Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പോസ്റ്റ്‌ കാര്‍ഡ്

പോസ്റ്റ്‌ കാര്‍ഡില്‍ ആദ്യമായി ഒരു എഴുത്ത് കിട്ടുന്നത്  ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ബാല മംഗളത്തില്‍ അംഗമായി ചേര്‍ത്തിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്റെ ഓര്‍മയിലെ ആദ്യത്തെ കത്ത് അതാണ്‌. ഒരു അമൂല്യ നിധി പോലെ ഞാനത് വളരെ ക്കാലം സൂക്ഷിച്ചു. എന്റെ ബന്ധുവും അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്ന പി.യു. റഷീദ്  , ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെ സാഹിത്യ ചക്രവാളം മാസികയുടെ വാര്‍ഷിക വരിക്കാരനാക്കി. അഞ്ചു രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ . അതിനു ശേഷം കേരളത്തിലെ മിക്ക പ്രസാധകരുടെയും കാര്‍ഡുകള്‍ എനിക്ക് വന്നു തുടങ്ങി. പുതിയ പുസ്തകങ്ങള്‍ പുറത്ത് വരുമ്പോള്‍ , പുസ്തകങ്ങള്‍ക്ക് ഡിസ്ക്കൌണ്ട് ഏര്‍പ്പെടുത്തുമ്പോള്‍ ഒക്കെ ഒരു പോസ്റ്റ്‌ കാര്‍ഡ് എന്റെ വിലാസത്തില്‍ വന്നിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ എത്തിസ്റ്റ്‌ പബ്ളിക്കേഷന്റെ ധാരാളം കാര്‍ഡുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ക്ലാസിക് ബുക്സ് പ്രസിദ്ധീകരിച്ച  അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിന്റെ  കാര്‍ഡ് എന്റെ ഓര്‍മയില്‍ ഇന്നുമുണ്ട്. എന്റെ വിലാസം തൃശൂര്‍ സാഹിത്യ ചക്രവാളം വരിക്കാരില്‍ നിന്ന്  എടുത്തതാണെന്നു വളരെക്കാലം കഴിഞ്ഞു ഞാന്‍ മനസ്സിലാക്കി.

കോളജില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത്‌, എന്റെ മലയാളം അദ്ധ്യാപകനായിരുന്ന ടോണി മാത്യു  സര്‍  പോസ്റ്റ്‌ കാര്‍ഡില്‍ വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നു. കാച്ചി ക്കുറുക്കിയ ഭാഷയില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ . ആദ്യമായി ടെലിവിഷന്‍ വാങ്ങിയ വിവരം  എനിക്കെഴുതിയത് , 'ആന്റിയ്ക്കും( അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌ ), "ആന്റീനയ്ക്കും സുഖം" എന്ന് നര്‍മ്മത്തില്‍ ചാലിച്ചാണ്.  അദ്ദേഹത്തിനു സ്വന്തമായി പ്രസ് ഉണ്ടായിരുന്നതിനാല്‍ കാര്‍ഡുകള്‍ മനോഹരമായി  പ്രിന്റ്‌ ചെയ്തു എടുത്തിരുന്നു. അത്തരം കത്തുകളാണ് കാര്‍ഡു കളിലേക്ക് എന്റെ മോഹം വളര്‍ത്തിയത്. അധികം താമസിയാതെ ഒരു കാര്യം എനിക്ക് മനസ്സിലായി. പ്രശസ്ത രായ എഴുത്തുകാര്‍ എല്ലാം  കത്തെഴുതാന്‍ പോസ്റ്റ്‌ കാര്‍ഡുകള്‍ ആണ് ഉപയോഗിച്ചിരുന്നത്.പലപ്പോഴായി എനിക്ക് വന്നിട്ടുള്ള അത്തരം കത്തുകള്‍ എല്ലാം പോസ്റ്റ്‌ കാര്‍ഡുകള്‍ ആയിരുന്നു. ഒ.എന്‍ വി ക്കുറുപ്പ്, എം .ടി , പവനന്‍ , യൂസഫലി കേച്ചേരി, അങ്ങനെ പ്രശസ്തരായ ചിലരുടെ കത്തുകള്‍ ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു. പക്ഷെ , അതിനേക്കാള്‍ എന്റെ ശേഖരത്തില്‍ ഉള്ളത് സുഹൃത്തുക്കള്‍ എനിക്കയച്ച ഊമക്കത്തുകളാണ് . 

