Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഗ്രാമത്തിലെ എന്റെ വീട്ബസ്സ്‌ , ചെങ്കുത്തായ കയറ്റം നിരങ്ങി ക്കയറി  നിരപ്പിലെ സ്റ്റോപ്പില്‍ നിന്നു. ഡ്രൈവറും ,മറ്റു യാത്ര ക്കാരും തൊട്ടടുത്ത ചായ ക്കടയിലേക്ക് കയറി. അവര്‍ തനിച്ചായി. പോക്കുവെയില്‍ , ആകാശം മുട്ടി നില്‍ക്കുന്ന പുല്‍മേടുകളില്‍ മഞ്ഞ ച്ചായം പുരട്ടിയിരുന്നു. തണുത്ത കാറ്റു വീശി ത്തുടങ്ങി. ബോട്ടിലില്‍ അവശേഷിക്കുന്ന വെള്ളം എടുത്തുയര്‍ത്തി ,അയാള്‍ ചോദിച്ചു- 'നഗരത്തിന്റെ ഒടുവിലത്തെ രുചിയും അവസാനിക്കാന്‍ പോകുന്നു. വേണോ..............?

പാതി മയക്കത്തില്‍ അയാളുടെ തോളില്‍ നിന്നു തല ഉയര്‍ത്താതെ സോഫി പറഞ്ഞു -' വേണ്ട '.

റീഗല്‍ റെസ്റ്റോറന്റിലെ തന്തൂരി ചിക്കന്റെ കരിഞ്ഞതും, പിന്നാമ്പുറത്തെ സദാ പൊട്ടിയൊലിക്കുന്ന ഓടയുടെ രൂക്ഷ ഗന്ധവും വെള്ളക്കുപ്പിയെ വലയം ചെയ്തിരിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. അത് വെറും തോന്നലാണെന്ന നിഗമനത്തില്‍ വൈകാതെ എത്തിച്ചേരുകയും ചെയ്തു. കാരണം, റീഗല്‍ റ സ്റ്റോറന്റിനോടും,അതിന്റെ മീതെ ഒച്ചയുണ്ടാക്കാത്തതും, നഗരത്തിലെ മുന്തിയ നിലയില്‍ കഴിയുന്നവര്‍ മാത്രം താമസിക്കുന്നതുമായ  ഫ്ലാറ്റും വിട്ടു പോന്നിട്ട് ദിവസങ്ങളായി.

'സോഫിയാ ------'
 അയാള്‍ ശബ്ദം താഴ്ത്തി വിളിച്ചു. അര്‍ദ്ധ ബോധാവസ്ഥയില്‍ അവള്‍ മൂളി.
'നമ്മള്‍ ഇന്നലെ ഈ നേരത്ത് എവിടെയായിരുന്നെന്ന്  ഓര്‍മ്മയുണ്ടോ.............?
 'എവിടെയോ...........' അവള്‍ അവ്യക്തമായി പറഞ്ഞു.
യോഗീ ............, നാളയെ ക്കുറിച്ച് ഞാന്‍ പറയാം.
ഉം.
"നമ്മുടെ ഗ്രാമത്തില്‍ ..............."
നിര തെറ്റിയ കുറെ ഓര്‍മ്മകള്‍ സൃഷ്ടിക്കുകയായിരുന്നില്ലേ ഈ യാത്ര.......? ഒരിടത്ത് നിന്നു മറ്റൊരിടത്തെക്കെന്നു പറയാന്‍ പറ്റാത്ത  യാത്രയായിരുന്നു. ഇടെയ്ക്കെപ്പോഴോ അറിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു.വിജനമായ ഗ്രാമ പ്രദേശം. ഇറങ്ങി നടന്നു.അന്തരീക്ഷത്തിലെ ഒച്ചയും അനക്കവുമെല്ലാം സൂര്യതാപത്തില്‍ ഉരുകിയൊലിച്ചു പോയി. ഉഴുതു  മറിച്ച ചെമ്മണ്‍ കട്ടകള്‍ ചവുട്ടിയിടിച്ചു കൊണ്ട് നടന്നു. 
ഭായ് സാബ് ........ നിങ്ങള്‍ എങ്ങോട്ട് പോകുന്നു...........?
പിന്നില്‍ നിന്നു രത്തന്‍ ചോദിച്ചു.
'ഇനിയങ്ങോട്ട് വയലുകളാണ്. വീടോ മനുഷ്യരോ ഇല്ല' .
'രത്തന്‍ നല്ലവനാണ്..... '  അവന്‍ നമ്മളെ ആതിഥ്യം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. - സോഫി പറഞ്ഞു.
