Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

അറിയപ്പെടാത്തവരുടെ ആത്മകഥ










അറിയപ്പെടാത്തവരും ആത്മ കഥ എഴുതണം എന്ന മൂഡന്‍ (?) ആശയം മനസ്സില്‍ തോന്നി തുടങ്ങിയിട്ട്  കുറെ കാലമായി. ലോകം വായിക്കപ്പെട്ടിട്ടുള്ളത്  മഹാന്മാരുടെ ജീവ ചരിത്രങ്ങളും, ആത്മ കഥകളുമാണ്. പതിഞ്ചാം നൂറ്റാണ്ടു മുതലിങ്ങോട്ട് ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മ കഥകള്‍ എഴുതപ്പെട്ടു തുടങ്ങി.  സങ്കീര്‍ണ്ണ വും ത്യാഗപൂര്‍ണ്ണവുമായ  അനുഭവങ്ങളുടെ  സത്യ സന്ധമായ പ്രകാശനം ആണ് ആത്മ കഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ  ആത്മ കഥകള്‍.  എഡ്വേര്‍ഡ്‌ ഗിബ്ബണ്‍ പറയുന്നതു , ആത്മ സത്തയെ പുനരാവിഷ്ക്കരിക്കാന്‍ മറ്റുള്ളവരേക്കാള്‍ പ്രാപ്തി  ആത്മ കഥാകാരനുണ്ട്  എന്നാണു. ജീവ ചരിത്രം ബാഹ്യെന്ദ്രിയങ്ങളുടെ പകര്‍ത്തെഴുത്താണ്.  കഥാപാത്രത്തിന്റെ മനസ്സിന്റെ എല്ലാ തല ങ്ങളിലും എത്തിച്ചേരാന്‍ ജീവ ചരിത്ര കാരന് കഴിയില്ല.

മഹാത്മാ ഗാന്ധിയുടെയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മ കഥകള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ കൂടിയാണ്.  വി. ടി. ഭട്ടതിരിപ്പാട്, ഇ. എം . എസ് ,തുടങ്ങിയവരുടെ കൃതികള്‍ ആ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യ കാരന്മാര്‍ ആത്മ കഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍  കൂടി വായനക്കാരന് കടന്നു പോകേണ്ടി വരുന്നു. തകഴിയുടെ ഓര്‍മകളുടെ തീരങ്ങള്‍, ചങ്ങമ്പുഴ യുടെ തുടിക്കുന്ന താളുകള്‍ ഒക്കെ ആ തരത്തില്‍ പെട്ട കൃതികളാണ്. എന്റെ ഉമ്മയുടെ കഥ അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍  അത് വായനക്കാരില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുമായിരുന്നു എന്നു തോന്നുന്നു. പലപ്പോഴും മാനസികമായി തളരുന്ന അവസരങ്ങളില്‍ ആരോടെന്നില്ലാതെ അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. എനിക്ക് അതൊന്നും കേള്‍ക്കാന്‍ പോലുമുള്ള മനസ്സ്‌ ഉണ്ടായിരുന്നില്ല. ഒന്നും ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടുമില്ല. ഒരിക്കല്‍ എന്റെ പിതാവ്‌  ഉമ്മയെ കൊല്ലാന്‍ വേണ്ടി എവിടേയ്ക്കോ കൊണ്ടുപോയി എന്നു പറയുന്നത് കേട്ടിട്ടുണ്ട്. 