ഒരു കാലത്ത് ദിനംപ്രതി ധാരാളം ഊമക്കത്തുകള്‍ എന്നെ തേടി എത്തിയിരുന്നു. ആദ്യമൊക്കെ പോസ്റ്റ്‌ മാന്‍  വലിയ കാര്യമായി കത്തുകള്‍  വീട്ടില്‍ എത്തിച്ചിരുന്നു. ഒടുവില്‍ ഇതൊരു  നേരം പോക്കാണെന്ന് തോന്നി തുടങ്ങിയപ്പോള്‍   വീട്ടിലേക്കുള്ള വഴിയിലെ ഒരു കടയില്‍ കൊടുത്തിട്ടു പോകാന്‍ തുടങ്ങി. അതോടെ വായനക്കാരുടെ എണ്ണം കൂടി. നിര്‍ദോഷകരമായ നേരം പോക്കുകള്‍ ആയിരുന്നു എല്ലാ കത്തുകളും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്നവരുടെ പേരിലായിരുന്നു കത്തുകള്‍ വന്നിരുന്നത്. അതില്‍ മാര്‍ത്താണ്ഡ വര്‍മ്മ മുതല്‍  വാസ്കോഡ ഗാമ വരെ ഉള്‍പ്പെട്ടിരുന്നു. കള്ളിയങ്കാട്ടു നീലി മുതല്‍ ഡ്രാക്കുള വരെ ഫ്രം അഡ്രസ്സില്‍ തെളിഞ്ഞിരുന്നു. ഞാനന്ന് ഒരു ട്യൂടോറിയാല്‍കോളജില്‍ പഠിപ്പിക്കയാണ്.  ചില ദിവസങ്ങളില്‍ ക്ലാസ്സിലെ കുട്ടികള്‍ വായിച്ചതിനു ശേഷമായിരിക്കും കത്ത് എന്റെ കയ്യില്‍ കിട്ടുന്നത്. വല്ലപ്പോഴും മുമ്പ് പറഞ്ഞ അദ്ധ്യാപകനും , ഒരിക്കല്‍ എം. കൃഷ്ണന്‍ നായര്‍ക്കും ഞങ്ങള്‍ കത്തെഴുതിയിട്ടുണ്ട്. പോസ്റൊഫീസില്‍ എന്റെ തലവെട്ടം കണ്ടാല്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങിയതോടെ  അവരും ഇതിന്റെ വായനക്കാര്‍ ആണെന്ന് ഞാന്‍ ഊഹിച്ചു.സ്വന്തം നാട്ടില്‍ നിന്നും ഒരു കത്തും ഞങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നില്ല. ദൂരെ യാത്ര പോകുന്നവരുടെ കയ്യില്‍ പ്രത്യേകം ഏല്‍പ്പിച്ചു കൊടുത്താണ്  കാര്യം സാധിച്ചിരുന്നത്. ഒരിക്കല്‍ ഞങ്ങളുടെ സുഹൃത്ത് വലയത്തില്‍ നല്ലൊരു ഗായകന്‍ ഉണ്ടായിരുന്നു. പാട്ടെന്നു പറഞ്ഞാല്‍ , അതിലും നന്നായി പാടാന്‍ യേശുദാസിനേ സാധിക്കൂ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. 'വെള്ള ക്കമ്പനീ ' കളില്‍ ആണെങ്കില്‍ അയാളുടെ പാട്ട് കേള്‍ക്കാന്‍ വേണ്ടി ധാരാളം മദ്യം പലരും വാഗ്ദാനം ചെയ്യുമാ യിരുന്നു.  പക്ഷെ, കല്യാണവീടുകളില്‍ ഈ ഗായകന്‍ മറ്റു സുഹൃത്തുക്കളെ നിഷ്പ്രഭരാക്കി കളഞ്ഞു. ഒറ്റ പെണ്‍കുട്ടികള്‍ പോലും ഞങ്ങളെ ശ്രദ്ധിക്കാറില്ല . എല്ലാവരും ഗായകന്റെ ചുറ്റുമാണ്. ഇതൊക്കെ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് സഹിക്കാവുന്നതിന്റെ അപ്പുറത്തായിരുന്നു.

ആ കാലത്തായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജ്യേഷ്ടന്റെ വിവാഹം . സ്വാഭാവികമായും ഞങ്ങള്‍ സുഹൃത്തുക്കളുടെ ഒരു വലയം അവിടെ ഉണ്ടാകും. ധാരാളം പെണ്‍കുട്ടികള്‍ വരും. ഗായകന്‍ പാടി ത്തിമിര്‍ക്കും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. വിവാഹത്തിനു ഗായകന്‍ ഉണ്ടായിരുന്നില്ല. അന്ന് ദൂരെ സ്ഥലത്ത് അയാള്‍ക്ക്‌ ഒരു ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു, സിനിമയില്‍ നിന്നും ഏതോ ഒരു സംഗീത സംവിധായകന്‍ നടത്തുന്ന ഇന്റെര്‍വ്യൂ. വിവാഹം കഴിഞ്ഞു ആളുകള്‍ ഒഴിഞ്ഞു കഴിഞ്ഞപ്പോള്‍ സുഹൃത്ത്  നിരാശയോടെ കയറി വന്നു. വളരെ രഹസ്യമായി ഞങ്ങളോട് പറഞ്ഞു " അത് ആരോ ഒപ്പിച്ച പണി ആയിരുന്നു ".
ആരായിരിക്കണം അതിന്റെ പിന്നില്‍ .................. ?! 

