Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഒരു അനാഥക്കുട്ടി









അവധിക്കു നാട്ടിലെത്തിയ ഒരു ദിവസമാണ് ഞാന്‍ ആ അനാഥാലയത്തില്‍ പോകുന്നത്.അതും ഭാര്യയുടെ യും, കുട്ടികളുടെയും നിര്‍ബന്ധത്തിനു വഴങ്ങി. വലിയൊരു  കെട്ടിട സമുച്ചയത്തിനു   നടുവിലെ  മൈതാനത്ത് വാഹനം നിര്‍ത്തി അനാഥ മന്ദിരത്തിലേക്ക് നടക്കുമ്പോള്‍ വരാന്തയിലും, മുറ്റത്തുമായി നിന്നിരുന്ന കുട്ടികള്‍ ഞങ്ങളെ ശ്രദ്ധിച്ചു.വാഹനത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായി എത്തിയ ഒരു കുട്ടിയെ ഭാര്യാ പിതാവ് ശകാ രിക്കുന്നത് കേട്ടു. ഒന്നും നഷ്ട പ്പെടാനില്ലാത്ത , അല്ലെങ്കില്‍ ഒന്നും  അവകാശപ്പെടാനില്ലാത്ത കുറെ കുട്ടികളുടെ നടുവിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തിലായിരുന്നു ഞാന്‍.  അതുകൊണ്ടാ ണ് യാത്രയില്‍ നിന്ന് പിന്മാറാന്‍ ആദ്യം ശ്രമിച്ചത്.

കൌമാര പ്രായക്കാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെയുള്ള ഒരു അനാഥാലയം ആയിരുന്നു അത്. സന്ദര്‍ശകരുടെ ആഡംബര പ്രദര്‍ശനത്തിനു മുമ്പില്‍ ആ കുട്ടികള്‍ ചെറുതാകുന്നത് പോലെ തോന്നി. നിറം മങ്ങിയ വസ്ത്രങ്ങള്‍ ആയിരുന്നു അവര്‍ ധരിച്ചിരുന്നത്. നീലയില്‍ വെളുത്ത ലൈനുള്ള ഉടുപ്പുകള്‍ അനാഥത്വത്തിന്റെ ചിഹ്നമായി ചില രെങ്കിലും കരുതുന്നുണ്ടാവാം. വര്‍ണ്ണ പോലിമയുള്ള വസ്ത്രം ധരിച്ചു വരുന്ന സന്ദര്‍ശകരെ അവര്‍ അസൂയയോടെ നോക്കിയിരിക്കണം. വളരുന്നു എന്നതിലപ്പുറം യാതൊരു പരിഗണന യും അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് അവരുടെ ശരീര ശാസ്ത്രം തെളിയിക്കപ്പെട്ടു കൊണ്ടിരുന്നു.

                                                     
 
ഓഫീസില്‍ ചെറിയ സംഭാവന നല്‍കി പുറത്ത് വന്നപ്പോള്‍ 
രക്ഷാധികാരി ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചു. സന്ദര്‍ശക മുറിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ചോദിച്ചു, കുട്ടികളുടെ ഒപ്പം ഇരിക്കാന്‍ പറ്റുമോ.......?
'കുട്ടികളെ സന്ദര്‍ശക രോടൊപ്പം   ഇരുത്താറില്ല'. അയാള്‍ സൌമ്യമായി പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള ഒരു മുറിയില്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ , തൊട്ടടുത്ത കെട്ടിടത്തില്‍ കിളികള്‍ ചേക്കേറുന്നത് പോലെകുട്ടികള്‍ ബഹളം കൂട്ടുന്നത്‌ കേട്ടു. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ പ്പോള്‍ കുട്ടികളോട് മുറ്റത്തേക്ക്‌ വരാന്‍ പ്രധാന അദ്ധ്യാപകന്‍ ആജ്ഞാപിച്ചു. ആദ്യം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്,അയാള്‍ എപ്പോഴും ഒരു ചൂരല്‍ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് വീശിക്കൊണ്ടാണ്‌ ആഞ്ഞാപിക്കുന്നത്.. മുറ്റത്തിന്റെ തണല്‍ വീണ കോണില്‍ കുട്ടികള്‍ ഒത്തുകൂടി.
കാഴ്ച ബംഗ്ലാവിലെ ഒരു ഗൈഡ് നെ പോലെ അയാള്‍ കുട്ടികളെ ചൂണ്ടി ഓരോന്ന് വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികള്‍ തല താഴ്ത്തി നില്‍ക്കയാണ്‌. ചിലര്‍ ഞങ്ങളെ നോക്കി. ഇവിടെ ആരാണ് കാഴ്ച ക്കാര്‍ .......?  ആരാണ് കാഴ്ച.......? എനിക്ക് ഉത്തരം കിട്ടിയില്ല. പാപക്കറകള്‍ കഴുകി കടന്നു പോയവരുടെ ശേഷിപ്പ് കളോട് നിങ്ങള്‍ സഹോദരങ്ങള്‍ ആണെന്ന് പറയുന്ന അത്ര വിഡ്ഢിത്തം വേറെ ഇല്ലെന്നു എനിക്ക് തോന്നി.

