Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ആടുജീവിതവും കുറെ നിസ്സഹായരും






നിസ്സഹായത  എന്ന അവസ്ഥയ്ക്ക് വിധി എന്നൊരു പേരുകൂടിയുണ്ട്. ഇത് രണ്ടും  കീഴടങ്ങലുകള്‍ ആണ്. അടിയറ വയ്ക്കുന്നത് ചിലപ്പോള്‍ ജീവനാകാം, സ്വപ്നമാകാം.  ആ തകര്‍ച്ചയെ അതിജീവിക്കാന്‍ പലപ്പോഴും ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് കഴിയാറുണ്ട്. അത് കൊണ്ടാണ് ആടുജീവിതം എന്ന നോവലില്‍ നജീബിന് പ്രതിസന്ധി കളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതും   തനിക്കു അഭിമുഖീകരി ക്കേണ്ടി വരുന്ന തിക്തമായ അനുഭവങ്ങളും, സാഹചര്യങ്ങളും എല്ലാം അല്ലാഹുവിന്റെ പരീക്ഷങ്ങള്‍ ആണെന്ന് വിശ്വസിച്ചു അതിനെ മറി കടക്കാനുള്ള ഊര്‍ജം നേടിയെടുക്കുന്നതും  .നോവലിന്റെ അവസാന ഘട്ടം വരെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നജീബ് വിധേയനാകുന്നുണ്ട്. ആ അസന്നിഗ്ധത വായനക്കാരനെ വല്ലാതെ വരിഞ്ഞു മുറുക്കി നിര്‍ത്തുന്നു. നജീബ് ഒരിക്കലും സമ്പന്നതയില്‍ ആസക്തനല്ല. ജീവിക്കാന്‍ ഇത്തിരി സൌകര്യങ്ങള്‍, പ്രിയപ്പെട്ട ഭാര്യക്ക് ഇത്തിരി പൊന്ന്, അങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായാണ് നജീബ് എന്ന ചെറുപ്പക്കാരന്‍  ഗള്‍ഫു നാട്ടിലേക്ക് പറക്കുന്നത്. തന്റെ പിറക്കാന്‍ പോണ കുട്ടിയെ കൂടി ഒരുനോക്കു കാണാനുള്ള ഭാഗ്യവും, സാവകാശവും, വിധി അയാള്‍ക്ക്‌ നല്‍കുന്നില്ല. റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്ന് അപരിചിതനായ ഒരാളുടെ ആജ്ഞകള്‍ക്ക് വിധേയനായി നജീബ്  നഗര വല്ക്കൃത മുഖത്ത് നിന്ന് അപ്രത്യക്ഷനാകുന്നു.കൂടെ ഹക്കീം എന്ന ഒരു ഇളം പ്രായക്കാരനും. മണിക്കൂറുകള്‍ സഞ്ചരിച്ചു , അവര്‍ മരുഭൂമിയിലെ ഏതോ അജ്ഞാതമായ പ്രദേശത്തെ , മസ്രയില്‍ ( ആടുമാടുകളെ വളര്‍ത്തുന്നതും, കൃഷി ചെയ്യുന്നതുമായ സ്ഥലങ്ങള്‍ )എത്തുന്നു. വഴിയില്‍ ഹക്കീം വേര്‍പിരിയുന്നു. അയാള്‍ മറ്റൊരു മസ്രയില്‍ എത്തപ്പെടുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം നജീബ് കൊടിയ പീഡന ങ്ങള്‍ സഹിച്ചു, പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചു , അന്ത : സംഘര്‍ഷ ങ്ങളോടെ ,ആടുകളുമായി ജീവിച്ചു, അങ്ങനെ അയാളും മറ്റൊരു ആടായി. ആടുകളെ സ്നേഹിച്ചും ,ഭോഗിച്ചും , പരിപാലിച്ചും,  അകലെയുള്ള ഉമ്മയും ,ഭാര്യയും , തനിക്കു പിറന്ന കുട്ടിയും( ? )  ഇനി ഒരിക്കലും കണ്ടു മുട്ടില്ല എന്ന വേദനയോടെ ആ മസ്രയില്‍ ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു.  പക്ഷെ , അപ്പോഴും ഇതെല്ലാം  അല്ലാഹുവിന്റെ ഒരു പരീക്ഷണം എന്ന് മനസ്സില്‍ ഉറപ്പിച്ചു , എപ്പോഴെങ്കിലും ഒരു രക്ഷാ കവാടം തുറന്നു കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ കൈവെടിയുന്നില്ല നജീബ്. ഒരിക്കല്‍ ഹക്കീമിനെ കാണാന്‍ സൗകര്യം ലഭിക്കുന്നതോടെ മസ്രയില്‍ നിന്ന് രക്ഷ പെടാനുള്ള വഴി തെളിയുന്നു.  ദുര്‍ഘടമായ മാര്‍ഗങ്ങളിലൂടെ ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ നജീബ് നഗരത്തില്‍ എത്തുന്നു. വഴിയില്‍ വെള്ളവും , ഭക്ഷണവും കിട്ടാതെ  ഹക്കീം മരണപ്പെടുന്നു. ഒരു മിറക്കിള്‍ പോലെ  ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം ഖാദരി എന്ന നീഗ്രോ അപ്രത്യക്ഷമാകുന്നു. അയാള്‍ മസ്രയിലെ മറ്റൊരു ' നജീബ് ' ആയിരുന്നു. അയാളുമായി ഉണ്ടായ കൂടിക്കാഴ്ചയാണ് മസ്രയില്‍ നിന്ന് രക്ഷപെടാനുള്ള വഴി ഒരുങ്ങുന്നത്.. നഗരത്തില്‍ കുറെ മലയാളികളുടെ അടുത്ത്  വന്നു പെടുന്നതോടെ നജീബിന് രക്ഷാമാര്‍ഗം തുറക്കപ്പെടുന്നു. അപ്പോഴും നജീബ് ഒരു ആട്  തന്നെയാണ്. ദിശാബോധവും , കാലവും നഷ്ടപ്പെട്ട  നജീബ് എന്ന ആട്. അയാള്‍ തന്നെ ശുശ്രൂഷി ക്കുന്നവരോട് ചോദിക്കുന്നു.----
 ' ഇന്ന് എത്രാം തീയതിയാണ് '............. ?
പതിമ്മൂന്നാം തീയതി.
ഏതു മാസം........?  അവരുടെ മുഖം ചുളിഞ്ഞു.
ഓഗസ്റ്റ് 
ഏതു വര്ഷം ..........? അവര്‍ക്ക് ആകാംഷയായി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച്. ...
റബ്ബുല്‍ ആലമീനായ തമ്പുരാനേ,...........! ഞാന്‍ നെഞ്ചത്ത് കൈ വച്ചു. പിന്നെ മനസ്സിലും , വിരലിലും കാലം കണക്കു കൂട്ടി.
"മൂന്നു വര്ഷം ,നാല് മാസം , ഒന്‍പതു ദിവസം " --------
 സുഖം പ്രാപിച്ചതിനു ശേഷം പോലീസിനു പിടി കൊടുത്തു കേരളത്തിലേക്ക് മടങ്ങുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

