Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പറുദീസയിലെ കല്‍പ്പടവുകള്‍







ശിക്ഷ വിധിക്കുകയായി.
ആള്‍ക്കൂട്ടം നിശബ്ദരായി കാതു കൂര്‍പ്പിച്ചു.
 ' പതിനാറു  ചാട്ടയടി '. 
 പച്ച വാഴപ്പോള ചീന്തുന്ന ഒച്ചയില്‍ ആ സ്ത്രീ നിലവിളിച്ചു.
 'എന്തിനായിരുന്നു ശിക്ഷ  ....................?
 'മോഷണം ,'  'നഗര കവാടത്തിലെ ഭോജന ശാലയില്‍ നിന്ന്  അപ്പ ക്കഷ്ണങ്ങള്‍ മോഷ്ടിച്ചു '.
അപരിചിതര്‍ തമ്മില്‍ പറഞ്ഞു.
ന്യായാധിപന്റെ വശങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭടന്മാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങി ചമ്മട്ടി ചുഴറ്റി.കാഴ്ചക്കാരുടെ നടുവില്‍ ഒരു വൃത്തം രൂപപ്പെട്ടു. അതിനു നടുവിലേക്ക് സ്ത്രീ വലിച്ചി ഴക്കപ്പെട്ടു. അവളോടൊപ്പം അപ്പ ക്കഷ്ണങ്ങളില്‍ കടിച്ചു കൊണ്ട് ഒരു കുട്ടിയും ഉണ്ടായിരുന്നു.
ഒരു ഭടന്‍ കാലു മടക്കി ഒരു തൊഴി കൊടുത്തു. കുട്ടി ഒരു പഴങ്കടലാസു പോലെ ഓടയിലേക്കു തെറിച്ചു വീണു. അവളുടെ കൈകള്‍ നിലത്തൂണ്കളില്‍ ബന്ധിച്ചു.
ചമ്മട്ടി ഫണം വിടര്‍ത്തിയ സര്‍പ്പത്തെ പോലെ ചീറ്റി .ഭടന്മാര്‍ അവളുടെ പിന്നില്‍ നിലയുറപ്പിച്ചു. 
  ഒരാള്‍ നീതിപീഠത്തിനു മുമ്പിലേക്ക് തൊഴുതു നിന്നു.
" പ്രഭോ, അടിയനൊരു അപേക്ഷയുണ്ട് "...
ന്യായാധിപന്‍ തല ഉയര്‍ത്തി. ഭടന്മാര്‍ കല്‍പ്പനയ്ക്ക് കാത്തു.
ന്യായാധിപന്‍ വിലക്കി . ആളുകള്‍ വീര്‍പ്പടക്കി നിന്നു.
" ഞാനാണ് തെറ്റുകാരന്‍ , അവളെ വെറുതെ വിടുക ".
നീതിപീഠത്തിന്റെ  പുരിക ക്കൊടികള്‍ കൂട്ടിയിടിച്ചു.
സ്ത്രീ, അവള്‍ക്കു കണ്ണീരിന്റെ കുത്തൊഴുക്കില്‍ കാഴ്ച നഷ്ട പ്പെട്ടിരുന്നു .
 "അവള്‍ക്കു വിശപ്പിനെ കൊടുത്തത് ഞാനാണ്, എന്നെ ശിക്ഷിച്ചു കൊള്‍ക".
ആള്‍ക്കൂട്ടത്തിനിടയില്‍ നേര്‍ത്ത ശബ്ദങ്ങള്‍ ഇടകലര്‍ന്നു.
'ഏതാണീ വിഡ്ഢി', ആളുകള്‍ അടക്കം പറഞ്ഞു.
നീതിപീഠം വിധി തിരുത്തി . ഭടന്മാര്‍ സ്ത്രീയെ ബന്ധന വിമുക്തയാക്കി. അവള്‍ കുട്ടിയെ താങ്ങിയെടുത്ത്  തെരുവിലേക്ക് നടന്നു.  

******                              *******                   *******     

ഇളകിയ മരപ്പലകയ്ക്കിടയിലൂടെ മഞ്ഞു തുള്ളികള്‍ ഊളിയിട്ടു. അയാള്‍ മരക്കട്ടിലില്‍ കമിഴ്ന്നു കിടന്നു.
സുഹൃത്തുക്കള്‍ ദു:ഖ ക്കൈകള്‍ താടിയ്ക്ക് കൊടുത്തു. ഒരാള്‍ അരികിലേക്ക് ചെന്ന് പുറത്തെ വടുക്കളില്‍ തഴുകി.

