Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഇത്തിരി കൊന്നപ്പൂവ്







ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏത് യന്ത്ര വല്‍കൃത ലോകത്ത് പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും ഇത്തിരി കൊന്നപ്പൂവും ..............
(വൈലോപ്പിള്ളി )


കത്തുന്ന മണല്‍ കുന്നുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു നിമിഷം അത് കണിക്കൊന്ന പൂക്കളായി എന്നെ ഭ്രമിപ്പിക്കുന്നു. തിളയ്ക്കുന്ന നീരാവിയില്‍ ആ പൂക്കള്‍ ഇളകുന്നത് പോലെ തോന്നിപ്പിച്ചു .ദുര്‍ബല മായ മനസ്സിനോട് കാണിക്കുന്ന അനീതി. അന്ന് മാരീച വേഷത്തില്‍ വന്ന മായ. ഞാന്‍   വിഷു ക്കാലത്തെ ഓര്‍ത്തു. എന്റേത് മുസ്ലിം കുടുംബം .വിഷുവും, ഓണവുമൊന്നും മനസ്സിനെ ഇളക്കാത്ത ഒരു സമൂഹത്തില്‍ ഞാന്‍ നിലവിളക്കു കത്തിച്ചു. പൂക്കള്‍ ഒരുക്കി. കണി വെള്ളരിയും നാളികേരവും ഒരുക്കി. കൃഷ്ണ വിഗ്രഹം മാത്രം വയ്ക്കാനുള്ള ധൈര്യം വന്നില്ല. ഉമ്മയുടെ മുമ്പില്‍ നിന്ന് നില വിളക്കില്‍ തൊഴുതു. വേണു ഗാനം പാടി നടക്കുന്ന ഭജന സംഘം എന്റെ ഉമ്മറത്ത് വന്നു. അവര്‍ക്ക് വിഷു ക്കൈ നേട്ടം കൊടുത്തു. പിന്നെ ഉറങ്ങിയില്ല. ഒരു ദിവസ ത്തേക്കെങ്കിലും നോണ്‍ വെജിറ്റേറിയന്‍ പടിക്കു പുറത്ത്. വല്ലപ്പോഴും മത്സ്യം വാങ്ങുമെന്നതൊഴിച്ചാല്‍ പച്ചക്കറി തന്നെ വീട്ടില്‍ ശരണം. സുഹൃത്തുക്കള്‍ വരുന്നു. ഭക്ഷണത്തിനു ക്ഷണിക്കാന്‍ .ഉമ്മയ്ക്ക് നിര്‍ബന്ധം. വീട്ടില്‍ നിന്ന് ഇത്തിരിയെങ്കിലും കഴിച്ചിട്ട് പോണം.ഞാനും, സുഹൃത്തുക്കളും (അവരൊക്കെ ഹിന്ദുക്കള്‍ ) വിഷു ദിനത്തില്‍ എന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം.