       പറുദീസയിലെ കല്‍പ്പടവുകള്‍ശിക്ഷ വിധിക്കുകയായി.
ആള്‍ക്കൂട്ടം നിശബ്ദരായി കാതു കൂര്‍പ്പിച്ചു.
 ' പതിനാറു  ചാട്ടയടി '. 
 പച്ച വാഴപ്പോള ചീന്തുന്ന ഒച്ചയില്‍ ആ സ്ത്രീ നിലവിളിച്ചു.
 'എന്തിനായിരുന്നു ശിക്ഷ  ....................?
 'മോഷണം ,'  'നഗര കവാടത്തിലെ ഭോജന ശാലയില്‍ നിന്ന്  അപ്പ ക്കഷ്ണങ്ങള്‍ മോഷ്ടിച്ചു '.
അപരിചിതര്‍ തമ്മില്‍ പറഞ്ഞു.
ന്യായാധിപന്റെ വശങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭടന്മാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങി ചമ്മട്ടി ചുഴറ്റി.കാഴ്ചക്കാരുടെ നടുവില്‍ ഒരു വൃത്തം രൂപപ്പെട്ടു. അതിനു നടുവിലേക്ക് സ്ത്രീ വലിച്ചി ഴക്കപ്പെട്ടു. അവളോടൊപ്പം അപ്പ ക്കഷ്ണങ്ങളില്‍ കടിച്ചു കൊണ്ട് ഒരു കുട്ടിയും ഉണ്ടായിരുന്നു.
ഒരു ഭടന്‍ കാലു മടക്കി ഒരു തൊഴി കൊടുത്തു. കുട്ടി ഒരു പഴങ്കടലാസു പോലെ ഓടയിലേക്കു തെറിച്ചു വീണു. അവളുടെ കൈകള്‍ നിലത്തൂണ്കളില്‍ ബന്ധിച്ചു.
ചമ്മട്ടി ഫണം വിടര്‍ത്തിയ സര്‍പ്പത്തെ പോലെ ചീറ്റി .ഭടന്മാര്‍ അവളുടെ പിന്നില്‍ നിലയുറപ്പിച്ചു. 
  ഒരാള്‍ നീതിപീഠത്തിനു മുമ്പിലേക്ക് തൊഴുതു നിന്നു.
" പ്രഭോ, അടിയനൊരു അപേക്ഷയുണ്ട് "...
ന്യായാധിപന്‍ തല ഉയര്‍ത്തി. ഭടന്മാര്‍ കല്‍പ്പനയ്ക്ക് കാത്തു.
ന്യായാധിപന്‍ വിലക്കി . ആളുകള്‍ വീര്‍പ്പടക്കി നിന്നു.
" ഞാനാണ് തെറ്റുകാരന്‍ , അവളെ വെറുതെ വിടുക ".
നീതിപീഠത്തിന്റെ  പുരിക ക്കൊടികള്‍ കൂട്ടിയിടിച്ചു.
സ്ത്രീ, അവള്‍ക്കു കണ്ണീരിന്റെ കുത്തൊഴുക്കില്‍ കാഴ്ച നഷ്ട പ്പെട്ടിരുന്നു .
 "അവള്‍ക്കു വിശപ്പിനെ കൊടുത്തത് ഞാനാണ്, എന്നെ ശിക്ഷിച്ചു കൊള്‍ക".
ആള്‍ക്കൂട്ടത്തിനിടയില്‍ നേര്‍ത്ത ശബ്ദങ്ങള്‍ ഇടകലര്‍ന്നു.
'ഏതാണീ വിഡ്ഢി', ആളുകള്‍ അടക്കം പറഞ്ഞു.
നീതിപീഠം വിധി തിരുത്തി . ഭടന്മാര്‍ സ്ത്രീയെ ബന്ധന വിമുക്തയാക്കി. അവള്‍ കുട്ടിയെ താങ്ങിയെടുത്ത്  തെരുവിലേക്ക് നടന്നു.  

******                              *******                   *******     

ഇളകിയ മരപ്പലകയ്ക്കിടയിലൂടെ മഞ്ഞു തുള്ളികള്‍ ഊളിയിട്ടു. അയാള്‍ മരക്കട്ടിലില്‍ കമിഴ്ന്നു കിടന്നു.
സുഹൃത്തുക്കള്‍ ദു:ഖ ക്കൈകള്‍ താടിയ്ക്ക് കൊടുത്തു. ഒരാള്‍ അരികിലേക്ക് ചെന്ന് പുറത്തെ വടുക്കളില്‍ തഴുകി.

'യൂദാ .... ഈ മുറിവുകള്‍ നിങ്ങള്‍ ഉണക്കാന്‍ ശ്രമിക്കരുത്, ഇതിലാണ് ഞാന്‍ ജീവിക്കുന്നത്'. ഗുരു പറഞ്ഞു .

ഒലിവെണ്ണയുമായി വന്നയാള്‍ പിന്‍വാങ്ങി. പുറത്ത് തകര വാതില്‍ ചുവട്ടില്‍ കാല്‍ പെരുമാറ്റം കേട്ടു. ചിലര്‍ അങ്ങോട്ട്‌ പോയി.
'ആരോ കാത്തു നില്‍ക്കുന്നു'.
ആരാണ് വാതില്‍ അടച്ചു തഴുതിട്ടത്.....?  ഗുരു ക്ഷോഭിക്കുന്നു.
സുഹൃത്തുക്കള്‍ ശിരസ്സ്‌ കുനിച്ചു. ആഗതന്‍ മര ക്കട്ടിലിനു മുമ്പില്‍ നിന്നു. 