'എനിക്കും അങ്ങനെ ജീവിക്കാന്‍ കൊതിയാവുന്നു യോഗി, മൃഗങ്ങളെയും, ചെടികളെയും   പേരു വിളിച്ച്..........!
അവന്റെ 'ബേട്ടി' എന്ന പൂച്ചക്കുട്ടിയെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു.......
ബസ്സ്‌ നീങ്ങി ത്തുടങ്ങി. യാത്രക്കാര്‍ കുറഞ്ഞു കൊണ്ടിരുന്നു. ഉണ്ടായിരുന്നവര്‍ ആരും സംസാരിച്ചില്ല.ഓരോ ലോകം തീര്‍ത്ത് അതിനുള്ളിലേക്ക്‌ ഉള്‍വലിഞ്ഞു. ഒടിഞ്ഞു മടങ്ങിയ തേയില തോട്ടങ്ങളിലേക്ക് ഇരുട്ട് അരിച്ചിറങ്ങി. ഒടുവില്‍ കാഴ്ച , വാഹനത്തിന്റെ ഇത്തിരി വെട്ടത്തില്‍ പരിമിത പ്പെട്ടു.
'സോഫീ , ഞാന്‍ നഗരം മടുത്തു, ഗ്രാമത്തിലേക്ക് മടങ്ങിയാലോ എന്നാലോചിക്കുവാ '-- കഴുത്തില്‍ മുറുകി ക്കിടന്ന റ്റൈ അയച്ചിട്ടുകൊണ്ട് യോഗി പറഞ്ഞു..
'നിനക്ക് ഭ്രാന്താണ്.  മോശമല്ലാത്ത ജോലിയും ,ആഡംബര ഫ്ലാറ്റുമൊക്കെ കളഞ്ഞു നീ എങ്ങോട്ട് പോകുന്നു. റസ്റ്റോറന്റിലെ  മഞ്ഞ മുളകള്‍ക്ക് ചുവട്ടില്‍ ചൂട് ചായ ഒരു സിപ്പ് ഇറക്കി കൊണ്ട് അവള്‍ ക്ഷോഭിച്ചു. പിരിഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കു തോന്നി, യോഗി പറഞ്ഞതാണ് ശരി. നഗരം വെട്ടി പ്പിടിക്കുന്നവരുടെ ലോകമാണ്.ഊരിപ്പിടിച്ച വാളുമായി നഗര കവാടം കടന്നു വന്ന എത്ര പേര്‍. ആദ്യ നാളുകളില്‍ എന്തൊരു ഉന്മാദമാണ് ആളുകള്‍ക്ക്. ഒരു തരം ബലാല്‍ക്കാരത്തിന്റെ ആര്‍ത്തിയും ത്രസിപ്പും.ഒടുവില്‍ അവര്‍ തന്നെ നഗരത്തിന്റെ ഇര യാവുന്നു. ഒരിക്കലും പൈ അടങ്ങാത്ത ഒരു ക്രൂര ജന്തുവാണ് നഗരം. ഓരോ പ്രഭാതത്തിലും ആരോ കീ കൊടുത്തു വിടുന്ന കുറെ പാവകളാണ്  നഗര വാസികള്‍ - അടുത്ത കാലത്തെ പ്പോഴോ വായിച്ച ഒരു കവിത അവള്‍ ഓര്‍ത്തു.

എട്ടു മണിയുടെ സൈറന്‍ മുഴങ്ങിയില്ലെങ്കില്‍ നഗരം സ്തംഭിച്ചു പോകും. കുറച്ചു കാലം മുമ്പ് ഒരു സമരം നടന്നു.പ്രായവും, നിലയും നോക്കാതെ നഗരവാസികളെല്ലാം അതില്‍ പങ്കെടുത്തു. കോര്‍പ്പ റേഷന് മുമ്പില്‍ സത്യഗ്രഹമിരുന്നു.
"സൈറന്‍  പുന : സ്ഥാപിക്കുക",
"ജീവിതം തിരിച്ചു നല്‍കുക "...........
പിന്നീട് സമരത്തിന്റെ സംപ്രേക്ഷണം കണ്ടപ്പോള്‍ അതില്‍ കുട്ടികള്‍ വരെ പങ്കെടുത്തിരുന്നതായി കണ്ടു. സത്യത്തില്‍ എട്ടിന്റെ സൈറന്‍ ആണ് നഗരത്തെ നിലനിര്‍ത്തി യിരുന്നത്. അതില്ലെങ്കില്‍ നഗരം ഉണരില്ല, ഓഫീസുകള്‍ തുറക്കില്ല, സ്കൂള്‍ ബസ്സുകള്‍ വരില്ല.
