Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഒരു ഹൈന്ദവ ഇസ്ലാം



ഞാന്‍ ഒരു ഹൈന്ദവ ഇസ്ലാം ആണെന്ന് സ്വയം പരിചയപ്പെടുത്തിയത് പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്. നമ്മള്‍  മലയാളികള്‍  പുരോഗതിയുടെ വഴിയിലാണ് .  പണം സമ്പാദിക്കുന്നു . ചെറുവീടുകള്‍  പൊളിച്ചു കളഞ്ഞു മഹാ സൗധങ്ങള്‍  പണിയുന്നു . ആഡംഭര വാഹനങ്ങള്‍ വാങ്ങുന്നു. കുട്ടികളെ അന്യ നാടുകളില്‍ അയച്ചു പഠിപ്പിക്കുന്നു . അങ്ങനെ നാടിന്റെ മുഖച്ഛായ തന്നെ മാറി മറിയുന്നു പക്ഷെ ബൌദ്ധികമായി നമ്മള്‍ ഇന്നും ദരിദ്രരാണ് . ശരീരത്ത് ദുര്‍ മേദസ്സ് വര്‍ധിക്കുമ്പോള്‍ മനസ്സുകള്‍ ശോഷിച്ചു , അതു ചെളിക്കുണ്ടിലും , പൊട്ടക്കിണറ്റിലും അലയുകയാണ് . ആരുടെയെങ്കിലും തലയ്ക്കുള്ളില്‍ അല്‍പ്പം ചിന്തയുടെ പ്രസരണം കണ്ടാല്‍ അവരെ സന്ദേഹ വാദികള്‍ ആക്കുന്നു .  മത പണ്ഡിതനും , കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ ഒരാള്‍ ഒരിക്കല്‍ പ്രസംഗിച്ചു തുടങ്ങിയതു തന്നെ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍  നെഹ്‌റു വിനെ ഒരു സന്ദേഹ വാദി എന്നു ആക്ഷേപിച്ചു കൊണ്ടാണ് . അതിനു ചരിത്രം മാപ്പുകൊടുക്കില്ല . ഒരു മത നിരപേക്ഷ രാജ്യം സ്വപ്നം കണ്ടതിനാണോ അദ്ദേഹത്തിനെ സന്ദേഹവാദി ആക്കിയത് ......? മറ്റൊരിക്കല്‍ ഒരു മലയാളം ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മത സംബന്ധമായ ചോദ്യോത്തര പരിപാടിയ്ക്കിടെ ഒരു  പ്രേക്ഷകയുടെ സംശയം . ' എന്റെ കുട്ടി കലാ രംഗത്ത്  വളരെ മിടുക്കിയാണ് . അവള്‍ നൃത്തം ചെയ്യുകയും , നന്നായി പാടുകയും ചെയ്യുന്നുണ്ട് . ഇതിനെ പ്രോത്സാഹിപ്പിക്കുന്നതു തെറ്റാണോ .....? മത പുരോഹിതന്‍ പറയുന്നു ,നമ്മള്‍ മുസ്ലീംങ്ങള്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത് ........  The Great Akbar  എന്നു ചരിത്രം ചാര്‍ത്തി ക്കൊടുത്ത അപധാനം മായ്ച്ചു കളയാന്‍ ഒരു യുവജന സംഘടന നടത്തുന്ന ശ്രമം പരിഹാസ്യമായി കാണുകയെ വേണ്ടു .