ഗുരുവിനെ അയാള്‍ നീതിപീഠത്തിന്റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോയി.
വീണ്ടും ആരവം. ആള്‍ക്കൂട്ടത്തിനിടയില്‍ വൃത്തം രൂപപ്പെടുന്നു.
'കുറ്റം സമ്മതിക്കുന്നുണ്ടോ .....?   ഉരുക്കി പതംവരുത്തി മൂര്‍ച്ച കൂട്ടിയ വാക്കുകളില്‍ നീതിപീഠം ഉറഞ്ഞു തുള്ളി.
'ഉവ്വ് '..
ശിക്ഷ വിധിക്കുന്നതിനു മുമ്പ് പൊതുജനത്തിനു വേണ്ടി കുറ്റകൃത്യം വീണ്ടും വായിക്കപ്പെട്ടു.
'നഗരത്തിലെ വേശ്യാ തെരുവില്‍ വച്ച് സതീര്ത്യനെ നിഷ്ക്കരുണം കുത്തി മുറിപ്പെടുത്തി.'.
" പ്രഭോ, ശിക്ഷ എത്ര കടുത്ത തായാലും വേണ്ടില്ല, ഏറ്റു വാങ്ങാന്‍ എന്റെ ഗുരു എത്തിയിട്ടുണ്ട് " .
കുറ്റവാളി വിനയപൂര്‍വ്വം നീതിമാനെ അറിയിച്ചു.
ഗുരുവിനെ ഇതിനോടകം ജനങ്ങളും കോടതിയും തിരിച്ചറിഞ്ഞിരുന്നു.
'എന്തെങ്കിലും പറയാനുണ്ടോ ........? ന്യായാധിപന്‍ ചോദിച്ചു.
" ഇല്ല"
'എന്തിനാണ് മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റു വാങ്ങുന്നത്. ' .........?!
കോടതിക്ക് അറിയാന്‍ ആകാംഷയുണ്ടായിരുന്നു.
" പ്രഭോ ", ഗുരു പറഞ്ഞു ,
തെറ്റ് എന്റേത് മാത്രമാണ്,  ഇവന്റെ സിരകളില്‍ കാമത്തിന്റെ വിത്തുകള്‍ പാകിയത്‌ ഞാനാണ്. അല്ലായിരുന്നെങ്കില്‍ ഇവന്‍ വേശ്യാ തെരുവില്‍ പോവില്ലായിരുന്നു, അവന്റെ സഹോദരനെ മുറിപ്പെടുത്തില്ലായിരുന്നു.

ശിക്ഷ കഴിഞ്ഞു പുറത്ത് വരാന്‍ ജനങ്ങള്‍ കാത്തിരിക്കയായിരുന്നു.  ജയില്‍ ഭിത്തികളിലും , നഗര കവാടങ്ങളിലും ഇതിനോടകം ഗുരുവിന്റെ ചിത്രം പതിഞ്ഞു കഴിഞ്ഞിരുന്നു. ഗുരു നടന്ന തെരുവിന്റെ ഓരങ്ങളില്‍ നിന്ന് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.
'പാപികളുടെ രക്ഷകനെ ക്രൂശിക്കുക', .....................
'വേശ്യകളുടെയും, ദു:ഖിതരുടെയും  രക്ഷകനെ ക്രൂശിക്കുക'...............
തകര വാതില്‍ പൂട്ടി സുഹൃത്തുക്കള്‍ എവിടെയ്ക്കോ പോയിരുന്നു.. മരക്കട്ടില്‍ ഒഴിഞ്ഞു കിടന്നു. ഗുരു വിന്റെ കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി. തടവറയിലെ തണുത്ത ശിലാ പാളികളിലേക്ക് ഗുരുവിനു കൂട്ടിരിക്കാതെ,ഉറക്കം ഇതുവരെ  ഒരു സന്ദര്‍ശകയെ പോലെ ഇരുമ്പഴിയ്ക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.
പാപികളും, രാജ കിങ്കരന്മാരും തകര വാതിലില്‍ മുട്ടി യില്ല. കാറ്റില്ലാതെയിരുന്നിട്ടും ഒരു രാത്രി, തകര വാതില്‍ അനങ്ങി.
' ഗുരോ, ഞാന്‍ അങ്ങയോടോപ്പമുണ്ട്‌............!
ഗുരു കണ്ണ് തുറന്നു.
"യൂദാ ........."
'ഞാന്‍ നിന്നെ കാത്തിരിക്കയായിരുന്നു'.  ഞാന്‍ വാതില്‍ തുറന്നിട്ട്‌ കാത്തിരുന്നിട്ടും ഭടന്മാര്‍ എന്നെ തേടി വന്നില്ല'. 
ഗുരു ഒരു പണക്കിഴി യൂദായുടെ മുമ്പിലേക്ക് എറിഞ്ഞു.
" മുപ്പതു വെള്ളി  ....................."
'ചെറിയ പാരിതോഷികം' . ഭടന്മാരോട് പറയൂ,,  ഞാന്‍ ഇവിടെ കാത്തിരിക്കാം ........'
യൂദാ ........
ശങ്കിച്ചു നിന്നു, ഒടുവില്‍ പണക്കിഴിയുമെടുത്ത് താഴ്വരയിലേക്ക് നടന്നു.

ഉണക്കമരം

കൊച്ചാരായന്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആരും അന്വേഷിച്ചില്ല.അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊച്ചാരായന്‍  ആരാണ് ........? വെറും ഒരു വിറകു വെട്ടുകാരന്‍. മറിച്ചു ഒരു എഴുത്തുകാരന്‍ ആയിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ നാട്ടുകാരും,പത്രക്കാരും എല്ലാം കാരണം അന്വേഷിച്ചു പിന്നാലെ കൂടുമായിരുന്നു.

കൊച്ചാരായന്‍ ..........
വെറും വിറകു വെട്ടുകാരന്‍.

കര്‍ക്കിടകത്തിലെ ഒരു നനഞ്ഞ രാത്രിയിലാണ് അയാളുടെ കീറി മുറിച്ച മൃത ശരീരവുമായി ആംബുലന്‍സു  കടന്നു വന്നത്. ബന്ധുക്കളും , അയല്‍ക്കാരും മനസ്സില്‍ മുഷിഞ്ഞു , 'മരിക്കാന്‍ തോന്നിയ ഒരു കാലം'.

