Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഒരു അനാഥക്കുട്ടി









അവധിക്കു നാട്ടിലെത്തിയ ഒരു ദിവസമാണ് ഞാന്‍ ആ അനാഥാലയത്തില്‍ പോകുന്നത്.അതും ഭാര്യയുടെ യും, കുട്ടികളുടെയും നിര്‍ബന്ധത്തിനു വഴങ്ങി. വലിയൊരു  കെട്ടിട സമുച്ചയത്തിനു   നടുവിലെ  മൈതാനത്ത് വാഹനം നിര്‍ത്തി അനാഥ മന്ദിരത്തിലേക്ക് നടക്കുമ്പോള്‍ വരാന്തയിലും, മുറ്റത്തുമായി നിന്നിരുന്ന കുട്ടികള്‍ ഞങ്ങളെ ശ്രദ്ധിച്ചു.വാഹനത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായി എത്തിയ ഒരു കുട്ടിയെ ഭാര്യാ പിതാവ് ശകാ രിക്കുന്നത് കേട്ടു. ഒന്നും നഷ്ട പ്പെടാനില്ലാത്ത , അല്ലെങ്കില്‍ ഒന്നും  അവകാശപ്പെടാനില്ലാത്ത കുറെ കുട്ടികളുടെ നടുവിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തിലായിരുന്നു ഞാന്‍.  അതുകൊണ്ടാ ണ് യാത്രയില്‍ നിന്ന് പിന്മാറാന്‍ ആദ്യം ശ്രമിച്ചത്.

കൌമാര പ്രായക്കാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെയുള്ള ഒരു അനാഥാലയം ആയിരുന്നു അത്. സന്ദര്‍ശകരുടെ ആഡംബര പ്രദര്‍ശനത്തിനു മുമ്പില്‍ ആ കുട്ടികള്‍ ചെറുതാകുന്നത് പോലെ തോന്നി. നിറം മങ്ങിയ വസ്ത്രങ്ങള്‍ ആയിരുന്നു അവര്‍ ധരിച്ചിരുന്നത്. നീലയില്‍ വെളുത്ത ലൈനുള്ള ഉടുപ്പുകള്‍ അനാഥത്വത്തിന്റെ ചിഹ്നമായി ചില രെങ്കിലും കരുതുന്നുണ്ടാവാം. വര്‍ണ്ണ പോലിമയുള്ള വസ്ത്രം ധരിച്ചു വരുന്ന സന്ദര്‍ശകരെ അവര്‍ അസൂയയോടെ നോക്കിയിരിക്കണം. വളരുന്നു എന്നതിലപ്പുറം യാതൊരു പരിഗണന യും അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് അവരുടെ ശരീര ശാസ്ത്രം തെളിയിക്കപ്പെട്ടു കൊണ്ടിരുന്നു.

                                                     
 
ഓഫീസില്‍ ചെറിയ സംഭാവന നല്‍കി പുറത്ത് വന്നപ്പോള്‍ 
രക്ഷാധികാരി ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചു. സന്ദര്‍ശക മുറിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ചോദിച്ചു, കുട്ടികളുടെ ഒപ്പം ഇരിക്കാന്‍ പറ്റുമോ.......?
'കുട്ടികളെ സന്ദര്‍ശക രോടൊപ്പം   ഇരുത്താറില്ല'. അയാള്‍ സൌമ്യമായി പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള ഒരു മുറിയില്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ , തൊട്ടടുത്ത കെട്ടിടത്തില്‍ കിളികള്‍ ചേക്കേറുന്നത് പോലെകുട്ടികള്‍ ബഹളം കൂട്ടുന്നത്‌ കേട്ടു. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ പ്പോള്‍ കുട്ടികളോട് മുറ്റത്തേക്ക്‌ വരാന്‍ പ്രധാന അദ്ധ്യാപകന്‍ ആജ്ഞാപിച്ചു. ആദ്യം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്,അയാള്‍ എപ്പോഴും ഒരു ചൂരല്‍ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് വീശിക്കൊണ്ടാണ്‌ ആഞ്ഞാപിക്കുന്നത്.. മുറ്റത്തിന്റെ തണല്‍ വീണ കോണില്‍ കുട്ടികള്‍ ഒത്തുകൂടി.
കാഴ്ച ബംഗ്ലാവിലെ ഒരു ഗൈഡ് നെ പോലെ അയാള്‍ കുട്ടികളെ ചൂണ്ടി ഓരോന്ന് വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികള്‍ തല താഴ്ത്തി നില്‍ക്കയാണ്‌. ചിലര്‍ ഞങ്ങളെ നോക്കി. ഇവിടെ ആരാണ് കാഴ്ച ക്കാര്‍ .......?  ആരാണ് കാഴ്ച.......? എനിക്ക് ഉത്തരം കിട്ടിയില്ല. പാപക്കറകള്‍ കഴുകി കടന്നു പോയവരുടെ ശേഷിപ്പ് കളോട് നിങ്ങള്‍ സഹോദരങ്ങള്‍ ആണെന്ന് പറയുന്ന അത്ര വിഡ്ഢിത്തം വേറെ ഇല്ലെന്നു എനിക്ക് തോന്നി.

