Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

എന്റെ ഡയറിക്കുറിപ്പുകള്‍


ഓര്‍മകളുടെ പത്തായപ്പുര

എന്നു മുതലാണ്‌ ഞാന്‍ ഡയറി എഴുതി തുടങ്ങിയതെന്ന്  ഓര്‍മയില്ല. അതറിയണമെങ്കില്‍ തട്ടിന്‍ പുറത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നിരവധി ചാക്ക് കെട്ടുകള്‍ പരിശോധിക്കണം . ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്ന രണ്ടു വസ്തുക്കളാണ് എന്റെ ഡയറികളും ,പഴയ മാസികകളും . മാസികകള്‍ സമയം കിട്ടുമ്പോഴൊക്കെ തുറന്നു നോക്കാറുണ്ട്. എന്നാല്‍ എന്റെ ഡയറികള്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാന്‍  അടുത്ത കാലം വരെ എനിക്ക് ധൈര്യം പോരായിരുന്നു. കാരണം ഞാന്‍ അതില്‍ കുറിച്ചതെല്ലാം ഒരു കാലഘട്ടം വരെ ഞാന്‍ ചിന്തിച്ചതും ചെയ്തതുമായ കാര്യങ്ങളുടെ സത്യസന്ധമായ  കുറിപ്പുകള്‍ ആയിരുന്നു. അത് ചിലപ്പോള്‍ എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുമോ എന്നു ഞാന്‍ വല്ലാതെ ഭയക്കുന്നു.

ഡയറി എഴുതാനുള്ള പ്രചോദനം എന്തായിരുന്നു എന്നു എനിക്കറിയില്ല. ഞാന്‍ ഡയറി എഴുതാന്‍ തുടങ്ങി വളരെ ക്കാലം കഴിഞ്ഞാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകള്‍ വായിക്കുന്നത്. മനസ്സില്‍ കൊണ്ടു നടന്നിരുന്ന എഴുത്തുകാരാരും ഈ കാര്യത്തില്‍ എന്നെ സ്വാധീനിച്ചിരുന്നില്ല. സൊസൈറ്റി യില്‍ നിന്ന് ലഭിച്ചിരുന്ന വില കുറഞ്ഞ നോട്ടു ബുക്കാണ് എന്റെ ആദ്യ ഡയറി. പിന്നീടാണ് മനോരമയുടെയും, മാതൃഭൂമിയുടെയും ഡയറികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. മാതൃഭൂമി ഡയറി പിന്നീട് എനിക്ക് പ്രിയപ്പെട്ടതായി. ഡിസംബറിലെ അവസാന ദിവസങ്ങളില്‍ ഡയറി വാങ്ങാനുള്ള പണം ഏതു വിധേനയും ഞാന്‍ കണ്ടെത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതം വല്ലാതെ മാറ്റി മറിക്കപ്പെട്ടു. ഒറ്റയ്ക്ക് ജീവിച്ചിരുന്ന കാലത്ത് പണം സമ്പാദിക്കണമെന്നോ , ഒരു നല്ല ജോലി നേടണമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. അന്ന് മനസ്സ് നിറയെ എഴുത്തുകാരനും സിനിമാക്കാരനും ആകാനുള്ള മോഹം ആയിരുന്നു. എന്നോടൊപ്പം ഡയറി എഴുതാന്‍ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ ഡയറി കള്‍ പരസ്പ്പരം കൈമാറി വായിച്ചിരുന്നു ആദ്യ കാലത്ത്. ദൈനംദിന കാര്യങ്ങളുടെ യഥാതഥ വിവരണങ്ങള്‍ എഴുതാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.കൂട് വിട്ടു പറക്കുന്ന ചിന്തകളുടെ പിന്നാലെ അലയാനായിരുന്നു എനിക്കിഷ്ടം. ഒരു പാടു പെണ്‍കുട്ടികള്‍ എന്റെ മനോ ലോകത്ത് കടന്നു വന്നിരുന്നു . അവരെയെല്ലാം ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ചെയ്തു.പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം അനുഭവ വേദ്യമായിരുന്നില്ല . തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടിയുള്ള ദാഹമായി വാക്കുകള്‍ എന്റെ ഡയറിയില്‍ നിറം കെട്ടുകിടന്നു. ഒടുങ്ങാത്ത ദാഹം ഞാന്‍ ഉറങ്ങുന്നതിനു മുമ്പ് ഡയറി യിലേക്ക് ഒരു വന്യമായ ആവേശത്തോടെ ആവാഹിച്ചു. വേദനയുടെ ഉന്മാദത്തിന് കൊതിക്കുന്ന വേളകളില്‍ തുറന്നു വായിക്കുന്ന വേദ ഗ്രന്ഥങ്ങളായി ഞാന്‍ ഡയറികള്‍ ഉപയോഗിച്ചു.