ഓണം കേരളീയരുടെ ദേശീയ ഉത്സവം ആണെന്നു  ചെറു ക്ലാസ്സുകളില്‍ തൊട്ടു നാം പഠിച്ചു വളര്‍ന്ന വരാണ് . ഇക്കാര്യത്തില്‍ മുസ്ലീം സമൂഹത്തിനായി ഒരു പ്രത്യേക നിയമം ആരും നിര്‍മ്മിക്ക പ്പെട്ടതായി അറിവില്ല .പണ്ടെന്നോ രാജ്യം ഭരിച്ചിരുന്ന ഒരു മനുഷ്യ സ്നേഹിയായ ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്നു എന്ന സങ്കല്‍പ്പത്തിലുപരി, ഒരു കാലഘട്ടത്തിലെ കാര്‍ഷികാഘോഷം ആയിരുന്നു ഓണം. പിന്നീട് ബന്ധുമിത്രാധികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു അവസരമായി ഓണം മാറി . ഇതിലെവിടെയാണ്  അനിസ്ലാമികം.... ? . ഇത്തവണ തിരുവോണ ത്തിനു  ഒറ്റ ദിവസത്തേക്ക്   ഞങ്ങളുടെ നാട്ടില്‍ മദ്രസകളില്‍  ക്ലാസുകള്‍ സംഘടിപ്പിച്ചു മത വാദികള്‍ തങ്ങളുടെ വിശ്വാസ തീവ്രത പ്രകടിപ്പിച്ചു . ഇത്തരം  അസഹിഷ്ണുതാ മനോഭാവമാണ്  രാജ്യത്തിന്റെ സെക്കുലര്‍ വിശ്വാസങ്ങളെ തകര്‍ക്കുന്നത് , ഇതല്ല യഥാര്‍ത്ഥ ഇസ്ലാം. അയല്‍പക്കത്തുള്ള നാല്‍പത്തിയൊന്നു വീടുകളില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നതായി അറിഞ്ഞാല്‍ നീ അര വയര്‍ ഭക്ഷണം കഴിച്ച് ബാക്കി  അവനു നല്‍കാനാണ്  ഇസ്ലാം പഠിപ്പിക്കുന്നത്‌ . എല്ലാ ക്കാലത്തും മതത്തിന്റെ നിയന്ത്രണം  പുരോഹിതന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നത് . അവര്‍ പറയുന്നത്  മറ്റുള്ളവര്‍  വേദ വാക്യമായി കരുതി പോരുന്നു . ഖേദപൂര്‍വ്വം പറയട്ടെ ......., ഭൌതിക ( അക്കാദമിക് ) വിദ്യാഭാസത്തോട്  പുറം തിരിഞ്ഞു നില്‍ക്കുന്ന ഈ വര്‍ഗ്ഗമാണ് ഒരു ജനാധിപത്യ ഇസ്ലാമിസത്തെ  തകര്‍ക്കുന്നത് . ശ്രീ . ഇബ്രാഹിംവേങ്ങര സൂചിപ്പിച്ചത് പോലെ "രണ്ടു പതിറ്റാണ് മുമ്പ് വരെ ഫോട്ടോ  'ഹറാം ' ആണെന്ന് പ്രചരിപ്പിച്ച മുസ്ല്യാക്കന്മാരുടെ  ഫ്ലക്സുകള്‍ ഇന്നു തിരുവനന്തപുരം മുതല്‍ കാസര്‍കോട്  വരെ  പ്രദര്‍ശിപ്പിച്ചിരിക്കുന്നു . ഇപ്പോള്‍ ' ഹറാം '  (നിഷിദ്ധം ) 'ഹലാല്‍ ' (അനുവദനീയം) ആയിരിക്കുന്നു". ബ്രിട്ടീഷ് ഭരണ കാലത്ത് , ഇംഗ്ലീഷിനെ 'പൈശാചിക ഭാഷയെന്നു വിളിച്ചു  അപമാനിച്ചതും, സ്ത്രീകള്‍ക്ക് വിദ്യാഭാസം നിഷേധിച്ചതും  ഇവരുടെ പ്രതിനിധികള്‍ തന്നെയാണ്.  ഉദരപൂരണത്തിന്റെ ഇടവേളകളിലെ വ്യാമോഹങ്ങളെ  പ്രജ്ഞ നശിച്ച ഒരു കേവല ന്യൂനപക്ഷത്തെ കൊണ്ട് ചുമപ്പിച്ചു , ഇവര്‍ സമുദായത്തെ ഇരുണ്ട യുഗത്തിലേക്ക്  നയിച്ചുകൊണ്ടിരിക്കുന്നു . പ്രവാചകന്‍ ചെയ്തതാകട്ടെ ,  ഒരു ജനതയെ ഇരുണ്ട യുഗത്തില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു

നിലവിളക്കോ , മണ്‍ചിരാതോ , എന്തുമാകട്ടെ വെളിച്ചം പ്രദാനം ചെയ്യുന്നതിനെ മാനിക്കാന്‍ അറിയാത്തതു കൊണ്ടാണ്  കേരളത്തില്‍ ഇന്ന്  ' നിലവിളക്ക് വിവാദം ' ചര്‍ച്ചാവിഷയം ആകുന്നതു.  മത പ്രചരണാര്‍ത്ഥം  മാലിക് ദിനാര്‍ കേരളത്തില്‍ വന്നതു മുതല്‍ ഒരു നീണ്ട കാലം കേരളത്തിലെ പള്ളികളില്‍ നിലവിളക്ക് ആയിരുന്നു വെളിച്ചത്തിനു ആധാരം. അന്നൊന്നും ഹറാം ആകാത്ത വെളിച്ചം ഇപ്പോഴെങ്ങനെ ഹറാം ആയി. കഴിവുള്ളവര്‍ ചിന്തിക്കട്ടെ. ചൈനയില്‍ പോയാണെങ്കിലും വിദ്യ അഭ്യസിക്കണം എന്നു മണലാരണ്യത്തിലെ പ്രാകൃത മനുഷ്യരോട് ആഹ്വാനം  ചെയ്ത തിരുനബിയുടെ അനുയായികളല്ല ഇന്നു  നാം കാണുന്ന പുരോഹിത വര്‍ഗ്ഗം . ഇവരുടെ കണ്ഠ പ്രക്ഷാളനത്തിലൂടെ ഉതിര്‍ന്നു വീഴുന്ന വിഷമല്ല  മഹത്തായ ഇസ്ലാം സംസ്ക്കാരം .

ഒരിക്കല്‍  ഒരു ക്രിസ്തുമസ് കാലത്ത് ഉമ്മറത്ത്  നക്ഷത്രം കത്തിച്ചത് തെറ്റാണെന്നും  പറഞ്ഞു ഒരു ചെറുപ്പക്കാരന്‍ വീട്ടില്‍ കയറി വന്നു  . അതു  ' സിയോണിസ്റ്റ് ' കളുടെ ചിഹ്നമത്രേ  .......! അന്നാണ് ഞാന്‍ സിയോണിസത്തെ ക്കുറിച്ച് അറിയുന്നത് . സിയോണിസ്റ്റ്കള്‍ ശ്വസിക്കുന്ന വായു തന്നെയല്ലേ നമ്മളും ശ്വസിക്കുന്നത് .......? അയാള്‍ മറുപടിയില്ലാതെ ഇറങ്ങി പ്പോയി. സൗദി അറേബ്യയില്‍  നിരത്തിലൂടെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അവിടുത്തെ നിയമം അനുവദിക്കുന്നില്ല.  ഇതു മറികടന്നു കാറോടിച്ച  സ്ത്രീ വാഹനാപകടത്തില്‍ മരിച്ചു ......! നൃത്തം ചെയ്തതിനു  താലിബാനികള്‍ സ്ത്രീകളുടെ കാല്‍ മുറിച്ചു മാറ്റി, ഇന്ത്യയിലാകട്ടെ   അവരുടെ പ്രതിനിധികള്‍   അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചു മതേതരത്വത്തിന്റെ വെളിച്ചം ഊതി ക്കെടുത്താന്‍  സദാ ജാഗരൂപരായിരിക്കുന്നു  . അപ്പോള്‍ ഞാനും ഒരു ഹൈന്ദവ ഇസ്ലാം എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് .