Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

നഷ്ടപ്പെട്ട മഞ്ഞുകാലം



നാം കാണുന്ന ചിലരെ ,ചില സ്ഥലങ്ങള്‍ ,എവിടെയോ കണ്ടു മറന്ന പോലെ ഒരനുഭവം . തല പുകഞ്ഞാലോചിച്ചിട്ടുണ്ട് , എപ്പോഴാണ് ഞാനിവിടെ വന്നതെന്ന് ഓര്‍ക്കാന്‍ പറ്റാതെ വിയര്‍ ത്തിട്ടുണ്ട് . പക്ഷെ ,നമ്മള്‍ വന്നിട്ടുണ്ടാവില്ല. ഇതിനു ആത്മീയ വാദികള്‍ പറയുന്നത് ,മുന്‍  ജന്മത്തില്‍ ഉണ്ടായിട്ടുള്ള ഇടപെടലുകളില്‍ നിന്നാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. കഴിഞ്ഞ ദിവസം മാധ്യമം വാരികയില്‍ ഒരു ചിത്രം കണ്ടു.മലഞ്ചെരുവിലൂടെ പതഞ്ഞൊഴുകുന്ന ഒരു പുഴ. പെട്ടെന്ന് നാട് ഓര്‍മ വന്നു. പാറക്കൂട്ടങ്ങളില്‍ ഞെരുങ്ങി ഒഴുകുന്ന ഇതുപോലൊരു പുഴയില്‍ ഞാന്‍ കുളിച്ചിട്ടുണ്ട്. പുഴയില്‍ മുഖം നോക്കുന്ന നീല മലകളെ  നോക്കി നിന്നിട്ടുണ്ട്. ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ എത്രയെത്ര ശിശിര കാലങ്ങളില്‍  ഞാന്‍ നടന്നിട്ടുണ്ട്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ  എന്നെ ആവേശിച്ചു. ഞാന്‍ ചിത്ര ത്തോടൊപ്പമുള്ള ലേഖനം വായിക്കാന്‍ തുടങ്ങി. അത്ഭുതപ്പെട്ടു പോയി.  എന്റെ നാടിനെ  ക്കുറിച്ച്. ജോര്‍ജു ജോസഫ്‌ .കെ. എഴുതിയഒരു  ലേഖനം ആയിരുന്നു അത്. 

ഒറ്റപ്പെട്ട ഒരു നിമിഷത്തില്‍ അത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് പൊട്ടി ക്കരയണമെന്നുതോന്നി.മുപ്പത്തഞ്ചു വര്‍ഷം എന്റെ ചിന്തകള്‍ക്കും,സ്വപ്നങ്ങള്‍ക്കും സാക്ഷിയായ മണ്ണിനോട് ഞാന്‍ കാണിച്ച നന്ദി കേടു ഓര്‍ത്തു സ്വയം ശപിച്ചു. കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിര്‍ദാക്ഷിണ്യം  വിറ്റു കളഞ്ഞ എന്റെ ഇത്തിരി മണ്ണിനെ ഓര്‍ത്തു പോയി. എനിക്ക് എങ്ങനെ അവിടെ നിന്ന് വിട്ടുപോകാന്‍ കഴിഞ്ഞു.ഏറ്റവും ഒടുവില്‍ എന്നെ ആ മണ്ണുമായി ബന്ധിച്ചത് ഉമ്മയാണ്. യാത്ര പറയാന്‍ പള്ളിക്കാട്ടില്‍ ചെന്നപ്പോള്‍ ആ  ഖബര്‍ വിങ്ങിയിരിക്കില്ലേ  ............?