നീ നിസ്ക്കരിച്ചോടാ .........?  

കൂട്ടത്തില്‍ നിന്ന ഒരു ഇരു നിറ ക്കാരനോട്  അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.ഞങ്ങളെ ക്കുറിച്ച് കുട്ടികളോട് അയാള്‍ പറഞ്ഞു. ' ഈ നില്‍ക്കുന്നവര്‍ നിങ്ങളെ കാണാന്‍ വന്നവരാണ്. അവര്‍ക്ക് വേണ്ടി നിങ്ങള്‍ ദു : ആ ( പ്രാര്‍ത്ഥിക്കണം )  ചെയ്യണം.

'എന്താണ് ഞങ്ങളുടെ പ്രത്യേകത. നിങ്ങടെ മക്കളെ പോലെ കണ്ണും, കാതുമൊക്കെ ഞങ്ങള്‍ക്കുമുണ്ട്‌'............ അങ്ങനെ ആരെങ്കിലുമൊന്നു പ്രതിഷേധിക്കാന്‍ ഞാന്‍ കൊതിച്ചു. ആരും പ്രതികരിച്ചില്ല. പെട്ടെന്ന് , ഒരു കൊച്ചു കുട്ടി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു.ഏറിയാല്‍ ആറു വയസ്സ്. അധ്യാപകന്റെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവന്‍ ഒരു തൂണിനു മറഞ്ഞു.

'അഷ്ക്കര്‍, ഇവിടെ വരൂ.............

അദ്ധ്യാപകന്‍ കല്‍പ്പിച്ചു.അവന്റെ മൊട്ട ത്തലയിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

'എവിടെടാ നിന്റെ തൊപ്പി ..............?

അവന്‍ ഞങ്ങളെ നോക്കി . കുറെ അപരിചിതരുടെ മുമ്പില്‍ നിന്ന് കരയാന്‍ അഭിമാനം അവനെ അനുവദിച്ചില്ല. നിറഞ്ഞ കണ്ണുകളോടെ ആ കുട്ടി മുറിയിലേക്ക് വിരല്‍ ചൂണ്ടി.

'വേഗം എടുത്തു വാ'  .........

എന്റെ കണ്ണുകള്‍ നിറയുന്നത് മറയ്ക്കാന്‍  ഒരു കര്‍ചീഫ്‌ കൊണ്ട് ഞാന്‍ മുഖം പൊത്തി. എല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ രക്ഷാധികാരിയോടു ആറുവയസ്സു കാരനെ ക്കുറിച്ച് അന്വേഷിച്ചു.
'വളരെ ചെറുപ്പത്തില്‍ ഇവിടെ വന്നു പെട്ടതാണ്. ഇവനാണ് ഇവിടുത്തെ ചെറിയ കുട്ടി'. 

മോന്‍ ഇങ്ങു വരൂ ........ഞാന്‍ വിളിച്ചു.

അവന്‍  വന്നില്ല. ഒരു അനാഥന്‍ എങ്ങനെയാവണം എന്നെനിക്കു കാണിച്ചു തരികയായിരുന്നു അപ്പോഴവന്‍. ഞാനവന്റെ മൂര്‍ദ്ധാവില്‍ തലോടി.  എന്തൊക്കെയോ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നതാണ്, അതെല്ലാം എന്റെ  നെഞ്ചില്‍ തറച്ചിടപ്പെട്ടു.