ഒറ്റ മുറിയുള്ള  ഒരു ഓല പ്പുരയിലായിരുന്നു കൊച്ചാരായനും ,ഭാര്യയും ,പ്രായ പൂര്‍ത്തിയായ രണ്ടു ആണ്‍ മക്കളും താമസിച്ചിരുന്നത് . മൂത്തവന്‍ മാനസിക രോഗിയാണ്. പണിക്കൊന്നും പോവില്ല. ഏതു നേരവും ചാണകം മെഴുകിയ ഇളം തിണ്ണയില്‍ ഓരോന്ന് പുലമ്പി ക്കൊണ്ടിരിക്കും. രണ്ടാമന്‍ മിടുക്കനാണ്. പകല്‍ മുഴുവനും അധ്വാനിക്കും. കിട്ടുന്ന പണത്തിനു കൊതി തീരെ ഭക്ഷണം കഴിക്കും . ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കും. അടുപ്പ് പുകയണമെങ്കില്‍ കൊച്ചാരായന്‍ മഴുവെടുത്ത് ഇറങ്ങണം. ആരോടും ഒന്നും ഉരിയാടില്ല. അരയില്‍ ഒരു കൈലി, ഒരു വട്ടക്കെട്ടു , തോളില്‍ തൂക്കിയിട്ട മഴു. ഈ വേഷത്തിലെ ഞങ്ങള്‍ അയാളെ ഇതുവരെ കണ്ടിട്ടുള്ളൂ. കൊച്ചാരായന്‍ കടന്നു പോണ വഴിയില്‍ നിമിഷങ്ങളോളം  മരച്ചൂര്  തങ്ങി നിന്നിരുന്നു. എങ്ങനെ ചുഴിഞ്ഞു ആലോചിച്ചിട്ടും കൊച്ചാരായന്‍ എന്തിനു ആത്മഹത്യ ചെയ്തു എന്നതിന് ഒരു ഉത്തരം കിട്ടിയില്ല.

വിഷം കഴിക്കയായിരുന്നു.നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത അയാളുടെ ഭാര്യ ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി വന്നു നോക്കുമ്പോള്‍ കാണുന്നത് നുരയും പതയും തുപ്പി തുറിച്ചു കിടക്കുന്ന കൊച്ചാരായനെ ആണ്. അക്കാള്‍ , ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിക്കുന്നത്‌,  അടുക്കള പ്പുറത്ത് നിന്ന്  വിറങ്ങലിച്ച ശബ്ദത്തില്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി.

മൂത്ത മകന്‍ ഉമ്മറ ത്തിണ്ണയില്‍ സംസാരിച്ചു കൊണ്ടിരുന്നു. ആളുകള്‍ അത് ശ്രദ്ധിക്കാതെ പുരയിലേക്ക്‌ ഓടി ക്കയറി. അക്കാള്‍ കരഞ്ഞില്ല. അവര്‍ വടക്കേ പ്പുറത്തെ വാഴ ച്ചോട്ടില്‍ ഒരു കാഴ്ച വസ്തുവിനെ പ്പോലെ ഇരുന്നു.

'ഇത്യാനിപ്പോ എന്തിന്റെ കൊഴപ്പാ '....

ചുറ്റും കൂടി നിന്ന പെണ്ണുങ്ങള്‍ തമ്മില്‍ പറഞ്ഞു.. അക്കാള്‍ വളരെ  അക്ഷോഭ്യ ആയിരുന്നു. അവര്‍ ഒരു കാഴ്ച വസ്തുവാ ണെന്ന് അവര്‍ക്ക് മാത്രമേ തോന്നാതിരുന്നുള്ളൂ. മഴ ചിണുങ്ങി ക്കൊണ്ടിരുന്നു.

നേരം ഇരുട്ടി ത്തുടങ്ങി. ആരോ  ഒരു തകര വിളക്ക് ഉമ്മറത്ത്‌ കൊണ്ട് വച്ചു.അതില്‍ ബീഡി കത്തിച്ചു കൊണ്ട് മൂത്ത മകന്‍ പുലമ്പല്‍ തുടര്‍ന്ന്. ശവദാഹത്തിനു വന്ന ബന്ധുക്കളില്‍ ചിലര്‍ ഇളയ മകനോട്‌ തട്ടിക്കയറി.

'ഇത്തിരി ചില്ലറ കൊടുക്കാതെ ആശുപത്രിക്കാര്  കത്തി വയ്ക്കില്ല' ... അയാള്‍ ഒരു നനഞ്ഞ പക്ഷിയെപോലെ കൂനിക്കൂടി.ബന്ധുക്കള്‍ അമര്‍ഷത്തോടെ മറ്റു തിരക്കുകളിലേക്ക് വ്യാപരിച്ചു.
'നമുക്ക് പിരിവെടുത്താലോ..........? നാട്ടുകാരില്‍ ചിലര്‍ അങ്ങനെ ആലോചിച്ചു. കാലം തെറ്റി വന്ന മഴ പോലെ ഒരാള്‍ കയറി വന്നു മകനോട്‌ ചോദിച്ചു." എന്തിനാണ് അച്ഛന്‍ മരിച്ചത്" .......?

രാത്രി വളരെ വൈകിയാണ് മൃതദേഹം വീട്ടിലെത്തിയത്. നേരം പാതിരയോടടുത്ത്. പോരാത്തതിന് ചോരുന്ന ആകാശവും. മങ്ങി ക്കത്തുന്ന പെട്രോമാക്സിന്റെ വെളിച്ചത്തില്‍ കൊച്ചാരായന്‍ ഒരു കറുത്ത ശില പോലെ കിടന്നു. അക്കാളിനെ പെണ്ണുങ്ങള്‍ താങ്ങി എടുത്തു കൊണ്ടുവന്നു. അവര്‍ നിസ്സംഗതയോടെ അല്‍പ്പനേരം നോക്കി നിന്ന്. മൂത്ത മകന്‍ സംസാരിച്ചു കൊണ്ടിരുന്നു  .... ഇടയ്ക്ക് ചിരിച്ചു. 
'ഉത്തമാ ... അച്ഛനെ  എടുക്ക്വാ .... നിനക്ക് കാണണ്ടേ ......?
ഒരു കാരണവര്‍ ചോദിച്ചു.  അതിനു മറുപടി പറയാതെ അയാള്‍
മറ്റൊരു ലോകത്തേക്ക് സംസാരിച്ചു കയറി. എല്ലാവര്ക്കും ധൃതി ഉണ്ടായിരുന്നു.  പെട്ടെന്ന് ശവം കുഴിയില്‍ ഇറക്കി. മറ്റുള്ളവര്‍ പിരിഞ്ഞു തുടങ്ങി. ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

"കുഴി മൂടരുത്,............. കുഴി മൂടരുത് "........!

പെട്രോ മാക്സിന്റെ വെളിച്ചത്തിലേക്ക്  ഇരുട്ടില്‍ നിന്ന് ഒരു തകര പ്പാട്ട കൊണ്ട് വന്നു. എല്ലാവരും ആകാംഷയോടെ നോക്കി.
കുടല്‍ മാല ..............!

ചിലര്‍ ഓക്കാനിച്ചു.  ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്  ചാരായം മണക്കുന്ന ഒരു ശബ്ദം പുറത്ത് വന്നു.
'ആ നായീന്റെ മോനോട് പറഞ്ഞതാ, ഇത്തിരി കാശ് കൊടുത്തിരുന്നെങ്കില്‍ ഇത് ആശുപത്രീല്‍ എവിടേലും കളഞ്ഞേനെ ....'
 'ഒരാള്‍ക്ക്‌ രണ്ടു ശവക്കുഴി'.  
കുഴി വെട്ടുന്നവര്‍ തമാശ പോലെ പറഞ്ഞു 
തിരികെ നടക്കുമ്പോള്‍ എന്നില്‍ ഭയം അരിച്ചിറങ്ങിയിരുന്നു. വഴിയരികിലെ വാഴ ക്കൂട്ടത്തില്‍ എന്തോ ശബ്ദങ്ങള്‍ ....  ഞാന്‍ പരതി. 'കൊച്ചാരായന്‍ ആണോ.....?
വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍  ചോദിച്ചു.
'കൊച്ചാരായന്‍, നിങ്ങള്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്...........
  

