സീന്‍ ഒന്ന്
റിസപ്ഷന്‍ - വൈകുന്നേരം
ഗള്‍ഫു രാജ്യത്തെ വലിയൊരു ഓഫീസിന്റെ റിസപ്ഷന്‍ .
സന്ദര്‍ശകര്‍ , ജീവനക്കാര്‍, ഹാളിന്റെ ഒരു വശത്ത് റിസപ്ഷന്‍ കൗണ്ടര്‍ . വിവിധ ദേശക്കാര്‍ , റിസപ്ഷനിസ്റ്റ് സൂസന്‍ .22 വയസ്സുള്ള നേര്‍ത്തു മെലിഞ്ഞ പെണ്‍കുട്ടി.
ഫോണ്‍ അടിക്കുന്നു .അവള്‍ ഫോണെടുത്ത് ഉപചാര പൂര്‍വ്വം സംസാരിക്കുന്നു.
അപ്പോള്‍ മറ്റൊരു ഫോണ്‍ , സംസാരം മുറിച്ചു ആ ഫോണിലേക്ക് -ഒരു ഇന്ഫോര്‍മേഷന്‍ കൊടുത്തു ഫോണ്‍ വച്ച് , ആദ്യ ഫോണില്‍ സംസാരം തുടരുന്നു.
അതിനിടയില്‍ ഒരു സന്ദര്‍ശകന്‍ , അയാള്‍ എന്തോ ചോദിക്കുമ്പോള്‍ , വിസിറ്റിംഗ് പ്ലേസ് കാണിച്ചു കൊടുത്തു.ഫോണില്‍ സംസാരിച്ചു വയ്ക്കുമ്പോള്‍ ഒരാള്‍ കടന്നു വന്നു.
അയാള്‍ : എക്സ്ക്യൂസ് മി ,ക്യാന്‍ ഐ ഗെറ്റ് ആന്‍ അപ്പോയിന്‍ മെന്റ് ടു സീ മാനേജര്‍ ....?
സൂസന്‍ : വണ്‍ മിനിറ്റ് ,
അവള്‍ വീണ്ടും ഫോണ്‍ എടുത്തു.
സന്ദര്‍ശകനെ മറി കടന്നു ഒരു ജീവനക്കാരന്‍ കടന്നു വന്നു സൂസനോട് -
'എയര്‍ പോര്‍ട്ടിലേക്ക് വണ്ടി പോയോ ........ ?
സൂസന്‍ ഫോണിലാണ് , സന്ദര്‍ശകനോട് - ' ഹീ ഈസ് ഇന്‍ മീറ്റിംഗ് , പ്ലീസ് വെയ്റ്റ്
തിരിഞ്ഞു ജീവനക്കാരനോട് : ഫൈവ് തേര്‍ട്ടീന്നല്ലേ പറഞ്ഞത്.
അയാള്‍ വാച്ചില്‍ നോക്കിയിട്ട് - ഞാന്‍ പുറത്തുണ്ടാകും .
വീണ്ടും ഫോണ്‍ -
സൂസന്‍ ഫോണില്‍ മറുപടി പറയുന്നു - ഹി ഓള്‍ റെഡി വെന്റ് ഔട്ട് .
രണ്ടു യുവതികള്‍ കടന്നു വന്നു. ജീവനക്കാരാണ്.ഒരേ വേഷം .
ഒരുത്തി : ( സൂസനോട് ) നീ വരുന്നില്ലേ ......... ?
സൂസന് പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല , അവള്‍ ആലോചിച്ചു.
മറ്റവള്‍ : കാലത്ത് പറഞ്ഞതെല്ലാം അവള് മറന്നു ( കുറച്ചു കൂടി അടുത്ത് വന്നു )
' എടീ , ജാന്‍സി നാട്ടില്‍ പോണു, എന്തേലും വാങ്ങണ്ടേ .... ?
ഒരുത്തി : നീയെന്താ വാങ്ങാന്‍ പോണേ .
സൂസന്‍ : ഞാനിറങ്ങാന്‍ വൈകും , നിങ്ങള് പൊയ്ക്കോ , റൂമില്‍ കാണാം
അവര്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍ത്ത് -
' നീയാ ജോസപ്പിനോട് ഞങ്ങളെയൊന്നു പിക്ക് ചെയ്യാന്‍ പറ .
സൂസന്‍ : ഞാനെങ്ങും പറയില്ല , അല്ലെങ്കി തന്നെ അയാക്കെന്നെ കണ്ടുകൂടാ .
ചിരിച്ചു , കൂടെയുള്ളവളെ ഉദ്ദേശിച്ചു -
'ഇവടെ കയ്യല്ലേ , ഇവള് പറയട്ടെ.
അതിനു മറുപടി യായി ' ഒന്ന് പോടീ ' എന്ന് മാത്രം പറഞ്ഞു
അവര്‍ ഫ്രെയിം വിടുമ്പോള്‍ സൂസന്റെ മൊബൈല്‍ അടിക്കുന്നു.ഫോണ്‍ എടുക്കാതെ അവള്‍ കോളറെ ശ്രദ്ധിച്ചു.ആ ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ല , അവള്‍ അല്‍പ്പം അസ്വസ്ഥ യായി.സാരി തുമ്പ് കൊണ്ട് മുഖം തുടച്ചു.
വീണ്ടും മൊബൈല്‍ അടിച്ചു, കുറെ ബെല്ലിനു ശേഷം അവള്‍ ഫോണ്‍ എടുക്കുന്നു.
ഒരു പുരുഷ ശബ്ദം : ഞാന്‍ താഴെയുണ്ട്.
സൂസന്‍ : (പരുഷമായി ) അതിനു ....... ?
ശബ്ദം : ഒരു കാര്യം പറയാനുണ്ട്.
ശബ്ദം : അഞ്ചു മിനിറ്റ് , ഞാന്‍ വണ്ടിയിലിരിക്കാം .
അതിനു മറുപടി പറയാതെ അവള്‍ ഫോണ്‍ വച്ചു.
സൂസന്‍ : ഇന്ന് പറ്റില്ല.
അവള്‍ ആകെ അസ്വസ്ഥയാകുന്നു.
സീന്‍ - രണ്ട്
ഓപ്പണ്‍ റസ്റ്റോറന്റ് - സന്ധ്യ
എക്സ്റ്റീരിയര്‍
തിരക്കായി തുടങ്ങുന്നതേയുള്ളൂ .അവിടവിടെ കുറച്ചാളുകള്‍ സ്ത്രീകളും,പുരുഷന്മാരും.
റസ്റ്റോറന്റിന്‍റെ ഒഴിഞ്ഞ കോണില്‍ സൂസന്‍ ഇരിക്കുന്നു അവള്‍ക്കരികില്‍ അച്ചായന്‍
(അന്‍പത്തഞ്ച് വയസ്സുകാരന്‍ ) മുമ്പ് ഫോണ്‍ ചെയ്തയാള്‍ അവള്‍ കോഫി ഒരു സിപ്പെടുത്തു .
സംസാരിച്ചതിന്റെ ബാക്കി.
അച്ചായന്‍ : ഒന്നും പറഞ്ഞില്ല
സൂസന്‍ മറുപടി പറയുന്നില്ല
അച്ചായന്‍ : കുട്ടിയെ തന്നെ മതീന്നാ പുള്ളിക്കാരന്‍
സൂസന്‍ : ( ഇഷ്ടപ്പെടാതെ ) പുള്ളിക്കാരനോ , അതോ അച്ചായനോ .......... ?
അവര്‍ക്കിടയിലെ ഒരു നിമിഷത്തിന്റെ മൌനം .
സൂസന്‍ , കൈത്തണ്ട കാണിച്ചു കൊടുത്തു കൊണ്ട് -
സൂസന്‍ : ഇത് വെറും മാംസമല്ല , ജീവനുണ്ട് , അതോര്‍ക്കണം .
അവളുടെ കൈത്തണ്ടയില്‍ കടിച്ച പാടുകള്‍ , അത് തിണര്‍ത്തു കിടന്നു.
അച്ചായന്‍ : ഞാനെന്താ പറയേണ്ടത് ....... ?
സൂസന്‍ : വരാന്‍ പറ്റില്ലെന്ന് പറഞ്ഞേക്കൂ.
അച്ചായന്‍ : അങ്ങനെ പറഞ്ഞാലെങ്ങനാ .
സൂസന്‍ : ( ഇത്തിരി ശബ്ദത്തില്‍ ) എന്താ പറഞ്ഞാല് , പരിസരം മറന്ന ശബ്ദമായിരുന്നു അത്, ആളുകള്‍ അവളെ ശ്രദ്ധിക്കുന്നു. അത് അവള്‍ മനസിലാക്കി
സൂസന്‍ : ശബ്ദം താഴ്ത്തി -കുറച്ചു പണം വാങ്ങി ,ആറു മാസത്തെ വാക്ക്, അതിനു ആരുടേം വെപ്പാട്ടി ആയേക്കാം എന്നൊന്നും അര്‍ഥമില്ല .
അച്ചായന്‍ മറുപടിയൊന്നും പറഞ്ഞില്ല , പെട്ടെന്ന് അയാള്‍ക്കൊരു ഫോണ്‍ വന്നു.