നീ നിസ്ക്കരിച്ചോടാ .........?  

കൂട്ടത്തില്‍ നിന്ന ഒരു ഇരു നിറ ക്കാരനോട്  അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.ഞങ്ങളെ ക്കുറിച്ച് കുട്ടികളോട് അയാള്‍ പറഞ്ഞു. ' ഈ നില്‍ക്കുന്നവര്‍ നിങ്ങളെ കാണാന്‍ വന്നവരാണ്. അവര്‍ക്ക് വേണ്ടി നിങ്ങള്‍ ദു : ആ ( പ്രാര്‍ത്ഥിക്കണം )  ചെയ്യണം.

'എന്താണ് ഞങ്ങളുടെ പ്രത്യേകത. നിങ്ങടെ മക്കളെ പോലെ കണ്ണും, കാതുമൊക്കെ ഞങ്ങള്‍ക്കുമുണ്ട്‌'............ അങ്ങനെ ആരെങ്കിലുമൊന്നു പ്രതിഷേധിക്കാന്‍ ഞാന്‍ കൊതിച്ചു. ആരും പ്രതികരിച്ചില്ല. പെട്ടെന്ന് , ഒരു കൊച്ചു കുട്ടി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു.ഏറിയാല്‍ ആറു വയസ്സ്. അധ്യാപകന്റെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവന്‍ ഒരു തൂണിനു മറഞ്ഞു.

'അഷ്ക്കര്‍, ഇവിടെ വരൂ.............

അദ്ധ്യാപകന്‍ കല്‍പ്പിച്ചു.അവന്റെ മൊട്ട ത്തലയിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

'എവിടെടാ നിന്റെ തൊപ്പി ..............?

അവന്‍ ഞങ്ങളെ നോക്കി . കുറെ അപരിചിതരുടെ മുമ്പില്‍ നിന്ന് കരയാന്‍ അഭിമാനം അവനെ അനുവദിച്ചില്ല. നിറഞ്ഞ കണ്ണുകളോടെ ആ കുട്ടി മുറിയിലേക്ക് വിരല്‍ ചൂണ്ടി.

'വേഗം എടുത്തു വാ'  .........

എന്റെ കണ്ണുകള്‍ നിറയുന്നത് മറയ്ക്കാന്‍  ഒരു കര്‍ചീഫ്‌ കൊണ്ട് ഞാന്‍ മുഖം പൊത്തി. എല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ രക്ഷാധികാരിയോടു ആറുവയസ്സു കാരനെ ക്കുറിച്ച് അന്വേഷിച്ചു.
'വളരെ ചെറുപ്പത്തില്‍ ഇവിടെ വന്നു പെട്ടതാണ്. ഇവനാണ് ഇവിടുത്തെ ചെറിയ കുട്ടി'. 

മോന്‍ ഇങ്ങു വരൂ ........ഞാന്‍ വിളിച്ചു.

