Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പുലി പ്പേടി










 വല്ല്യമ്മയുടെ പെണ്മക്കള്‍  എന്നെ അതിരറ്റു ലാളിച്ചിരുന്നു. വീട്ടിലെ ചെറിയ കുട്ടി അന്ന് ഞാനായിരുന്നു. തൂവാലയില്‍ നിറമുള്ള പൂക്കള്‍ തുന്നി തരികയും, പുഴ യിലും , തോട്ടത്തിലും എല്ലാം അവര്‍ എന്നെ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു. ആ കാലത്ത് ഞാന്‍ ഏറെ പേടിച്ചിരുന്ന രണ്ടു കാര്യങ്ങള്‍ , ഒന്ന്, പുലികളി ക്കാരെ (ഞങ്ങളുടെ നാട്ടില്‍ കടുവാ കളി എന്നാണു പറയുന്നത്.), മറ്റൊന്ന് ടെലഫോണ്‍ ഓഫീസിലെ ' കട കട'  ശബ്ദ  ത്തെയും  ആയിരുന്നു. വല്യമ്മയ്ക്ക് ടെലഫോണ്‍ ഓഫീസില്‍ ജോലീ ഉണ്ടായിരുന്നു. എന്നും ഓഫീസില്‍ പോകുമ്പോള്‍ എന്നെ കൂടെ കൂട്ടണമെന്ന് നിര്‍ബന്ധം പിടിക്കും. എന്റെ കരച്ചില്‍ കാണാന്‍ വേണ്ടിയാണ്. മിക്ക ദിവസവും എന്നെ വലിച്ചിഴച്ചാണ് കൊണ്ട് പോയിരുന്നത്. ഓണക്കാലമായാല്‍  കടുവ ക്കാര്‍ ധാരാളം ഇറങ്ങും. ഇവരുടെ ചെണ്ട മേളം  കേട്ടാല്‍ ഞാന്‍ മുറിയില്‍ എവിടെയെങ്കിലും കയറി ഒളിക്കും. എന്റെ ഭയം കാണുമ്പോള്‍ വല്യമ്മയ്ക്ക് ഉത്സാഹമാകും ,എങ്ങനെയെങ്കിലും കടുവകളിക്കാരെ വിളിച്ചു വരുത്തുകയും  മുറ്റത്തു നാല് ചുവടു വയ്പ്പിക്കയും ചെയ്യും.

നാട്ടിലെ പേരെടുത്ത കടുവ കളിക്കാരനായിരുന്നു തങ്കപ്പന്‍. കടുവയുടെ ചലനങ്ങളെ അതെ പടി അനുകരിച്ചു കാണിക്കാന്‍ അറിയാം. എവിടെ തങ്കപ്പന്റെ കടുവ ഇറങ്ങിയാലും ആളുകള്‍ കൂടും'. കടുവാ തങ്കപ്പന്‍' എന്നാണു അയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. ഓണക്കാലത്ത് കടുവ കളിയും, ശബരിമല  സീസണ്‍ കാലത്ത് പേട്ട തുള്ളുന്നവര്‍ക്ക് വേണ്ടി ചെണ്ട കൊട്ടാനും മാത്രമേ തങ്കപ്പന്‍പോകൂ. അല്ലാത്ത സമയങ്ങളില്‍ ഏതെങ്കിലും കടത്തിണ്ണകളിലോ, ക്രിസ്ത്യന്‍ അച്ചായന്മാരുടെ റബ്ബര്‍ കടകളിലോ ചുരുണ്ട് കൂടും. ഞങ്ങളുടെ നാട് ഇതുപോലെ ധാരാളം നാടന്‍ മനുഷ്യരെ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഭ്രാന്തു കളിച്ചു അലഞ്ഞു തിരിയുന്ന മനുഷ്യരില്‍ ചിലര്‍ എരുമേലിയില്‍ വന്നു പെടാറുണ്ട്.  കുറച്ചു കാലം അവരുടെ തട്ടകമായി മാറും നാട്. പിന്നെ എവിടെയെങ്കിലും അപ്രത്യക്ഷമാകും.ആ ചെറിയ കാലത്തിനിടയ്ക്കു അവരൊക്കെ നാട്ടില്‍ പ്രശസ്ത രാവുകയും ചെയ്യും.