മറുവശത്ത്, മറ്റേതോ ഭാഷയില്‍ പരുക്കന്‍ ശബ്ദം -
അച്ചായന്‍ ഒരു വിധേയനെ പോലെ എല്ലാം കേള്‍ക്കുന്നു.
ഫോണ്‍ ഇത്തിരി അകത്തി ക്കൊണ്ട് , സൂസനോട്
അച്ചായന്‍ : പുള്ളിക്കാരനാ
സൂസന്‍ മറുപടി കൊടുക്കാതെ എഴുന്നേറ്റു നടന്നു.
ഫോണ്‍ കട്ട് ചെയ്ത് അച്ചായനും എഴുന്നേറ്റു.
സീന്‍ -3
തെരുവ് - വൈകുന്നേരം
ഏക്‌സ്റ്റീരിയര്‍
ഫുഡ് പാത്തിലൂടെ നടന്നു വരുന്ന സൂസന്‍ . പിന്നില്‍ അവള്‍ക്കൊപ്പം എത്താന്‍ പാട് പെടുന്ന അച്ചായന്‍.സൂസന്‍ ഒരു ടാക്സി വിളിച്ചു , കയറാന്‍ തുടങ്ങുമ്പോള്‍ അച്ചായന്‍ എത്തിക്കഴിഞ്ഞു
അച്ചായന്‍ : ഞാന്‍ കൊണ്ട് വിടാം .
അത് ശ്രദ്ധിക്കാതെ സൂസന്‍ ഡോര്‍ തുറന്നു.
അച്ചായന്‍ അത് മനസ്സിലാക്കി.
അച്ചായന്‍ : എന്നാ ഞാന്‍ നാളെ വിളിക്കാം., അല്ലെങ്കില്‍ ഓഫീസില്‍ വരാം
സൂസന്‍ : അത് വേണ്ട.
അച്ചായന്‍ തീര്‍ത്തു പറഞ്ഞു - ' ഞാന്‍ വരും'
അത് തിരുത്താന്‍ നില്‍ക്കാതെ അവള്‍ ടാക്സിയില്‍ കയറി.
സീന്‍ - 3 എ
കാറിനു പിന്‍ സീറ്റില്‍ ഇരിക്കുന്ന സൂസന്‍ ,
അവളുടേത് തകര്‍ന്ന മനസ്സാണ് .
സീന്‍ - 4
ഹോസ്റ്റല്‍ - രാത്രി
ഇന്റ്റീരീയര്‍
ഭംഗിയുള്ള ഹോസ്റ്റല്‍ മുറി
ഒരു പില്ലോ ഉയര്‍ത്തി വച്ച് ചാരി കിടക്കുന്ന സൂസന്‍. ഇപ്പോഴും അവള്‍ പിരിമുറുക്കത്തില്‍ നിന്നു മോചിതയായിട്ടില്ല . മുറിയിലേക്ക് കയറി വരുന്ന മുമ്പ് കണ്ട കൂട്ടുകാരികള്‍. പര്‍ച്ചെയ്സ് കഴിഞ്ഞുള്ള വരവാണ്. അതിലൊരുവള്‍ കയ്യിലിരുന്ന ബാഗ് സൂസന്റെ മുഖത്തേക്ക് വീശി.
" ഏതു ലോകത്താ. "
സൂസന്‍ പ്രതികരിച്ചില്ല, കൂട്ടുകാരികള്‍ ബാഗുകള്‍ മുറിയില്‍ എവിടെയെങ്കിലും വയ്ക്കാന്‍ ശ്രമിക്കുന്നു. അതിനിടയ്ക്ക് ഒരുത്തി സൂസനെ ശ്രദ്ധിച്ചു.
" സൂസന്‍ , നിനക്കെന്തു പറ്റി "
അതിനു മറുപടി പറഞ്ഞത് കണ്ണാടിയ്ക്ക് മുമ്പില്‍ നിന്നു സൌന്ദര്യം നോക്കിയ മറ്റവള്‍ ആണ്.
അമ്മായീടെ വീട്ടില്‍ പോണ കാര്യമോര്‍ത്ത് കിടക്കുകല്ലേ പാവം ".
അതിലെ മുള്ള് സൂസന് കൊണ്ട്. രൂക്ഷമായ ഒരു നോട്ടം കൊണ്ട് സൂസന്‍ പ്രതികരിച്ചു.
കൂടെയുണ്ടായിരുന്നവള്‍ ഇടപെട്ടു.
" ഹാ , പോട്ടെ സൂസന്‍ കുഞ്ഞേ , അവളൊരു തമാശ പറഞ്ഞതല്ലേ .....
സൂസനോട് : ഗെറ്റ് റെഡി , പുറത്ത് പോണം , ഒന്ന് രണ്ടു കൂട്ടം കൂടി വാങ്ങാനുണ്ട് .
സൂസന്‍ : ഞാനെങ്ങോട്ടുമില്ല.
സൂസന്റെ മറുപടി ഒരുത്തിക്ക് പിടിച്ചില്ല, അവള്‍ ചൊടിച്ചു
" വാടി , നമുക്ക് പോകാം "
സൂസന്‍ തനിച്ചാവുമ്പോള്‍ അവള്‍ കൈത്തണ്ടയിലേക്ക് തിരിച്ചെത്തുന്നു. അവിടെ പല്ലുകള്‍ ആഴ്ന്നിറങ്ങിയ പാടുകള്‍.
ഫ്ലാഷ് ബാക്ക്
ആഡംബരം നിറഞ്ഞ ഒരു ബെഡ് റൂം - രാത്രി
ഇന്റീരിയര്‍ - ഹാള്‍ കം ബെഡ് റൂം
ടീപോയില്‍ പാതി യൊഴിഞ്ഞ മദ്യ ക്കുപ്പി , നിറച്ചു വച്ച ഗ്ലാസ്.ആഷ്ട്രെയില്‍ പുകയുന്ന സിഗരറ്റ് അരികില്‍ തുറന്ന സിഗരറ്റ് പാക്കറ്റ് .
5 എ
ചുവര്‍ ചിത്രങ്ങളില്‍ ഒഴുകുന്ന ക്യാമറ.
പശ്ചാത്തലത്തില്‍ നേര്‍ത്ത സംഗീതം , ഒപ്പം ഇണ ചേരുന്ന സീല്‍ക്കാരം
ചിത്രം ഒന്ന്
മാംസം കൊത്തി വലിക്കുന്ന കഴുകന്‍
ചിത്രം രണ്ടു.
നഗ്നയായ സ്ത്രീ . അവളുടെ യോനിയില്‍ കുത്തിയിറക്കിയ കഠാര .
ക്യാമറ ചലിക്കുമ്പോള്‍
ചിത്രം മൂന്നു
കുടവയറും കഷണ്ടി ത്തലയുമുള്ള കിഴവന്‍ , അയാളുടെ വൃത്തി കെട്ട ചിരി .
ബെഡ് ലാമ്പിന് പിന്നില്‍ നിശ്ചലമാകുന്ന ക്യാമറ . അരണ്ട വെളിച്ചത്തില്‍ ബെഡ്ഡില്‍ ഒരു പെണ്‍കുട്ടി . അവള്‍ക്കു മീതെ പ്രാപിക്കുന്ന വൃദ്ധന്‍ ( ഔട്ട് ഓഫ് ഫോക്കസില്‍ )
പശ്ചാത്തല സംഗീതം മുറുകുന്നു . ഒപ്പം സീല്‍ക്കാരവും .
സീന്‍ 5 ബി
സ്വര്‍ണ്ണ നിറമുള്ള ഒരു പൂച്ച ടീ പ്പോയിലേക്ക് ചാടിയിറങ്ങി . കമരുന്ന മദ്യക്കുപ്പി. അത് നിലത്തു ഉരുളുന്നു. ഒടുവില്‍ നിശ്ചലമാകുന്നു.
സീന്‍ 6
അതെ ബെഡ് റൂം - അര്‍ദ്ധ രാത്രി
ഇന്‍റ്റീരിയര്‍
ബെഡിനു മുകളില്‍ നിന്നുള്ള ദൃശ്യം
നഗ്നയായി കിടക്കുന്ന സൂസന്‍ , ഒരു ബെഡ് ഷീറ്റ് പുതച്ചിട്ടുണ്ട്. അരികില്‍ ചരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കുന്ന വൃദ്ധന്‍ .
സൂസന്‍ ഉറങ്ങിയിട്ടില്ല.
സീന്‍ 6 എ
ആധുനിക സൌകര്യങ്ങള്‍ ഉള്ള ബാത്ത് റൂം.
സൂസന്‍ മുഖം കഴുകി . ഇപ്പോള്‍ അവള്‍ പുറത്ത് പോകാനുള്ള ഡ്രസ്സില്‍ ആണ്.കൈത്തണ്ടയിലെ മുറിവിലേക്ക് അവളുടെ ശ്രദ്ധ എത്തുന്നു. അതില്‍ അവള്‍ വെള്ളം ഇറ്റിക്കുന്നു .
സീന്‍ - ഏഴു
സൂസന്റെ മുറി - രാത്രി
ഇന്റീരിയര്‍
ബെഡ്ഡില്‍ ചാഞ്ഞു കിടക്കുന്ന സൂസന്‍ . ഇപ്പോഴും അവള്‍ ഓര്‍മകളില്‍ നിന്നു മോചിത ആയിട്ടില്ല. കൈത്തണ്ടയിലെ മുറിവില്‍ അവള്‍ പതുക്കെ തലോടി.
