Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

എന്റെ ക്രിസ്മസ്

 പൂക്കളും , വിരഹവും കൂട്ടി വയ്ക്കുന്ന കുറെ ഓർമകളാണ്  എനിക്ക് ക്രിസ്മസ് .എന്റെ കുട്ടി ക്കാലത്ത്  ഇത്താത്തമാർ  അയച്ചു തന്ന ഗ്രീറ്റിംഗ്സ് കാർഡുകളിലൂടെയാണ് ആദ്യമായി ക്രിസ്മസ്സിനെ അറിയുന്നത്. നിവർത്തുമ്പോൾ പൂക്കൾ അടരുകളായി വിടരുന്ന മനോഹരമായ കാർഡുകൾ . അവർ പഠിച്ചിരുന്ന സ്കൂളിൽ ഞാൻ ചേർന്നതും ഒരു ക്രിസ്മസ് കാലത്തായിരുന്നു. സ്കൂൾ മൈതാനം നിറയെ വാകമരങ്ങൾ പൂ ചൂടിയിരുന്നു. ഓഫീസിനു മുമ്പിലെ പൂത്തുലഞ്ഞ രാജമല്ലിയും ,അതിൽ നൃത്തം വയ്ക്കുന്ന പൂമ്പാറ്റകളും, ജനവരിക്കാറ്റ് ചൂളം വിളിക്കുന്ന പകലുകളും എനിക്ക് ഇതിനു മുമ്പ് അജ്ഞാതമായിരുന്നു. കന്യാസ്ത്രീകളെ  ആദ്യമായി കാണുന്നത് പുതിയ സ്കൂളിൽ ചേർന്നപ്പോഴാണ് ......
സ്നേഹസേന എന്ന കുട്ടികളുടെ മാസിക വഴിയാണ് ഞാൻ ക്രിസ്തുമതത്തിന്റെ സൌന്ദര്യം അറിയാൻ തുടങ്ങിയത്. ആ മാസികയുടെ ചുമതല ഒരു സിസ്റ്റർക്കായിരുന്നു. കന്യാ സ്ത്രീകൾ ക്രിസ്തുവിന്റെ മണവാട്ടികളല്ല , അവർ ദൈവത്തിന്റെ മാലാഖമാർ ആണെന്നാണ്‌ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. സ്നേഹം കൊണ്ട് അവർ എന്നെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിലെ ഒടുവിലത്തെ പ്രണയം വിരിയുന്നതും ഒരു ക്രിസ്തുമസ് കാലത്തായിരുന്നു. അത് എന്റെ പ്രീ - ഡിഗ്രി ക്കാലമായിരുന്നു.കൂടെ പഠിക്കാൻ വന്ന നസ്രാണി ക്കുട്ടി.മൌനം കൊണ്ട് ഞങ്ങൾ തുടങ്ങി. ദിവസങ്ങളോളം അത് നീണ്ടു. പതുക്കെ അതു കെട്ടഴിഞ്ഞപ്പോൾ സംസാരിക്കാൻ സമയം തികയാതെയായി.ക്ലാസ്സിനു പുറത്തും, വഴിയരികിലും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ കാഴ്ചയുടെ അവസാന ബിന്ദു വരെ ഞങ്ങൾ തിരിഞ്ഞു നോക്കുമായിരുന്നു. അവൾ പറഞ്ഞു , അവളുടെ വീടിന്റെ ഉമ്മറത്ത് നിന്ന് എന്റെ വീടു കാണാൻ ശ്രമിച്ചിട്ടുണ്ടത്രെ ......!, കാണാനാവാത്ത അകലത്തിൽ ആയിരുന്നിട്ടു പോലും. ഒരിക്കൽ അവൾ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അന്ന് മുറ്റത്തു നിന്ന ഒരു പൂവ് അടർത്തി എനിക്കു സമ്മാനിച്ചു. അതു വളരെ ക്കാലം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. അവൾക്കു വേണ്ടി ഞാൻ നക്ഷത്രങ്ങൾ തെളിച്ചു. ബോഗൻ വില്ലകൾ പൂത്തു മറിയുന്ന ഒരു ക്രിസ്തുമസ് കാലമായിരുന്നു.എന്റെ വീട്ടിൽ ഇരുന്നാൽ അകലെ മല മുകളിലെ പള്ളിയിൽ നിന്നുള്ള പ്രാർത്ഥന കേൾക്കാം . രാക്കുർബാനയുടെ നേർത്ത ഗാന വീചികളിൽ ഞാൻ അവളുടെ സ്വരം തിരഞ്ഞു ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. പള്ളി മുറ്റത്തെ ചലിക്കുന്ന അവ്യക്ത നിറങ്ങളിൽ ഒരു ചുമപ്പു പാവാട ക്കാരിയെ ഞാൻ തിരഞ്ഞിട്ടുണ്ട്.