'യോഗീ, ....  നീയെന്താണാലോചിക്കുന്നത്.......?
'ഞാന്‍ മുത്തശ്ശനെ  ക്കുറിച്ചു  ഓര്‍ക്കുവാരുന്നു'.
നമ്മള്‍ റസ്റ്റോറന്റില്‍ വച്ച് കണ്ട അന്ന് രാത്രി . മുത്തശ്ശന്‍ എന്റെ മുറീല്‍ വന്നു. എന്നെ മുഴുവന്‍ പേര് ചൊല്ലി വിളിച്ചു.
' യോഗീശ്വരാ '...........
'നിനക്ക് ഞാനൊന്നും തന്നില്ല, എന്നും പറഞ്ഞു എന്റെ വിയര്‍ത്ത നെറ്റിയില്‍ തലോടി.നമ്മുടെ തൊടീടെ തെക്കേ അതിരില്‍ ഒരു നാട്ടു മാവ് നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ ഒരു പിച്ചള ചുറ്റുള്ള പെട്ടി കുഴിചിട്ടിട്ടുണ്ട്. എന്റെ സമ്പാദ്യമെല്ലാം അതിലുണ്ട്. '
ഞാന്‍ ഞെട്ടിയുണര്‍ന്നു ലൈറ്റിട്ടു. എല്ലാം സ്വപ്നമായിരുന്നെന്നു ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷെ എന്റെ ബെഡ്ഡില്‍ മുത്തശ്ശന്റെ ചന്തിപ്പാട് ഒടിഞ്ഞു കിടപ്പുണ്ടായിരുന്നു.
അവള്‍ ബാഗില്‍ നിന്നൊരു മഞ്ഞ മഫ്ലയര്‍ എടുത്തു തല മൂടി .
നീ എപ്പോഴെങ്കിലും മുത്തശ്ശനെ കണ്ടിട്ടുണ്ടോ...........? അവള്‍ അലസമായി ചോദിച്ചു.
നേരിയ ഓര്‍മ്മ. പുറത്തെ മഞ്ഞിന്‍ പാളികള്‍ അയാളുടെ മുഖത്തേക്ക് പടര്‍ന്നു.  അച്ഛന്റെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങിയപ്പോള്‍   കയറ്റു കട്ടിലില്‍ മുത്തശ്ശന്‍ ഉണ്ടായിരുന്നു. ചുളിവു വീണ മുഖത്ത് കണ്ണീരിന്റെ ഈര്‍പ്പം പറ്റി നിന്നിരുന്നു.   അച്ഛന്‍ തല ചെരിച്ചു നോക്കി. മുത്തച്ഛനപ്പോള്‍ ഒരു പ്രതിമ പോലെ ദൂരെയ്ക്കെവിടെയ്ക്കോ നോക്കി യിരുന്നു.
ഒരു യാത്രയുടെ ഉത്സാഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ചെളി വെള്ളം കെട്ടി നില്‍ക്കുന്ന തെരുവും,ചെറിയ ഇടവേളകളില്‍ അലറി വിളിച്ചു പോകുന്ന തീവണ്ടികളും എന്നെ പെട്ടെന്ന് വെറുപ്പിച്ചു തുടങ്ങി.
നീ കഥ പറയാന്‍ പോവ്വാ ..........?
ഇല്ല , വെറുതെ ഓരോന്ന്...........
പട്ടണത്തില്‍ നിര്‍ത്താതെ മഴ പെയ്തിരുന്ന ഒരു കാലത്താണ് അച്ഛന്‍ മരിക്കുന്നത്.. നാലഞ്ചു ദിവസമായീ ഇടതടവില്ലാത്ത മഴ. വീട്ടിലേക്കുള്ള ഗോവണി യുടെ  അടിപ്പടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ജനാലകള്‍ തുറന്നാല്‍ കാണുന്ന വിശാലമായ മൈതാനം ഒരു കായലായി മാറി ആളുകള്‍ തുഴഞ്ഞും, നീന്തിയും രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ മൈതാനക്കാഴ്ച്ചകളില്‍ ആയിരുന്നു.
അച്ഛന്റെ ശരീരവും എടുത്തുകൊണ്ടു ആരൊക്കെയോ മഴയിലേക്കിറങ്ങി.
മോന്‍ വരേണ്ട ..... ഞങ്ങളൊക്കെ യുണ്ട്..... ............
ആരോ എന്നെ മഴ വിലക്കി.
അന്ന് രാത്രി മുത്തച്ഛന്‍ വന്നിരുന്നു.'വരുന്നില്ലേ .......? ഇനിയെന്താ ഇവിടെ കാര്യം.......?