സീന്‍ - എട്ടു
ഓഫീസ് - പ്രഭാതം
എക്സ്റ്റീരിയര്‍
വലിയ ഓഫീസ് സമുച്ചയം , നിരവധി വാഹനങ്ങള്‍ ,സെക്യൂരിറ്റി , കടന്നു വരുന്ന വാഹനങ്ങള്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ . അതില്‍ ഒരാള്‍ സൂസന്‍ , ഒപ്പം കൂട്ടുകാരികള്‍.
സീന്‍ - ഒന്‍പതു
തെരുവ് - സായാഹ്നം
ഏക്‌സ്റ്റീരിയര്‍
തിരക്കിട്ട് നീങ്ങുന്ന മനുഷ്യ വ്യൂഹം , വാഹനങ്ങള്‍.
തിരക്കില്‍ സൂസനും കൂട്ടുകാരികളും ഉണ്ട്. അവര്‍ തമാശകള്‍ പറഞ്ഞു ,ചിരിക്കുന്നു.
പെട്ടെന്ന് സൂസന്‍ നിന്നു. മുഖത്തെ ചിരി മാഞ്ഞു. അവളുടെ കാഴ്ചയില്‍ അല്‍പ്പം അകലെ അച്ചായന്‍ .
കൂട്ടുകാരികള്‍ അത് മനസ്സിലാക്കി.
' വാ നമുക്ക് പോകാം ' എന്ന് പറഞ്ഞു അവര്‍ നടന്നു.
അച്ചായന്‍ സൂസന്റെ അരികിലേക്ക് വന്നു, അയാളുടെ സാമിപ്യം അവള്‍ ഇഷ്ടപ്പെടുന്നില്ല.
അച്ചായന്‍ : (മുഖവുരയില്ലാതെ) അയാള്‍ പോയി.
സൂസന്‍ ഒന്ന് നിശ്വസിച്ചു. അത് അച്ചായന്‍ മനസ്സിലാക്കി.
അച്ചായന്‍ : ചിലരങ്ങനെയാ , ദുഷ്ടന്മാര്‍.
സൂസന്‍ മെല്ലെ നടന്നു , ഒപ്പം അയാളും.
അച്ചായന്‍ : വൈകിട്ട് ഒരിടം വരെ പോണം .
മറുപടിക്ക് നില്‍ക്കാതെ അച്ചായന്‍ നടന്നു. അയാള്‍ പോയ വഴിയിലേക്ക് നോക്കി തരിച്ചു നില്‍ക്കുന്ന സൂസന്‍ .
സീന്‍ - 10
സൂസന്റെ മുറി - രാത്രി
ഇന്റീരിയര്‍
കണ്ണാടിക്കു മുമ്പില്‍ ഒരുങ്ങുന്ന സൂസന്‍. മുടി ചീകി ഒരു വശത്തേക്ക് വകഞ്ഞു ഭംഗി നോക്കി . കൂട്ടുകാരികളില്‍ ഒരാള്‍ ബെഡ്ഡില്‍ ഒരു പുസ്തകവുമായി കിടപ്പുണ്ട്. മറ്റൊരാള്‍ ഫോണില്‍ മറ്റൊരു ലോകത്താണ് .
ബെഡ്ഡില്‍ കിടക്കുന്നവളുടെ ശ്രദ്ധ സൂസനില്‍ ആണ്.
അവള്‍ തിരിഞ്ഞു സൂസനോട് : ആന്റീടെ വീട്ടിലെക്കാണോ...... ?
അതിനവള്‍ മറുപടി പറഞ്ഞില്ല.
സൂസന്‍ ഒരുക്കം കഴിഞ്ഞു ബാഗും എടുത്തു പുറത്തേക്ക്.
അവള്‍ പോയി കഴിയുമ്പോള്‍
കൂട്ടുകാരി : ആന്റീടെ വീട്ടില്‍ പോയി പോയി വല്ല സൂക്കേടും വരുത്തി വക്കുമോ ആവോ ...!
അവള്‍ പുസ്തകത്തിലേക്ക് മടങ്ങി. മറ്റവള്‍ ഇപ്പോഴും ഫോണില്‍ തന്നെ.
സീന്‍ - 11
തിരക്കുള്ള ഒരു സ്ട്രീറ്റ് - രാത്രി
കാര്‍ ഓടിക്കുന്ന അച്ചായന്‍ . പിന്‍ സീറ്റില്‍ സൂസന്‍ . അവള്‍ ഇപ്പോള്‍ സുന്ദരിയാണ്.
അയാള്‍ ഒരു സിഗരറ്റിനു തീ കൊടുത്തു , അതിന്റെ മണം സൂസന് പിടിച്ചില്ല ,അവള്‍ പുറം കാഴ്ചകളിലേക്ക് മടങ്ങി.
സീന്‍ - 11 എ
ആഡംബര ഫ്ലാറ്റുകള്‍ നിറഞ്ഞ ഒരിടം
അച്ചായന്‍ കാര്‍ പാര്‍ക്ക് ചെയ്തു.
സീന്‍ - 11 ബി
അച്ചായന്‍ ഗ്ലാസിലൂടെ സൂസനെ ശ്രദ്ധിച്ചു.
അവള്‍ ഇപ്പോഴും പുറം ലോകത്താണ്.
അച്ചായന്‍ :സെവന്ത് ഫ്ലോര്‍ , റൂം 32
ഒരു നിമിഷം അവള്‍ , അത് കേട്ടു ,
ഡോര്‍ തുറന്നു പുറത്തേക്ക്
അച്ചായന്‍ : കാലത്ത് ഞാന്‍ വന്നെടുത്തോളം
അത് ശ്രദ്ധിക്കാതെ സൂസന്‍ നടന്നു.
സീന്‍ - 12
നിലവാരമുള്ള ഒരു ഫ്ലാറ്റ് - രാത്രി
ഇന്റീരിയര്‍
ഫ്ലാറ്റിന്റെ ഏഴാം നില . ലിഫ്റ്റില്‍ വന്നിറങ്ങുന്ന സൂസന്‍. നീണ്ട കോറിഡോര്‍ , കനത്ത നിശബ്ധത. അവള്‍ക്കു പരിചയമില്ലാത്ത സ്ഥലം . ഒരു നിമിഷം അവള്‍ ആലോചിച്ചു നിന്നു , കോറിഡോറിലൂടെ നടന്നു. രണ്ടുകൊച്ചു കുട്ടികള്‍ ബോളുമായി അവളെ കടന്നു പോയി . ഒരു തിരിവില്‍ എങ്ങോട്ട് പോകണമെന്ന് ശങ്കിച്ചു നിന്നിട്ട് , ഇടതു വശത്തേക്ക് നടന്നു.
സീന്‍ - 12 എ
കോറിഡോറിലൂടെ നടന്നു വരുന്ന സൂസന്‍ . ഒരു മുറിയുടെ മുമ്പില്‍ നിന്നു. ചുറ്റുപാടും നോക്കി ആകെ ശൂന്യത.
ഡോര്‍ 32 സ്വര്‍ണ്ണ ലിപിയില്‍ ഒരു ബോര്‍ഡ് അവള്‍ വായിച്ചു. അടുത്തു ഒരു ക്രിസ്മസ് സ്റ്റാര്‍ മിന്നുന്നു. അവള്‍ക്കു നല്ല പരിഭ്രമം ഉണ്ട്. ഒന്ന് കൂടി പരിസരം നോക്കിയിട്ട് പതുക്കെ അവള്‍കോളിംഗ് ബെല്ലില്‍ പതുക്കെ വിരലമര്‍ത്തി.
പ്രതികരണത്തിനു കാത്തു നിന്നു ,
വീണ്ടും ബെല്‍.
അവള്‍ പതുക്കെ ഡോര്‍ ഹാന്‍ഡില്‍ തിരിച്ചു. അത് തുറന്നു കിടക്കയാണ്. അവള്‍ ശങ്കയോടെ അകത്തേക്ക് ...
സീന്‍ 13
സണ്ണിയുടെ റൂം - രാത്രി
ഇന്റീരിയര്‍
മനോഹരമായി അറേഞ്ചു ചെയ്തിരിക്കുന്ന ഒരു ഫ്ലാറ്റ് ആണത്. വില കൂടിയ ഫര്‍ണീച്ചര്‍ , ചുവര്‍ ചിത്രങ്ങള്‍ , ബുക്കുകള്‍ ,ഇന്റീരിയര്‍ഡെക്കറേഷനോട്കൂടിയഒരുഹാള്‍.
സണ്ണി , ഒരു മുപ്പതു കാരന്‍ .
മദ്യം നിറച്ച ഗ്ലാസുമായി കര്‍ത്താവിന്റെ ചിത്രത്തിനു മുമ്പില്‍ കൈകള്‍ നിവര്‍ത്തി നില്‍ക്കുന്ന സണ്ണി.
സണ്ണി : കര്‍ത്താവേ , ഇവന്‍ ചെയ്യുന്നത് എന്താണെന്ന് ഇവന്‍ കൂടി അറിയുന്നില്ല, ഇവനോട് പൊറുക്കേണമേ ......