അവൾക്കു വേണ്ടി മധുര പലഹാരങ്ങളും ഒരുക്കി കാത്തിരുന്നപ്പോഴോന്നും അവൾ വന്നില്ല. ഒരു വീണ പൂവായി ക്കഴിഞ്ഞ എന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളുമായി കഴിയുന്ന ഒരു സന്ധ്യക്ക്‌ അവൾ വന്നു. ഒട്ടും അസ്വാഭാവികതയില്ലാതെ ഉമ്മയോട് വസ്ത്രങ്ങൾ  വാങ്ങിയുടുത്തു അവൾ എന്റെ അരികിൽ വന്നിരുന്നു വെളുക്കുവോളം സംസാരിച്ചു.അടുത്ത പ്രഭാതത്തിൽ അവൾ ചിരിച്ച മുഖവുമായി പടിയിറങ്ങി പ്പോയി. ഇപ്പോൾ കാൽ നൂറ്റാണ്ടു കഴിയുന്നു. വല്ലപ്പോഴും സ്നേഹത്തിന്റെ പളുങ്കു പാത്രം മിനുക്കാൻ ശ്രമിക്കുമ്പോഴാണ് അറിയുന്നത്, അന്ന് അവൾ എന്റെ ഹൃദയവും കൊണ്ടു പോയിരുന്നു....
അവൾ എനിക്ക് ആരാണ് ..... ? 
ഇപ്പോഴും ഉത്തരമില്ല . അവൾ ഒരു മാലാഖ ആയിരുന്നോ ...? അതോ, അതിനുമപ്പുറത്തുള്ള ഏതോ അഭൌതിക തേജസ്സോ .......? അതിനും എനിക്ക് ഉത്തരമില്ല. പക്ഷെ , ഓരോ ക്രിസ്തുമസ് വരുമ്പോഴും ഞാൻ അവളുടെ സാമിപ്യം അറിയുന്നുണ്ട്. നിറങ്ങളുടെ ധാരാളിത്തമുള്ള പൂക്കളിലൂടെ, നക്ഷത്ര ശോഭയിലൂടെ..................

8 Responses to എന്റെ ക്രിസ്മസ്

 1. എല്ലാ വായനക്കാര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍

 2. This comment has been removed by the author.
 3. മനോഹരമായ എഴുത്ത്..

  ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട്...

 4. വിരഹത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ക്രിസ്മസ് ... ഉണ്ണി ഈശോ താങ്കളെ ഒരുപാടു അനുഗ്രഹിക്കട്ടെ ....

 5. ഈ നിറമുള്ള ഓര്‍മ്മകള്‍ ഇഷ്ട്ടമായി...

  ക്രിസ്മസ് ആശംസകള്‍

 6. ajith says:

  തരളമായ സ്മരണകള്‍

 7. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സ്മരണകള്‍

 8. ഓര്‍മ്മകളില്‍ ഒഴുകിയെത്തുന്ന സുഗന്ധം....
  ക്രിസ്മസ് ആശം

Leave a Reply