പൊതുവേ  മലയാളികള്‍ എഴുതപ്പെടാന്‍ മടിക്കുന്നവരാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചില്‍ കേരളത്തില്‍  വളരെയേറെ ശ്രദ്ധ നേടിയ കുറിയേടത്ത് താത്രിയുടെ 'സ്മാര്‍ത്ത വിചാരം' ഇന്നും വേണ്ടത്ര രേഖകള്‍ ഇല്ലാതെ അവ്യക്തതകളോടെ  നില നില്‍ക്കുന്നു. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും, നമുക്ക് വായിക്കാന്‍ ഒരു സാധാരണക്കാരന്റെ ആത്മകഥ ഇല്ല. ഹിറ്റ്ലറുടെ  'മീന്‍ കാംഫ് ' മുതല്‍ പ്രശസ്തരുടെ ഒരു കൂട്ടം കഥകളാണ് നമുക്ക് ചുറ്റും. ഓരോ വ്യക്തിയും ഓരോ സാമ്രാജ്യമാണ്.  അവിടെ യുദ്ധങ്ങളും, പിടിച്ചടക്കലുകളും നടക്കുന്നുണ്ട്. പ്രണയിനിക്ക് വേണ്ടി താജ് മഹല്‍ പണിയുന്നുണ്ട്.  പെരുന്തച്ചന്‍മാര്‍ മകന്റെ കഴുത്തില്‍ വീതുളി എറിയുന്നുണ്ട്. സ്വയം തുറുങ്കില്‍ അടയ്ക്കപ്പെടുന്നുണ്ട്. ഇതെല്ലാം  കാലത്തിന്റെ വിസ്മൃതിയില്‍ വ്യക്തിക്കൊപ്പം മണ്ണടിയുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഗ്രാമങ്ങളുടെ അര നൂറ്റാണ്ടു മുമ്പുള്ള ചിത്രങ്ങള്‍ നമ്മുടെ മനോ മണ്ഡലത്തില്‍ നിന്ന് മാഞ്ഞു കഴിഞ്ഞു. എന്റെ ഗ്രാമത്തിന്റെ പഴയ ചിത്രം തേടി ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. എന്റെ പള്ളിക്കൂടത്തിനോട് ചേര്‍ന്നു  വഴിയരികില്‍ ഒരു ഏഴിലംപാല നിന്നിരുന്നു. അത് മുത്താരമ്മന്‍ കോവിലിന്റെ മുമ്പിലായിരുന്നു. ഇപ്പോഴവിടെ പള്ളിക്കൂടവും, എഴിലംപാലയും ഇല്ല. എന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന  ആ കൊച്ചു അമ്പലമല്ല ഇന്നുള്ളത്. എല്ലാം മാറിപ്പോയി. എന്റെ മക്കള്‍ക്ക്‌  അവരുടെ ഉപ്പയുടെ കാലത്തെ അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇത് മലയാളികള്‍ നേരിടുന്ന ഒരു ദുര്യോഗമാണ്. അതുകൊണ്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത് , അറിയപ്പെടാത്തവരും  അവരുടെ കഥകള്‍  എഴുതണമെന്ന്.

19 Responses to അറിയപ്പെടാത്തവരുടെ ആത്മകഥ

  1. എന്റെ ഗ്രാമത്തെപ്പറ്റി എഴുതാറുണ്ട്. ഗ്രാമീണ ജീവിതത്തെ പറ്റിയും. ഒരുദാഹരണം.
    http://jayandamodaran.blogspot.in/2012/03/blog-post.html
    കണ്ടാലും.

  2. ഞാനും ഈ വഴിക്ക് നീങ്ങിയ ഒരാള്‍ ആണ് .വംശാവലിയെ കുറിച്ച് ഒരന്വേഷണം ..അച്ഛനില്‍ തുടങ്ങി അപ്പൂപ്പനിലെക്കും അപ്പൂപ്പന്റെ അച്ഛന്‍ അപ്പൂപ്പന്‍ ..അതിനപ്പുറത്ത് ആരായിരിക്കും ? നമ്മളുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലാതിരുന്ന ഒരു തലമുറ ...കുറെ ചിത്രങ്ങള്‍ ശേഖരിച്ചു ..പിന്നെ ഒന്നും നടന്നില്ല ..ഗ്രാമത്തെ കുറിച്ച് പഠനം തയ്യാറാക്കിയിട്ടുണ്ട് .ചരിത്രം ,ഐതിഹ്യം തുടങ്ങിയ വിവരങ്ങള്‍ വച്ച് ..:)

  3. എടക്കല്‍ ഗുഹയിലെ ശിലാലിഘിതങ്ങൾ കാണുമ്പോൾ ആ കാലത്തെ മനുഷ്യര്‍ പിന്‍തലമുറകളുടെ അറിവിലേക്കായി പാറകളിലും മറ്റും അവരുടെ ജീവചരിത്രം കോറിയിടുകയായിരുന്നു എന്നു തോന്നാറുണ്ട്.....

    നല്ല ചിന്തയാണ് പങ്കുവെച്ചത്.....