കയ്യിലിരുന്ന മദ്യം ഒറ്റയിറക്കിനു കുടിച്ചു.
സണ്ണി : കര്‍ത്താവേ, കാനായിലെ കാര്യമൊന്നും പറഞ്ഞു ഞാന്‍ ക്ലീഷേ ആക്കുന്നില്ല, എന്നാലും ഒറ്റയടിക്ക് എത്ര കുപ്പി കള്ളാ അന്നുണ്ടാക്കിയത്. എന്നേം കൂടിയൊന്നു വിളിക്കാമായിരുന്നു. അത് മോശമായി പ്പോയി.
ഒരു മുരടനക്കം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി.
പിന്നില്‍ ---
സൂസന്‍ , അവള്‍ സണ്ണിയുടെ വട്ടു തരം കണ്ടു നില്‍ക്കുന്നു. അവള്‍ക്കു പരിഭ്രമം ഉണ്ട്.
സണ്ണി , കൃസ്തുവിനെയും സൂസനെയും മാറി മാറി നോക്കി വിശ്വാസം വരുത്തി.
എന്നിട്ട് സൂസനോട് - യെസ്
അതിനു സൂസന്‍ മറുപടി പറഞ്ഞില്ല.
സണ്ണി തിരിഞ്ഞു കര്‍ത്താവിനോടു : അപ്പൊ എല്ലാം പറഞ്ഞപോലെ , ഞാന്‍ ഇതൊന്നു ഡീല്‍ ചെയ്യട്ടെ.
അയാള്‍ സൂസന്റെ അരികിലേക്ക് ചെന്ന് അവളെ അഭിവാദ്യം ചെയ്തു കൊണ്ട്
സണ്ണി. : വെല്‍ക്കം , ഹോളി എയ്ഞ്ചല്‍ , വെല്‍ക്കം .
സണ്ണിയുടെ നാവു കുഴയുന്നുണ്ട്.
സൂസന്‍ , അവള്‍ പകച്ചു നില്‍ക്കയാണ്. അയാളുടെ അസാധാരണമായ പെരുമാറ്റം കണ്ടു.
അത് മനസ്സിലായ സണ്ണി ,
" ഭയപ്പെടേണ്ട , ഞാന്‍ നിന്നോട് കൂടെയുണ്ട് എന്നല്ലേ പ്രണാമം , ( പറഞ്ഞത് തെറ്റാണെന്ന് ബോധ്യമായപ്പോള്‍ ) പ്രമാണം എന്ന് പറയാന്‍ കഷ്ടപ്പെടുന്ന സണ്ണി.
സൂസന്‍ ചിരിച്ചു പോയി. ആ ചിരിയില്‍ സണ്ണിയും പങ്കു ചേര്‍ന്നു.
സണ്ണി : എനിക്കിങ്ങനെയാ , രണ്ടെണ്ണം അടിച്ചാല്‍ അപ്പൊ , നാക്ക് കുഴയും.
അയാള്‍ അടുത്തിരുന്ന കുപ്പിയില്‍ നിന്നൊരു പെഗ്ഗ് ഒഴിച്ച് ഒറ്റ വലിക്കു അകത്താക്കി.
സണ്ണി – ഇന്നത്തെ ദിവസം അറിയാമല്ലോ . ക്രിസ്മസ് , മെറി ക്രിസ്മസ് , ഹാപ്പി
ക്രിസ്മസ് ...
കണ്ടില്ലേ , കയറി വന്നപ്പോള്‍ മിന്നുന്നത് ,
സൂസന് മനസ്സിലാകുന്നില്ല അയാള്‍ പറയുന്നത്.
സണ്ണി – കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് – സ്റ്റാര്‍ - ദിവ്യ നക്ഷത്രം ....
ഒരു പെഗ്ഗ് കൂടി ഒഴിച്ച് കൊണ്ട് –
സണ്ണി , ഒരുവിധം ഫിറ്റ് ആയിട്ടുണ്ട്. അയാള്‍ അടുത്ത ചെയറില്‍ ഇരുന്നു.
സണ്ണി – ഇരിക്കണം സ്റ്റെയിഞ്ചര്‍
സൂസന്‍ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല
സണ്ണി – ഇരിക്കാതെ നമ്മള്‍ ഒന്നും സംസാരിക്കില്ല.
സൂസന്‍ അടുത്ത് ഒരു ചെയറില്‍ അര ചന്തിയില്‍ ഇരുന്നു.
സണ്ണി – ങാ , അങ്ങനെ വഴിക്ക് വാ എന്റെ യരുശലേം കുട്ടീ.
സണ്ണി – ഞാന്‍ സണ്ണി, സണ്ണി തോമസ് എന്നൊക്കെ ഇവിടുത്തെ വൈറ്റ് കോളെഴ്സ്
വിളിക്കും , അവന്മാരു പോയി പണി നോക്കട്ടെ. അമ്മച്ചി എന്നെ സണ്ണിച്ചാ ന്നു
വിളിക്കും , അതിലും മധുരമായിട്ടു എന്റെ അനിയത്തി ക്കുട്ടി വിളിക്കും – സണ്ണിച്ചായാ
–ന്നു
ഗ്ലാസില്‍ ഇരുന്ന ബാക്കി കൂടി വിഴുങ്ങിയിട്ട്.
സണ്ണി – ഞങ്ങളുടെ വീട്ടിലൊരു തോമ്മിച്ചായനുണ്ട് , അപ്പച്ചന്റെ സഹായി.
അയാളെന്നെ വിളിക്കുന്നത് എന്താണെന്ന് അറിയുവോ ,
ഒരു തമാശ ആസ്വദിക്കുന്ന ആനന്ദത്തോടെ സ്വയം ചിരിച്ചു കൊണ്ട് – സണ്ണി ക്കുഞ്ഞു ;
ഇപ്പോള്‍ സൂസന് സംസാരിക്കാനുള്ള ധൈര്യം കിട്ടി .
സൂസന്‍ - എപ്പോഴും എന്തിനാ ഈ സണ്ണീ ,
സണ്ണീ ന്നു പറേന്നത് ...................... ?
സണ്ണി – ( ചിരിച്ച് ) വണ്ടര്‍ ഫുള്‍ ക്വസ്റ്റ്യന്‍ , അതെന്റെ പേരല്ലേ കുട്ടീ.
വേറെ ആരും വിളിക്കാനില്ലാത്തപ്പോ , ( ബാക്കി അയാള്‍ ചിരിയില്‍ ഒതുക്കി )
സൂസനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .
സണ്ണി – ക്ഷമിക്കണം . ചോദിക്കാന്‍ വിട്ടു. കുടിക്കാന്‍ എന്താ വിസ്ക്കി ,
ബ്രാണ്ടി , റം .........
ഒന്ന് നിര്‍ത്തി – ഒറിജിനല്‍ വിസ്കി , ഒരെണ്ണം എടുക്കട്ടെ.
സൂസന് ആ സംസാരം പിടിച്ചില്ല , അവള്‍ തല താഴ്ത്തിയിരുന്നു.
സണ്ണി : ഇതാ പ്രശ്നം , ഈ പെണ്ണെന്നു പറേന്ന ജാതിക്കു ഇതൊന്നും പിടിക്കുകേല
അയാള്‍ ഒരു സിപ്പ് കൂടി എടുത്തു കൊണ്ട് പറഞ്ഞു.
സണ്ണി : കാലത്തെഴുന്നേറ്റു വെറും വയറ്റില്‍ വിസ്ക്കി കഴിക്കുന്ന ഒരു മദാമ്മേ
എനിക്കറിയാം .അങ്ങ് ഗോവേല് ( പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ,കിട്ടാതെ
വരുമ്പോള്‍)
സണ്ണി : ങാ , പേരും നാളുമൊന്നും തലേ വരുന്നില്ല.ഒറ്റ മാസം ഞങ്ങള്‍ വിസ്ക്കീം
,ബ്രാണ്ടീം കുടിച്ചു ആടി പാടി നടന്നു.ഒരു സുപ്രഭാതത്തില്‍ ( പ്ലെയ്ന്‍ ടെക് ഓഫ്
ചെയ്യുന്ന ആംഗ്യം കാണിച്ചു ) ഒറ്റ പ്പറക്കലാരുന്നു .
ഇത്തിരി നേരം ആലോചിച്ചിരുന്നു അന്നിട്ട് -
സണ്ണി : ഇപ്പൊ വല്ല ലണ്ടനിലോ , അമേരിക്കയിലോ ചുറ്റി ത്തിരിയുന്നുണ്ടാവും .
വീണ്ടും സൂസനോട്
സണ്ണി : സുന്ദരിയായിരുന്നു. (സ്വകാര്യം പോലെ ) പക്ഷെ ഭയങ്കര വായ് നാറ്റമാ ..
അയാള്‍ നിലവിട്ടു ചിരിച്ചു, ഒപ്പം സൂസനും ചിരിച്ചൂന്നു വരുത്തി.
സണ്ണി , അയാളുടെ സംസാരം കുറച്ചു കുഴയുന്നുണ്ട്.
സണ്ണി : പേര് പറഞ്ഞോ ........ ? ബൂസായത് കൊണ്ട് ഞാനോര്‍ക്കുന്നില്ല.
