദമായി. ഞാന്‍ നിങ്ങളുടെ ഗുരുവാണ്. ഞാന്‍ കാണിച്ചു തരുന്ന പോലെ നിങ്ങള്‍ അനുസരിക്കണം . ഓര്‍ക്കുക ഗുരു നിന്ദ ദോഷമാണ്. ആളുകള്‍ ഒറ്റ വരിയായി.പ്രൊഫസര്‍ മൃത്യുഞ്ജയന്‍ ജനാല പ്പടികളിലേക്ക് കയറി. കൈകള്‍ ചിറകുകള്‍ പോലെ നിവര്‍ത്തിപ്പിടിച്ചു. ശ്വാസം ശരീരത്തില്‍ ഒതുക്കി നിര്‍ത്തി.പതുക്കെ വെയില്‍ പ്പാടത്തേക്ക്  കുതിച്ചു. ഒരു ദേശാടന ക്കിളികളുടെ പറ്റം പോലെ അവര്‍ഓരോരുത്തരായി  വെയില്‍ പ്പാട  ത്തേക്ക്  കൂപ്പു കുത്തി.