'യൂദാ .... ഈ മുറിവുകള്‍ നിങ്ങള്‍ ഉണക്കാന്‍ ശ്രമിക്കരുത്, ഇതിലാണ് ഞാന്‍ ജീവിക്കുന്നത്'. ഗുരു പറഞ്ഞു .

ഒലിവെണ്ണയുമായി വന്നയാള്‍ പിന്‍വാങ്ങി. പുറത്ത് തകര വാതില്‍ ചുവട്ടില്‍ കാല്‍ പെരുമാറ്റം കേട്ടു. ചിലര്‍ അങ്ങോട്ട്‌ പോയി.
'ആരോ കാത്തു നില്‍ക്കുന്നു'.
ആരാണ് വാതില്‍ അടച്ചു തഴുതിട്ടത്.....?  ഗുരു ക്ഷോഭിക്കുന്നു.
സുഹൃത്തുക്കള്‍ ശിരസ്സ്‌ കുനിച്ചു. ആഗതന്‍ മര ക്കട്ടിലിനു മുമ്പില്‍ നിന്നു. 


ഗുരുവിനെ അയാള്‍ നീതിപീഠത്തിന്റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോയി.
വീണ്ടും ആരവം. ആള്‍ക്കൂട്ടത്തിനിടയില്‍ വൃത്തം രൂപപ്പെടുന്നു.
'കുറ്റം സമ്മതിക്കുന്നുണ്ടോ .....?   ഉരുക്കി പതംവരുത്തി മൂര്‍ച്ച കൂട്ടിയ വാക്കുകളില്‍ നീതിപീഠം ഉറഞ്ഞു തുള്ളി.
'ഉവ്വ് '..
ശിക്ഷ വിധിക്കുന്നതിനു മുമ്പ് പൊതുജനത്തിനു വേണ്ടി കുറ്റകൃത്യം വീണ്ടും വായിക്കപ്പെട്ടു.
'നഗരത്തിലെ വേശ്യാ തെരുവില്‍ വച്ച് സതീര്ത്യനെ നിഷ്ക്കരുണം കുത്തി മുറിപ്പെടുത്തി.'.
" പ്രഭോ, ശിക്ഷ എത്ര കടുത്ത തായാലും വേണ്ടില്ല, ഏറ്റു വാങ്ങാന്‍ എന്റെ ഗുരു എത്തിയിട്ടുണ്ട് " .
കുറ്റവാളി വിനയപൂര്‍വ്വം നീതിമാനെ അറിയിച്ചു.
ഗുരുവിനെ ഇതിനോടകം ജനങ്ങളും കോടതിയും തിരിച്ചറിഞ്ഞിരുന്നു.
'എന്തെങ്കിലും പറയാനുണ്ടോ ........? ന്യായാധിപന്‍ ചോദിച്ചു.
" ഇല്ല"
'എന്തിനാണ് മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റു വാങ്ങുന്നത്. ' .........?!
കോടതിക്ക് അറിയാന്‍ ആകാംഷയുണ്ടായിരുന്നു.
" പ്രഭോ ", ഗുരു പറഞ്ഞു ,
തെറ്റ് എന്റേത് മാത്രമാണ്,  ഇവന്റെ സിരകളില്‍ കാമത്തിന്റെ വിത്തുകള്‍ പാകിയത്‌ ഞാനാണ്. അല്ലായിരുന്നെങ്കില്‍ ഇവന്‍ വേശ്യാ തെരുവില്‍ പോവില്ലായിരുന്നു, അവന്റെ സഹോദരനെ മുറിപ്പെടുത്തില്ലായിരുന്നു.