എരുമേലിയെ ക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് ഒരു വസന്തത്തിന്റെ ശോഭയുണ്ട്. ആദ്യമായി ഞാന്‍ ആ നാട്ടില്‍ വന്നത് ഒരു ഡിസംബറില്‍ ആണ്.റോഡിനു ഇരു വശവ മുള്ള കയ്യാല കളില്‍അന്ന് ക്രിസ്തുമസ് പുല്ലുകള്‍  തളിര്‍ത്തിരുന്നു. കിഴക്കന്‍ മലകളില്‍നിന്ന് സദാ തണുത്ത കാറ്റ്വീശിയിരുന്നു.  യൌവ്വന കാലത്ത് ഈ ചിഹ്നങ്ങളൊക്കെ എന്നില്‍ വല്ലാത്ത പ്രണയ ചിന്തകള്‍ ഉണര്‍ത്തി.. കുട്ടിക്കാന ത്തിന്റെ നെറുകയില്‍ നിന്നാല്‍ ഇത് പോലുള്ള കാറ്റിന്റെ സുഖം നമുക്ക് കിട്ടും.  അന്ന് ഞാന്‍ ഒരു വിരുന്നു കാരന്‍ ആയിരുന്നു എരുമേലിയില്‍. ഏഴു വയസ്സ്. ആ നാട് എന്റെ പോറ്റമ്മ ആകുമെന്ന് അന്നു വിചാരിച്ചിരുന്നില്ല.വീണ്ടും ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ ഞങ്ങള്‍ എരുമേലിയിലേക്ക് താമസം മാറ്റി. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഞാനും ഉമ്മയും. പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഇരുമ്പ് പെട്ടിയുമായി  എന്നെയും കൈക്ക് പിടിച്ചു ഉമ്മ എരുമേലിയില്‍ ബസ്സിറങ്ങി. ഞങ്ങളുടെ  ആകെയുണ്ടായിരുന്ന സമ്പാദ്യം പെട്ടിക്കുള്ളിലുണ്ടായിരുന്ന ഇത്തിരി നെല്ല് ആയിരുന്നു.പിന്നീടങ്ങോട്ട് നാടിന്റെ ഋതു ഭേതങ്ങളില്‍ ഞാന്‍ ഇല്ലാതായി തീര്‍ന്നു.മഴ പൊട്ടിയൊലിക്കുന്ന കര്‍ക്കിടകങ്ങളില്‍ ഞങ്ങളുടെ തൊടിയിലേക്ക്‌ ഇരച്ചു കയറുന്ന മലവെള്ളത്തില്‍ ചങ്ങാടം കെട്ടി. പത്താളെ കാണ്‍കെ മലവെള്ളത്തില്‍ എടുത്തു ചാടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്.

കൌമാര കാലത്ത് ഞാന്‍ ഒരു പെണ്‍കുട്ടി യുമായി പ്രണയത്തില്‍ ആയിരുന്നു. പിന്നെ ഓര്‍ത്തെടുത്ത പ്പോള്‍ അതും ഒരു മഞ്ഞു കാലത്താണ്. ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ ദേവാലയത്തില്‍ നിന്ന് നേര്‍ത്ത വയലിന്‍ നാദം പോലെ കടന്നു വന്നിരുന്ന രാക്കുര്‍ബാനയില്‍ അവളുടെ സ്വരം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ ഉണര്‍ന്നിരുന്നു. അന്നാണ് എന്റെ രണ്ടു ബോഗന്‍ വില്ലയും പൂവിട്ടത്. ഒരു റോസും ,വേറൊരു മഞ്ഞയും. റോസ് പൂക്കള്‍ വിടര്‍ത്തി ക്കൊണ്ടേ ഇരുന്നു. അതെല്ലാം എന്റെ വീട്ടു മുറ്റത്തു പറന്നു നടന്നു. ദുഃഖ വെള്ളിയാഴ്ച വരുന്ന ഏപ്രില്‍ മാസം കടുത്ത ചൂടായിരിക്കും ഞങ്ങളുടെ നാട്ടില്‍ .മരങ്ങള്‍ മൂകമായി നില്‍ക്കും.അക്കാലത്ത് ഒരു ദിവസം അവള്‍ പ്രണയം കെടാത്ത മനസ്സുമായി നാട്ടില്‍ നിന്ന് പോയി.
അവിടെ തുടങ്ങുന്നു എന്റെ പാലായനവും, ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍. വിദേശത്ത് വച്ച് ഒരു പ്രഭാതത്തില്‍ കാപ്പി തയ്യാറാക്കുന്നതിനിടയില്‍ ഞാന്‍ ഒരു അയ്യപ്പ ഗാനം മൂളി. 

നിനക്ക് രാവിലെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും പറഞ്ഞുകൂടെ .........?