  4. ajith says:

    കുറഞ്ഞപക്ഷം ഒരു നളിനി ജമീലയെങ്കിലും ആയില്ലെങ്കില്‍ ആര്‍ക്കുവേണം ആത്മകഥ. ബ്ലോഗില്‍ എഴുതിവച്ചാല്‍ പോലും ഒരു മനുഷ്യനെങ്കിലും വന്ന് വായിക്കണമല്ലോ...

    (എല്ലാര്‍ക്കും കാണും ഒരു കഥ അല്ലേ. കുറഞ്ഞപക്ഷം അവരവരുടെ ചുറ്റുവട്ടത്തെങ്കിലും ചെറിയ ഒരു ഇംപാക്റ്റ് ഉണ്ടാക്കുന്ന കഥ)

  5. ശരിയാണ് എഴുതിയതിലും വലിയ കഥകളാവും എഴുതപെടാതെ പോയിട്ടുണ്ടാവുക.

  6. അതെ നമുക്ക് സധാരണതിയിലെ നമ്മുടെ ചുറ്റ് പാടിന്റെ കഥകൾ നഷ്ടമായി

  7. നല്ല ആശയം. കത്തിനിന്നിരുന്ന ജീവിത വഴികള്‍ മറ്റുള്ളവര്‍ക്ക് പ്രേരകമാകുമെങ്കില്‍ അവ കുരിചിടപ്പെടുക തന്നെ വേണം..

  8. ഇക്കാ ........ഇതു എന്റെ ചിന്തയിലും വരാറുണ്ട് ഇങ്ങനെ ഒക്കെ തന്നെ .........നിങ്ങളുടെ ബ്ലോഗിലെ ചില ബ്ലാക്ക് ആന്‍ഡ്‌ വൈറ്റുകള്‍ കാണുമ്പോള്‍ നിനക്കാറുണ്ട്,നമ്മള്‍ ഒരേ തൂവല്‍ പക്ഷി കള്‍ ആണല്ലോ എന്ന് ...........

  9. ഞാന്‍ കരുതി എനിക്ക് മാത്രമേ ഈ അസുഖം ഉള്ളൂ എന്ന്. അതു കൊണ്ട് ഞാന്‍ എഴുതുന്ന പലകഥകളിലും ഞാന്‍ ജനിച്ച് വളര്‍ന്ന അന്തരീക്ഷം പ്രതിഫലിപ്പിച്ചിരുന്നു. ഇപ്പോള്‍ മനസിലായി എല്ലാവര്‍ക്കും ഈ അസുഖം ഉണ്ടെന്ന്. അതേ അതാണു നമ്മുടെ അതായത് അറിയപെടാത്തവരുടെ ആത്മകഥ!. നാം ജനിച്ച് വളര്‍ന്നു വന്ന കാലഘട്ടം, അതിനു മുമ്പുള്ളത്, പറഞ്ഞ് കേട്ടിട്ടുള്ള മിത്തുകള്‍, എല്ലാം ഓര്‍മ്മയില്‍ നിന്നും എടുത്ത് ഏതെങ്കിലും ആശയവുമായി കലര്‍ത്തി ഒരു നോവലോ കഥയോ എഴുതുമ്പോള്‍ അത് നമ്മുടെ ആത്മകഥയായി വരും, അല്ലാതെ നമ്മുടെ ആത്മകഥ നാം എഴുതിയാല്‍ ആരും വായിക്കാന്‍ കാണില്ലാ എന്നത് സത്യം തന്നെ ആണു. നാം കാണാന്‍ ആഗ്രഹിച്ച ഒരു അമ്പലവും മരവും ആറും ഇടവഴികളും ഒരിക്കലും നമുക്ക് ഇനി കാണാന്‍ കഴിയില്ല, അത് നമ്മുടെ ഓര്‍മ്മയില്‍ നിന്നും എടുത്ത് അതില്‍ ജീവന്‍ ഊതുമ്പോള്‍ അത് നല്ലൊരു കഥയും നല്ലൊരു ആത്മകഥയുമായി മാറും. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

  10. തീർച്ചയായും ആലോചിയ്ക്കാവുന്ന ഒന്നാണ് പങ്കുവെച്ച ഈ ആശയം.

  11. അതൊക്കെയൊഴിവാക്കാൻ മാത്രമിപ്പോ എന്ത് കാര്യമാ ഉള്ളതേ ? നല്ല ആശയമല്ലേ ? നടക്കട്ടെ. വിഷുദിനാശംസകൾ.