അവന്‍  വന്നില്ല. ഒരു അനാഥന്‍ എങ്ങനെയാവണം എന്നെനിക്കു കാണിച്ചു തരികയായിരുന്നു അപ്പോഴവന്‍. ഞാനവന്റെ മൂര്‍ദ്ധാവില്‍ തലോടി.  എന്തൊക്കെയോ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നതാണ്, അതെല്ലാം എന്റെ  നെഞ്ചില്‍ തറച്ചിടപ്പെട്ടു.




 മാതാപിതാക്കളുടെ നടുവില്‍ സുഖം പറ്റി ഉറങ്ങേണ്ട പ്രായം. നീണ്ട ഒറ്റ വരി പ്പായയില്‍ ആരുടെയൊക്കെയോ കൂടെ അവന്‍ ഉറങ്ങുന്നു. " ഭൂത പ്രേതങ്ങളെ, ഗര്‍ജിക്കുന്ന  മഴ മേഘങ്ങളേ, നിങ്ങള്‍ ഈ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്, അവനു അഭയം ആരുമില്ല. അവന്‍ അനാഥ നാണ്.

മടക്ക യാത്രയില്‍ ഞാനാകെ അസ്വസ്ഥനായിരുന്നു. എന്റെ മക്കളോട് സ്നേഹം കുറഞ്ഞു പോവുകയാണോ ........ ? അതോ, അഷ്ക്കര്‍ എന്ന അനാഥ ക്കുട്ടിയെ കൂടി ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തുക യായിരുന്നോ ...........?  എനിക്ക് ഉത്തരമില്ലായിരുന്നു.

വിദേശത്തേക്ക് മടങ്ങിയ ശേഷം  ഈ  മെയില്‍ വഴി ഞാന്‍ പലരോടും അഭ്യര്‍ഥിച്ചു. എന്തെങ്കിലും സഹായം ആ അനാഥാലയത്തിന് നല്‍കാന്‍.  അതിന്റെ നേരിയ ഒരു കണികയെങ്കിലും എന്റെ അനാഥക്കുട്ടിക്കു ലഭിക്കുമല്ലോ. ഈ കുറിപ്പെഴുതുമ്പോഴും ചോര്‍ന്നൊലിക്കുന്ന ആകാശത്തിനു താഴെ 
ആ മൈതാനത്ത്, അവന്‍ ഓടി ക്കളിക്കുന്നുണ്ടാവും. നീലയില്‍ വെള്ള വരയിട്ട അനാഥത്വം അണിഞ്ഞു  കൊണ്ട്...................

യഹോവേ............



ഒരു ഗാനം




ദേവാ  , യേശു നാഥാ
നിന്റെ വീഥികള്‍ തേടി,
അലയുകയാണ് ഞാന്‍ ................. 

 ദേവാ ,  യേശു നാഥാ
നിന്റെ നാദം കേള്‍ക്കാന്‍,
കേഴുകയാണ് ഞാന്‍
                             ( ദേവാ  .........)


കണ്ണുനീരിന്‍ കടലിന്മീതെ ..........
ഞാന്‍  നടക്കുമ്പോള്‍ , എന്റെ മനം തളരുമ്പോള്‍ ,
ഏതു സീനായ്  മാമല  മീതെ   നീയിരിക്കുന്നു, 
ദിവ്യ പൊരുളിരിക്കുന്നു...........
                                                           ( ദേവാ .........)


സ്നേഹമായൊരു  തലോടലിനായി
ഞാന്‍  കൊതിക്കുമ്പോള്‍, 
എന്റെ  മനം  തുടിക്കുമ്പോള്‍,
ഏതു  ഗാഗുല്‍ത്താ  മലമീതെ ,
ജയം വരിക്കുന്നൂ,  സ്വര്‍ഗ്ഗ വാതില്‍ തുറക്കുന്നൂ ..............
                                                           ( ദേവാ.............)

പദാര്‍ത്ഥം


സ്വര്‍ണ്ണത്തിനു അര്‍ത്ഥമില്ലാതാവുന്നത് , അത് 
ശവത്തില്‍ നിന്നഴിച്ചു മാറ്റുമ്പോഴാണ്.