 നിസ്സഹായത ഒരു വഴികാട്ടി

 നിസ്സഹായത എന്ന അവസ്ഥയാണ് ഈ നോവലിനെ മുമ്പോട്ടു നയിക്കുന്നത്. അത് മനുഷ്യനെ നിഴല് പോലെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു, എന്നല്ല ലോകത്തിന്റെ തന്നെ ചലനാത്മക ക്രിയകള്‍ ഈ നിസ്സഹായതയെ ആശ്രയിച്ചാണ്  നില നില്‍ക്കുന്നത്. ബാബറി മസ്ജിത് പൊളിക്ക പ്പെട്ടതിലും , ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിലും , യേശു ദേവന്‍ ക്രൂശിതനായതിലും ഈ നിസ്സഹായത ഒളിഞ്ഞു കിടപ്പുണ്ട്.  മണല്‍ വാരി ഉപജീവനം നടത്തിയിരുന്ന  നജീബിനെ ഗള്‍ഫില്‍ എത്തിച്ചതും, തുടര്‍ന്ന് മസ്രയില്‍ എത്തപ്പെട്ട അയാള്‍ക്ക്‌ അവിടെ തന്നെ എല്ലാം സഹിച്ചു തുടരേണ്ടി വന്നതും ഈ നിസ്സഹായത കൊണ്ടാണ്. ക്രൂരനും , സ്നേഹ ശൂന്യനുമായ  'അര്‍ബാബ്' , ഇടിയും മഴയും ഉള്ള ഒരു രാത്രിയില്‍ നജീബിനെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. അയാള്‍ക്ക്‌ മഴയും ,വെള്ളവും സഹിക്കാന്‍ വയ്യ. ഒരിക്കല്‍ പോലും കുടിക്കാനല്ലാതെ അയാള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അന്ന് വരെ തന്റെ കൂടാരത്തില്‍ കയറ്റാതിരുന്ന നജീബിനെ ചുറ്റി പ്പിടിച്ചാണ് അര്‍ബാബ് അന്ന് ഉറങ്ങിയത്.   മകനെ പോലെ ഓമനിച്ചിരുന്ന നബീല്‍ എന്ന ആട്ടിന്‍ കുട്ടിയുടെ വൃഷണം മുറിച്ചു മാറ്റാന്‍  നജീബിന് പിടിച്ചു കൊടുക്കേണ്ടി വരുന്നത് നിസ്സാഹായത കൊണ്ടാണ്. ഏറ്റവും ഒടുവില്‍  പോലീസ് പിടിയിലായ ശേഷം ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍  നജീബിനെ അര്‍ബാബ് തിരിച്ചറിഞ്ഞിട്ടും മടക്കി കൊണ്ട് പോകാത്തതില്‍ നജീബ് അത്ഭുതപ്പെടുമ്പോള്‍ , അര്‍ബാബ്  പറഞ്ഞതായി പോലീസ് പറയുന്നുണ്ട്." അവന്‍ എന്റെ  വിസക്കാരന്‍ അല്ലാതെ പോയി,  അല്ലെങ്കില്‍ ഞാന്‍ അവനെ മസ്ര വരെ വലിച്ചിഴക്കുമായിരുന്നു". നിയമത്തിന്റെ മുമ്പില്‍ അര്‍ബാബ് നിസ്സഹായനായി പോകുന്നതാണ് അവിടെ കാണാന്‍ കഴിയുന്നത്‌. 

ആട് ജീവിതം പൊതുവേ പ്രവാസികള്‍ക്കിടയില്‍ എല്ലാ ക്കാലത്തും ചര്‍ച്ച ചെയ്യപ്പടുന്ന ഒരു പുസ്തകം ആണ്. തീരെ വായന ഇല്ലാത്തവരും ആട് ജീവിതം വായിക്കുന്നു.എനിക്ക് ഒരു സുഹൃത്ത് മെയില്‍ ചെയ്തു തരിക ആയിരുന്നു. വീണ്ടും കുറെ ക്കാലം കഴിഞ്ഞാണ് അത് വായനക്ക് എടുക്കുന്നത്.  ഒറ്റ ഇരിപ്പില്‍ വായിക്കുകയും, അതില്‍ നിന്ന് മുക്തനാവാന്‍ ഞാന്‍ അതിലേറെ സമയം എടുക്കുകയും ചെയ്തു.നോവല്‍ എന്നതിനേക്കാള്‍, ഇതിന്റെ ഭാഷയ്ക്ക് സാമ്യം  ജീവ ചരിത്രത്തോടും, ആത്മ കഥയോടുമാണ്. ക്ളിഷ്ടതകള്‍ ലേശവും ഇല്ലാത്ത ഭാഷയാണ്‌ ഇതിന്റെത്.  ആവശ്യത്തിനും , അനാവശ്യത്തിനും അവ്യക്തത സൃഷ്ട്ടിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യം. അതിനു വളം നല്‍കുന്നത്  യൂണിവേഴ്സിട്ടി പ്രോടക്റ്റ് കളായ എഴുത്തുകാരും , നിരുപകരും. അതുകൊണ്ട് തന്നെ ഇടത്തരം വായനക്കാര്‍ സാഹിത്യത്തോട് വലിയ ആഭിമുഖ്യം ഇല്ലാത്തവരായി. ആശയങ്ങള്‍ കൊണ്ട് കസര്‍ത്ത് കാണിച്ചില്ല എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ നന്മ. വായനക്കാര്‍ ഇരച്ചു കയറാന്‍ അതൊരു കാരണമായി. 'മരുഭൂമികള്‍ ഉണ്ടാകുന്ന'തിന്റെ ഭാഷ ആയിരുന്നു ബന്യാമിന്‍ സ്വീകരിച്ചിരുന്നതെന്കില്‍ അനുഭവം മറ്റൊന്ന് ആകുമായിരുന്നു.  ആട്ടിന്‍ പറ്റങ്ങളെ പോലെ നിര തെറ്റിയ ഭാഷാ പ്രയോഗംആണ് ഈ നോവലിന്റെത്.. ചെത്തി മിനുക്കി അതിന്റെ ഭംഗി നഷ്ടപ്പെടുത്തിയില്ല. പ്രാസവും ,വൃത്തവും, വച്ച് കവിത 'ചമച്ചിരുന്ന' ഒരു കാലത്താണ് ചങ്ങമ്പുഴ  'രമണന്‍ ' പച്ച മലയാളത്തില്‍ ലളിത കോമള പദവുമായി കടന്നു വന്നത്. അത് ആബാലവൃദ്ധം ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചു. ആ സ്വീകാര്യത  ഈ മനോഹരമായ കൃതിക്കും ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്.