ഒപ്പമുണ്ടായിരുന്ന ആള്‍ പെട്ടെന്ന് ക്ഷോഭിച്ചു.- 'അള്ളാന്നു വിളിക്കേണ്ട  നേരത്ത്  അയ്യപ്പനെ വിളിച്ചതാണ് അയാളുടെ പ്രശ്നം.

'ഞങ്ങള്‍ക്കങ്ങനൊരു വ്യത്യാസം ഇല്ല'.- ഞാന്‍ പറഞ്ഞു., 

പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള ക്ഷമ അയാള്‍ക്കില്ലായിരുന്നു. രണ്ടു ദിവസമെടുത്തു എന്നോടുള്ള ദേഷ്യം ഒന്നു കെട്ടടങ്ങാന്‍, അതുപോലെ മറ്റൊരിക്കല്‍ പ്രത്യഭിവാദ്യമായി നമസ്ക്കാരം എന്ന് പറഞ്ഞതിന് ഒരു കോഴിക്കോടുകാരന്‍ എന്നോട് കയര്‍ത്തു. അല്ലാഹുവിനോട് മാത്രമേ നമസ്ക്കാരം എന്നു  പറയാന്‍ പാടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഒരു പക്ഷെ ഞാന്‍ എരുമേലി ക്കാരന്‍ ആയതു കൊണ്ടാവാം. മത സങ്കുചിതത്വം തീരെ ഇല്ലാത്ത ഒരു നാടാണ് ഞങ്ങളുടേത്. ഇതര മതസ്ഥര്‍ ഇഴ ചേര്‍ന്നാണ് ജീവിക്കുന്നത്. ശബരിമലയുടെ സ്വാധീനം കൊണ്ടുതന്നെയാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മതപരമായ ഒരു അനൈക്യവും അവിടെ ഉണ്ടായിട്ടില്ല. അത്തരം ഒരു നാട്ടില്‍ നിന്നാണ് ഒരു ദിവസം എല്ലാം അവസാനിപ്പിച്ചു മടങ്ങിയത്.

സ്ഥലത്തിന്റെ കച്ചവടം ഉറപ്പിക്കുമ്പോള്‍ ഞാന്‍ ഏതു സ്വപ്ന ലോകത്തായിരുന്നു എന്ന് ആലോചിക്കാറുണ്ട്. ഞാന്‍ ഭാര്യ പിതാവിനെ വിളിച്ചു പറഞ്ഞു.,  സ്ഥലത്തിന്റെ അഡ്വാന്‍സ് വാങ്ങുകയാണ്.
'നിന്റെ സ്വന്തം തീരുമാനമാണ്. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല.'
എനിക്ക് പിന്‍വാങ്ങാന്‍ ഒരവസരം അദ്ദേഹം തന്നു.
കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. പണം എണ്ണി വാങ്ങി. വീട് ഒഴിഞ്ഞു കൊടുക്കുന്നതിനു മുമ്പ് സാധന സാമഗ്രികളെല്ലാം മാറ്റപ്പെട്ട വീട്ടില്‍ ഞാന്‍ ഭാര്യയോടൊപ്പം ഒരു രാത്രി വന്നു  ചെലവഴിച്ചു. ഇനിയൊരിക്കലും ഇവിടെ ഉറങ്ങാന്‍ പറ്റില്ല എന്ന ബോധം എന്നെ വല്ലാതെ നോവിച്ചു. ഞങ്ങള്‍ അന്ന് നവ വധൂ വരന്മാരെ പോലെ ഇണ ചേര്‍ന്നു.നിലത്തു കിടന്ന് . പിറ്റേന്ന് മടങ്ങുമ്പോള്‍ അയല്‍ക്കാര്‍ കരഞ്ഞു. ചിലര്‍ ഞങ്ങളോടൊപ്പം കുറെ ദൂരം നടന്നു.വല്ലപ്പോഴും വരാമെന്ന് വെറും വാക്ക് കൊടുത്തു.
ഇനിയും ആ വീട് മടക്കി കിട്ടുക അസാധ്യമായ കാര്യമാണ്. എന്തെല്ലാമാണ് ഞാനവിടെ ഉപേക്ഷിച്ചു പോന്നത്..............? എന്റെ മധുവിധു കാലം, എന്റെ മക്കളുടെ ശൈശവം, ഏറ്റവും ഒടുവില്‍  ഉമ്മയുടെ അവസാന നിമിഷങ്ങള്‍....................
അങ്ങനെ തീരാ നഷ്ടങ്ങളുടെ കുറെ കഥകള്‍ ..........!