സൂസന്‍ : ഒരു രാത്രിയ്ക്ക് വേണ്ടി എന്തിനാ ഒരു പേര് ........... ?
സണ്ണി : അത് ശരിയല്ല, ഒരു നിമിഷത്തിനായാലും ഒരു പേര് വേണം .കര്‍ത്താവ് എന്താ
പറഞ്ഞതെന്നറിയാമോ .. ?
സൂസന്‍ : എന്താ പറഞ്ഞെ .........?
സണ്ണി : ( ശബ്ദം മാറ്റി ) യാക്കൊബെ , നിന്നെ ഞാന്‍ പേര് ചൊല്ലി വിളിച്ചിരിക്കുന്നു
– എന്നാ
സണ്ണി : എന്തായാലും ഒരു പേര് വേണം .
സൂസന്‍ : ഇഷ്ടമുള്ളത് വിളിച്ചോളൂ ....
അയാള്‍ ആലോചിച്ചു. അപ്പോഴത്തെ അവസ്ഥയില്‍ അയാള്‍ കുറച്ചു പ്രയത്നിക്കുന്നുണ്ട്
ഒരു പേരിനു വേണ്ടി .
ഒരു പേര് കണ്ടു പിടിച്ചതിന്റെ വിജയ ഭാവത്തില്‍ അയാള്‍ സൂസനെ ഒന്ന് നോക്കി
,പിന്നെ ചിരിച്ചു.
സൂസന് ആകാംഷ.
സണ്ണി: സൂസന്‍
അവള്‍ അമ്പരന്നു പോയി. പക്ഷെ അത് പുറത്ത് കാണിക്കാതെ ഇരുന്നു.
സണ്ണി എഴുന്നേറ്റു , അവള്‍ക്കരികില്‍ കൈകള്‍ ഊന്നി നിന്നു. സ്വയം പറഞ്ഞു
സണ്ണി : സൂസന്‍ , സുന്ദരിയായ സൂസന്‍ .
അവള്‍ക്കപ്പോള്‍ ലജ്ജ തോന്നി.
സൂസന്‍ : ആര് പറഞ്ഞു എന്റെ പേര് അതാണന്നു ......?
സണ്ണി : കണ്ടോ, സത്യം പുറത്ത് വരുന്നത് കണ്ടോ ..
സൂസന്‍ അപ്പോള്‍ മനോഹരമായി ചിരിച്ചു.
സണ്ണി : സുന്ദരിയായ ഒരു കോട്ടയം കാരിക്ക് വേറെ എന്ത് പേരാണിടുക .... ങേ ,
സൂസന്‍ വീണ്ടും ഞെട്ടി .
സൂസന്‍ : കോട്ടയം കാരിയോ , ആര് ........... ?
സണ്ണി : ദേ , ദേ , വീണ്ടും നുണ .
അയാള്‍ അവള്‍ക്കു ചുറ്റും വെറുതെ വലം വച്ചു.
സൂസന്‍ : സത്യം പറ , സണ്ണിച്ചന്‍ ഇതിനു മുമ്പ് എന്നെ കണ്ടിട്ടുണ്ട് , ഉറപ്പ്
സണ്ണി : ഇല്ല , കര്‍ത്താവായ ഈശോ മിശിഹാ തമ്പുരാനാണെ ഇല്ല.
സൂസന്‍ : സൈക്കോളജി പഠിച്ചിട്ടുണ്ടോ ......
ആ സില്ലി ചോദ്യത്തിന് അയാള്‍ ചിരിച്ചു.
സണ്ണി : സൈക്കോളജി യല്ലേ ജീവിതം പഠിപ്പിക്കുന്നത്.
സൂസന്‍ , അവള്‍ എഴുന്നേറ്റു ,
സൂസന്‍ : സത്യം പറ സണ്ണിച്ച , എന്റെ പേരും നാടും സണ്ണിച്ചനു എങ്ങനെ അറിയാം .
സണ്ണി : സത്യം , സത്യമേ പറയൂ സണ്ണി ,
അവളുടെ ചുമലില്‍ കൈകള്‍ വച്ച് കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചു കൊണ്ട്.
സണ്ണി : സൂസന്‍ എന്നല്ലാതെ എന്ത് വിളിക്കും ഈ സൌന്ദര്യത്തെ ......... .
അവള്‍ തല കുനിച്ചു.
സണ്ണി വീണ്ടും വലം വയ്ക്കാന്‍ തുടങ്ങി.
സണ്ണി : വേണമെങ്കില്‍ കുറച്ചു കൂടി പറയാം , എന്താ കേള്‍ക്കണോ .......... ?
സൂസന്‍ : കേള്‍ക്കട്ടെ ,
അവള്‍ക്കു ആകാംക്ഷ കൂടി .
സണ്ണി : പക്ഷെ , എനിക്ക് ഒന്ന് കൂടി അടിക്കണം .
സൂസന്‍ : വേണ്ട, അങ്ങനെയെങ്കില്‍ കേള്‍ക്കണ്ട.
സണ്ണി : കാഞ്ഞിരപ്പള്ളി , അച്ചായന്മാര്‍ക്ക് തീറെഴുതി കൊടുത്ത ഒരു സിനിമാ
ക്കാരനുണ്ടായിരുന്നു , പത്മരാജന്‍ , ( സൂസനോട് ) കേട്ടിട്ടുണ്ടോ ....... ?
അതിനു മറുപടി പ്രതീക്ഷിക്കാതെ അയാള്‍ തുടര്‍ന്ന് –
അങ്ങേരുടെ ഭാഷേല്‍ പറഞ്ഞാല്‍ , കാഞ്ഞിരപ്പള്ളിക്കാരിയല്ലേ നീ. ടെല്‍ മീ ........
സൂസന്‍ സമ്മതിച്ചു .
സൂസന്‍ : ങാ .
സണ്ണി : നോക്കിക്കേ ,കൊച്ചിന്റെ മുഖത്തെ വെപ്രാളം കണ്ടില്ലേ.......!
സണ്ണി : (ചിരിച്ചു ) അത്രേം മതി , എല്ലാം കൂടി ഒറ്റ രാത്രി കൊണ്ട് പറഞ്ഞു തീര്‍ത്താല്‍
പിന്നെ , ഒരു രസോം ഉണ്ടാവൂല ...
റൂമില്‍ എവിടോയോ ക്ലോക്ക് അടിച്ചു.
സൂസന്‍ : വരുന്നില്ലേ ... രാത്രി
ഇപ്പൊ തീരും ....
സണ്ണി : തീരട്ടെ , രാത്രി വരും ,വീണ്ടും വരും , പിന്നെയും വരും. ( ചെറിയ
ഗ്യാപ്പില്‍ )
സണ്ണി : ഞാനിപ്പോ വരാം .
അയാള്‍ മറ്റൊരു മുറിയിലേക്ക് നടന്നു.
സീന്‍ - 14
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
മറ്റൊരു മുറി – ഇന്റീരിയര്‍
അയാള്‍ മുറിയില്‍ ഒരു പുല്‍ക്കൂട് അവസാനത്തെ പണി തീര്‍ക്കയാണ്. ഉണ്ണിയേശു
വിന്റെ രൂപം ഒരിടത്ത് ഉറപ്പിച്ചു , അത് ഭംഗിയല്ലെന്നു തോന്നി , വേറൊരിടത്തു വച്ചു
അതിന്റെ ഭംഗി നോക്കുന്ന സണ്ണി.
സൂസന്‍ കേള്‍ക്കാന്‍ വേണ്ടി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു –
സണ്ണി : തിരുപ്പിറവി കാണാന്‍ ഒരവസരം തരാം .
കുറച്ചു നേരം പ്രതികരണത്തിനു കാത്തു. മറുപടി യില്ല.
ങേ , പോയോ എന്ന് ആത്മ ഗതം ചെയ്തു കൊണ്ട് അയാള്‍ പുറത്തേക്ക്.
സീന്‍ - 15
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
മുറി – ഇന്റീരിയര്‍
കടന്നു വരുന്ന സണ്ണി – മുമ്പ് സംസാരിച്ചിരുന്ന മുറി . ഇപ്പോഴവിടെ സൂസനില്ല.
അയാള്‍ ചുറ്റുപാടും നോക്കിയ ശേഷം മറ്റൊരു വശത്തേക്ക് നടന്നു
15 A
വേറൊരു മുറിയുടെ പാതി ചാരിയ ഡോറിനു പിന്നില്‍ അയാള്‍ നിന്നു , മുറിയില്‍
നിന്നുള്ള വെളിച്ചം പുറത്തേക്ക് വീണു കിടന്നു. വാതിലില്‍ മുട്ടുന്നതിനു പകരം “ അതേ
“ എന്ന് പറഞ്ഞു കൊണ്ട് ഡോര്‍ തുറന്നു ശൂന്യമായ മുറി . സൂസന്‍ അവിടെയും ഇല്ല. സണ്ണി
തെല്ലു അമ്പരന്നു അയാള്‍ മറ്റൊരു മുറിയിലേക്ക്
15 B
സണ്ണി ഒച്ചയുണ്ടാക്കാതെ ഒരു ഡോര്‍ തുറന്നു.അയാളുടെ കാഴ്ചയില്‍ ബെഡ്ഡില്‍
കിടക്കുന്ന സൂസന്‍ , അവളൊരു ബെഡ് ഷീറ്റ് കൊണ്ട് ശരീരം മറച്ചിട്ടുണ്ട് .