8 Responses to ആടുജീവിതവും കുറെ നിസ്സഹായരും

  1. Pheonix says:

    if u hav one e-copy of the novel pls send to me also by e-mail

  2. വളരെ ശെരിയാണ് രണ്ട് വെട്ടം വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ് ഒരു അനുഭവം അല്ലെങ്കില്‍ താങ്കള്‍ പറഞപോലെ അതില്‍ നിന്നും മനസിനെ ഒന്ന് മാറ്റി കൊണ്ടുവരാന്‍ പെട്ട് പാട്,

  3. ജീവിതം തന്നെ അഴിചെടുക്കാന്‍ കഴിയാത്ത ആശയമാകുന്ന മാജിക്‌ ബെന്യാമിന്‍ ആടുജീവിതത്തില്‍ കാണിക്കുന്നു ,,അദ്ദേഹത്തിന്‍റെ കൃതിയെക്കുറിച്ച് ഒരല്‍പം കൂടി ആഴത്തില്‍ വിശകലനം ചെയ്യാമായിരുന്നു എന്ന് തോന്നി ,,ആശംസകള്‍

  4. khaadu.. says:

    ഇതുവരെ വായിച്ചില്ല....
    വായിക്കണം...ഇന്ഷ അല്ലാ..

  5. ആട് ജീവിതം ഞാന്‍ പല പ്രാവശ്യം വായിച്ചു.അത് കയ്യിലെടുത്താല്‍ വീണ്ടും വായിക്കും.അത്രയ്ക്ക് സ്വാധീനിച്ച ഒരു പുസ്തകമാണത്

  6. പറയുന്ന കാര്യങ്ങളെല്ലാം എന്റെ ബോധമണ്ഡലത്തിനും എത്രയോ അപ്പുറമുള്ള കാര്യങ്ങളാണ്. പക്ഷെ 'ആട് ജീവിതം' വായിച്ചാൽ എല്ലാം മനസ്സിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ.

  7. നോവല്‍ എന്നതിനേക്കാള്‍, ഇതിന്റെ ഭാഷയ്ക്ക് സാമ്യം ജീവ ചരിത്രത്തോടും, ആത്മ കഥയോടുമാണ്. ക്ളിഷ്ടതകള്‍ ലേശവും ഇല്ലാത്ത ഭാഷയാണ്‌ ഇതിന്റെത്.

  8. പുസ്തക നിരൂപണം കുറെ ആഴത്തിലുള്ളതാകയാല്‍ അതിന്റെ സസ്പന്‍സ്‌ വായിക്കാത്തവര്‍ക്ക് നഷ്ടപ്പെടുത്തിക്കളയും എന്നൊരു അഭിപ്രായം എനിക്കുണ്ട്.

    പച്ചയായ വിവരണം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. എന്നിരുന്നാലും ചില നര്‍മ്മവും, എരിവും കൂട്ടിച്ചെര്‍ക്കെണ്ടിയിരുന്നില്ല എന്നുതന്നെയാണ് എന്റെ പക്ഷം.

Leave a Reply