ഒരു പെണ്‍കുട്ടി വീട്ടില്‍ കയറി വന്നതോടെ ജീവിക്കുക എന്നതു ഒരു വെല്ലുവിളിയായി മാറി. മായാ ലോകത്ത് നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നു ഞാന്‍ നടക്കാന്‍ പഠിച്ച നാളുകളായിരുന്നു അത്.ജീവിത സന്ധാരണത്തിനു ഒരുപാട് വേഷം കെട്ടുന്നതിനിടയില്‍ എന്റെ ഡയറിയുടെ പേജുകള്‍ ഒരു വിധവയെ പോലെ അഴക്‌ കെട്ടു തുടങ്ങി. വല്ലപ്പോഴും മാത്രം എന്തെങ്കിലും കുത്തി ക്കുറിച്ചെങ്കിലായി. അത് ഒരു 'കോമാ 'യിലേക്ക് എന്റെ ഓര്‍മകളെ നയിക്കുകയായിരുന്നു. പുതു വര്‍ഷാരംഭത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൃഡ പ്രതിജ്ഞകള്‍ ഒന്നും എടുത്തിരുന്നില്ല.എന്റെ ദുശ്ശീലങ്ങള്‍ ഒരു സഹ യാത്രികനെ പോലെ എപ്പോഴും എന്നോടൊപ്പം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ലോകം പുതു വര്‍ഷത്തെ ആശ്ലേഷിക്കുന്നതിന്റെ ഉത്സാഹത്തിലാണ്. ഞാനും, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാര്‍ എടുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന വര്‍ഷം നല്‍കിയ എല്ലാ സുന്ദരവും ,നിന്ദ്യവും ആയ നിമിഷങ്ങളെ നന്ദിയോടെ സ്മരിച്ചു കൊണ്ട് എല്ലാവര്‍ക്കും എന്റെ പുതു വത്സരാശംസകള്‍ ........

10 Responses to എന്റെ ഡയറിക്കുറിപ്പുകള്‍

 1. tom says:

  Wish you a very Happy New Year... May God Bless You!

 2. സ്നേഹത്തോടെ ,പുതുവത്സരാശംസകള്‍ !ഡയറി എഴുത്ത് ഒരു സാധന പോലെത്തന്നെയാണ്.ഇടക്ക് മുറിഞ്ഞുപോയാല്‍ കൂട്ടിച്ചേര്‍ക്കാന്‍ വളരെ വിഷമവും.ഇത് എന്റെ അനുഭവം.എന്നാലും ഡയറി വാങ്ങാതിരിക്കാറില്ല.മാധ്യമം വന്നതിനു ശേഷം ആ ഡയറി ഉപയോഗിക്കുന്നു.പല എഴുത്തുകാരെയും സൃഷ്ടിച്ചത് ഡയറി എഴുത്താണെനന്നതും സ്മരണീയമാണ്.

 3. പുതിവല്സരാശംസകള്‍..

 4. ആശംസകൾ....
  ഓർമ്മകൾ..തീപ്പിടിക്കുന്നവ,,,

 5. 1965 മുതലുള്ള ഡയറിക്കുറിപ്പുകള്‍ എന്റെ സ്വന്തം. പലപ്പോഴും അതിലെഴുതിയതൊക്കെ വായിച്ച് നോക്കി ഇത് ഞാനായിരുന്നോ എന്നതിശയപ്പെടുകയും ചെയ്യും.ആ എനിക്ക് പഴയ ഡയറികള്‍ സൂക്ഷിക്കുന്ന ആളോട് തീര്‍ച്ചയായും ഇഷ്ടം തന്നെ.

 6. പുതുവത്സരാശംസകള്‍....

 7. പുതുവത്സരാശംസകള്‍........

 8. നമ്മൾ നമ്മുടെ ഡയറി എടുത്ത് മറിക്കുമ്പോൾ നമ്മൾ മാത്രമല്ലേ അത് കാണൂ. പിന്നെങ്ങനെ അത് മറ്റുള്ളവർക്ക് വേദന പകരും ? നമ്മൾ മറ്റുള്ളവരെ, ചില ഓർമ്മകളിൽ വെറുക്കാൻ സാധ്യതയുണ്ട്. അതാവും ഉദ്ദേശിച്ചതെന്ന് കരുതട്ടെ.
  പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം അനുഭവ വേദ്യമായിരുന്നില്ല.
  നിസാറിക്ക ഉദ്ദേശിച്ചത് പ്രണയത്തിന് ചൂടും ചൂരും പകരുന്ന കാമത്തെയാണോ ? അങ്ങിനെയാണെന്ന് കരുതട്ടെ. ആശംസകൾ.

 9. blogil puthiya post... PRITHVIRAJINE PRANAYICHA PENKUTTY..... vayikkumallo.........

 10. വിട്ടു പറക്കുന്ന ചിന്തകളുടെ പിന്നാലെ അലയാനായിരുന്നു എനിക്കിഷ്ടം. ഒരു പാടു പെണ്‍കുട്ടികള്‍ എന്റെ മനോ ലോകത്ത് കടന്നു വന്നിരുന്നു . അവരെയെല്ലാം ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ചെയ്തു.പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം അനുഭവ വേദ്യമായിരുന്നില്ല . തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടിയുള്ള ദാഹമായി വാക്കുകള്‍ എന്റെ ഡയറിയില്‍ നിറം കെട്ടുകിടന്നു. ഒടുങ്ങാത്ത ദാഹം ഞാന്‍ ഉറങ്ങുന്നതിനു മുമ്പ് ഡയറി യിലേക്ക് ഒരു വന്യമായ ആവേശത്തോടെ ആവാഹിച്ചു. വേദനയുടെ ഉന്മാദത്തിന് കൊതിക്കുന്ന വേളകളില്‍ തുറന്നു വായിക്കുന്ന വേദ ഗ്രന്ഥങ്ങളായി ഞാന്‍ ഡയറികള്‍ ഉപയോഗിച്ചു.‘
  സ്വന്തം മന:സാക്ഷി പകർത്തിവെച്ചിരിക്കുകായാണല്ലോ ഇവിടെ ആല്ലേ ഭായ്

Leave a Reply