ഒരു കാവി മുണ്ടാണ് ഉടുത്തിരുന്നത്. തോളില്‍ ഒരു ചുവന്ന ഈരെഴയന്‍ തോര്‍ത്ത് തോളിലൂടെ ഇട്ടിരുന്നു.
ബസ്സ് , ഒടുവിലത്തെ സ്റ്റോപ്പില്‍ എത്തിയത് അറിഞ്ഞില്ല.ജോലിക്കാര്‍ വേഗത്തില്‍  ഷട്ടറുകള്‍ താഴ്ത്തി ഉറങ്ങാന്‍ ധൃതി കൂട്ടി. അവര്‍ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.വഴിയരികിലെ കൊച്ചു കൊച്ചു കടകള്‍ പാറക്കെട്ടുകള്‍ പോലെ കറുത്തു പുകഞ്ഞു.
'ഞാനോര്‍ക്കുകയായിരുന്നു, യാത്ര തുടങ്ങിയപ്പോ, എത്രയാളുകള്‍, എന്താരുന്നു തിരക്ക്' ......! സോഫി ആരോടെന്നില്ലാതെ പറഞ്ഞു.
വഴി നേര്‍ത്തു ഒറ്റയടി പ്പാതയായി  ഒടുവില്‍ ഒരു മണ്‍തിട്ടയില്‍ അവസാനിച്ചു. ഉയരങ്ങളിലേക്കുള്ള കുത്തുകല്ലുകള്‍ കയറുന്നതിനിടയില്‍ സോഫി മൊബൈല്‍ ഫോണെടുത്തു.
'മമ്മയെ ഒന്ന് വിളിച്ചാലോ   ........?
നഗരത്തിന്റെ പരിധി എപ്പഴേ കഴിഞ്ഞു., നമ്മളിപ്പോള്‍ ഗ്രാമത്തിന്റെ കൈകളിലാണ്." - ഒരു  തമാശ പോലെ യോഗി പ്രതിവചിച്ചു.

അപ്പോഴേക്കും അവര്‍ ഒരു കുന്നിന്‍ നെറുകയില്‍ എത്തിയിരുന്നു. ഒടുവിലത്തെ തുലാമഴ നക്കിയെടുത്ത കുഴികള്‍ കയറിയിറങ്ങി  അവര്‍ നിശബ്ദമായി നടന്നു. പെട്ടെന്ന് , താഴ്വാരയിലെ മരങ്ങളെ കാറ്റ് വട്ടം കറക്കുന്ന ഒച്ചയിലേക്ക് അവള്‍ മൊബൈല്‍ വലിച്ചെറിഞ്ഞു.
'നീയുള്ളപ്പോള്‍ എനിക്കെന്തിനാ ഫോണ്‍.'
യോഗി, അവളുടെ കഴുത്തിലൂടെ കരങ്ങള്‍ കോര്‍ത്തിട്ടു കൊണ്ട് പറഞ്ഞു.-" ഈ നിലാവത്ത് നീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു." അവള്‍ അയാളുടെ കവിളില്‍ ചുംബിച്ചു.
നിലാവിന് ഇത്രയും മധുരമുണ്ടെന്നു ഞാനറിഞ്ഞില്ല - യോഗീ.
പെട്ടെന്ന് അവള്‍ നിശബ്ദയായി. വിദൂരതയില്‍ ഒരു  താഴ്വരയില്‍ അജ്ഞാതമായ ഒരു നഗരം വെള്ളി പ്രഭ തൂകി നിന്നു. അല്‍പ്പ നേരം അവള്‍ അതില്‍ ആകൃഷ്ട യായത്‌ പോലെ യോഗിക്ക് തോന്നി.
നഗരത്തിലേക്ക് മടങ്ങണമെന്നു തോന്നുന്നുണ്ടോ............?
ഇല്ല ,ഞാനതല്ല ചിന്തിച്ചത്. എല്ലാ നഗരവും ഒരുപോലെയാണ്, കത്തി ജ്വലിക്കുന്ന വിളക്കുകളും,തിക്കി ത്തിരക്കുന്ന തെരുവുകളും.
യോഗീ,  ആ നഗരത്തിലും നമ്മളെ പോലെ രണ്ടു പേരുണ്ടാവും.............  അല്ലെ ?
'അറിയില്ല'
'എന്നാല്‍ ഉണ്ട് '. നഗരത്തില്‍ നിന്നു രക്ഷപ്പെടാന്‍ കൊതിക്കുന്ന   രണ്ടു പേര്‍.
യോഗി സോഫിയെ എതിര്‍ക്കാനോ, അനുകൂലിക്കാനോ ശ്രമിച്ചില്ല.