സണ്ണി ഡോര്‍ തുറക്കുമ്പോള്‍ ഒരു ചിരി കൊണ്ട് അയാളെ ക്ഷണിച്ചു.
സണ്ണി മുഖം തിരിച്ചു
സണ്ണി : ഡ്യൂട്ടിയില്‍ പങ്ങ്ച്ച്വല്‍ ആണല്ലേ ........... ?
അയാളുടെ പ്രതികരണം അങ്ങനല്ല അവള്‍ പ്രതീക്ഷിച്ചത്
ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു സൂസന്‍ - അങ്ങനല്ലേ വേണ്ടത് ............. ?
വെറുതെ കാഷ്വല്‍ ആയി “ അതെ ‘ യെന്നു സണ്ണി തലയാട്ടി.
സണ്ണി : വിരോധമില്ലെങ്കില്‍ കിച്ചണിലേക്ക് വരൂ. എനിക്കിത്തിരി താറാവ് കറി
കൂട്ടണം
സൂസന്‍ - അപ്രതീക്ഷിതമായ പ്രതികരണത്തില്‍ ചൂളി പ്പോകുന്നു.
സീന്‍ - 16
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഇന്റീരിയര്‍
ഷെല്‍ഫില്‍ എന്തോ തിരയുന്ന സണ്ണി. അരികില്‍ സൂസന്‍ . അത് ബെഡ് റൂമാണ്
കുറെ പുതു വസ്ത്രങ്ങള്‍ എടുത്തു
സണ്ണി : പാകമാകുമോന്നറിയില്ല ,
തുണികള്‍ സൂസന് കൊടുത്തു , അവള്‍ അത് മറിച്ചു നോക്കുന്നു.
സൂസന്‍ : പെണ്ണില്ലാത്ത വീട്ടില്‍ പെണ്‍വസ്ത്രം , .....? സന്ദര്‍ശകര്‍ക്കുള്ളതാ
........?
മറുപടിക്ക് വേണ്ടി അവള്‍ കാത്തു.
സണ്ണി : അത് , മറ്റൊരു കഥ.
അയാള്‍ പെട്ടെന്ന് പുറത്തേക്ക് നടന്നു.
സീന്‍ - 17
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
കിച്ചണ്‍ - ഇന്റീരിയര്‍
താറാവിനെ ഒരുക്കുന്ന സൂസന്‍ . അവള്‍ ഒരു നൈറ്റി യാണ് വേഷം. അടുത്ത് സിഗരറ്റ്
പുകച്ചു കൊണ്ട് സണ്ണി .
പറഞ്ഞു വന്നതിന്റെ ബാക്കിയായി
സൂസന്‍ : എന്നിട്ട് ....... ?
സണ്ണി : എന്നിട്ടെന്താ ........ അത്രതന്നെ ...
അയാള്‍ക്ക് പറയാന്‍ താല്‍പ്പര്യം ഇല്ല
സൂസന്‍ നിര്‍ബന്ധിച്ചു
സൂസന്‍ : പറയൂന്നെ ...
സണ്ണി : അമ്മച്ചിക്ക് നിര്‍ബന്ധമാരുന്നു , ഈ ക്രിസ്മസ്സിനു മുമ്പ് എന്റെ
കല്യാണം. എന്തോ ഒരു ഉള്‍വിളി പോലാരുന്നു , മരിച്ചു പോകും എന്നൊക്കെ ഒരു തോന്നല്‍
സൂസന്‍ പാചകത്തിനിടയില്‍ സണ്ണിയെ കേള്‍ക്കുന്നു.
സണ്ണി : എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ എന്നാ പിന്നെ ആയേക്കാം എന്നെനിക്കും
തോന്നി. നാട്ടിലേക്ക് പോകാന്‍ നേരം വാങ്ങിയതാ ഈ ഡ്രസ്സൊക്കെ .
അയാള്‍ സിഗരറ്റ് കുത്തി ക്കെടുത്തി ,
സണ്ണി : എയര്‍ പോര്‍ട്ടില്‍ നിക്കുമ്പോ അമ്മച്ചീടെ കോള്‍ ,കല്യാണ പെണ്ണ്
സൂയിസൈഡ് ചെയ്തത്രെ ...... കാരണം
ചോദിച്ചില്ല , അമ്മച്ചി പറഞ്ഞുമില്ല. പിന്നെ ഞാന്‍ പോയില്ല.
ഇറച്ചി മുറിക്കുന്നതിനിടയില്‍ അവളുടെ കൈ മുറിഞ്ഞു. “ ങാ “ എന്നൊരു ശബ്ദത്തില്‍
അവള്‍ പ്രതികരിച്ചു.
സണ്ണി : ങേ , എന്തുപറ്റി
സണ്ണി അവളുടെ വിരല്‍ നാവിലെടുത്ത് വച്ചു.
സണ്ണി : മുറിവുണങ്ങാന്‍ തുപ്പലു നല്ലതാ.
അയാളുടെ ആത്മാര്‍ത്ഥമായ പെരുമാറ്റം അവളില്‍ ഇത്തിരി നാണം വരുത്തുന്നുണ്ട്.
ഹൃദ്യമായ ആ അടുപ്പം അവളുടെ കണ്ണുകളില്‍ കാണാം . ഒരു കള്ളച്ചിരി കൊണ്ട് സണ്ണി അതിനെ
മറികടക്കുന്നു.
സീന്‍ - 18
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഹാള്‍ , ഇന്റീരിയര്‍
സണ്ണി നിന്നു കൊണ്ട് ഒരു പെഗ്ഗ് ഗ്ലാസിലേക്കു ഒഴിച്ച്.സൂസന്‍ അടുക്കളയില്‍
നിന്നു കടന്നു വന്നു.
സൂസന്‍ : അതിനിടയ്ക്ക് കഴിക്കാന്‍ പോയോ, ഒന്നിങ്ങോട്ടു വരുന്നുണ്ടോ ........ ?
സണ്ണി : ദാ , വരുന്നു , അയാള്‍ വേഗം പണി പൂര്‍ത്തിയാക്കി
സൂസന്‍ : മസാലയൊക്കെ എവിടാ ഇരിക്കുന്നതെന്ന് പറഞ്ഞേ ....?
സണ്ണി : ( ഒഴുക്കന്‍ മട്ടില്‍ ) മുളക് പൊടി ആദ്യത്തെ ഡ്രോയറില്‍ , മല്ലിയും
അവിടെ തന്നെ , സ്പൈസസ് ലാസ്റ്റ് ഡ്രോയറില്‍
സൂസന്‍ ( പരിഭവത്തില്‍ ) സണ്ണിച്ചായ ഒന്നിങ്ങോട്ടു വരുന്നുണ്ടോ ...
അത് കേള്‍ക്കുമ്പോള്‍ സണ്ണിയുടെ മനസ്സില്‍ ഒരു കുളിര്‍മ്മ , അയാള്‍ ഊറി
ചിരിച്ചു.
സീന്‍ - 19
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
കിച്ചന്‍ - ഇന്റീരിയര്‍
ഇറച്ചി വേവുന്നത് തുറന്നു നോക്കുന്ന സണ്ണി. അതിലെ ഗന്ധം ആസ്വദിച്ചു സ്വയം
പറഞ്ഞു “സ്വയമ്പന്‍ “
സൂസന്‍ അടുത്ത് എവിടെയോ സണ്ണിയുടെ പെരുമാറ്റം ശ്രദ്ധിച്ചു നില്‍പ്പുണ്ട്.
സൂസന്‍ : എളേ ഇച്ചായന്റെ പെമ്പിള എടത്വാ ക്കാരിയ ആ ആന്റിക്ക് നന്നായി താറാവ്
വക്കാനരിയാം . ആന്റിയാ എന്നെ പഠിപ്പിച്ചത്
സണ്ണി : ഞാന്‍ പറഞ്ഞില്ലേ , ഓരോ കാഞ്ഞിരപ്പള്ളി കുടുംബത്തിലും ഒരു കുട്ടനാട്ട്
കാരിയുണ്ടാവും
സൂസന്‍ : അതെന്താ .......... ?
സണ്ണി : അതെന്താന്നു ചോദിക്കരുത് , അതങ്ങനെയാ .........
സൂസന്‍ : മനശാസ്ത്രമാരിക്കും .
സണ്ണി : ആണെന്ന് കൂട്ടിക്കോ . സിഗ്മണ്ട് ഫ്രോയ്ഡ് ന്നു കേട്ടിട്ടില്ലേ , അയാടെ
കൂടാരുന്നു ഞാന്‍
സണ്ണിയുടെ പുളു രസിച്ചു കൊണ്ട് –
സൂസന്‍ : ഒന്ന് പോ സണ്ണിച്ചായ , പുളുവടിക്കാതെ ,
സണ്ണി : പറഞ്ഞാ വിശ്വസിക്കില്ല , ഇപ്പൊ സൂസന്‍ കൊച്ചു എന്താ
ആലോചിക്കുന്നതെന്ന് ഞാന്‍ പറയാം .