ശിക്ഷ കഴിഞ്ഞു പുറത്ത് വരാന്‍ ജനങ്ങള്‍ കാത്തിരിക്കയായിരുന്നു.  ജയില്‍ ഭിത്തികളിലും , നഗര കവാടങ്ങളിലും ഇതിനോടകം ഗുരുവിന്റെ ചിത്രം പതിഞ്ഞു കഴിഞ്ഞിരുന്നു. ഗുരു നടന്ന തെരുവിന്റെ ഓരങ്ങളില്‍ നിന്ന് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.
'പാപികളുടെ രക്ഷകനെ ക്രൂശിക്കുക', .....................
'വേശ്യകളുടെയും, ദു:ഖിതരുടെയും  രക്ഷകനെ ക്രൂശിക്കുക'...............
തകര വാതില്‍ പൂട്ടി സുഹൃത്തുക്കള്‍ എവിടെയ്ക്കോ പോയിരുന്നു.. മരക്കട്ടില്‍ ഒഴിഞ്ഞു കിടന്നു. ഗുരു വിന്റെ കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി. തടവറയിലെ തണുത്ത ശിലാ പാളികളിലേക്ക് ഗുരുവിനു കൂട്ടിരിക്കാതെ,ഉറക്കം ഇതുവരെ  ഒരു സന്ദര്‍ശകയെ പോലെ ഇരുമ്പഴിയ്ക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.
പാപികളും, രാജ കിങ്കരന്മാരും തകര വാതിലില്‍ മുട്ടി യില്ല. കാറ്റില്ലാതെയിരുന്നിട്ടും ഒരു രാത്രി, തകര വാതില്‍ അനങ്ങി.
' ഗുരോ, ഞാന്‍ അങ്ങയോടോപ്പമുണ്ട്‌............!
ഗുരു കണ്ണ് തുറന്നു.
"യൂദാ ........."
'ഞാന്‍ നിന്നെ കാത്തിരിക്കയായിരുന്നു'.  ഞാന്‍ വാതില്‍ തുറന്നിട്ട്‌ കാത്തിരുന്നിട്ടും ഭടന്മാര്‍ എന്നെ തേടി വന്നില്ല'. 
ഗുരു ഒരു പണക്കിഴി യൂദായുടെ മുമ്പിലേക്ക് എറിഞ്ഞു.
" മുപ്പതു വെള്ളി  ....................."
'ചെറിയ പാരിതോഷികം' . ഭടന്മാരോട് പറയൂ,,  ഞാന്‍ ഇവിടെ കാത്തിരിക്കാം ........'
യൂദാ ........
ശങ്കിച്ചു നിന്നു, ഒടുവില്‍ പണക്കിഴിയുമെടുത്ത് താഴ്വരയിലേക്ക് നടന്നു.

14 Responses to പറുദീസയിലെ കല്‍പ്പടവുകള്‍

  1. ക്രിസ്തു എന്ന് വായിച്ചാല്‍ ലളിതവായനായാകും .ഗുരുപരമ്പരകള്‍ എന്ന് വായിച്ചാലോ ?അറിയില്ല .ധൈര്യം പോരാ ആരോടും ചോദിക്കാന്‍ ...കല്ലെരിയെണ്ടി വന്നാലോ ?

  2. AJITHKC says:

    അപ്പവും വസ്ത്രവും വീഞ്ഞും മാത്രമല്ല മുപ്പതു വെള്ളിക്കാശും രക്ഷകന്റെ ദാനം തന്നെ!

  3. ഇത് കൊള്ളാം, നല്ല ചിന്ത്ത! പക്ഷെ, അത് ശരിയാണോ?

  4. അല്‍പ്പം അതിഭാവുകത്വം കൂടിപ്പോയില്ലേ എന്നൊരു സംശയം. എന്നാലും തരക്കേടില്ല.

  5. ഗുരുക്കന്മാർ പുനർജനിക്കുന്നുണ്ടൊ ഈ കാലത്തും. ഉണ്ടായിരിക്കാം.. കൂറുമാറ്റങ്ങളും ഒരു തരം “യൂദ”പ്പണിയാണോ എന്നു സംശയിക്കുന്നു... നല്ല ചിന്തകൾ..

  6. ajith says:

    സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം

  7. വായിച്ചു... നല്ല വായനാനുഭവം....

  8. കഥയും കഥയിലെ ഇതിവൃത്തവും ആഖ്യാനവും നല്ലൊരു വായന നല്‍കി സന്തോഷം

  9. നല്ല കഥ. ഇഷ്ടമായി

  10. കൊള്ളാം. നല്ല വായന.

  11. നല്ല കഥ, മികച്ച വായന സുഖം നൽകുന്നു

  12. എന്റെ പോസ്റ്റിലെ കമന്റിലൂടെ ഇവിടെ എത്തി....ഇവിടെ വരാൻ താമസിച്ചതിൽ ഖേദം.... താങ്കൾ ഒരു നല്ല കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നൂ...വ്യത്യസ്ത്ഥമായ ചിന്തക്ക് എന്റെ നമസ്കാരം,,,,

  13. എല്ലാ വായനക്കാര്‍ക്കും നന്ദി.

  14. This comment has been removed by the author.

Leave a Reply