അവള്‍ താഴ്വരയിലേക്ക് നീട്ടി വിളിച്ചു. "സ്വാതന്ത്ര്യ മോഹികളെ, രക്ഷയുടെ വഴി ഇതിലെ...
വിഷ്  യു ആള്‍ ദ ബെസ്റ്റ്. ആന്‍ഡ്‌ ഹാപ്പി ജേര്‍ണി ."
പൊന്തകളില്‍ നിന്നു നായകള്‍ , നിശബ്ദതയെ ഭേദിച്ചതിനു പ്രതികരിച്ചു.
സോഫി., ദാ......... ...ആ താഴ്വരയിലേക്ക് നോക്കൂ. ...
"അതാണ്‌ നമ്മുടെ മണ്ണ്."
തൊടിയിലെ ,വന്‍ മരങ്ങള്‍ ജനുവരി ക്കാറ്റില്‍ ഇളകി .  ഒരു കറുത്ത സ്മാരകം പോലെ ഇടിഞ്ഞു പൊളിഞ്ഞ വീട് മരവിച്ചു നിന്നു.അവരുടെ കാഴ്ചകളെ മറച്ചു കൊണ്ട് മൂടല്‍ മഞ്ഞു പറന്നു നടന്നു.
യോഗീ, ഭൂമി ഇവിടെ അവസാനിക്കയാണോ.............? എനിക്കങ്ങനെ ഫീല്‍ ചെയ്യുന്നു.
ആ തമാശയില്‍  പങ്കു ചേരാതെ അയാള്‍ മണ്‍ തിട്ടയിലൂടെ താഴേക്കു കാലുകളൂന്നി.  തൊടിയിലെ കരിയിലകള്‍  മഞ്ഞില്‍ പൂണ്ടു  നിശബ്ദത പാലിച്ചു. ഇരുട്ടില്‍ നിന്നു പെട്ടെന്ന് ആരോ ചോദിച്ചു.
ആരാദ് .........?  ഇരുട്ടില്‍ നിന്നു ഒരു കറുത്ത രൂപം അവരുടെ മുമ്പിലേക്ക് ഇറങ്ങിവന്നു. കൂനു പിടിച്ചു പോയ ശരീരം തെല്ല് ഉയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് , തിരി നീട്ടി ക്കത്തിച്ച ഓട്ടു വിളക്കിന്റെ  അരണ്ട വെളിച്ചത്തില്‍ ഒരു വൃദ്ധന്‍  ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. കുഴിയിലേക്ക് ഇറങ്ങി പ്പോയ കണ്ണുകളില്‍ ഇരുട്ട് കട്ട പിടിച്ചു കിടന്നു.
'പോണതിനു മുമ്പ്  ഇത്തിരി വെള്ളം ദേഹത്തൂറ്റുവാര്‍ന്നു' .
അവരെ ഉമ്മറ ത്തേക്ക് വിളക്കു കാണിച്ചിട്ട് വൃദ്ധന്‍ വീണ്ടും കിണറ്റു കരയിലേക്ക് മടങ്ങി. ചുവരുകള്‍ക്ക് മീതെ തുറന്ന ആകാശമായി കിടന്ന വീടിന്റെ ഉമ്മറ ത്തിരുന്നു സോഫി ശബ്ദം താഴ്ത്തി ചോദിച്ചു, 'ഇത് തന്നെയാണോ യോഗി ,നീ പറഞ്ഞ വീട്.'
യോഗി എന്തെങ്കിലും പറയുന്നതിന് മുമ്പ് വൃദ്ധന്‍ ഈറനോടെ മടങ്ങി വന്നു. മടിക്കുത്തില്‍ തിരുകിയിരുന്ന താക്കോല്‍ ക്കൂട്ടം അയാളെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു, 'വാതിലുകളെ നഷ്ട പ്പെട്ടിട്ടുള്ളൂ'.
തൊടിയില്‍ അടയ്ക്കാ മരമുണ്ട്,ഓലയുണ്ട് , നിങ്ങള്‍ക്കിഷ്ടമുള്ള പോലെ വീടും ,വാതിലുകളും പണിതു കൊള്ളൂ. ഒരു തണുത്ത ഗ്രഹംപോലെ യോഗി  താക്കോല്‍ കൂട്ടം കയ്യില്‍ താങ്ങി.
വൃദ്ധന്‍ അകത്തേക്ക്  നോക്കി വിളിച്ചു, മോനെ ............