 മാതാപിതാക്കളുടെ നടുവില്‍ സുഖം പറ്റി ഉറങ്ങേണ്ട പ്രായം. നീണ്ട ഒറ്റ വരി പ്പായയില്‍ ആരുടെയൊക്കെയോ കൂടെ അവന്‍ ഉറങ്ങുന്നു. " ഭൂത പ്രേതങ്ങളെ, ഗര്‍ജിക്കുന്ന  മഴ മേഘങ്ങളേ, നിങ്ങള്‍ ഈ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്, അവനു അഭയം ആരുമില്ല. അവന്‍ അനാഥ നാണ്.

മടക്ക യാത്രയില്‍ ഞാനാകെ അസ്വസ്ഥനായിരുന്നു. എന്റെ മക്കളോട് സ്നേഹം കുറഞ്ഞു പോവുകയാണോ ........ ? അതോ, അഷ്ക്കര്‍ എന്ന അനാഥ ക്കുട്ടിയെ കൂടി ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തുക യായിരുന്നോ ...........?  എനിക്ക് ഉത്തരമില്ലായിരുന്നു.

വിദേശത്തേക്ക് മടങ്ങിയ ശേഷം  ഈ  മെയില്‍ വഴി ഞാന്‍ പലരോടും അഭ്യര്‍ഥിച്ചു. എന്തെങ്കിലും സഹായം ആ അനാഥാലയത്തിന് നല്‍കാന്‍.  അതിന്റെ നേരിയ ഒരു കണികയെങ്കിലും എന്റെ അനാഥക്കുട്ടിക്കു ലഭിക്കുമല്ലോ. ഈ കുറിപ്പെഴുതുമ്പോഴും ചോര്‍ന്നൊലിക്കുന്ന ആകാശത്തിനു താഴെ 
ആ മൈതാനത്ത്, അവന്‍ ഓടി ക്കളിക്കുന്നുണ്ടാവും. നീലയില്‍ വെള്ള വരയിട്ട അനാഥത്വം അണിഞ്ഞു  കൊണ്ട്...................

5 Responses to ഒരു അനാഥക്കുട്ടി

  1. ഹൃദയത്തോട് ചേര്‍ക്കേണ്ട ഒരു പോസ്റ്റ്‌.. ചുരുങ്ങിയ വാക്കുകളില്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ കുറിച്ച് പറഞ്ഞു

  2. " ഭൂത പ്രേതങ്ങളെ, ഗര്‍ജിക്കുന്ന മഴ മേഘങ്ങളേ, നിങ്ങള്‍ ഈ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്, അവനു അഭയം ആരുമില്ല. അവന്‍ അനാഥനാണ് "

    ഈ ഒരു വരിയില്‍ അടങ്ങിയ മനുഷ്യസ്നേഹം എന്നെ വീര്‍പ്പ് മുട്ടിക്കുന്നു.

  3. നമ്മുടെ കുഞ്ഞുങ്ങൾ എവിടെയെങ്കിലും ഒന്നു കാലിടറിയാൽ അവരുടെ ദേഹത്ത് ക്രമത്തിലധികം ഒന്ന് ചൂടനുഭവ്പ്പെട്ടാൽ നമ്മൾ എന്തുമാത്രം വ്യാകുലപ്പെടും.. ഈ കുട്ടികൾ.. ഇവർക്കാരുണ്ട്.. വ്യാകുലപ്പെടാനും ചേർത്ത് പിടിക്കാനും..
    നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്..

  4. നിസ്സാര്‍ ഇക്ക ഇത് ശെരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കാരണം ഞാനും ഇത് പോലെ ആറു വര്‍ഷം ഒരു അനാധാലയത്തില്‍ നിന്നാണ് പഠിച്ചത് ഇത് വായിച്ചപ്പോള്‍ പഴയത് പലതും ഓര്‍ത്തു പോകുന്നു സ്നേഹപൂര്‍വ്വം വിനയന്‍ .........................

  5. കാണേണ്ടത് കാണുന്ന കണ്ണട

Leave a Reply