സൂസന്‍ : കേക്കട്ടെ ,
സണ്ണി : ചുമ്മാ , ച്ചുലുവിലൊന്നും കേക്കാന്‍ പറ്റില്ല,
അയാള്‍ സൂസനെ സ്നേഹത്തോടെ പൊതിഞ്ഞു കൊണ്ട് ,
സണ്ണി : താറാവ് കറി കൂട്ടി ചോറുണ്ട് ,
നമ്മള്‍ ബെഡ്ഡില്‍ കെട്ടി പ്പിടിച്ചു കിടക്കുമ്പോ പറയാം .
സൂസന്‍ , അവള്‍ക്കു നാണം വന്നു .അവള്‍ അയാളെ സ്നേഹപൂര്‍വ്വം തള്ളി മാറ്റി.
സീന്‍ - 20
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഡൈനിംഗ് റൂം – ഇന്റീരിയര്‍
സണ്ണി ഇരിക്കുന്നു , സൂസന്‍ ഭക്ഷണം വിളമ്പി. അവളും അയാള്‍ക്കരികില്‍ ഇരുന്നു .
സണ്ണി നല്ല ഫിറ്റാണ് . ആടുന്നുണ്ട് അത് നോക്കിയിരിക്കുന്ന സൂസന്‍
സൂസന്‍ : സണ്ണിച്ചനെന്തിനാ ഇങ്ങനെ കുടിക്കുന്നത് ........... ?
ഒരു നിമിഷം , അയാള്‍ മറുപടി ഓര്‍ത്തെടുത്തു
സണ്ണി : സൂസനെന്തിനാ ഈ പണിക്കു പോയത്............ ?
ആ ചോദ്യം അവള്‍ക്കു ഒരു ഷോക്ക് ആയിരുന്നു . അവള്‍ ഒന്ന് പരുങ്ങി .
സണ്ണി : കാശിനോ ........... അതോ സുഖം
കിട്ടാനോ ........ ?
അവള്‍ മെല്ലെ എഴുന്നേറ്റു, മറുപടി പറയാന്‍ പറ്റുന്നില്ല അവള്‍ പതുക്കെ
ജനലരികിലേക്ക് നടന്നു.
അരുതാത്ത ചോദ്യത്തിന്റെ ജാള്യതയില്‍ സണ്ണി ഒപ്പം കൂടി.
സണ്ണി : ഞാന്‍ ചുമ്മാ ചോദിച്ചതാ , വെറും ചുമ്മാ , അല്ലെങ്കില്‍ ഞാനാര് ഇതൊക്കെ
ചോദിക്കാന്‍ , നീയീ പണി മാന്യമായി ചെയ്യുന്നു , ചിലര് ഒളിച്ചും പാത്തും .
അത്രേയുള്ളൂ , പോട്ടെ ,വാ ഊണ് കഴിക്കാം .
അവളെ പിന്തിരിപ്പിക്കുമ്പോള്‍ , കണ്ണുകള്‍ നിറയുന്നത് സണ്ണി കണ്ടു.
സണ്ണി : കരയരുത് , ഈ രാത്രി കരയാനുള്ളതല്ല , റിയലി സോറി, സോറി . അയാള്‍ അവളെ
നെഞ്ചോട് ചേര്‍ത്തു .
അവള്‍ അവിടെ അഭയം തേടി.
സീന്‍ - 21
സണ്ണിയുടെ ഫ്ലാറ്റ് - രാത്രി
ബെഡ് റൂം – ഇന്റീരിയര്‍
സണ്ണി , സൂസന്‍
അവര്‍ എപ്പോഴോ കിടന്നതാണ്.സംസാരിച്ചു തുടങ്ങിയതാണ്.
സണ്ണി : ആരാണയാള്‍ .......... ?
സൂസന്‍ : അറിയില്ല , എല്ലാവരും ‘ അങ്കിളച്ചായന്‍ ‘ എന്നാണു വിളിക്കുന്നത്.
സണ്ണി : എത്ര രൂപ വാങ്ങിയിട്ടുണ്ട്
സൂസന്‍ : അയ്യായിരം ....
സണ്ണി : റിയാല്‍ ........... ?
സൂസന്‍ : ഉം
സൂസന്‍ : അപ്പച്ചന്റെ ബിസിനസ്സൊക്കെ ഒരു സുപ്രഭാതത്തില്‍ പൊട്ടി . കടക്കാര്
ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോ കെട്ടി ത്തൂങ്ങാന്‍ കയറെടുത്തു .
അവള്‍ ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു . പതുക്കെ ബാല്‍ക്കണി യിലേക്ക് നടന്നു
.പിന്നാലെ സണ്ണിയും .
സീന്‍ - 22
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ബാല്‍ക്കണി
താഴെ നിരത്തില്‍ ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ , രാത്രി ദൃശ്യം , അത് നോക്കി
നില്‍ക്കുന്ന സൂസന്‍ , സണ്ണി അടുത്ത് എവിടെയോ ഉണ്ട് , അയാള്‍ ഒരു സിഗരറ്റ്
കത്തിച്ചു.
സൂസന്‍ സണ്ണിയോടായി പറഞ്ഞു , ഞാന്‍ ആഗ്രഹിച്ചിട്ടൊന്നുമല്ല ഇങ്ങനെയായത് .
അവള്‍ കണ്ണ് തുടച്ചു. പതുക്കെ അടുത്ത് വന്നു സണ്ണിയുടെ കൈകളില്‍ പിടിച്ചു.
സൂസന്‍ : ഞാന്‍ നശിച്ചു പോയി ,ഞാന്‍ വെറും പാപിയായി പ്പോയി.
സണ്ണി : പാപവും പുണ്യവുമൊക്കെ നമ്മള് തീരുമാനിക്കുന്നതാ ,
അവളെ ചുമലിലേക്ക് അടുപ്പിച്ചു കൊണ്ട് ,
സണ്ണി : പണം ഞാന്‍ വീട്ടാം . ഇത് , ഇതിവിടെ അവസാനിക്കണം ,
ഇത്തിരി കൂടി ആര്‍ദ്രമായി അയാള്‍ കെഞ്ചി
സണ്ണി : അവസാനിപ്പിക്കില്ലേ .........
സൂസന്‍ , അവള്‍ അയാളുടെ നെഞ്ചില്‍ കിടന്നു തേങ്ങുകയാണ്
സീന്‍ - 23
സണ്ണിയുടെ ഫ്ലാറ്റ് – രാത്രി
ഹാള്‍ - ഇന്റീരിയര്‍
ഒരു ചെയറില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന സണ്ണി , സൂസന്‍ അടുത്ത് നില്പുണ്ട് .
അയാളെ ശ്രദ്ധിച്ചു കൊണ്ട്.
സൂസന്‍ : സണ്ണിച്ചായന്‍ കിടക്കുന്നില്ലേ , കുറച്ചു നേരം ഉറങ്ങൂ .
അയാള്‍ നിവര്‍ന്നു
സണ്ണി : വേണ്ട , ഇന്നിനി കിടന്നാല്‍ ഉറങ്ങില്ല.
അയാള്‍ ക്ലോക്കിലേക്ക് നോക്കി , സമയം അഞ്ചു മണി
സണ്ണി : പോകാന്‍ നേരമായി , അല്ലെ ...... ?
അതിനു സൂസന്‍ മറുപടി പറഞ്ഞില്ല , മേശപ്പുറത്ത് സൂസന്റെ മൊബൈല്‍ അടിച്ചു .
സണ്ണി : അയാളാണ് ............. ?
സൂസന്‍ : ഉം .
അവള്‍ക്കു പോകാന്‍ താല്‍പ്പര്യമില്ല. അതെ നില്‍പ്പ് നില്‍ക്കുന്ന സൂസന്‍ .
സണ്ണി എഴുന്നേറ്റു കണ്ണ് തിരുമ്മി ബാല്‍ക്കണി യുടെ വശത്തേക്ക് നടന്നു.
സീന്‍ - 24
സണ്ണിയുടെ ഫ്ലാറ്റ് – പുലര്‍ച്ച
ബാല്‍ക്കണി
സണ്ണി പുറം കാഴ്ചകളില്‍ നില്‍ക്കുന്നു . പിന്നില്‍ ശബ്ദം കേട്ട് തിരിഞ്ഞു
നോക്കുമ്പോള്‍ സൂസന്‍ , പോകാന്‍ തയാറായി വന്നിരിക്കുന്നു . വന്നപ്പോഴുള്ള വേഷം –
സാരി
സൂസന്‍ : പോട്ടെ ,
സണ്ണി : ( ഇത്തിരി സമയമെടുത്ത് ) യാത്ര പറയേണ്ട
അവള്‍ക്കരികിലേക്ക് അയാള്‍ നടന്നു , അവളുടെ മൂര്‍ദ്ധാവില്‍ ഒരു ചുംബനം
കൊടുത്തു .
അവള്‍ തിരിഞ്ഞു നടന്നു , ഒപ്പം സണ്ണിയും .
ഡോര്‍ തുറക്കും മുമ്പ് അവള്‍ തിരിഞ്ഞു നോക്കി , സണ്ണി പിന്നിലുണ്ട് .