15 Responses to നഷ്ടപ്പെട്ട മഞ്ഞുകാലം

  1. ഭായി
    സത്യത്തില്‍ നല്ലൊരു ഫീല്‍ തന്നു,
    ഒരുവേള നാട്ടിലേക്ക് മനസ് പോയി...............
    ഇപ്പോഴും അവിടെ ആ മഞുകാലത്ത് റോസാപ്പൂവുകള്‍ വിരയാറുണ്ടായിരിക്കും....
    ആശംസകള്‍

  2. ഇനിയും ആ വീട് മടക്കി കിട്ടുക അസാധ്യമായ കാര്യമാണ്. എന്തെല്ലാമാണ് ഞാനവിടെ ഉപേക്ഷിച്ചു പോന്നത്..............?

    ഇതൊരു വല്ലാത്ത അനുഭവമാണ്; ഞാനെപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നത്.....

  3. അബ്ദുല്‍ നിസ്സാര്‍ജി ....
    നിങ്ങള്‍ ഹൃദയത്തില്‍ തൊട്ടു വരച്ച ഈ ചിത്രം ...
    SIMPLY GREAT ....
    കൂടുതല്‍ പറയാന്‍ വാക്കുകളില്ല മാഷേ ...
    ആശംസകള്‍

  4. അനുഭവങ്ങളുടെ ഹൃദയഹാരിയായ വാക്കുകള്‍ക്കു ആശംസകള്‍ !

  5. Yasmin NK says:

    ഇവിടെ ഞാന്‍ മുന്‍പ് വന്നിട്ടുണ്ടല്ലോ ..ഇയാളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ടല്ലോ...ഈ വഴികളില്‍ എവിടെ വെച്ചാണു ഞാന്‍ സ്വയം മറന്ന് നിന്നത്...ഇത് പോലുള്ള ഫീലുകള്‍ ...വല്ലാത്തൊരു അവസ്ഥയാണത്..Deja vo
    നല്ല പോസ്റ്റ്..ആശംസകള്‍...

  6. This comment has been removed by the author.
  7. ഹൃദയം തുറന്നു എയുതിയ അനുഭവം മനോഹരമായി

  8. ആഹ സുന്ദരമായ വശ്യമായ രചന ,,,,,, ആശംസകള്‍

  9. അഭിനന്ദനങ്ങള്‍................

  10. sangeetha says:

    ഹൃദയത്തില്‍ നിന്നും കുറെ വാക്കുകള്‍...

  11. നല്ല എഴുത്ത്.
    വല്ലാത്തൊരു നൊസ്റ്റാള്‍ജിക് ഫീലിംഗ് തന്നു.
    ഇത് വായിച്ച ഞാനും കുറെ നേരത്തേക്ക് എന്റെ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകിപ്പോയി.
    വീണ്ടും വരാം.
    സസ്നേഹം
    റോസാപ്പൂക്കള്‍

  12. നന്നായി എഴുതി.. എന്നാല്‍ ആദ്യ ചിത്രം കണ്ടപ്പോള്‍,എരുമേലിക്കടുത്തുള്ള പെരുന്തേനരുവിയാണ് ഒര്മ്മയില്‍ വന്നത്.!

  13. ഇപ്പോഴാണു വായിച്ചത്, ഈ ഓര്‍മ്മ.

    ഞാനാലോചിച്ചു പോയി, ഭൂപ്രക്രുതിയിലോ കാലാവസ്ഥയിലോ യാതൊരു സാമ്യവുമില്ലാത്ത മറ്റൊരു നാട്ടിലെ മണ്ണുപേക്ഷിച്ചു പോന്ന എനിക്കും സ്വന്തം നാടിനെക്കുറിച്ച് ഇതേ ഓര്‍മ്മകളാണല്ലോ എന്ന്.

  14. This comment has been removed by the author.

Leave a Reply