ആടുജീവിതവും കുറെ നിസ്സഹായരും


നിസ്സഹായത  എന്ന അവസ്ഥയ്ക്ക് വിധി എന്നൊരു പേരുകൂടിയുണ്ട്. ഇത് രണ്ടും  കീഴടങ്ങലുകള്‍ ആണ്. അടിയറ വയ്ക്കുന്നത് ചിലപ്പോള്‍ ജീവനാകാം, സ്വപ്നമാകാം.  ആ തകര്‍ച്ചയെ അതിജീവിക്കാന്‍ പലപ്പോഴും ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് കഴിയാറുണ്ട്. അത് കൊണ്ടാണ് ആടുജീവിതം എന്ന നോവലില്‍ നജീബിന് പ്രതിസന്ധി കളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതും   തനിക്കു അഭിമുഖീകരി ക്കേണ്ടി വരുന്ന തിക്തമായ അനുഭവങ്ങളും, സാഹചര്യങ്ങളും എല്ലാം അല്ലാഹുവിന്റെ പരീക്ഷങ്ങള്‍ ആണെന്ന് വിശ്വസിച്ചു അതിനെ മറി കടക്കാനുള്ള ഊര്‍ജം നേടിയെടുക്കുന്നതും  .നോവലിന്റെ അവസാന ഘട്ടം വരെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നജീബ് വിധേയനാകുന്നുണ്ട്. ആ അസന്നിഗ്ധത വായനക്കാരനെ വല്ലാതെ വരിഞ്ഞു മുറുക്കി നിര്‍ത്തുന്നു. നജീബ് ഒരിക്കലും സമ്പന്നതയില്‍ ആസക്തനല്ല. ജീവിക്കാന്‍ ഇത്തിരി സൌകര്യങ്ങള്‍, പ്രിയപ്പെട്ട ഭാര്യക്ക് ഇത്തിരി പൊന്ന്, അങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായാണ് നജീബ് എന്ന ചെറുപ്പക്കാരന്‍  ഗള്‍ഫു നാട്ടിലേക്ക് പറക്കുന്നത്. തന്റെ പിറക്കാന്‍ പോണ കുട്ടിയെ കൂടി ഒരുനോക്കു കാണാനുള്ള ഭാഗ്യവും, സാവകാശവും, വിധി അയാള്‍ക്ക്‌ നല്‍കുന്നില്ല. റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്ന് അപരിചിതനായ ഒരാളുടെ ആജ്ഞകള്‍ക്ക് വിധേയനായി നജീബ്  നഗര വല്ക്കൃത മുഖത്ത് നിന്ന് അപ്രത്യക്ഷനാകുന്നു.കൂടെ ഹക്കീം എന്ന ഒരു ഇളം പ്രായക്കാരനും. മണിക്കൂറുകള്‍ സഞ്ചരിച്ചു , അവര്‍ മരുഭൂമിയിലെ ഏതോ അജ്ഞാതമായ പ്രദേശത്തെ , മസ്രയില്‍ ( ആടുമാടുകളെ വളര്‍ത്തുന്നതും, കൃഷി ചെയ്യുന്നതുമായ സ്ഥലങ്ങള്‍ )എത്തുന്നു. വഴിയില്‍ ഹക്കീം വേര്‍പിരിയുന്നു. അയാള്‍ മറ്റൊരു മസ്രയില്‍ എത്തപ്പെടുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം നജീബ് കൊടിയ പീഡന ങ്ങള്‍ സഹിച്ചു, പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചു , അന്ത : സംഘര്‍ഷ ങ്ങളോടെ ,ആടുകളുമായി ജീവിച്ചു, അങ്ങനെ അയാളും മറ്റൊരു ആടായി. ആടുകളെ സ്നേഹിച്ചും ,ഭോഗിച്ചും , പരിപാലിച്ചും,  അകലെയുള്ള ഉമ്മയും ,ഭാര്യയും , തനിക്കു പിറന്ന കുട്ടിയും( ? )  ഇനി ഒരിക്കലും കണ്ടു മുട്ടില്ല എന്ന വേദനയോടെ ആ മസ്രയില്‍ ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു.  പക്ഷെ , അപ്പോഴും ഇതെല്ലാം  അല്ലാഹുവിന്റെ ഒരു പരീക്ഷണം എന്ന് മനസ്സില്‍ ഉറപ്പിച്ചു , എപ്പോഴെങ്കിലും ഒരു രക്ഷാ കവാടം തുറന്നു കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ കൈവെടിയുന്നില്ല നജീബ്. ഒരിക്കല്‍ ഹക്കീമിനെ കാണാന്‍ സൗകര്യം ലഭിക്കുന്നതോടെ മസ്രയില്‍ നിന്ന് രക്ഷ പെടാനുള്ള വഴി തെളിയുന്നു.  ദുര്‍ഘടമായ മാര്‍ഗങ്ങളിലൂടെ ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ നജീബ് നഗരത്തില്‍ എത്തുന്നു. വഴിയില്‍ വെള്ളവും , ഭക്ഷണവും കിട്ടാതെ  ഹക്കീം മരണപ്പെടുന്നു. ഒരു മിറക്കിള്‍ പോലെ  ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം ഖാദരി എന്ന നീഗ്രോ അപ്രത്യക്ഷമാകുന്നു. അയാള്‍ മസ്രയിലെ മറ്റൊരു ' നജീബ് ' ആയിരുന്നു. അയാളുമായി ഉണ്ടായ കൂടിക്കാഴ്ചയാണ് മസ്രയില്‍ നിന്ന് രക്ഷപെടാനുള്ള വഴി ഒരുങ്ങുന്നത്.. നഗരത്തില്‍ കുറെ മലയാളികളുടെ അടുത്ത്  വന്നു പെടുന്നതോടെ നജീബിന് രക്ഷാമാര്‍ഗം തുറക്കപ്പെടുന്നു. അപ്പോഴും നജീബ് ഒരു ആട്  തന്നെയാണ്. ദിശാബോധവും , കാലവും നഷ്ടപ്പെട്ട  നജീബ് എന്ന ആട്. അയാള്‍ തന്നെ ശുശ്രൂഷി ക്കുന്നവരോട് ചോദിക്കുന്നു.----
 ' ഇന്ന് എത്രാം തീയതിയാണ് '............. ?
പതിമ്മൂന്നാം തീയതി.
ഏതു മാസം........?  അവരുടെ മുഖം ചുളിഞ്ഞു.
ഓഗസ്റ്റ് 
ഏതു വര്ഷം ..........? അവര്‍ക്ക് ആകാംഷയായി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച്. ...
റബ്ബുല്‍ ആലമീനായ തമ്പുരാനേ,...........! ഞാന്‍ നെഞ്ചത്ത് കൈ വച്ചു. പിന്നെ മനസ്സിലും , വിരലിലും കാലം കണക്കു കൂട്ടി.
"മൂന്നു വര്ഷം ,നാല് മാസം , ഒന്‍പതു ദിവസം " --------
 സുഖം പ്രാപിച്ചതിനു ശേഷം പോലീസിനു പിടി കൊടുത്തു കേരളത്തിലേക്ക് മടങ്ങുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