ചുവരുകള്‍ക്കിടയില്‍ നിന്നു,പൊട്ടി പ്പൊളിഞ്ഞവാതിലുകള്‍ തള്ളി നീക്കി  ആരോ ഇറങ്ങി വന്നു.അയാള്‍ ഇരുട്ടിന്റെ കനമുള്ള കവചം ധരിച്ചിരുന്നു .രണ്ടു പേരും നിശബ്ദമായി കല്‍ പ്പടവുകള്‍ ഇറങ്ങി പ്പോയി.
രാത്രിയില്‍ മലങ്കാറ്റ്‌  മഹാവൃക്ഷ ങ്ങളെ അമ്മാനമാട്ടി. അടയ്ക്കാ മരങ്ങളെ ഉഴുതു മറിച്ചു.യോഗിയുടെ  രോമാവൃതമായ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു കൊണ്ട് സോഫി ചോദിച്ചു. 
'യോഗീ, നിനക്ക് പേടിയാവുന്നുണ്ടോ.............?
അയാള്‍ സാന്ദ്രമായി മൊഴിഞ്ഞു , 'എന്തിനു , ഇത് നമ്മുടെ മണ്ണല്ലേ '.......................

നഷ്ടപ്പെട്ട മഞ്ഞുകാലംനാം കാണുന്ന ചിലരെ ,ചില സ്ഥലങ്ങള്‍ ,എവിടെയോ കണ്ടു മറന്ന പോലെ ഒരനുഭവം . തല പുകഞ്ഞാലോചിച്ചിട്ടുണ്ട് , എപ്പോഴാണ് ഞാനിവിടെ വന്നതെന്ന് ഓര്‍ക്കാന്‍ പറ്റാതെ വിയര്‍ ത്തിട്ടുണ്ട് . പക്ഷെ ,നമ്മള്‍ വന്നിട്ടുണ്ടാവില്ല. ഇതിനു ആത്മീയ വാദികള്‍ പറയുന്നത് ,മുന്‍  ജന്മത്തില്‍ ഉണ്ടായിട്ടുള്ള ഇടപെടലുകളില്‍ നിന്നാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. കഴിഞ്ഞ ദിവസം മാധ്യമം വാരികയില്‍ ഒരു ചിത്രം കണ്ടു.മലഞ്ചെരുവിലൂടെ പതഞ്ഞൊഴുകുന്ന ഒരു പുഴ. പെട്ടെന്ന് നാട് ഓര്‍മ വന്നു. പാറക്കൂട്ടങ്ങളില്‍ ഞെരുങ്ങി ഒഴുകുന്ന ഇതുപോലൊരു പുഴയില്‍ ഞാന്‍ കുളിച്ചിട്ടുണ്ട്. പുഴയില്‍ മുഖം നോക്കുന്ന നീല മലകളെ  നോക്കി നിന്നിട്ടുണ്ട്. ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ എത്രയെത്ര ശിശിര കാലങ്ങളില്‍  ഞാന്‍ നടന്നിട്ടുണ്ട്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ  എന്നെ ആവേശിച്ചു. ഞാന്‍ ചിത്ര ത്തോടൊപ്പമുള്ള ലേഖനം വായിക്കാന്‍ തുടങ്ങി. അത്ഭുതപ്പെട്ടു പോയി.  എന്റെ നാടിനെ  ക്കുറിച്ച്. ജോര്‍ജു ജോസഫ്‌ .കെ. എഴുതിയഒരു  ലേഖനം ആയിരുന്നു അത്. 

ഒറ്റപ്പെട്ട ഒരു നിമിഷത്തില്‍ അത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് പൊട്ടി ക്കരയണമെന്നുതോന്നി.മുപ്പത്തഞ്ചു വര്‍ഷം എന്റെ ചിന്തകള്‍ക്കും,സ്വപ്നങ്ങള്‍ക്കും സാക്ഷിയായ മണ്ണിനോട് ഞാന്‍ കാണിച്ച നന്ദി കേടു ഓര്‍ത്തു സ്വയം ശപിച്ചു. കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിര്‍ദാക്ഷിണ്യം  വിറ്റു കളഞ്ഞ എന്റെ ഇത്തിരി മണ്ണിനെ ഓര്‍ത്തു പോയി. എനിക്ക് എങ്ങനെ അവിടെ നിന്ന് വിട്ടുപോകാന്‍ കഴിഞ്ഞു.ഏറ്റവും ഒടുവില്‍ എന്നെ ആ മണ്ണുമായി ബന്ധിച്ചത് ഉമ്മയാണ്. യാത്ര പറയാന്‍ പള്ളിക്കാട്ടില്‍ ചെന്നപ്പോള്‍ ആ  ഖബര്‍ വിങ്ങിയിരിക്കില്ലേ  ............?