ആരുടെയോ തൊടിയില്‍ ഒരു കണിക്കൊന്ന മറഞ്ഞു വളര്‍ന്നു. മീനമാസത്തില്‍ അത് നവ വധു വിനെ പോലെ പൂക്കള്‍ വാരിയണിയും . എനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു അത്. ചുറ്റും വള്ളി പ്പടര്‍പ്പുകള്‍. ജന സഞ്ചാരം കുറഞ്ഞ ഒരിടം.വിഷുവിനു  എനിക്ക് പൂക്കള്‍ തരാന്‍ വേണ്ടി അവളുടെ മക്കളെ  സൂര്യനെ കാണിച്ചു കുടിയിരുത്തി. അധിനിവേശത്തിന്റെ കാലമാണ്. വിഷു അടുക്കുംതോറും ആധിവളരും . വിഷുവിനു തലേന്ന് രഹസ്യമായി ചെന്നു പൂ പറിക്കും. 
നിനക്കെന്തിനാണ് ഇത്രയും പൂവ് ........? 
ചിലപ്പോള്‍ അവള്‍ ചോദിച്ചെന്നു തോന്നും. കൂട്ടുകാരുടെ വീടുകളിലും കണി വയ്ക്കാന്‍ നിന്റെ പൂവ് വേണം. അപ്പോള്‍ കൊമ്പ് കുലുക്കി അവള്‍ സന്തോഷിച്ചു.. ആ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാത്തൊരു പ്രണയം തോന്നിയിരുന്നു . മാസത്തില്‍ ഒരിക്കല്‍ മാത്രമേ അവളെ ഒന്നു കാണാന്‍  പറ്റിയിരുന്നുള്ളൂ.  ഒന്നാം തീയതി തൊഴാന്‍ വരുമ്പോള്‍ ദൂരെ നിന്ന് ഒരു നിമിഷം ഒന്നു കാണും. കണ്‍ കുളിര്‍ക്കെ. പക്ഷെ, എന്നെക്കുറിച്ച് അവള്‍ക്കു അറിയില്ലായിരുന്നു. ഞാന്‍  നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ മനസ്സില്‍ ഭാരമായി തുടങ്ങി. എങ്ങനെയെങ്കിലും എന്റെ പ്രണയം അവളെ അറിയിക്കണം.  ആയിടയ്ക്ക് അവളുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പെണ്‍കുട്ടി  എന്റെ വീട്ടില്‍ വന്നു. എന്റെ ആഗ്രഹം ഞാന്‍ അവള്‍ വഴി അറിയിച്ചു. അത്ഭുതം.....! പെട്ടെന്ന് മറുപടി. മനസ്സ് കുളിര്‍ത്തു. സുഗമമായി പോകാം. എന്റെ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ അവള്‍ കാത്തിരിക്കുന്നുവത്രേ.....! ഞാന്‍ സന്ദേശങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു. ഒപ്പം ,ഒരു മുല്ല മാല, അല്ലെങ്കില്‍ അവളുടെ ദൈവത്തിനു ചാര്‍ത്താന്‍  ഇലഞ്ഞി മാല. എല്ലാം അവള്‍ സസന്തോഷം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം. വിഷു വരുന്നു. കണി വയ്ക്കാന്‍ ഞാന്‍ പൂ വാഗ്ദാനം ചെയ്തു.



 വിഷുവിനു അമ്പലത്തില്‍ വരണം ,ഒന്നു കാണണം .
ദൂതു പറഞ്ഞു..ആളറിയാത്ത പ്രണയം ഇനി വേണ്ട. .....സമ്മതിച്ചു. വിഷുവിനു അമ്പലത്തില്‍ കാണാം. എന്റെ നെഞ്ചിടിച്ചു. അമ്പലത്തിലാണ് കയറേണ്ടത്. ഞാനൊരു മുസ്ലീമാണ്. എങ്കിലും സാരമില്ല. വിഷു വന്നു. രാവിലെ ഏറ്റവും അടുത്ത ഒരു സുഹൃത്തുമായി പുറപ്പെട്ടു. അമ്പലത്തില്‍ കയറും മുമ്പ് ഷര്‍ട്ട് അഴിക്കണം. ലജ്ജ തോന്നി. ധാരാളം പെണ്‍കുട്ടികള്‍ തിങ്ങി നില്‍ക്കുന്നു. പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍ ....! ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല. ഒരു തവണ  തൊഴുതു. ശ്രീകോവിലിനു അരികില്‍ ഞങ്ങള്‍ ഒതുങ്ങി നിന്നു.തിരക്ക് വര്‍ദ്ധിക്കുന്നു. സോപാന ഗായകന് എന്റെ ഹൃദയ തുടിപ്പ് ഒരു സൗകര്യമായതു  പോലെ എനിക്ക് തോന്നി. അവള്‍ വന്നു. വിടര്ത്തിയിട്ട ഈറന്‍ മുടിയുമായി, ഞൊറിയിട്ട് തുന്നിയ പട്ടു പാവാടയും ചിത്രപ്പണി ചെയ്ത ബ്ലൌസുമിട്ടു അലസയായി അവള്‍ തൊഴുന്നത് ഞാന്‍ നോക്കി നിന്നു. ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്തേക്ക് നോക്കിയില്ല. 
എന്നെ കണ്ടു കാണുമോ.......? 
എനിക്ക് ആശങ്കയായി. സുഹൃത്ത് ഇടപെട്ടു. പെണ്ണല്ലേ , അവള്‍ നിന്നെ കണ്ടിട്ടുണ്ട്. അവന്‍ ഉറപ്പിച്ചു.ഇതൊക്കെ സംഭവിച്ചതു ഒരു വിഷുവിനാണ്. ഓരോ വിഷു വരുമ്പോഴും ഇതൊക്കെ ഓര്‍മ്മയില്‍ ഓടി യെത്തും. 
സുഖമുള്ള ഓര്‍മ്മകള്‍ ...........
 ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍  ..........

12 Responses to ഇത്തിരി കൊന്നപ്പൂവ്

  1. ajith says:

    നല്ല ഒരുപിടി ഓര്‍മ്മകള്‍...ആശംസകള്‍

  2. Unknown says:

    അബ്ദുൽ നിസ്സാറിക്ക... വിഷുവിന്റെ പഴയകാല ഓർമ്മകൾ....ഇതുപോലെയുള്ള വിവിധ മതസ്ഥർ ഒന്നുചേർന്നുള്ള വിഷു ആഘോഷങ്ങൾ ഞങ്ങളും കൊണ്ടാടിയിരുന്നു.. ജാതിയ്ക്കും, മതത്തിനും അതീതമായി ഹിന്ദുക്കളും,കൃസ്ത്യാനികളും ഒന്നുചേർന്നാണ് ഇന്നും ഞങ്ങളുടെ നാട്ടിൽ ആഘോഷിയ്ക്കുന്നത്... അതിലേയ്ക്ക് മനസ്സുകൊണ്ടുള്ള ഒരു മടക്കയാത്രയായി ഈ പോസ്റ്റ്.. ഇക്കയ്ക്കും കുടുംബത്തിനും കണിക്കൊന്നപ്പൂക്കളുടെ നിറപ്പകിട്ടാർന്ന ഒരു വിഷുവിന്റെ ആശംസകൾ നേരുന്നു.
    സ്നേഹപൂർവ്വം ഷിബു തോവാള.

  3. വിഷുവിന് ഇത്രയ്ക്കും സുന്ദര മനോഹരമായ ഓർമ്മകൾ ഉൺറ്റായ ആളാണോ ഇക്ക! നല്ല രസമുള്ള കൊന്നപ്പൂക്കളിൻ ഓർമ്മകൾ. വിഷുദിനാശംസകൾ.

  4. khaadu.. says:

    സുഖമുള്ള ഓര്‍മ്മകള്‍...

  5. ഓര്‍മ്മകള്‍

  6. സുഗന്ധമുള്ള ഓര്‍മ്മകള്‍

  7. നിസ്സാര്‍ ..നിറവും സുഗന്ധവുമുള്ള ഈ കണിക്കൊന്നപ്പൂക്കള്‍ കണ്ടു കണ്‍ കുളിര്‍ത്തു :)

  8. മരിയ്ക്കാത്ത ഓര്‍മ്മകള്‍

  9. ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
    ഏത് യന്ത്ര വല്‍കൃത ലോകത്ത് പുലര്‍ന്നാലും,
    മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും,
    മണവും, മമതയും ഇത്തിരി കൊന്നപ്പൂവും ..............

  10. വിഷു ഓര്‍മ നന്നായി ആ ബാക്കി പ്രണയം കൂടി പറയായിരുന്നു കേട്ടോ

  11. ഇതിൻ്റെ ബാക്കി കഥ എന്താണ് uncle

  12. Anonymous says:

    മനസ്സിൽ ഉണ്ടാകട്ടെ ആ ഇത്തിരി കൊന്നപൂവ്

Leave a Reply