 നിസ്സഹായത ഒരു വഴികാട്ടി

 നിസ്സഹായത എന്ന അവസ്ഥയാണ് ഈ നോവലിനെ മുമ്പോട്ടു നയിക്കുന്നത്. അത് മനുഷ്യനെ നിഴല് പോലെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു, എന്നല്ല ലോകത്തിന്റെ തന്നെ ചലനാത്മക ക്രിയകള്‍ ഈ നിസ്സഹായതയെ ആശ്രയിച്ചാണ്  നില നില്‍ക്കുന്നത്. ബാബറി മസ്ജിത് പൊളിക്ക പ്പെട്ടതിലും , ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിലും , യേശു ദേവന്‍ ക്രൂശിതനായതിലും ഈ നിസ്സഹായത ഒളിഞ്ഞു കിടപ്പുണ്ട്.  മണല്‍ വാരി ഉപജീവനം നടത്തിയിരുന്ന  നജീബിനെ ഗള്‍ഫില്‍ എത്തിച്ചതും, തുടര്‍ന്ന് മസ്രയില്‍ എത്തപ്പെട്ട അയാള്‍ക്ക്‌ അവിടെ തന്നെ എല്ലാം സഹിച്ചു തുടരേണ്ടി വന്നതും ഈ നിസ്സഹായത കൊണ്ടാണ്. ക്രൂരനും , സ്നേഹ ശൂന്യനുമായ  'അര്‍ബാബ്' , ഇടിയും മഴയും ഉള്ള ഒരു രാത്രിയില്‍ നജീബിനെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. അയാള്‍ക്ക്‌ മഴയും ,വെള്ളവും സഹിക്കാന്‍ വയ്യ. ഒരിക്കല്‍ പോലും കുടിക്കാനല്ലാതെ അയാള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അന്ന് വരെ തന്റെ കൂടാരത്തില്‍ കയറ്റാതിരുന്ന നജീബിനെ ചുറ്റി പ്പിടിച്ചാണ് അര്‍ബാബ് അന്ന് ഉറങ്ങിയത്.   മകനെ പോലെ ഓമനിച്ചിരുന്ന നബീല്‍ എന്ന ആട്ടിന്‍ കുട്ടിയുടെ വൃഷണം മുറിച്ചു മാറ്റാന്‍  നജീബിന് പിടിച്ചു കൊടുക്കേണ്ടി വരുന്നത് നിസ്സാഹായത കൊണ്ടാണ്. ഏറ്റവും ഒടുവില്‍  പോലീസ് പിടിയിലായ ശേഷം ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍  നജീബിനെ അര്‍ബാബ് തിരിച്ചറിഞ്ഞിട്ടും മടക്കി കൊണ്ട് പോകാത്തതില്‍ നജീബ് അത്ഭുതപ്പെടുമ്പോള്‍ , അര്‍ബാബ്  പറഞ്ഞതായി പോലീസ് പറയുന്നുണ്ട്." അവന്‍ എന്റെ  വിസക്കാരന്‍ അല്ലാതെ പോയി,  അല്ലെങ്കില്‍ ഞാന്‍ അവനെ മസ്ര വരെ വലിച്ചിഴക്കുമായിരുന്നു". നിയമത്തിന്റെ മുമ്പില്‍ അര്‍ബാബ് നിസ്സഹായനായി പോകുന്നതാണ് അവിടെ കാണാന്‍ കഴിയുന്നത്‌. 

ആട് ജീവിതം പൊതുവേ പ്രവാസികള്‍ക്കിടയില്‍ എല്ലാ ക്കാലത്തും ചര്‍ച്ച ചെയ്യപ്പടുന്ന ഒരു പുസ്തകം ആണ്. തീരെ വായന ഇല്ലാത്തവരും ആട് ജീവിതം വായിക്കുന്നു.എനിക്ക് ഒരു സുഹൃത്ത് മെയില്‍ ചെയ്തു തരിക ആയിരുന്നു. വീണ്ടും കുറെ ക്കാലം കഴിഞ്ഞാണ് അത് വായനക്ക് എടുക്കുന്നത്.  ഒറ്റ ഇരിപ്പില്‍ വായിക്കുകയും, അതില്‍ നിന്ന് മുക്തനാവാന്‍ ഞാന്‍ അതിലേറെ സമയം എടുക്കുകയും ചെയ്തു.നോവല്‍ എന്നതിനേക്കാള്‍, ഇതിന്റെ ഭാഷയ്ക്ക് സാമ്യം  ജീവ ചരിത്രത്തോടും, ആത്മ കഥയോടുമാണ്. ക്ളിഷ്ടതകള്‍ ലേശവും ഇല്ലാത്ത ഭാഷയാണ്‌ ഇതിന്റെത്.  ആവശ്യത്തിനും , അനാവശ്യത്തിനും അവ്യക്തത സൃഷ്ട്ടിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യം. അതിനു വളം നല്‍കുന്നത്  യൂണിവേഴ്സിട്ടി പ്രോടക്റ്റ് കളായ എഴുത്തുകാരും , നിരുപകരും. അതുകൊണ്ട് തന്നെ ഇടത്തരം വായനക്കാര്‍ സാഹിത്യത്തോട് വലിയ ആഭിമുഖ്യം ഇല്ലാത്തവരായി. ആശയങ്ങള്‍ കൊണ്ട് കസര്‍ത്ത് കാണിച്ചില്ല എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ നന്മ. വായനക്കാര്‍ ഇരച്ചു കയറാന്‍ അതൊരു കാരണമായി. 'മരുഭൂമികള്‍ ഉണ്ടാകുന്ന'തിന്റെ ഭാഷ ആയിരുന്നു ബന്യാമിന്‍ സ്വീകരിച്ചിരുന്നതെന്കില്‍ അനുഭവം മറ്റൊന്ന് ആകുമായിരുന്നു.  ആട്ടിന്‍ പറ്റങ്ങളെ പോലെ നിര തെറ്റിയ ഭാഷാ പ്രയോഗംആണ് ഈ നോവലിന്റെത്.. ചെത്തി മിനുക്കി അതിന്റെ ഭംഗി നഷ്ടപ്പെടുത്തിയില്ല. പ്രാസവും ,വൃത്തവും, വച്ച് കവിത 'ചമച്ചിരുന്ന' ഒരു കാലത്താണ് ചങ്ങമ്പുഴ  'രമണന്‍ ' പച്ച മലയാളത്തില്‍ ലളിത കോമള പദവുമായി കടന്നു വന്നത്. അത് ആബാലവൃദ്ധം ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചു. ആ സ്വീകാര്യത  ഈ മനോഹരമായ കൃതിക്കും ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്.