  12. പഴമയിലേക്കും പഴയ കാല ജീവിതത്തിലേക്കും ഒന്നെത്തി നോക്കേണ്‌ടത്‌ കാലഘട്ടത്തിന്‌െറെ അത്യാവശ്യമാണ്‌. ഇന്നലെ കണ്‌ട പലതും ഇന്ന് അവിടെ മണ്‍മറഞ്ഞിരിക്കുന്നു.... കാലം എല്ലാം മാറ്റി മറിക്കുന്നു, അപ്പോള്‍ ചിലതെല്ലാം നമ്മള്‍ എഴുതി വെച്ചാല്‍ പില്‍ക്കാലത്ത്‌ നമ്മുടെ നാട്‌ ഇങ്ങനെയൊക്കെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഒരു വേള ആരെയെങ്കിലുമൊക്കെ സഹായിക്കും. തീര്‍ച്ച... പഴമയുടെ ഗന്ധം തേടിയുള്ള യാത്ര എത്ര മനോഹരം...

  13. പലരും കുടുംബ ചരിത്രം പുസ്തക രൂപത്തില്‍ ഇറക്കി കണ്ടിട്ടുണ്ട്. അത് അവരുടെ കുടുംബ മഹിമയും തായ്‌ വഴികളും കാണിക്കാന്‍.

    നന്നായി എഴുതുന്നവര്‍ക്ക്, ആത്മകഥയ്ക്ക് ബ്ലോഗു ഒരു ശ്രേഷ്ടമായ ഉപാധിയല്ലേ? ഒട്ടു മിക്ക കഥകളിലും ആത്മാംശം അടിഞ്ഞു കിടക്കുന്നില്ലേ? എങ്കിലും ജീവിതാനുഭവങ്ങള്‍ ഗൌരവമായി എഴുതാന്‍ പുതിയൊരു ബ്ലോഗു തന്നെ തുടങ്ങുന്നത് നല്ലതാണ്. അധികം ആളുകള്‍ വായിക്കണം എന്ന് വാശിപിടിക്കാതിരുന്നാല്‍ അത് സന്ത്യസന്ധവുമാകും.

  14. ആതമകഥകള്‍ എല്ലാവരും എഴുതട്ടെ..അറിയപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവതലങ്ങളിലൂടെ കടന്നു പോയവാരായിരികും അറിയപ്പെടാത്തവര്‍.ലിഖിത ചരിതങ്ങള്‍ ഒരു തെളിവായി പുതു തലമുറക്ക് ഗ്ഗുണപ്പെടും..

  15. അറിയപെടാത്തവരുടെ കഥകള്‍ ആരറിയാന്‍

  16. അറിയപ്പെടാത്തവരുടെ കഥയിലായിരിക്കും
    ജീവിതസത്യങ്ങള്‍ നിഴലിക്കുക!
    നല്ല ചിന്ത.
    ആശംസകള്‍

  17. Akbar says:

    നല്ല ആശയം. സ്വന്തം ജീവിതം തുറന്ന പുസ്തകമാകുമ്പോള്‍ ചിലപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അത് നല്ല വായന സമ്മാനിച്ചേക്കാം.

  18. Nisha says:

    ഈ ബ്ലോഗിന്‍റെ തുടക്കത്തില്‍ കണ്ട ചിത്രത്തിലെ Autobiography of a Yogi ആണ് എന്നെ ഇവിടെ എത്തിച്ചത്!
    ആശയം നല്ലത് തന്നെ... പക്ഷെ ആരുമറിയാത്തവരുടെ കഥ വായിക്കാന്‍ ആര്‍ക്ക് താത്പര്യം കാണും? നാം ബ്ലോഗുകളിലൂടെ മറ്റുള്ളവരിലേയ്ക്ക് എത്തിയ്ക്കുന്നതും ഒരു തരത്തില്‍ ആരുമറിയാത്തവരുടെ കഥ തന്നെയല്ലേ? പലരുടെയും കഥകള്‍ നന്നെങ്കിലും എത്ര പേര്‍ അവ വായിയ്ക്കുന്നുണ്ട്???
    ഇതൊക്കെയാണെങ്കിലും നല്ല രീതിയില്‍ ഒരു കഥ പറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അത് ജനങ്ങളിലേയ്ക്കെത്തും, അല്ലെ?
    ഭാവുകങ്ങള്‍ !

Leave a Reply