“ വൈകിട്ട് “
രണ്ടു പേരും ഒരുമിച്ചാണ് പറഞ്ഞത്
സണ്ണി അത് വീണ്ടും പൂരിപ്പിച്ചു
സണ്ണി : വൈകിട്ട് വരണം .
സൂസന്‍ അതിനു മറുപടി പറയാതെ പുറത്തേക്ക് .---
സീന്‍ - 25
വിജനമായ തെരുവ് – വെളുപ്പാന്‍ കാലം
ആള്‍ പാര്‍പ്പില്ലാത്ത പ്രദേശത്ത് കൂടി കാര്‍ ഓടിക്കുന്ന അച്ചായന്‍ . പിന്‍
സീറ്റില്‍ ചാഞ്ഞു കിടക്കുന്ന സൂസന്‍ . ഡ്രൈവു ചെയ്യുന്നതിനിടയില്‍ ഗ്ലാസിലൂടെ
അയാള്‍ സൂസനെ ശ്രദ്ധിക്കുന്നുണ്ട് , അതവള്‍ അറിയുന്നില്ല . അവര്‍ക്കിടയില്‍ നീണ്ടു
നില്‍ക്കുന്ന നിശബ്ധത
അച്ചായന്‍ : പാസ്പോര്‍ട്ടൊന്നു വേണം . ദുബായ് ക്കൊന്നു പോകേണ്ട കാര്യമുണ്ട്
സൂസന്‍ അയാളെ ശ്രദ്ധിച്ചു.
സൂസന്‍ : എന്തിനു ..... ?
അച്ചായന്‍ : അടുത്തയാഴ്ച ദുബായ് ഫെസ്റ്റ് തുടങ്ങും. എന്റെ കുറച്ചു ഫ്രണ്ട്സ്
വരുന്നുണ്ട്.
അവളുടെ പ്രതികരണം അറിയാന്‍ അച്ചായന്‍ ഒന്ന് നോക്കി.
അച്ചായന്‍ : ഇവിടുത്തെ പോലല്ല , പറയുന്ന കാശാ . എനിക്ക് പകുതി തന്നാ മതി .
വീണ്ടും അയാള്‍ ശ്രദ്ധിച്ചു.
സൂസന്‍ : ഞാന്‍ വരുന്നില്ല .
അച്ചായന്‍ : എന്നു പറഞ്ഞാലെങ്ങനാ , കൊച്ചു പോണം .
സൂസന്‍ : പറ്റില്ലെന്ന് പറഞ്ഞില്ലേ , ഞാനിനി എങ്ങോട്ടുമില്ല.
അച്ചായന്‍ : അതെങ്ങനെ ശരിയാകും . കൊച്ചു വാക്ക് തന്നതല്ലേ
സൂസന്‍ : എങ്കീ , ആ വാക്ക് ഇവിടെ തീരുന്നു.
അച്ചായന്‍ : അപ്പൊ എന്റെ കാശ് ...........?
പെട്ടെന്ന് അവള്‍ ബാഗ് തുറന്നു ഒരു കുത്ത് നോട്ടുകള്‍ അയാളുടെ
സീട്ടിലേക്കിട്ടു .
സൂസന്‍ : ഇപ്പൊ തീര്‍ന്നില്ലേ , തന്ന പണമുണ്ട് . കണക്കു വേണ്ട. എന്നെ വിട്ടേരെ .
അയാള്‍ വണ്ടി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.
അച്ചായന്‍ : അതെങ്ങനെ ശരിയാകും , ഞാനവര്‍ക്ക് വാക്ക് കൊടുത്തു പോയി.
സൂസന്‍ : ഞാനാര്‍ക്കും വാക്കു കൊടുത്തിട്ടില്ല.
അച്ചായന്‍ : കൊച്ചു വെറുതെ ഒടക്കാന്‍ നിക്കണ്ട , പറഞ്ഞത് കേട്ടോണം ,
അല്ലെങ്കില്‍
( പിന്‍ സീറ്റിലേക്ക് അല്‍പ്പം ചാഞ്ഞു ) കൊന്നു കളയും ...... പറഞ്ഞേക്കാം
അവള്‍ വേഗം ഡോര്‍ തുറന്നു . ഒപ്പം അച്ചായനും .
സൂസന്‍ : നമ്മുടെ കരാര്‍ ഇവിടെ തീരുന്നു. ഗുഡ് ബൈ
അവള്‍ നടക്കാന്‍ ഒരുങ്ങുമ്പോള്‍ അച്ചായന്‍ കൈക്ക് ബലമായി പിടിച്ചു. അതില്‍
നിന്നു രക്ഷ പെടാന്‍ അവള്‍ ശ്രമിക്കുന്നുണ്ട് , അയാള്‍ കരുത്തനാണ്.
അച്ചായന്‍ : അങ്ങനെ നീ മിടുക്കിയാവണ്ട , ( അയാള്‍ ചുറ്റുപാടുകള്‍ നോക്കി )
വിജനമായ പ്രദേശമാണ് )
അയാളുടെ പിടിയില്‍ നിന്നു കുതറി മാറാന്‍ അവള്‍ക്കാവുന്നില്ല. അച്ചായന്‍ അവളെ
കഴുത്തില്‍ ചുറ്റി പ്പിടിച്ചു. ഇപ്പോള്‍ അവള്‍ അച്ചായന്റെ കൈക്കുള്ളില്‍ കുരുങ്ങി
.
അച്ചായന്‍ : കാശും വലിച്ചെറിഞ്ഞിട്ട് അങ്ങനെയങ്ങ് പോകാമെന്ന് കരുതിയോ,
പുലയാടി മോളെ അന്നിട്ട്, നേരം വെളുക്കുമ്പോ , പോലീസിനെ കൊണ്ട് വന്നു അച്ചായനെ
അങ്ങ് പോകാമെന്ന് വിചാരിച്ചോ ,
സൂസന്‍ അവള്‍ക്കു സംസാരിക്കാന്‍ പറ്റാത്ത വിധം അയാളുടെ കൈകള്‍ മുറുകി കഴിഞ്ഞു.
സൂസന്‍ : എന്നെ വിട്ടേക്കൂ, ഞാന്‍ പോട്ടെ,.
അവള്‍ക്കു ശ്വാസം കിട്ടുന്നില്ല , പിടക്കാന്‍ തുടങ്ങി.
സൂസന്‍ : എന്നെ വിടൂ , ഞാന്‍ , ഞാന്‍ വരാം , ഞാന്‍ വരാം . പ്ലീസ് .....
അച്ചായന്‍ അതെ നില്‍പ്പ് നിന്നു. അയാള്‍ ഒരു ഭ്രാന്തനെ പോലെ അവളെ വരിഞ്ഞു
മുറുക്കി.
സൂസന്റെ വിരലുകള്‍ അച്ചായന്റെ മുഖത്ത്
അമര്‍ന്നു , ഒരു നിമിഷം .
അച്ചായന്റെ മുഖത്ത് ആഴ്ന്നിറങ്ങുന്ന വിരല്‍ പ്പാടുകള്‍.
പതുക്കെ , അത് അയഞ്ഞു . അച്ചായന്‍ കൈ അയക്കുമ്പോള്‍ , അവളുടെ ചേതനയറ്റ ശരീരം
അയാളിലേക്ക് ചാഞ്ഞു.
സീന്‍ - 26
തെരുവ് – പ്രഭാതം
നേരം പുലര്‍ന്നു. കാര്‍ ഡ്രൈവ് ചെയ്യുന്ന അച്ചായന്‍ . തെരുവ് തിരക്കായി
തുടങ്ങി. അയാള്‍ ക്ഷീണിതനാണ്. മുഖത്തെ നഖപ്പാടുകളിലൂടെ രക്തം പൊടിച്ചു . അയാള്‍
വളരെ വേഗം ഒരു രക്ഷാ സങ്കേതം തേടുകയാണ്. ക്യാമറ പിന്‍ സീറ്റിലേക്ക് ------
അവിടെ , സൂസന്‍ , ചേതനയറ്റ് കിടക്കുന്നു. തുറിച്ച കണ്ണുകള്‍ പടര്‍ന്ന കുങ്കുമം
.
സീന്‍ 27
സണ്ണിയുടെ ഫ്ലാറ്റ്
സന്ധ്യ – ബാല്‍ക്കണി
ഫോണ്‍ ചെയ്യുന്ന സണ്ണിയുടെ പിന്നില്‍ നിന്നുള്ള ദൃശ്യം . റിംഗ് സൌണ്ട് നമുക്ക്
കേള്‍ക്കാം
നീണ്ടു നില്‍ക്കുന്ന റിംഗ് . അയാള്‍ വീണ്ടും ഡയല്‍ ചെയ്തു. നീണ്ടു നില്‍ക്കുന്ന
റിംഗ് .
സീന്‍ - 28
വിജനമായ തെരുവ് – സന്ധ്യ
തെരുവിന്റെ ഒരു വശത്ത് , ഒരു മരച്ചുവട്ടില്‍ സൂസന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു.
ക്യാമറ കൂടുതല്‍ അടുക്കുമ്പോള്‍ നമുക്ക് കോളറെ വായിക്കാം . സണ്ണിച്ചായന്‍
വീണ്ടും വീണ്ടും റിംഗ് ചെയ്യുന്ന ഫോണ്‍.......