നാട്ടിലെ ഇത്തരം കഥാ പാത്രങ്ങളില്‍ ചിലരെ എനിക്ക് ഭയമായിരുന്നു. കടുവാ തങ്കപ്പനെ കൂടാതെ ഒരു ' നാരങ്ങാ മൂപ്പന്‍ ' ഉണ്ടായിരുന്നു. കൂനി ക്കൂടി നടക്കുന്ന ഒരു സാധു വൃദ്ധനായിരുന്നു അയാള്‍. ഞങ്ങളുടെ വഴിക്കെങ്ങാനും അയാള്‍ വന്നാല്‍ വല്യമ്മ വിളിച്ചു പറയും, മൂപ്പോ , ഇവിടൊരു കൊച്ചുണ്ട്  വേണേ കൊണ്ടുപൊക്കോ . അത് കേള്‍ക്കുമ്പോള്‍  അയാള്‍ ചുക്കി ചുളിഞ്ഞ മുഖം കോട്ടി ചിരിക്കും. ഒരു നിഷ്കളങ്കമായ ചിരി. ഓണക്കാലത്ത് എവിടെങ്കിലും കടുവാകളിയുടെ കൊട്ടു കേട്ടാല്‍ ഞാന്‍ ഓടി ചെന്ന് ഉമ്മയുടെ മടി ത്തുമ്പില്‍ പിടിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ ഇത്താത്ത മാരോ ടൊപ്പം ഉമ്മറത്തിരിക്കുമ്പോഴാണ്‌  തങ്കപ്പന്റെ കടുവാ സംഘം ആ വഴി വന്നത്. വീട്ടു വാതുക്കല്‍ എത്തിയ പ്പോഴാണ് ഞാന്‍ കണ്ടത്. ഒന്നേ നോക്കിയുള്ളൂ. നിറയെ ചായം വാരി ത്തേച്ചു  വ്യാളിയുടെ തലയുമായി ഒരു സത്വം. ഒപ്പം കറുത്തു വികൃത രൂപത്തില്‍ നാലഞ്ചാളുകള്‍  തോക്കും പിടിച്ചു. ഞാന്‍നിലവിളിച്ചു കൊണ്ട് മുറിയിലേക്ക് ഓടി ക്കയറി. മുറ്റത്തു കൂട്ടച്ചിരി. ഞാന്‍ കട്ടിലിനടിയില്‍ ഇരുന്നു ഒച്ചയുണ്ടാക്കാതെ കരഞ്ഞു. ശബ്ദം പുറത്ത് കേട്ട് കടുവ പുരയ്ക്കകത്തു കയറിയാലോ എന്നായിരുന്നു എന്റെ പേടി. വല്ല്യുത്താ  എന്നെ സമാധാനിപ്പിക്കാന്‍ കടന്നു വന്നു.

'മോന്‍  കരയണ്ട ........ ഞാനവരെ പറഞ്ഞു വിട്ടു  ..................

അവരെന്റെ കണ്ണീരു തുടച്ചു. ഞാന്‍ കാതോര്‍ത്തു. പുറത്ത് ആരുടേയും ഒച്ച കേള്‍ക്കുന്നില്ല. അവര്‍ എന്നെയും എടുത്തു ഉമ്മറത്തേക്ക് വന്നു. അവിടെ ഒരു ബഞ്ചില്‍ എന്നെ ഇരുത്തി. വല്ല്യു മ്മയും ഉമ്മയും, ഇത്താത്ത മാരും എന്നെ നോക്കി നിഗൂഡമായി ചിരിച്ചു. കാര്യം എന്താണെന്ന് മനസ്സിലാവാതെ നില്‍ക്കുമ്പോഴാണ് കണ്ടത്. ബഞ്ചില്‍ എന്റെ തൊട്ടരികില്‍ കടുവ ഇരിക്കുന്നു.വല്ല്യുമ്മ കൊടുത്ത കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ട്. ഒരു നിലവിളിയോടെ ഞാന്‍ ചാടിയെഴുന്നേറ്റതും,  അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.



3 Responses to പുലി പ്പേടി

  1. ക്രൂരയായ വല്യുമ്മേ.............

  2. Yasmin NK says:

    ആദ്യായിട്ടാണോന്ന് തോന്നുന്നു ഞാനിവിടെ.ആശംസകൾ...

Leave a Reply