 എനിക്ക് അര്‍ത്ഥമില്ലാതാവുന്നത്
മൂന്നാം തലമുറ എന്റെ ചിത്രം കാണുമ്പോഴാണ്

 മതങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവുന്നത് - നാം
 പൌരാണികതയില്‍ വിരാജിക്കുമ്പോഴാണ് .

 ജീവിതത്തിനു അര്‍ത്ഥമില്ലാതാവുന്നത് - നാം
ചരിത്രം പഠിക്കുമ്പോഴാണ് .






അത്യാഹിതം











അച്ഛന്‍ മരിച്ചെന്നും,
പെങ്ങളെ കഴുകന്മാര്‍ -
കൊത്തി വലിച്ചെന്നും,
അനുജന്‍ പുഴയില്‍ മുങ്ങി മരിച്ചെന്നും ,
അമ്മ, ധര്‍മ്മാശുപത്രീടെ വരാന്ത -
                                യിലെന്നും പറയുന്നവര്‍ 
                                എന്തേ പറയുന്നീല ..............?
                                ' ഞാന്‍ ' ഒരു പ്രവാസിയാണെന്നു .......... 



സമനില തെറ്റിയ പക്ഷി

ഞാന്‍ ഒരു രോഗി അല്ല. നിങ്ങള് അതിനുള്ള മരുന്നും അല്ല.
ഞാന്‍ ഇനിയും വരും. ഇങ്ങനെ നിങ്ങളെ നോക്കി ഇരിക്കുമ്പോള്‍ഞാന്‍ സുഖപ്പെടുന്നുണ്ട് .
റിയലി ......ഐ ലവ് യൂ.....

അയാളെ ക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ തോന്നിയ ഒരു മോഹം ആയിരുന്നു ഒന്ന് കാണുക,പരിചയപ്പെടുക എന്നൊക്കെ. ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ അഭിമുഖീകരിക്കണം എന്നാലോചിച്ചു ദിവസങ്ങള്‍ കഴിച്ചു കൂട്ടി . ആ ദിവസങ്ങളില്‍ ഒക്കെ സദാ സമയവും ക്ഷേമം അന്വേഷിച്ചു മുട്ടി ത്തിരിയുന്ന വാല്യക്കാരും ,വൈകുന്നേരം ഇക്കിളി പ്പെടുത്തി കൊണ്ട് പിന്നാലെ നടക്കുന്ന ഭര്‍ത്താവും പാഴ് വസ്തുക്കള്‍ ആണെന്ന് അവര്‍ വിശ്വസിച്ചു. ഒരു പട യോട്ടത്തിന്റെ ഒടുക്കം തളര്‍ന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താവിന്റെ ഉഷ്ണിക്കുന്ന ശരീരം വേര്‍പെടുത്തി അവര്‍ അയാളുടെ കവിതകള്‍ വായിക്കാന്‍ തുടങ്ങി. അതിലെ നായികമാര്‍ , മഞ്ഞു വീഴുന്ന മല നിരകളില്‍ കൊച്ചു മാലാഖകളെ പോലെ ഒഴുകി നടന്നു.ഈ ഇരുമ്പ് കൂടുവിട്ടു അവരില്‍ ഒരാളാകാന്‍ അവര്‍ കൊതിച്ചു. തന്നെക്കാള്‍ സുന്ദരികള്‍ ആണോ ആ മാലാഖമാര്‍....?
നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് അവള്‍ സ്വയം വിലയിരുത്തി. തുടുത്ത മാറില്‍ കൈകള്‍ അമര്‍ത്തി വച്ച് കൊണ്ട് അവള്‍ ഭര്‍ത്താവിനെ ശപിച്ചു.........
'ദുഷ്ടന്‍.........! ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല , ഞാന്‍ ഒരു സുന്ദരിയാണെന്ന് '