എരുമേലിയെ ക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് ഒരു വസന്തത്തിന്റെ ശോഭയുണ്ട്. ആദ്യമായി ഞാന്‍ ആ നാട്ടില്‍ വന്നത് ഒരു ഡിസംബറില്‍ ആണ്.റോഡിനു ഇരു വശവ മുള്ള കയ്യാല കളില്‍അന്ന് ക്രിസ്തുമസ് പുല്ലുകള്‍  തളിര്‍ത്തിരുന്നു. കിഴക്കന്‍ മലകളില്‍നിന്ന് സദാ തണുത്ത കാറ്റ്വീശിയിരുന്നു.  യൌവ്വന കാലത്ത് ഈ ചിഹ്നങ്ങളൊക്കെ എന്നില്‍ വല്ലാത്ത പ്രണയ ചിന്തകള്‍ ഉണര്‍ത്തി.. കുട്ടിക്കാന ത്തിന്റെ നെറുകയില്‍ നിന്നാല്‍ ഇത് പോലുള്ള കാറ്റിന്റെ സുഖം നമുക്ക് കിട്ടും.  അന്ന് ഞാന്‍ ഒരു വിരുന്നു കാരന്‍ ആയിരുന്നു എരുമേലിയില്‍. ഏഴു വയസ്സ്. ആ നാട് എന്റെ പോറ്റമ്മ ആകുമെന്ന് അന്നു വിചാരിച്ചിരുന്നില്ല.വീണ്ടും ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ ഞങ്ങള്‍ എരുമേലിയിലേക്ക് താമസം മാറ്റി. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഞാനും ഉമ്മയും. പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഇരുമ്പ് പെട്ടിയുമായി  എന്നെയും കൈക്ക് പിടിച്ചു ഉമ്മ എരുമേലിയില്‍ ബസ്സിറങ്ങി. ഞങ്ങളുടെ  ആകെയുണ്ടായിരുന്ന സമ്പാദ്യം പെട്ടിക്കുള്ളിലുണ്ടായിരുന്ന ഇത്തിരി നെല്ല് ആയിരുന്നു.പിന്നീടങ്ങോട്ട് നാടിന്റെ ഋതു ഭേതങ്ങളില്‍ ഞാന്‍ ഇല്ലാതായി തീര്‍ന്നു.മഴ പൊട്ടിയൊലിക്കുന്ന കര്‍ക്കിടകങ്ങളില്‍ ഞങ്ങളുടെ തൊടിയിലേക്ക്‌ ഇരച്ചു കയറുന്ന മലവെള്ളത്തില്‍ ചങ്ങാടം കെട്ടി. പത്താളെ കാണ്‍കെ മലവെള്ളത്തില്‍ എടുത്തു ചാടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്.

കൌമാര കാലത്ത് ഞാന്‍ ഒരു പെണ്‍കുട്ടി യുമായി പ്രണയത്തില്‍ ആയിരുന്നു. പിന്നെ ഓര്‍ത്തെടുത്ത പ്പോള്‍ അതും ഒരു മഞ്ഞു കാലത്താണ്. ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ ദേവാലയത്തില്‍ നിന്ന് നേര്‍ത്ത വയലിന്‍ നാദം പോലെ കടന്നു വന്നിരുന്ന രാക്കുര്‍ബാനയില്‍ അവളുടെ സ്വരം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ ഉണര്‍ന്നിരുന്നു. അന്നാണ് എന്റെ രണ്ടു ബോഗന്‍ വില്ലയും പൂവിട്ടത്. ഒരു റോസും ,വേറൊരു മഞ്ഞയും. റോസ് പൂക്കള്‍ വിടര്‍ത്തി ക്കൊണ്ടേ ഇരുന്നു. അതെല്ലാം എന്റെ വീട്ടു മുറ്റത്തു പറന്നു നടന്നു. ദുഃഖ വെള്ളിയാഴ്ച വരുന്ന ഏപ്രില്‍ മാസം കടുത്ത ചൂടായിരിക്കും ഞങ്ങളുടെ നാട്ടില്‍ .മരങ്ങള്‍ മൂകമായി നില്‍ക്കും.അക്കാലത്ത് ഒരു ദിവസം അവള്‍ പ്രണയം കെടാത്ത മനസ്സുമായി നാട്ടില്‍ നിന്ന് പോയി.
അവിടെ തുടങ്ങുന്നു എന്റെ പാലായനവും, ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍. വിദേശത്ത് വച്ച് ഒരു പ്രഭാതത്തില്‍ കാപ്പി തയ്യാറാക്കുന്നതിനിടയില്‍ ഞാന്‍ ഒരു അയ്യപ്പ ഗാനം മൂളി. 

നിനക്ക് രാവിലെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും പറഞ്ഞുകൂടെ .........?

ഒപ്പമുണ്ടായിരുന്ന ആള്‍ പെട്ടെന്ന് ക്ഷോഭിച്ചു.- 'അള്ളാന്നു വിളിക്കേണ്ട  നേരത്ത്  അയ്യപ്പനെ വിളിച്ചതാണ് അയാളുടെ പ്രശ്നം.

'ഞങ്ങള്‍ക്കങ്ങനൊരു വ്യത്യാസം ഇല്ല'.- ഞാന്‍ പറഞ്ഞു., 

പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള ക്ഷമ അയാള്‍ക്കില്ലായിരുന്നു. രണ്ടു ദിവസമെടുത്തു എന്നോടുള്ള ദേഷ്യം ഒന്നു കെട്ടടങ്ങാന്‍, അതുപോലെ മറ്റൊരിക്കല്‍ പ്രത്യഭിവാദ്യമായി നമസ്ക്കാരം എന്ന് പറഞ്ഞതിന് ഒരു കോഴിക്കോടുകാരന്‍ എന്നോട് കയര്‍ത്തു. അല്ലാഹുവിനോട് മാത്രമേ നമസ്ക്കാരം എന്നു  പറയാന്‍ പാടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഒരു പക്ഷെ ഞാന്‍ എരുമേലി ക്കാരന്‍ ആയതു കൊണ്ടാവാം. മത സങ്കുചിതത്വം തീരെ ഇല്ലാത്ത ഒരു നാടാണ് ഞങ്ങളുടേത്. ഇതര മതസ്ഥര്‍ ഇഴ ചേര്‍ന്നാണ് ജീവിക്കുന്നത്. ശബരിമലയുടെ സ്വാധീനം കൊണ്ടുതന്നെയാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മതപരമായ ഒരു അനൈക്യവും അവിടെ ഉണ്ടായിട്ടില്ല. അത്തരം ഒരു നാട്ടില്‍ നിന്നാണ് ഒരു ദിവസം എല്ലാം അവസാനിപ്പിച്ചു മടങ്ങിയത്.

സ്ഥലത്തിന്റെ കച്ചവടം ഉറപ്പിക്കുമ്പോള്‍ ഞാന്‍ ഏതു സ്വപ്ന ലോകത്തായിരുന്നു എന്ന് ആലോചിക്കാറുണ്ട്. ഞാന്‍ ഭാര്യ പിതാവിനെ വിളിച്ചു പറഞ്ഞു.,  സ്ഥലത്തിന്റെ അഡ്വാന്‍സ് വാങ്ങുകയാണ്.
'നിന്റെ സ്വന്തം തീരുമാനമാണ്. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല.'
എനിക്ക് പിന്‍വാങ്ങാന്‍ ഒരവസരം അദ്ദേഹം തന്നു.
കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. പണം എണ്ണി വാങ്ങി. വീട് ഒഴിഞ്ഞു കൊടുക്കുന്നതിനു മുമ്പ് സാധന സാമഗ്രികളെല്ലാം മാറ്റപ്പെട്ട വീട്ടില്‍ ഞാന്‍ ഭാര്യയോടൊപ്പം ഒരു രാത്രി വന്നു  ചെലവഴിച്ചു. ഇനിയൊരിക്കലും ഇവിടെ ഉറങ്ങാന്‍ പറ്റില്ല എന്ന ബോധം എന്നെ വല്ലാതെ നോവിച്ചു. ഞങ്ങള്‍ അന്ന് നവ വധൂ വരന്മാരെ പോലെ ഇണ ചേര്‍ന്നു.നിലത്തു കിടന്ന് . പിറ്റേന്ന് മടങ്ങുമ്പോള്‍ അയല്‍ക്കാര്‍ കരഞ്ഞു. ചിലര്‍ ഞങ്ങളോടൊപ്പം കുറെ ദൂരം നടന്നു.വല്ലപ്പോഴും വരാമെന്ന് വെറും വാക്ക് കൊടുത്തു.
ഇനിയും ആ വീട് മടക്കി കിട്ടുക അസാധ്യമായ കാര്യമാണ്. എന്തെല്ലാമാണ് ഞാനവിടെ ഉപേക്ഷിച്ചു പോന്നത്..............? എന്റെ മധുവിധു കാലം, എന്റെ മക്കളുടെ ശൈശവം, ഏറ്റവും ഒടുവില്‍  ഉമ്മയുടെ അവസാന നിമിഷങ്ങള്‍....................
അങ്ങനെ തീരാ നഷ്ടങ്ങളുടെ കുറെ കഥകള്‍ ..........!