ആരോടോ വാശി തീര്‍ക്കാന്‍ വേണ്ടി അവള്‍ ഏട്ടന് എഴുതി. വിവാഹം കൊണ്ട് എനിക്ക് മറ്റൊരു അച്ഛനെ സമ്പാദിച്ചു തന്നതിന് നന്ദി.. ആ കത്ത് അവള്‍ അയച്ചില്ല. എനിക്ക് താങ്കളുടെ സംരക്ഷണം അല്ല വേണ്ടത്, എന്നെ അതിരു കളില്ലാതെ ഇത്തിരി സ്നേഹി ക്കൂ ........ ഒരിക്കല്‍ പാര്‍ട്ടിക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഭര്‍ത്താവിന്റെ ഷര്‍ട്ടില്‍ കടന്നു പിടിച്ചിട്ടു അവള്‍ പറഞ്ഞു. തന്റെ ഭാര്യ ഒരു മാനസിക രോഗി ആണെന്ന് പോലും അയാള്‍ സംശയിച്ചു ,അവളെയും കൂട്ടി ഒരു മന ശാസ്ത്ര ഡോക്ടറുടെ അടുത്തേക്കാണ്‌ അയാള്‍ പോയത്..... ശ്രീദേവി ധാരാളം വായിച്ചിട്ടുണ്ടെന്നു കേട്ടു....... ഡോക്ടര്‍ ഒരു കുടുംബ സുഹൃത്തിനെ പോലെ ചോദിച്ചു, അയാളുടെ ചിരിയില്‍ വശ്യത ഉണ്ടായിരുന്നു. ഇയാള്‍ക്ക് എന്നെ സ്നേഹിച്ചു കൂടെ എന്ന് അവര്‍ മനസ്സില്‍ മോഹിച്ചു....



'ശ്രീദേവിക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല'''.

ഡോക്ടര്‍ ആശ്വസിപ്പിച്ചു. അയാള്‍ കടലാസ്സില്‍ ഒരു വര വരച്ചു, നോക്കൂ ശ്രീദേവി ഇതാണ് ലൈഫ് ലൈന്‍ . നമ്മള്‍ ഇതിലെ നടക്കണം . എപ്പോഴെങ്കിലും കാല്‍ വഴുതുമ്പോളാണ് നമ്മള്‍ ഭ്രാന്തന്‍മാര്‍ ആകുന്നതു. പെട്ടെന്ന് ശ്രീദേവി കടലാസ്സില്‍ മറ്റൊരു വര കൂടി സമാന്തരമായി വരച്ചു. അന്നിട്ട്‌ പറഞ്ഞു , " ഡോക്ടര്‍ , ഈ രണ്ടു വരകള്‍ ക്കിടയില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്. ഇതില്‍ ഒരു വര ഞാനാണ് .മറ്റേതു എന്റെ ഭര്‍ത്താവും . ഓരോ നിമിഷവും ഈ വരകള്‍ അടുത്ത് കൊണ്ടിരി ക്കുന്നു. ഒരു ദിവസം അതെന്നെ ഞെരിച്ചു കൊല്ലും.
അപ്പോള്‍ ഡോക്ടറാണ് കവിയെ ക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ ജീവിതം വെറുക്കാതിരിക്കണമെങ്കില്‍ ഈപുസ്തകങ്ങള്‍ വായിക്കൂ......... സ്നേഹിക്കപ്പെടുന്നവരുടെ ജീവചരിത്രമോ, ആത്മകഥകളോ ഒക്കെയാണ് ഈ കവിതകള്‍ ......... .പക്ഷെ ,എനിക്ക് വാക്ക് തരണം , നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ഒരിക്കലും വെറുക്കരുത്......... ഒരു ദിവസം ഡോക്ടര്‍ അവളെ കവിയുടെ അരികിലേക്ക് കൂട്ടി കൊണ്ട് പോയി......
യാത്രയ്ക്കിടയില്‍ ഡോക്ടര്‍ പറഞ്ഞു. ആ കവി നിങ്ങളെ ഇഷ്ടപ്പെടും .നിങ്ങള്‍ അത്രയ്ക്ക് സുന്ദരിയാണ്.. അയാള്‍ നിങ്ങളെ ജീവിതത്തിലേക്ക് ക്ഷണിക്കും . പ ക്ഷെ അയാള്‍ക്ക്‌ പ്രതീക്ഷ കൊടുക്കരുത്....... കാരണം അയാള്‍ക്ക്‌ ഒരു ജീവിതം ഇല്ല. അയാള്‍ നിങ്ങള്ക്ക് വേണ്ടി മാളികകള്‍ പണിയും എന്ന് പറഞ്ഞേക്കും........സത്യത്തില്‍ അയാള്‍ക്ക്‌ ഒരു വീട് പോലും ഇല്ല. ഈ വസന്തത്തിലെ ഓരോ മരചുവടുകള്‍ ആണ് അയാളുടെ ഭവനം . നിങ്ങളുടെ സൌന്ദര്യം അയാളെ മത്തു പിടിപ്പിക്കണം . അപ്പോള്‍ അയാള്‍ പറയും നീ ഒരു മാലാഖയാണെന്ന്. നിങ്ങളെ ക്കുറിച്ച് കവിതകള്‍ എഴുതും. നമുക്ക് വേണ്ടത് ആ കവിതകള്‍ ആണ്. ശ്രീദേവിയുടെ മനസ്സിനുള്ള മരുന്നുകള്‍ ആണ് ആ കവിതകള്‍. ഞാന്‍നിങ്ങളുടെ ഭര്‍ത്താവിനു വാക്ക് കൊടുത്തിട്ടുണ്ട്.നിങ്ങളെ പൂര്‍ണ്ണ ആരോഗ്യവതി ആയി മടക്കി കൊടുക്കാമെന്നു. ശ്രീദേവി മടങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ കവിയുടെ ഹൃദയത്തില്‍ കൈ വച്ച് പറഞ്ഞു.-
ഞാന്‍ ഒരു രോഗി അല്ല. നിങ്ങള് അതിനുള്ള മരുന്നും അല്ല. ഞാന്‍ ഇനിയും വരും. കാണാന്‍. ഇങ്ങനെ നിങ്ങളെ നോക്കി ഇരിക്കുമ്പോള്‍ഞാന്‍ സുഖപ്പെടുന്നുണ്ട് . റിയലി ......ഐ ലവ് യൂ.....
എങ്കില്‍ നിനക്ക് വേണ്ടി അരളി പ്പൂക്കള്‍ കെട്ടിയ ഒരു പുഷ്പ ഹാരം കാത്തു വയ്ക്കും...........തീര്‍ച്ച .
അന്ന് രാത്രി അവളുടെ ഭര്‍ത്താവ് , മല നിരകളിലേക്ക് തുറക്കുന്ന ആ ജാലകങ്ങള്‍ വലിച്ചടച്ചു, അന്നിട്ട്‌ അവളുടെ കാതു കളില്‍ മന്ത്രിച്ചു, നിന്നെ ഞെരിച്ചു കൊല്ലാന്‍ വന്ന രേഖകള്‍ ഇപ്പോഴില്ല. അത് ഒറ്റ രേഖയായിരിക്കുന്നു. ആ സമയം നീ കവിയുടെ അരികിലായിരുന്നു. പറയൂ. .... ഇനി നിനക്ക് കവിയെ വേണോ.... അയാള്‍ കാത്തു വച്ചിരിക്കുന്ന പുഷ്പ ഹാരം നിനക്ക് വേണോ......? അവള്‍ അപ്പോള്‍ അയാളുടെ മാറോടു ചേര്‍ന്ന് കിടന്നു. അടുത്ത ദിവസം അവള്‍ ഭര്‍ത്താ വിനോടൊപ്പം ആനന്ദിച്ചു കിടക്കുമ്പോള്‍ നിരത്തില്‍ പെട്ടെന്ന് നിശബ്ധത കനത്തു. അവര്‍ ബാല്‍ക്കണി യിലേക്ക് വന്നു. താഴെ ഒരു ശവ ഘോഷയാത്ര കടന്നു പോവുകയായിരുന്നു. ശവ വാഹനം നിറയെ കരിഞ്ഞുണങ്ങിയ അരളി പ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.